കാല് തറയിൽ വച്ച് കൈകുത്തി പൊന്താൻ ആഞ്ഞതും സാരിയുടെ ഞൊറിക്കുത്തിൽ പിടുത്തമിട്ട് ആ നെഞ്ചിലേക്ക് എന്നെ പിടിച്ചിട്ടു

പ്രിയത – രചന: സിന്ധു ഷാജു

ണിം…ണിം…ണിം…ണിം…

ഓ…ഇത്ര വേഗം അലാമടിച്ചാ…അഞ്ചരയായാ ദൈവമേ. കണ്ണു തുറക്കാതെ തന്നെ ഒരു കൈ കൊണ്ട് തലയണക്കടിയിൽ വച്ചിരുന്ന ഫോണെടുത്ത് അലാം ഓഫാക്കി.

പയ്യെ കണ്ണ് തുറന്നു നോക്കുമ്പോഴുണ്ട്, സേതുവേട്ടൻ അടുത്തു തന്നെ നിവർന്നു കിടന്നുറങ്ങുന്നു. ശ്വാസമെടുക്കുന്നതിന്റെ താളത്തിനനുസരിച്ച് ആ നെഞ്ചും ഉയർന്നു താഴുന്നുണ്ട്. എന്റെ വലം കൈ ഒന്നൂടെ സേതുവേട്ടനെ ചുറ്റിവരിഞ്ഞു. ആ നെഞ്ചിലോട്ട് മുഖം ചേർത്ത് വച്ച് കണ്ണുകൾ ഇറുകെ പൂട്ടി അല്പനേരം കൂടി ഞാനങ്ങനെ കിടന്നു.

പിന്നെ ബഡ്ഡിൽ നിന്നും സാവധാനം എഴുന്നേറ്റിരുന്ന് മുടി ഒതുക്കിക്കെട്ടി വച്ചു. കാല് തറയിൽ വച്ച് കൈകുത്തി പൊന്താൻ ആഞ്ഞതും സാരിയുടെ ഞൊറിക്കുത്തിൽ പിടുത്തമിട്ട് ആ നെഞ്ചിലേക്ക് എന്നെ പിടിച്ചിട്ടു.

ആ പിടുത്തത്തിൽ അടിത്തട്ടിലെവിടേയോ ഒരു മിന്നല് പായണ പോലെ തോന്നി എനിക്ക്. നാണം കലർന്നൊരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു…ഇതെന്താ സേതുവേട്ടാ…വിട്…എനിക്കടുക്കളേൽക്ക് പോവേണ്ടതാ…

പൊക്കോടീ…ഇത്തിരി നേരം കൂടി നീ ഇവിടെ കെടക്ക്. പൊറത്തേ…നല്ല തണുപ്പാ…ഈ ഇളം തണുപ്പിലേ നിന്നോടെത്ര ഒട്ടിക്കിടന്നാലും മതിയാവൂല്ലാ…പെണ്ണേ…

പറഞ്ഞതും എന്നെ കൈത്തണ്ടയിലേക്ക് ഒതുക്കി കഴിഞ്ഞിരുന്നു സേതുവേട്ടൻ. ഉം…ശരിയാണ്…രോമാവൃതമായ ഈ നെഞ്ചിലെ ചൂട്. ഇപ്രായത്തിലും തന്റെ മനസ്സിനും ശരീരത്തിനും ഒരു നവ്യമായ അനുഭൂതിയാണ്, സുരക്ഷയാണ്. ഈ പിടിവിട്ട് പലപ്പോഴും തനിക്കും പോകാൻ തോന്നാറില്ല…

വെറുതെ ഉന്തി മാറ്റാനെന്ന വ്യാജേനെ ഞാൻ ഏട്ടന്റെ കൈ പിടിച്ച് മുന്നോട്ട് ബലം പ്രയോഗിച്ചു കൊണ്ടിരുന്നു. എന്നിട്ടു ചെറിയൊരു കെറുവു പോലെ ഞാൻ പറഞ്ഞു…

ആ ഇപ്പ കെടക്കാട്ടാ…ഞാൻ കെടക്കലൊക്കെ കഴിഞ്ഞു വരുമ്പഴേ…അടുക്കളേല് സമയത്തിന് ചായെയും ചോറും കറിം ആയില്ലങ്കിലേ…നിങ്ങള് അച്ഛനും മക്കളും വച്ചേക്കോ എന്നെ…? പറയ്…

അതു് കൊഴപ്പോല്ല്യാടി….ഇന്നേ…എനിക്കു ചോറു വേണ്ട. കാതോരം പറഞ്ഞു തീരുമ്പോഴേക്കും എന്റെ പൊക്കിൾ ചുഴിയിൽ മുഖമമർത്തിയിരുന്നു ആള്.

