രണ്ട് ഇണക്കുരുവികൾ പെരുമഴയും നോക്കി കൊണ്ടു പരസ്പരം പുറംചാരി ഇരിക്കുന്നുണ്ട്…

ഈ കഥയിൽ ഒന്നുമില്ല..പക്ഷേ.. നല്ലൊരു പ്രണയ മഴ നനഞ്ഞ സുഖം ഉറപ്പാണ്…പ്രണയം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന രണ്ട് ഇണ കുരുവികളുടെ കുറച്ചു നിമിഷങ്ങൾ മാത്രം..

“ഇത്തിരി നേരം ഈ തുലാമഴയിൽ”

രചന :മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

::::::::::::::::::::;

ഒരു തുലാവർഷകാലത്ത്. കൊടുമ്പിരി കൊണ്ടങ്ങനെ മഴ തിമിർത്ത് പെയ്യുന്നു. ഇടക്ക് ആകാശത്ത് വെള്ളിയരഞ്ഞാണം പോലെ മിന്നൽ തെളിയുന്നുണ്ട്. അകമ്പടി കണക്കെ മഴമേഘങ്ങൾ ഗർജിക്കുന്നു.പെയ്തൊഴിയാതെ ഉരുണ്ടു കൂടിയ മേഘങ്ങൾ ഇരുട്ടുകുത്തി പെയ്തുകൊണ്ടിരിക്കുന്ന ഒരു സായാഹ്നം.

രണ്ട് ഇണക്കുരുവികൾ പെരുമഴയും നോക്കി കൊണ്ടു പരസ്പരം പുറംചാരി ഇരിക്കുന്നുണ്ട്. സ്ഥിരം സംഗമിക്കാറുള്ള പഴമയുടെ ചരിത്രമുള്ള ആ ഓടിട്ട കെട്ടിടത്തിന്റെ തിണ്ണയിൽ. രണ്ട് പേരും മഴയേ നോക്കി ലയിച്ചിരിപ്പാണ്.

“കാർത്തൂ… എടീ.. കാർത്തികേ…പറ നിനക്കെന്നെ എത്രത്തോളം ഇഷ്ടമുണ്ട്.”പ്രസാദ് തന്നെ ആദ്യം മൗനം ഭഞ്ജിച്ചു. കാർത്തിക സ്ഥിരം പല്ലവി കേട്ട പോലെ നെറ്റി ചുളിച്ചു. ചിറിയൊന്നു കോട്ടി.

“ടീ…എരുമേ… നിന്നോടാ ചോദിക്കുന്നത്….പറ”.പ്രസാദ് കാർത്തികയുടെ കൈത്തണ്ടയിൽ നുള്ളികൊണ്ട് ചോദിച്ചു. അവൾ വേദനിച്ചു കൈവലിച്ചു. കൈത്തണ്ട ഉഴിഞ്ഞു.

“എത്ര വട്ടം പറഞ്ഞതാ എന്റെ പ്രസദേട്ടാ. എന്നാലും ഒന്ന് കൂടി പറയാം… ദാ.. ഈ മഴകണ്ടോ.. ഈ മഴയാണേ സത്യം. എന്റെ ജീവനോളം.. ജീവന്റെ ജീവനോളം”.കാർത്തിക കൊഞ്ചി കൊണ്ടു പറഞ്ഞു.

“അയ്യടി മനമേ.. ഈ മഴ ഇപ്പൊ തോരും. അതോടെ നിന്റെ സത്യവും ഈ മഴയിൽ ഒലിച്ചു പോകും. നിനക്ക് സത്യം ചെയ്യാൻ കണ്ട ഒരു സാധനം.”പ്രസാദ് ചിരിച്ചു കൊണ്ടു പറഞ്ഞു.

