രചന: Sivadasan Vadama
:::::::::::::::::::::::
സ്കൂൾ വിട്ടു വീട്ടിലേക്കു ചെന്നു കയറുന്നതിനിടെ അനുവിനും മനുവിനും മനസ്സിലായി അച്ഛനും അമ്മയും തമ്മിൽ വഴക്കിട്ടു എന്ന്. എന്താണ് അവർ തമ്മിലുള്ള പ്രശ്നം എന്ന് തങ്ങൾക്കിതു വരെ പിടികിട്ടിയിട്ടില്ല. പ്രത്യക്ഷത്തിൽ രണ്ടു പേരും നല്ലവർ ആയിട്ടാണ് തങ്ങൾക്ക് തോന്നിയിട്ടുള്ളത്. എന്നാൽ അച്ഛനും അമ്മയും എന്നും രണ്ടു ധ്രുവങ്ങളിൽ ആണ്.
അമ്മയോട് പലപ്പോഴും ചോദിക്കാറുണ്ട് നിങ്ങൾ എന്തിനാണ് വഴക്ക് പിടിക്കുന്നത് എന്ന്. എന്നാൽ വ്യക്തമായ ഒരു മറുപടി അമ്മ ഒരിക്കലും തന്നിട്ടില്ല.
എനിക്ക് മതിയായി ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അമ്മ അതു പറഞ്ഞു പുറത്തിറങ്ങിയപ്പോൾ അച്ഛൻ തടയാൻ ശ്രമിക്കുന്നില്ലല്ലോ എന്നോർത്ത് ആ കുഞ്ഞു മനസ്സുകൾ വേദനിച്ചു.
വാടാ പിള്ളേരെ നമുക്ക് പോകാം?അനുവിന്റെ കയ്യിൽ പിടിച്ചപ്പോൾ അവൻ വിസമ്മത ഭാവത്തിൽ പിന്നോട്ട് മാറി. അതുകണ്ടപ്പോൾ മനുവും പിറകിലേക്ക് മാറി.
തങ്ങൾക്ക് അച്ഛൻ വേണം. ഇപ്പോൾ അമ്മയോടൊപ്പം പോയാൽ ഇനി ഒരിക്കലും ചിലപ്പോൾ അച്ഛനെ കാണുവാൻ കഴിഞ്ഞെന്ന് വരില്ല.
ഞങ്ങൾ വരുന്നില്ല. അമ്മ വേണമെങ്കിൽ പൊയ്ക്കോ?
അതുവരെ നിറയാതിരുന്ന ഭാമയുടെ കണ്ണുകൾ നിറയുന്നത് രാജീവ് കണ്ടു. അയാൾ ആകെ അസ്വസ്ഥനായി.
നിങ്ങൾ അമ്മയുടെ കൂടെ പൊയ്ക്കോ?രാജീവ് കുട്ടികളോട് പറഞ്ഞു.
അമ്മയുടെ കൂടെ പോയാൽ ആര് ഞങ്ങൾക്ക് പുതിയ ഉടുപ്പ് വാങ്ങി തരും. ഇന്നുവരെ അമ്മ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങി തന്നിട്ടുണ്ടോ?ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ഇതെല്ലാം അച്ഛന് മാത്രമേ സാധിച്ചു തരാൻ കഴിയുകയുള്ളൂ.
കുട്ടികൾ പറയുന്നത് കേട്ടപ്പോൾ രാജീവിന് അപമാനമാണ് തോന്നിയത്. കുട്ടികൾ അവരുടെ അമ്മയെ വിലകുറച്ചു കാണുന്നത് കാണുമ്പോൾ അതിനു കാരണക്കാരൻ താൻ കൂടി ആണല്ലോ എന്നോർത്ത് അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
വിവാഹം കഴിക്കുന്ന സമയത്തു ചെറുതായെങ്കിലും ഒരു ജോലി ഭാമക്ക് ഉണ്ടായിരുന്നു. അനുവിനെ ഗർഭം ധരിച്ചപ്പോൾ അവളുടെ കഷ്ടപ്പാട് കണ്ടു താനാണ് അവളോട് ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞത്. അന്നുമുതൽ ശർദി മൂലം ദിവസങ്ങളോളം ഭക്ഷണം തന്നെ അവൾ ഉപേക്ഷിച്ചിട്ടുണ്ട്. കഴിക്കാൻ താല്പര്യം ഉള്ള ഭക്ഷണം കഴിച്ചാൽ കുഞ്ഞിന് ദോഷം വരുമെന്ന് പറഞ്ഞു വേണ്ടെന്നു വെച്ചിട്ടുണ്ട്. ഇഷ്ടമുള്ള യാത്രകൾ എല്ലാം വേണ്ടെന്നു വെച്ചു. ഒട്ടേറെ വേദനകൾ സഹിച്ചു അവർക്ക് ജന്മം നൽകി…
എന്നിട്ടും അവൾക്കു വിശ്രമം ഉണ്ടായോ? രാത്രിയിൽ അവർ കിടന്നു കളിക്കുമ്പോൾ കണ്ണുകൾ പൂട്ടാതെ കാവൽ ഇരുന്നു. പകൽ അവർ ഉറങ്ങുമ്പോൾ അവൾ വീട്ടിലെ ജോലികൾ ചെയ്തു. അതിരാവിലെ ഉണർന്നു അവർക്ക് ചോറും കറികളും ഉണ്ടാക്കി സ്കൂളിൽ പറഞ്ഞയച്ചു. അവരുടെ വസ്ത്രങ്ങൾ കഴുകി ഉണക്കി തേച്ചു വെച്ചു. സ്കൂൾ വിട്ടു വന്നാൽ അവർക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി വെച്ചു സ്കൂളിലെ പാഠങ്ങൾ പറഞ്ഞു കൊടുത്തു. അവൾ എന്നും ജീവിച്ചത് അവർക്ക് വേണ്ടിയാണ്.