ദേ..ഇത്തിരി കൂട്ന്ന്ണ്ട് ട്ടാ…സേതുവേട്ടാ…പിള്ളേര് ചെലപ്പോ വാതില് തൊറന്ന് വരും. വെല്ല്യ പിള്ളേരാ അവര്…

എടി മണ്ടൂസേ…അവര് കണ്ടാലെന്താ…നമ്മുടെ ഈ സ്നേഹം കണ്ട് വളരട്ടെ അവര്…

ഉം…എന്ത് പറഞ്ഞാലും ഇങ്ങേർക്ക് എപ്പോഴും ഒരു തമാശയാ…എനിക്കൽപ്പം ദേഷ്യം തോന്നി. ദേ ഏട്ടാ എനിക്ക് പേടിയാവണുണ്ട്ട്ടാ…അടുക്കളേല് ഞാൻ നിക്കുമ്പോ നിങ്ങള് പിന്നിലൂടെ വന്ന് അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് പിൻകഴുത്തിൽ ഉമ്മ വയ്ക്കുന്നതൊക്കെ അവര് എത്രവട്ടം കണ്ടിരിക്കണ്.

നിഹ അതു് കാണുമ്പോഴേക്കും നിഹാലിന്റെ അടുത്തെത്തിക്കും. എന്നിട്ട് രണ്ടും കൂടെ ഓടി വന്ന് അടുക്കളേടെ വാതിലിന്റെ മറവിൽ നിന്ന് കണ്ണിറുക്കി ചിരിക്കുന്നത് കാണാം. നിങ്ങക്ക് കണ്ണും മൂക്കും ചെവീം ഒന്നൂല്ല്യാലാ…എനിക്കിവിടെ പേട്യാ…പിള്ളേര് ഇതൊക്കെക്കണ്ടേ…ആരേങ്കിലുമൊക്കെ പ്രേമിച്ചു നടക്കാണെങ്കിലോ…? അവസാനം നിങ്ങക്ക് എന്റെ മെക്കിട്ട് കേറാലോ…അല്ലേ…

എടീ…മണ്ടൂസേ….എന്റെ മൂക്കിന്മേൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു, അവര് നമ്മടെ പിള്ളേരല്ലെടീ…അവരങ്ങനെയൊന്നും പോകൂലാ…നീയേ…മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ കണ്ടിട്ടില്ലേ…വിവാഹത്തിനു ശേഷമുള്ള സ്നേഹവും പ്രണയവുമാ ആത്മാവിലേക്കിറങ്ങി ചെല്ലാന്ന് അവർക്കറിയാം. അതാ അനന്തമായ് നിക്കൊള്ളുന്നും…

ദേ മനുഷ്യാ…അതൊക്കെ സിനിമേല്…ജീവിതത്തിൽ അങ്ങനെയൊക്കെ ആയിരിക്കുമെന്നേയ് അവർക്കും കൂടെ തോന്നണം.

ആ…തോന്നലേ…നമ്മുടെ ജീവതത്തീന്ന് അവര് മനസ്സിലാക്കൂടൊ. താനൊന്നു പേടിക്കാതിരിക്ക്. എന്നെ ഒന്നൂടെ അമർത്തി കെട്ടിപ്പിടിച്ചു സേതുവേട്ടൻ. നിങ്ങളോടേയ്…തർക്കിക്കാൻ ഞാനില്ല. ഇപ്പോ തൽക്കാലം എന്നെ ഒന്നു വിട്ടേ…അല്ലെങ്കിലേ ഇവിടുന്നിന്ന് ആരും ജോലിക്കും പോകില്ല, പഠിക്കാനും പോകില്ല.

എന്റെ മുഖം കോരിയെടുത്ത് കൺപോളകളിൽ ഒന്നമർത്തി ചുംബിച്ചതിന് ശേഷം വാത്സല്യത്തോടെ പറഞ്ഞു, ഉം…പൊക്കോ…ഞാൻ അടുക്കളേലേക്ക് ഓടി.

നിഹാലേ…ടാ…നീയെണീക്കണില്ലേ…ആറ് മണിയാവാമ്പോണ്‌ട്ടാ…കുളിച്ചിട്ട് മുടി തോർത്തി കൊണ്ട് നിഹാലിന്റെ മുറിയിലേക്ക് വന്ന നിഹ പറഞ്ഞു.

അവൾ ജനാലകൾ തുറന്നു. വിരികൾ നീക്കിയിട്ടു. മകരമഞ്ഞിന്റെ നേർത്ത തണുപ്പാമുറിയിലാകെ പരന്നു. വിളി കേട്ട് ഉറക്കച്ചുവയോടെ കണ്ണും തിരുമ്മി നിഹാൽ കിടക്കയിൽ എഴുന്നേറ്റിരുന്നു.