ഇത് കേട്ടപ്പോൾ കാർത്തികയുടെ മുഖം വാടി.തുലാവർഷ മേഘങ്ങൾ അവളുടെ മുഖത്തു ഉരുണ്ടു കൂടിയ പോലെ പ്രസാദിന് തോന്നി. അവൾ എഴുന്നേറ്റു പോയി തിണ്ണയുടെ അറ്റത്തുള്ള മരത്തൂണിൽ ചാരി നിന്നു. ദൂരേ മഴത്തുള്ളികൾ ഇലകളിൽ തീർക്കുന്ന വിസ്മയം നോക്കി നിന്നു. ചെറിയ കാറ്റിൽ മഴത്തുള്ളികൾ അവളുടെ സാരിയെ നനച്ചു

പ്രസാദ് എഴുന്നേറ്റു കാർത്തികയുടെ പുറകിൽ ചെന്നു നിന്നു അവളെ വട്ടം പിടിച്ചു. തോളിൽ തലവെച്ചു കാർത്തികയുടെ കവിളോട് കവിൾ ചേർത്തുനിന്നു.അവൾ ഇക്കിളി കൊണ്ടൊന്നു കുറുകി. കാർത്തിക ഇറയത്തു നിന്ന് വീഴുന്ന വെളളം കുറച്ച് കൈകുമ്പിളിൽ എടുത്തു.പെട്ടെന്ന് പ്രസാദിന്റെ മുഖത്തേക്ക് തെറിപ്പിച്ചു. പ്രസാദ് പിടിവിട്ടു പിറകിലോട്ട് ചാടി. അവൾ പൊട്ടിച്ചിരിച്ചു.

“പ്രസാദേട്ടാ.. ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്റെ സ്നേഹത്തിന് വിലയിടരുതെന്നു. സ്നേഹം വിലയിടാൻ ഉള്ളതാണോ.”.?. കാർത്തിക കുറച്ചു ഗൗരവത്തിലാണ്.അതിന്റെ മാറ്റ് കൂട്ടാൻ എന്നപോലെ ആകാശത്തു ഒരു വെള്ളിടി വെട്ടി.

“അയ്യേ…പൈങ്കിളി… പൈങ്കിളി കാമുകിയുടെ പൈങ്കിളി പ്രേമം. അയ്യേ”…പ്രസാദ് പരിഹാസത്തോടെ ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു.

“അതേ…പ്രേമം എന്നും അല്പം പൈങ്കിളിയാണ്. അല്ലാതെ പ്രണയിക്കുന്നവർ കശ്മീർ പ്രശ്നത്തെ കുറിച്ചും ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തെ കുറിച്ചുമൊന്നും സംസാരിക്കാറില്ല പ്രസാദേട്ടാ.”കാർത്തികയും സ്വല്പം പരിഹാസച്ചുവയോടെ പറഞ്ഞു.

അത് ശരിയാണെന്ന് പ്രസാദിനും തോന്നി.പ്രേമത്തിന് എന്നും ഒരു കാല്പനിക ഭാവമാണ്. അതില്ലെങ്കിൽ എന്ത് സുഖമാണ് ഈ പ്രണയത്തിനുള്ളത്. പറഞ്ഞത് തന്നെ പറയലും, ഒരു പാട് പറയാൻ ഉണ്ടായിട്ടും പ്രിയപ്പെട്ടവൾ അരികിലുണ്ടാവുമ്പോൾ പുതിയ വാക്കുകൾ തേടുന്നതും തന്നെയാണ് പ്രണയം. പ്രസാദ് ഓർത്തു. കേട്ടുകേട്ട് തുരുമ്പിച്ച വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന പുതുമ പ്രണയത്തിനല്ലാതെ വേറേതു വികാരത്തിനുണ്ട്. പ്രസാദ് കാർത്തികയേ നോക്കി ഒരു മന്ദഹാസം തൂകി. അവൾ രണ്ട് കണ്ണുകളും ഇറുക്കി കാണിച്ചു.

പ്രസാദ് കാർത്തികയുടെ കൈ പിടിച്ചു കൊണ്ടു വരാന്തയിലൂടെ നടന്നു.

“ഏട്ടൻ അറിഞ്ഞോ..? ഈ കെട്ടിടം പൊളിക്കാത്രെ.”കാർത്തിക അല്പം നിരാശയോടെ പറഞ്ഞു.

“നമ്മുടെ നാട്ടിലെ ആകെയുള്ള ഒരു ഓടിട്ട നിർമിതിയാണിത്. എല്ലാം കോൺക്രീറ്റിനു വഴിമാറി. ഇത് കൂടി പോയാൽ പിന്നെ നമ്മൾ എവിടെ സംഗമിക്കും.” കാർത്തിക പറഞ്ഞു. ഒരു കണ്ണഞ്ചിക്കുന്ന മിന്നലും ശക്തിയായ ഇടിയും വെട്ടി. മഴയുടെ ശക്തികൂടി. കലങ്ങിയ ചെളിവെള്ളം മുന്നിലുള്ള ചെമ്മൺ പാതയിലൂടെ കുതിച്ചൊഴുകി.