ഇന്ന് അവർ നിഷ്പ്രയാസം അമ്മയെ വേണ്ടെന്നു വെച്ചപ്പോൾ നൊന്തത് തനിക്കാണ്.
ഇന്ന് താൻ ഇവരെ എങ്ങനെ ചേർത്ത് പിടിച്ചാലും നാളെ ഒരിക്കൽ അവർ തന്നെയും തള്ളിപ്പറയും. തന്റെ കുഞ്ഞുങ്ങളെ നോക്കി പതറി പതറി പോകുന്ന ഭാമയോട് വല്ലാത്ത അനുകമ്പ തോന്നി രാജീവിന്.
ഭാമേ നിൽക്ക്?
ഇല്ല എനിക്ക് ആരുമില്ല! ഞാൻ പോവുകയാണ്.
പോകേണ്ടത് നീ അല്ല ഞാനാണ്. രാജീവ് പറഞ്ഞു.
ഇതു നിങ്ങളുടെ വീടാണ് അപ്പോൾ പോകേണ്ടത് ഞാൻ അല്ലെ?
ആര് പറഞ്ഞു ഇതു എന്റെ വീടാണ് എന്ന്. ഈ ഭൂമി ചിലപ്പോൾ എന്റെ പേരിൽ ആയിരിക്കും. പക്ഷേ ഈ വീട് പണിയാൻ നിന്റെ അധ്വാനവും വിയർപ്പും ഉണ്ട്. നിന്റെ കരങ്ങളുടെ തലോടൽ ഏൽക്കാത്ത ഒരു സ്ഥലവും ഈ വീടിലില്ല. ഈ വീട് നിറയെ നിന്റെ ശ്വാസങ്ങൾ ആണ്. നിങ്ങൾ തമ്മിലുള്ള ആത്മബന്ധം എത്രയെന്നു എനിക്കറിയാം.
പക്ഷേ നിങ്ങൾ ഇതുവരെ എന്നെ സ്നേഹിച്ചിട്ടില്ലല്ലോ? സ്നേഹമില്ലാത്ത ഒരാളോടൊപ്പം എത്ര നാളെന്നു കരുതി ഞാൻ ഇവിടെ താമസിക്കും.
അതു നിന്റെ തോന്നൽ ആണ് ഭാമേ. ഞാൻ നിന്നെ മറ്റു ഭർത്താക്കന്മാർ വിളിക്കുന്നത് പോലെ മോളെ എന്നു വിളിച്ചിട്ടില്ലായിരിക്കും. ഞാൻ നിന്നെ തലോടിയിട്ടില്ലായിരിക്കും. അതു പക്ഷേ എനിക്ക് നിന്നോട് സ്നേഹമില്ലാത്തതു കൊണ്ടാണ് എന്നു മാത്രം നീ പറയരുത്. എനിക്ക് അതുപോലെ അഭിനയിക്കാൻ വശമില്ല. പക്ഷേ എനിക്ക് നിന്നോടുള്ള സ്നേഹം സത്യമാണ്. നിന്നോട് ഞാൻ വഴക്കിടുന്നത് സ്നേഹം കൊണ്ടാണ്. സ്നേഹമില്ലാത്ത ഒരാളോട് എങ്ങിനെ വഴക്കിടാൻ കഴിയും. അത് നീ തിരിച്ചറിയണമെങ്കിൽ നീ കുറച്ചു നാൾ അകന്നു നിൽക്കണം എന്നു കരുതിയാണ് നീ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ ഞാൻ തടയാതിരുന്നത്. പക്ഷേ കുഞ്ഞുങ്ങളെ കൂടാതെ നീ പോകരുത്? അതു നിനക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വേണമെങ്കിൽ ഞാൻ ഇവിടെ നിന്നു കുറച്ചു നാൾ മാറി നിൽക്കാമെന്ന്.
വേണ്ട! നിങ്ങളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല. ആരും എങ്ങോട്ടും പോകുന്നില്ല അറിയാതെ അവളെ തന്റെ ചുമലിളോട് ചേർത്ത് നിറുത്തിയപ്പോൾ അവൾ തേങ്ങലോടെ അയാളോട് ചേർന്നു നിന്നു.
അവസാനക്കാലത്തു തുണയായി തങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് അവർ പരസ്പരം തിരിച്ചറിഞ്ഞു.