ഓ…ഇതെന്തിനാ…ചേച്ചിപ്പെണ്ണ് ഈ കെടന്ന് കൂവുന്നേ…അവൻ ചിണുങ്ങിക്കൊണ്ട് ചോദിച്ചു. കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകിക്കൊണ്ട് അവൾ പറഞ്ഞു, ടാ…അമ്മക്കിന്നും അടുക്കളേ കെടന്ന് മരിച്ച് പണി എടുക്കേണ്ടിവരുമെന്നാ തോന്നുന്നേ…അച്ഛന്റെ റൊമാൻസൊക്കെ കഴിഞ്ഞ് ദേ ഇപ്പഴാ ആള് അടുക്കളേലോട്ട് എത്തിയിരിക്കണേ…

കിടക്കയിൽ ചമ്രം പടിയിട്ട് ഒരു തലയിണയെടുത്ത് വട്ടം കെട്ടിപ്പിടിച്ച് മുന്നോട്ടും പിന്നോട്ടും അല്പമൊന്നാടിയിട്ട് നിഹാൽ ചോദിച്ചു, അതേയ്…ചേച്ചി പ്പെണ്ണേ…

എന്താടാ…? മുടി കുളിർപിന്നൽ ഇടുന്നതിനിടെ അല്പം ദ്വേഷ്യത്തോടെ നിഹ ചോദിച്ചു.

ഇയാൾക്കേയ്…ആരോടെങ്കിലും പ്രേമം തോന്നീട്ടുണ്ടോ…?

ഉം…എന്തേ…നിനക്കിപ്പോ കാലത്തും തന്നെ ആരെങ്കിലേം പ്രേമിക്കണോ..? നിഹ തിരിഞ്ഞു നിന്ന് ചോദിച്ചു.

അല്ല…ഇവരുടെ ഈ സ്നേഹപ്രകടനൊക്കെ കാണുമ്പോഴേയ്…ഇങ്ങനെയൊക്കെ പറയാനും പിടിക്കാനും ആരെങ്കിലും ഒക്കെ അടുത്തുണ്ടാവ്ണംന്ന് ഒര് തോന്നല്.

ദേ…ചെക്കാ…നിഹ അവന്റെ ചെവിയിൽ പിടിച്ച് ഒന്നു തിരുമിയിട്ട് പറഞ്ഞു, തലയിരുന്നിട്ട് മതിട്ടാ…വാലാടാൻ…ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന ഞാനിവിടെ പോത്ത് പോലെ നിക്കുമ്പോഴാ വെറും പ്ലസ്ടു ആയ ഈ നീർക്കോലി. വന്ന് പല്ല് തേച്ച് കുളിക്കാൻ നോക്കെടാ സ്വപ്ന കാമുകാ…അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഒളിപ്പിച്ചു വച്ച ഒരു ചിരിയോടെ നിഹ പുറത്തേക്ക് നടന്നു.

ദേ…സേതുവേട്ടാ…ചോറ് പൊതിഞ്ഞ് ബാഗില് വെച്ചിട്ട്ണ്ട് ട്ടാ…എടാ…പിള്ളേരേ…നീങ്ങള് യാത്രായാ…അച്ഛൻ എറങ്ങാറായിട്ടാ…നിങ്ങടെ ചോറും വെള്ളക്കുപ്പീം അവിടെ ആ മേശപ്പുറത്തിരിക്കണ്‌ണ്ട്.

നിഹയും നിഹാലും ചോറും വെള്ളവും ബാഗിലെടുത്തു വച്ചു. ബാഗുമായി അവർ ഉമ്മറത്തേക്ക് വന്നു. അവർ ചിന്തിക്കുക ആയിരുന്നു…എത്ര വൈകി എഴുന്നേറ്റാലും കുളിച്ച് ഈറൻ മുടിയിൽ തോർത്തും ചുറ്റി നെറ്റിയിൽ ഭസ്മവും വകച്ചലിൽ സിന്ദൂരവും ചാർത്തിയിട്ടേ അമ്മ അടുക്കളേൽ കേറാറുള്ളൂ. പിന്നെ നിമിഷ നേരം കൊണ്ടാ എല്ലാം റെഡിയാക്കുന്നത്.