“അപ്പോഴേക്കും ഞാൻ നിന്നെ ക്കെട്ടില്ലേ കാർത്തൂ. ഈ ശരത്കാലം ഒന്ന് കഴിഞ്ഞോട്ടെ… ഇത് കഴിഞ്ഞാൽ ഹേമന്തകാലം വരും. ഹേമന്തത്തിൽ നമ്മുടെ കല്യാണമല്ലേ സഖി”.പ്രസാദ് കവിത വായിക്കുംപോലെ പറഞ്ഞു.

കാർത്തിക ഒന്ന് നിന്നു . പ്രസാദിന്റെ കൈപിടിച്ച് മുന്നിലേക്ക്‌ നിർത്തിയിട്ട് കുറച്ചു നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.ഒന്ന് പുഞ്ചിരി തൂകി. എന്നിട്ട് പൊട്ടിച്ചിരിച്ചു.

” എന്റെ പ്രസാദേട്ടാ… നിങ്ങൾ ഇത്രക്ക് പൈങ്കിളിയായിരുന്നോ..അയ്യേ..എന്നെ കളിയാക്കിയിട്ടിപ്പോ… എന്താ ഇത്.. ഹേമന്തം.. ശരത് കാലം.. സഖി എന്നൊക്കെ.” അവൾ വീണ്ടും കുലുങ്ങി ചിരിച്ചു.”പ്രസാദിന്റെ ചുണ്ടിൽ ഒരു തൂമന്ദഹാസം വിരിഞ്ഞു. അതൊരു പൊട്ടിച്ചിരിയായി പരിണമിച്ചു. കാർത്തികയുടെ തോളിൽ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ടു വീണ്ടും നടന്നു.

ഇരുൾ മൂടി തുടങ്ങി. കാർമേഘങ്ങൾ പെയ്തൊഴിയുന്നില്ല. വീണ്ടും ആകാശത്തെ വന്നു മൂടുന്നു.സായന്തനത്തിന്റെ ശോണിമ തുലാവർഷമേഘങ്ങൾ മായ്ച്ചു കളഞ്ഞു. മിന്നലുകൾ ആ ചെറിയ ഇരുളിനെ ഇടക്ക് കീറിമുറിക്കുന്നുണ്ട്.

“പ്രസദേട്ടാ. നമുക്ക് കുറച്ചു നേരം മഴകൊണ്ടാലോ.? കാർത്തിക കാതരയായി കൊണ്ടു ചോദിച്ചു. ആ മുഖത്ത് വല്ലാത്തൊരു പ്രണയഭാവം വിടരുന്നത് പ്രസാദ് കണ്ടു. അവൾ പ്രസാദിന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽപ്പാണ്.

“ഹേയ്. എന്താ ഇത്.. ഒന്നും മിണ്ടാത്തെ. പറ. നമുക്ക് കുറച്ചു മഴ നനയാം. കാർത്തിക അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു.

“ശരി കാർത്തൂ.. നനയാം.ഇറങ്ങ്. കുറച്ചു നേരം മതീട്ടോ.പനി പിടിക്കും. ഇരുട്ടും വീഴാൻ പോകുന്നു.”പ്രസാദ് പറഞ്ഞു.

“ആ.. ശരീന്നേ..” എന്നു പറഞ്ഞു പ്രസാദിന്റെ കൈപിടിച്ച് മഴയത്തേക്ക് ഒറ്റച്ചാട്ടം. കാർത്തിക കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വെള്ളം തട്ടി തെറിപ്പിച്ചു രസിച്ചു. പൊട്ടിച്ചിരിച്ചു. പ്രസാദ് അവളുടെ പിറകെ നടന്നു.പ്രണയപരവശരായ ഞങ്ങൾക്ക് ഈ സമയത്തു മഴകൊള്ളാൻ പറ്റുക എന്നതിൽപരം സന്തോഷം വേറെ യുണ്ടോ.മഴ എന്നും പ്രണയത്തിന്റെ ചിഹ്നമാണ്. പ്രസാദ് ഓർത്തു.മഴത്തുള്ളികൾ പ്രണയപൂർവം അവരെ തലോടി.നനുത്ത ക്കാറ്റ് ഇരു ഉടലുകളിലും തന്ത്രിമീട്ടി.വെള്ളിമിന്നലുകൾ ആ കമിതാക്കൾക്ക് വെളിച്ചമേകി. ശരീരത്തോടൊപ്പം ആ കാതരമായ മനസ്സുകളും തണുത്തു.

“കാർത്തൂ.. മതി..ഇങ്ങ് കേറി വാ”പ്രസാദ് കെട്ടിടവരാന്തയിലേക്കു ഓടിക്കയറി കൊണ്ടു പറഞ്ഞു. പിന്നാലെ കാർത്തികയും ഓടി കയറി. കാർത്തിക തണുപ്പു കൊണ്ട് നിന്നു വിറച്ചു.പല്ലുകൾ കൂട്ടിയിടിച്ചു. കടകട ശബ്ദം..

” തണുക്കുന്നു പ്രസാദേട്ടാ.”അവൾ ചിണുങ്ങി കൊണ്ടു പറഞ്ഞു. അവൻ ചിരിച്ചു. പ്രസാദ് ഷർട്ട് അഴിച്ചു പിഴിഞ്ഞു കുടഞ്ഞു. കാർത്തികയുടെ തല തുവർത്താൻ തുടങ്ങി. അവൾ അവന്റെ രോമാവൃതമായ മാറിൽ തലോടിക്കൊണ്ടിരുന്നു.

“ഈ മാറിൽ തലചായ്ക്കാൻ എനിക്കല്ലേ അവകാശം.പ്രസാദേട്ടാ.”അവൾ പതുക്കെ ചോദിച്ചു.

“ഓഹ്.. പൈങ്കിളിപ്പെണ്ണ് ചോദിക്കുന്നത് കേട്ടാൽ തോന്നും ഇത് വരെ തലചായ്ച്ചിട്ടില്ലാന്ന്. ഒന്ന് പോടീ.” പ്രസാദ് അവളുടെ കഴുത്തിൽ തലോടികൊണ്ടു പറഞ്ഞു.അവൾ ഒന്ന് കുറുകി.

പ്രസാദ് ഷർട്ട് ഒന്നുകൂടി കുടഞ്ഞു ധരിച്ചു. കാർത്തിക മുടിചുറ്റി കെട്ടിവെച്ചു.സാരിതുമ്പ് പിഴിഞ്ഞു അരയിൽ കുത്തി.

“എടി എരു മേ…പൊള്ളാച്ചി എ രുമേ..നിന്റെ ത ന്ത നിന്നെ പിണ്ണാക്ക് തന്നാണോ വളർത്തിയത്?”. പ്രസാദ് അവളെ അടിമുടി ഒന്ന് നോക്കി കൊണ്ടു പരിഹാസത്തോടെ പറഞ്ഞു.

“എന്താ.പ്രസാദേട്ടാ അങ്ങനെ പറഞ്ഞേ”.? അവൾ നീരസത്തോടെ പറഞ്ഞു.

“അല്ല..നീ ഇപ്പൊ മഴനനഞ്ഞില്ലേ. സാരിയൊക്കെ നനഞ്ഞു. എങ്ങനെ വീട്ടിൽ പോകും. വീട്ടുകാർ ചോദിച്ചാൽ എന്ത് പറയും നീ..? പ്രസാദ് ഉറക്കെ ചിരിച്ചു. ഇടിയുടെ ശബ്ദത്തിൽ ആ ചിരി മുങ്ങിപ്പോയി.

“അതാണോ.. ഇത്ര വലിയ കണ്ടുപിടുത്തം. അതിനേ… ഞാൻ വീട്ടിലേക്കല്ലല്ലോ പോവുന്നേ. മാമന്റെ വീട്ടിലേക്കാണെന്നു പറഞ്ഞല്ലേ ഇറങ്ങിയത്.അവർ ചോദിച്ചാൽ പറയും. കുടയെടുത്തില്ല. എവിടെയെങ്കിലും കയറി നിന്നാൽ രാത്രിയാകും. അത് കൊണ്ടു ഞാൻ നനഞ്ഞിങ്ങു പോന്നൂ എന്ന്.”ഇതും പറഞ്ഞുകൊണ്ട് അവൾ അവനെ നോക്കി കളിയാക്കി കൊണ്ട് തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