ഒരു പക്ഷെ അച്ഛൻ നല്കുന്ന ഈസ്നേഹത്തിന്റേം പ്രണയത്തിന്റേം ആഴവും ചൂടും ആകാം അമ്മയ്ക്ക് ഇത്രയും ഊർജ്ജം നല്കുന്നതു്…

അയ്യോ…സേതുവേട്ടാ…കാറിന്റെ ഫ്രണ്ടിൽ വെള്ളമൊഴിച്ചിട്ടില്യാട്ടാ…? അടുക്കളേൽ പാത്രം കഴുകുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു. അത് ഞാനൊഴിച്ചു. നീ ആ ബാഗൊന്നെടുത്തേ…വേഗം…

സാരിത്തലപ്പുകൊണ്ട് കൈതുടച്ച് ഞാൻ സേതുവേട്ടന്റെ അടുത്തെത്തി. പിള്ളേര് കേറ്യാ…? ചുണ്ടിലൊരു ചിരീം ഒളിപ്പിച്ചു കണ്ണിറുക്കി കാണിച്ചു കൊണ്ട് സേതുവേട്ടൻ പറഞ്ഞു…മിക്കവാറും അവരുടെ ബസ്സിന്ന് പോകും. ഏഴേ പത്തായി സമയം. ഊറി വന്ന ചിരി മറച്ചു കൊണ്ട് ഞാൻ സേതുവേട്ടനെ തറപ്പിച്ചൊന്നു നോക്കി.

നീ… കേറുന്നില്ലേടീ…? ഡ്രൈവിംഗ് സീറ്റിലിരുന്ന് ഡോർ അടക്കുന്നതിനിടെ സേതുവേട്ടൻ എന്നോട് ചോദിച്ചു. ചോദ്യം കേട്ട് നിഹയും നിഹാലും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.

ഓ….ഈ ഏട്ടന്റെ ഒരു കാര്യം…ഞാൻ ഏട്ടനെ ഇടം കണ്ണിട്ട് നോക്കിക്കാണ്ട് ഫ്രണ്ട് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിന്റെ ഇപ്പുറത്തുള്ള സീറ്റിൽ ഇരുന്നു.

ഇത് പതിവുള്ളതാണ്…കാറ് ഗയിറ്റ് എത്തുന്നതു വരെ സേതുവേട്ടന് ഞാൻ ഇടതു സീറ്റിൽ തന്നെ ഉണ്ടായിരിക്കണം. ആ…അച്ഛാ…ഇനി അമ്മയ്ക്കുള്ളതങ്ങ് കൊടുത്തേക്കൂ…നിഹാലിന്റേതാണ് വാക്കുകൾ…

കൊടുക്കാമെടാ…ഓടിക്കുന്നതിനിടയിൽ എന്നെ നോക്കിക്കൊണ്ട് സേതുവേട്ടൻ പറഞ്ഞു. നിങ്ങളിത് കണ്ടേ….വെള്ളമെറക്കേണ്ടാട്ടാ…നിങ്ങടെ തലമുറക്കൊക്കെ ഇങ്ങനെ പ്രണയിക്കാൻ ചെലപ്പോ കഴിഞ്ഞുന്ന് വരില്ല. അതിനുള്ള സമയോംണ്ടാവില്ല…

പറഞ്ഞതും സേതുവേട്ടൻ ഇടം കൈ വളച്ച് എന്നെ നെഞ്ചിലോട്ട് ചേർത്ത് നെറ്റിയിൽ ഒരുമ്മ തന്നു. പതിയെ എന്റെ കണ്ണുകൾ കൂമ്പി. ഒരു നിമിഷം കണ്ണിൽ നനവു പടർന്നു. എന്നും എനിക്കിങ്ങനെ ഈ ഉടലിനോട് ചേർന്നിരിക്കാൻ ആയുസ്സും ആരോഗ്യവും കൊടുത്തേക്കണേ…ഭഗവതീ…

നിറുത്ത് സേതുവേട്ടാ…ഗയിറ്റെത്തി…ഈറനണിഞ്ഞ കണ്ണ് തുടക്കുന്നതിനിടെ ഞാൻ പറഞ്ഞു. ഡോർ തുറന്ന് ഞാൻ പുറത്തിറങ്ങി. അമ്മേ…പോട്ടേട്ടാ…സേതുവേട്ടൻ ഹൃദ്യമായ ഒരു പുഞ്ചിരി തന്ന് കാറ് മുന്നോട്ടെടുത്തു. ഈ സമയം പിൻസീറ്റിലിരുന്ന നിഹയുടെയുടേം നിഹാലിന്റേം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവരുടെ കണ്ണുകൾ പരസ്പരം പറയുന്നുണ്ടായിരുന്നു…

ഇതുപോലെ സ്നേഹിക്കാനും കരുതല് നല്കാനും ഇവർക്കുമാത്രമേ സാധിക്കൂ…സത്യമായ ഇവരുടെ പ്രണയത്തിനേ കഴിയൂ…ആ സമയം എവിടെ നിന്നോ മഴയുടെ നേർത്ത നൂലിഴകൾ അവരെ പൊതിയുന്നുണ്ടായിരുന്നു.