“ഹോ… എന്റെ ബുദ്ധിമതി. ബുദ്ധിയുടെ ഭൂലോകറാണീ.. നിന്നെ സമ്മതിച്ചു. എന്തൊരു ബുദ്ധി … നീ ആള് കൊള്ളാലോ..”പ്രസാദ് കണ്ണുകൾ വിടർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ആണല്ലോ…സമ്മതിച്ചല്ലോ. അതാണ്‌ പെണ്ണിന്റെ ബുദ്ധി. അല്ല പിന്നെ…നമ്മളോടാ കളി. ഞാൻ ‘ആരുടെയൊക്കെയാ’ മോൾ.? അവൾ സ്വയം പുകഴ്ത്തി കൊണ്ടു പറഞ്ഞു. അവർ കോൾമയിർ കൊണ്ടു. സാരി തുമ്പ് ഒന്ന് വീശി.

“ങ്ങേ…ആ മുരളിമാഷുടെ മോൾ തന്നെയല്ലേ നീ. ആരുടെയൊക്കെയാ മോൾ എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല.”പ്രസാദ് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് കാർത്തികക്ക് താൻ പറഞ്ഞതിലെ പി ഴവ് മനസ്സിലായത്. അവൾ അവൾ മുഖം പൊത്തി. കൈവിരൽ കടിച്ചു കുടഞ്ഞു.

“ശ്ശോ…അങ്ങനെയല്ല….’ഞാനാരാ മോൾ’ എന്നാണ് പറയാൻ വന്നത്..അയ്യേ..” കാർത്തിക പറഞ്ഞു. അവളുടെ മുഖം നാണത്താൽ ചുവന്നു. അവൾ താഴോട്ട് നോക്കി നിന്നു.

“മ്മ്..മ്മ്. ശരി. ശരി. ചമ്മണ്ട. നാണം ഈ മുഖത്തിനു ചേരില്ല. പ്രസാദ് ചിരിച്ചു കൊണ്ടു പറഞ്ഞു. വാ ഇവിടെ വന്നിരിക്ക്. അവളുടെ കൈപിടിച്ചു കൊണ്ടു വന്നു. ഭിത്തിയോട് ചാരി ഇരുന്നു അവർ.

“നീ നാളെ പോകുവല്ലേ കാർത്തു.”പ്രസാദ് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു.

പ്രസാദിന്റെ മുഖം വാടി. മുഖത്ത് നിന്നു ചിരി മഞ്ഞു. ദൂരെയെങ്ങോ നോക്കി ഇരുന്നു കൊണ്ട് എന്തൊക്കെയോ ആലോചിച്ചു. ഒരു മാസത്തെ പ്രണയസല്ലാപത്തിനും ഈ സംഗമത്തിനും ഇന്ന് തീരശീല വീഴുകയാണ്. നാളെ ഇവൾ പോകും ഡൽഹിക്ക്. ഇനി ഇങ്ങനെ ഒരു സംഗമത്തിന് നാല് മാസം കഴിയണം. ഈ കെട്ടിടം, ഈ സംഗമം, ഈ സല്ലാപം, മൗനം പോലും വാചാലമാകുന്ന ഇവളുടെ ഓരോ നോട്ടവും.. എല്ലാം എനിക്കിനി നഷ്ടപ്പെടും. ഈ കിളിക്കൊഞ്ചൽ കേൾക്കാൻ ഇനി…. പ്രസാദിന്റെ കൺകോണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു.

“എന്താ…വിഷമമുണ്ടോ എന്റെ ഏട്ടന്.? അയ്യേ….. കരയുന്നോ…. ശരിക്കും പൈങ്കിളി കാമുകൻ ആയോ എന്റെ ഏട്ടൻ.ആണുങ്ങൾ കരയാൻ പാടില്ല പ്രസാദേട്ടാ “കാർത്തിക പറഞ്ഞു.

പ്രസാദ് കണ്ണ് തുടച്ചു. തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി ഇരിക്കുകയാണ്.

“എന്താ… ഞങ്ങൾ ആണുങ്ങൾക്ക് കരഞ്ഞൂടെ. അതോ.. അതിന്റെ പേറ്റന്റ് നിങ്ങൾ പെണ്ണുങ്ങൾക്ക് എഴുതി തന്നോ ദൈവം തമ്പുരാൻ. ആണുങ്ങൾ കരയാൻ പാടില്ലത്രേ. പിന്നെ സങ്കടം വന്നാൽ എന്ത് ചെയ്യും ഞങ്ങൾ.? ചിരിക്കണോ,? കരഞ്ഞാൽ ഒലിച്ചു പോകുമോ പൗരുഷം..? പ്രസാദിന്റെ ഉള്ളിലെ ദുഖവും നിരാശയും വാക്കുകളായി പുറത്തേക്കു വന്നു.

“ആഹാ.. അടടാ.. മതി.. ഇത് മതി.. ഇപ്പോഴല്ലേ എന്റെ കാമുകൻ കരുത്തുള്ള കാമുകനായത്… എന്താ പ്രകടനം. തീക്ഷ്ണമായ വാക്കുകൾ.എന്നത്തേയും പോലെ കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടനെ കണ്ടു പോയാലേ.. ശരിയാവില്ല. അത് ഞാൻ തിരിച്ചു വരുവോളം എനിക്കൊരു വിങ്ങലായിരിക്കും. ഇനി സന്തോഷമായി ഡൽഹിക്ക് പോവാലോ എനിക്ക്. ഏട്ടൻ എണീറ്റേ. സന്ധ്യ മയങ്ങാറായി.മഴയും കുറവുണ്ട്. ഇരുട്ട് വീഴും മുമ്പ് എനിക്ക് മാമന്റെ വീടെത്തണം.നമുക്ക് പോകാം.” കാർത്തിക എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

പ്രസാദ് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു. ഇവളാണ് പെണ്ണ്. എന്റെ മാലാഖ. എത്ര പെട്ടന്നാണ് രംഗം ശാന്തമാക്കിയത്.പെണ്ണിന്റെ മിടുക്കിന് മനസ്സിൽ നൂറു പൂക്കൾ വാരിയെറിഞ്ഞു പ്രസാദ്. അല്ലെങ്കിലും പെണ്ണൊന്നു ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്‌നമേ പുരുഷനുള്ളൂ. പ്രസാദ് മനസ്സിൽ പറഞ്ഞു.

“ഹേയ്… കൂയ്.. എന്താ അന്തം വിട്ടിരിക്കുന്നത്. എണീക്ക്. പൂവാം.”കാർത്തിക പ്രസാദിന് നേരെ കൈനീട്ടികൊണ്ട് പറഞ്ഞു. പ്രസാദ് ഒന്ന് ചിരിച്ചു. അവളുടെ കൈപിടിച്ചു കൊണ്ട് എണീറ്റു നിന്നു.

മഴ ശമിച്ചിരിക്കുന്നു.തുലാവർഷമേഘങ്ങൾ പെയ്തൊഴിഞ്ഞു. ഇരുണ്ട വാനിന്റെ മടിത്തട്ട് തെല്ലൊന്നു തെളിഞ്ഞു. അങ്ങകലെ കരിമേഘങ്ങൾക്കിടയിലൂടെ സൂര്യന്റെ കറുത്തു ചുമന്ന ശോഭ അവ്യക്തമായി കാണാം.

അവർ ആ വരാന്തയിൽ നിന്നും ചാടിയിറങ്ങി.കുറച്ചു നടന്ന ശേഷം അവർ ഒന്ന് തിരിഞ്ഞു നിന്നു ആ കെട്ടിടത്തെ നോക്കി. രണ്ടാളും നെടുവീർപ്പിട്ടു.

“കാർത്തൂ. ഇനി നമ്മൾ ഇവിടെ സംഗമിക്കില്ല. നമ്മുടെ സ്വപ്നങ്ങൾക്ക് നിലമൊരുക്കിയ ഈ കെട്ടിടം ഉടൻ പൊളിഞ്ഞു വീഴും.”പ്രസാദിന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചു.

“മ്മ്. മ്മ്.. ശരിയാ…പോട്ടെ പ്രസാദേട്ടാ.സംഭവാമി യുഗേ യുഗേ.. എല്ലാം സംഭവിക്കട്ടെ… ഇനി പൊളിഞ്ഞാൽ എന്താ.,? ഹേമന്ദം വന്നാൽ ഏട്ടൻ എന്നെ കെട്ടില്ലേ..? ഹിഹിഹി.”അവൾ വളകിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു. അവനും കൂടെക്കൂടി.അവർ മുട്ടിയുരുമ്മി നടന്നു.

“കാർത്തുമോളെ….എന്നാ തിരിച്ചു പോവുന്നത്.”എതിരേ വന്ന ഗോപാലൻനായർ ചോദിച്ചു.

“ഞാൻ നാളെ പോകും ഗോപാലേട്ടാ….പിന്നെ.. എന്തൊക്കെയുണ്ട് വിശേഷം.?” കാർത്തിക ചിരിച്ചു കൊണ്ട് ചോദിച്ചു.

” സുഖാണ് മോളെ.. എങ്ങോട്ടാ ഈ നേരത്തു രണ്ടാളും കൂടെ.”? ഗോപാലൻനായർ പറഞ്ഞു.

“പ്രസാദേട്ടൻ വീട്ടിലേക്കാ. ഞാൻ മാമന്റെ വീട്ടിൽ പോവാ. അവിടുന്നാണ് നാളെ പോകുന്നത്.മാമന്റെ മോൾ അശ്വതിയും ഉണ്ട് കൂടെ.”

“ഓ…അത് ശരി.. അല്ല മോളെ…ഇവനെ എന്നും ഇങ്ങനെ കൂടെ കൊണ്ട് നടന്നാൽ മതിയോ. ഞങ്ങൾക്ക് സദ്യക്കുള്ള വകയുണ്ടാകുമോ?.നല്ലവനാ മോളെ പ്രസാദ്.ഒരു ദുശീലവും ഇല്ല. ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല.മോളുടെ ഭാഗ്യം. ഗോപാലൻനായർ പ്രസാദിനെ നോക്കി പറഞ്ഞു. പ്രസാദ് ഒന്ന് പൊങ്ങി. ഇതൊക്കെ എന്ത് എന്നുള്ള മട്ടിൽ മുകളിലേക്ക് നോക്കി നിന്നു.

“ഓ.. ഉണ്ടല്ലോ. ഉടൻ ഉണ്ടാകും. ഹേമന്ദം വന്നാൽ ഞങ്ങടെ കല്യാണം ഉണ്ടാകും.” കാർത്തിക പ്രസാദിനെ നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു. പ്രസാദിനും ചിരി പൊട്ടി. മൂന്നാളും ചിരിച്ചു.

“ശരി ഗോപാലേട്ടാ. ഞങ്ങൾ നടക്കട്ടെ”.പ്രസാദ് പറഞ്ഞു.അവർ നടത്തം തുടർന്നു.

“കർത്തൂ.. അയാൾ പറഞ്ഞത് കേട്ടില്ലേ എന്നെ കുറിച്ച്”.പ്രസാദ് അല്പം അഹങ്കാരത്തോടെ പറഞ്ഞു.

“ഉവ്വ്..ഉവ്വേ..ഞാൻ കേട്ടു..പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കില്ലത്രേ. സത്യം എനിക്കല്ലേ അറിയൂ. കാർത്തിക ഒരു കള്ള ചിരിയോടെ പറഞ്ഞു. പ്രസാദ് ചെറുതായി ഒന്ന് ഞെട്ടി.

“എന്ത്… എന്തറിയാമെന്ന്?.പ്രസാദിന്റെ സ്വരത്തിൽ കുറച്ചു പരിഭ്രമം നിഴലിച്ചു.

“മുഖത്ത് നോക്കില്ലായിരിക്കും. നല്ല നിതംബഭംഗിയുള്ള പെണ്ണുങ്ങളെ ഒളികണ്ണിട്ടു നോക്കാറില്ലേ ഏട്ടൻ”?.കാർത്തിക പതുക്കെ ചിരിച്ചു കൊണ്ട് അവന്റെ ചെവിയിൽ പറഞ്ഞു.

പ്രസാദിനു ആകെ വല്ലാണ്ടായി. മുഖത്തെ ജാള്യത അവൾ കാണാതിരിക്കാൻ അവൻ മുഖം തിരിച്ചു. കാർത്തിക അപ്പോഴും ചിരിക്കുകയാണ് . എന്നാലും ഇവളിത് എങ്ങനെ കണ്ടുപിടിച്ചു.? എനിക്ക് പോലും അറിയില്ല ഞാൻ അങ്ങനെ നോക്കുന്ന കാര്യം. സമ്മതിച്ചു ശ്രീമതീ നിന്നെ. പ്രസാദ് മനസ്സിൽ പറഞ്ഞു.

“അതാണ്‌ ഏട്ടാ പെണ്ണുങ്ങൾ. സൂക്ഷ്മ നിരീക്ഷണം നടത്താൻ ഞങ്ങൾ മിടുക്കികളാ. നിങ്ങൾ പോലും അറിയാതെ.. ഹിഹിഹി… അവൾ ചിരിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി. മഹാ മഹിളേ.. നീ ഒരത്ഭുതം തന്നെയാണല്ലോ എന്ന മട്ടിൽ..

“അല്ല കാർത്തൂ. നിന്റെ ബാഗും സാധനങ്ങളും ഒക്കെ എവിടാ?. അതൊന്നും എടുത്തില്ലേ? പ്രസാദ് വിഷയം മാറ്റി.

“അതൊക്കെ ഇന്നലെ ഉച്ചക്ക് അശ്വതി വന്നപ്പോ അവളുടെ കയ്യിൽ കൊടുത്തു വിട്ടു.”കാർത്തിക പറഞ്ഞു.

കിന്നരിച്ചും പുന്നരിച്ചും അവർ അങ്ങനെ നടന്നു. ആശംസമംഗളങ്ങൾ ചൊരിയാൻ ചാറ്റൽ മഴ വീണ്ടും വന്നു. മഴനൂൽ കനവിൽ നനഞ്ഞങ്ങനെ അവർ നടന്നു.സ്വപ്‌നങ്ങൾ പങ്കു വെക്കുന്നു. തമാശകൾ പറയുന്നു. പൊട്ടിച്ചിരിക്കുന്നു. നാട്ടുകാർക്കിത് പുതുമയല്ല.ലോകം പാടിപുകഴ്ത്തിയ പ്രണയജോഡികളാണ്. ലോകത്തെ ഏറ്റവും വലിയ വികാരമായ പ്രണയം ഇവിടെ വഴിഞ്ഞൊഴുകുകയാണ്. തുലാവർഷമേഘങ്ങളുടെ ആശീർവാദത്തോടെ.

“ഏട്ടാ..മാമന്റെ വീടെത്താറായി. ഇനി ഏട്ടൻ പൊയ്ക്കോ. ഞാൻ പൊയ്ക്കോളാം.” കാർത്തുവിന്റെ ശബ്ദം ഇടറി.

“മ്മ്.മ്മ്. പ്രസാദ് ഒന്നു മൂളുക മാത്രം ചെയ്തു. അവൻ കരച്ചിലടക്കാൻ പാടുപെട്ടു. കീഴ്ചുണ്ട് കടിച്ചമർത്തി.

“അപ്പൊ.. എല്ലാം പറഞ്ഞ പോലെ. ഞാൻ നാല് മാസം കഴിഞ്ഞു വരും.നമ്മുടെ കല്യാണം ഗംഭീരമാക്കണം.ആ ബാങ്കിലെ ജോലി മതിയാക്കി ഇവിടുത്തെ ഏതെങ്കിലും ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ നോക്കണം ഏട്ടാ എനിക്ക്.”കാർത്തിക പറഞ്ഞു

പ്രസാദ് അതിനും മൂളുക മാത്രം ചെയ്തു. ഒന്നും മിണ്ടിയില്ല.

“എന്നെ ഓർത്തു ഉറങ്ങാതെ ഇരിക്കരുത്. ഉണ്ണാതെ ഇരിക്കരുത്. കേട്ടല്ലോ”.. പ്രസാദ് മിണ്ടുന്നില്ല..” കേട്ടല്ലോ”..അവൾ ഉറക്കെ ചോദിച്ചു. പ്രസാദ് “ആ കേട്ടു “എന്നുമാത്രം പറഞ്ഞു. അവന്റെ മുഖത്ത് ഇനി നോക്കിയാൽ ഞാനും അവനും നിയന്ത്രണം വിടും എന്നവൾക്ക് തോന്നിയത് കൊണ്ടോ എന്തോ… അവൾ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.

പ്രസാദ് അവൾ പോയി മറയുന്നത് അരണ്ട വെളിച്ചത്തിൽ നോക്കിനിന്നു.

“ഹേമന്ദം വരവായി സഖി”…പ്രസാദ് ഉറക്കെ വിളിച്ചു പറഞ്ഞു . അവൾ നിന്നു..

“ആ… ഇങ്ങ് വരട്ടെ….. അപ്പോഴേക്കും ഞാൻ വരും.” കാർത്തിക വിളിച്ചു പറഞ്ഞു. അവൾ തിരിഞ്ഞു നോക്കാതെ ആ വീട്ടിലേക്ക് ഓടി കയറി.

ശുഭം…. നന്ദി.