എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച അച്ഛന്റെ തല കുനിപ്പിച്ച ചേട്ടനോട് എനിക്ക് വെറുപ്പുതോന്നി…

അച്ഛൻ്റെ ചാരുകസേര

രചന : നിവിയ റോയ്

:::::::::::::::::::::

“മോളെ ദേവൂട്ടി ഇങ്ങോട്ടൊന്നു ഓടിവന്നേ… “

അച്ഛന്റെ പരിഭ്രമം കലർന്ന ഒച്ച കേട്ടാണ് ദേവൂട്ടി അടുക്കളയിൽ നിന്നും ഓടിവന്നത്

“എന്താ അച്ഛാ….?”

“ദേ…. നമ്മുടെ ശ്രീക്കുട്ടനല്ലേ അത്….? “

ടി. വി. യിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അച്ഛൻ ചോദിച്ചു.

“അതേ…. “വിശ്വാസം വരാതെ ടി. വി. യുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അവൾ പറഞ്ഞു.

“എന്റെ മോനെ നീ എന്തിനാണ് ഇങ്ങനെ ഞങ്ങളെ തീ തീറ്റിക്കുന്നത്…. ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടേ…?”

ടി. വി യിലേക്കു നോക്കി അച്ഛൻ ചേട്ടനോട് പരാതി പറഞ്ഞു കരയുന്നതിനിടയിൽ അമ്മ അകത്തെ മുറിയിൽ കട്ടലിൽ നിന്നും വെപ്രാളപെട്ട് എഴുനേൽക്കുന്നതിനിടയിൽ ചോദിച്ചു.

“ന്റെ കുട്ടി വന്നോ….? “

“ഇല്ലമ്മേ ചേട്ടനെ ടി. വി. യിൽ കാണിക്കുന്നുണ്ട്… “

“ടി. വി യിലോ….?” അമ്മയുടെ കണ്ണീരൊട്ടിയ മുഖത്ത് അശ്ചര്യം കലർന്നു.

“എന്നെ ഒന്നു കാണിക്കുമോളെ…. എന്റെ കുട്ടനെ കണ്ടിട്ടു എത്ര ദിവസമായിരിക്കുന്നു”. കണ്ണീരു വീണു കുതിർന്ന തോർത്ത്‌ കൊണ്ട് വീണ്ടും മുഖം തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.

പാവം അമ്മ …നടക്കാൻ പോലും ത്രാണിയില്ലാതായിരിക്കന്നു. അമ്മയെ ചേർത്തുപിടിച്ചു നടക്കുമ്പോൾ അവൾ ഓർത്തു.

ടി. വി യിൽ തന്റെ മകൻ നാട് നന്നാക്കാൻ ജാഥക്കാരുടെ മുൻപിൽ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു നടന്നു നീങ്ങുന്നത് കണ്ണീരു തീർത്ത മറയിലൂടെ അമ്മ നോക്കി നിന്നു.

“ന്റെ ഭാനു … നമ്മുടെ മക്കളെ ആവോളം സ്നേഹിച്ചും ആവിശ്യത്തിന് ശാസിച്ചുമല്ലേ നമ്മൾ വളർത്തിയത് എന്നിട്ടും….. നമ്മുടെ കുട്ടൻ…. . ഒരിക്കലും കണക്കു പിഴക്കാത്ത ശ്രീധരൻ മാഷിന് സ്വന്തം മകന്റെ കാര്യത്തിൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു”.

അമ്മയെ തന്റെ അരികത്തു ചേർത്തുപിടിച്ചിരുത്തുന്നതിനിടയിൽ അച്ഛൻ വിങ്ങിപ്പൊട്ടി.

“ശ്രീധരേട്ടാ നിങ്ങള് കരയല്ലേ എനിക്ക് അതുകൂടി കാണാനുള്ള കരുത്തില്ല “.അച്ഛന്റെ തോളിലേക്ക് തളർന്നുവീണ് അമ്മ തേങ്ങി കരഞ്ഞു.

ഇതെല്ലാം കണ്ടു നിസ്സഹായയായി കരയുന്ന ദേവൂട്ടിയെയും അച്ഛൻ ചേർത്തുപിടിച്ചു. പുറത്തേക്കു പാറി വീണ ഗദ്ഗദങ്ങൾ കരുത്തോടെ അച്ഛൻ ഉള്ളിലേക്കു വലിച്ചു. “മോളെ കരയല്ലേ…. അച്ഛന്റെ ദേവൂട്ടി കരയല്ലേ.. നമ്മുടെ കുട്ടൻ പിണക്കമെല്ലാം മാറി വരും…. “

“മോളെ…. ഇത്തിരി ചൂടു കാപ്പി അമ്മയ്ക്ക് കൊണ്ടുവന്നു കൊടുക്ക് .എന്റെ ഭാമയുടെ കോലം കണ്ടിട്ട് സഹിക്കാൻ പറ്റണില്ല .”

കരഞ്ഞുവാടി തളർന്ന അമ്മയെ തന്റെ ശോഷിച്ച കൈകൾ കൊണ്ട് ചേർത്തുപിടിച്ചു അച്ഛൻ പറഞ്ഞു.

അടുക്കളയിലേക്കു നടക്കുന്നതിനിടയിൽ അവൾ ഓർത്തു ഈ വീട് ഒരു സ്വർഗം ആയിരുന്നു. കളിചിരികൾ നിറഞ്ഞ ഒരു കൊച്ചു സ്വർഗം. അച്ഛൻ എവിടെ പോയാലും അച്ഛന്റെ സ്കൂട്ടറിന്റെ പുറകിൽ അള്ളിപ്പിടിച്ചു ചേട്ടൻ ഉണ്ടാകുമായിരുന്നു. തിരിച്ചുവരുമ്പോൾ അമ്മക്കിഷ്ടമുള്ള ജിലേബി അച്ഛനെക്കൊണ്ട് മേടിപ്പിക്കാൻ ചേട്ടൻ മറക്കാറില്ല.

ദേവൂട്ടിന്നുള്ള ചേട്ടന്റെ നീട്ടി വിളി കേൾക്കുമ്പോൾ കൂട്ടുകാരി റീമ പറയും.

“നിന്‍റെ ചേട്ടന് എന്തു സ്നേഹമാണ് നിന്നോട് .എന്റെ വീട്ടിലുമുണ്ട് ഒരെണ്ണം എടീന്നല്ലാതെ വിളിക്കില്ല”.

പിന്നീട് പതിയെ പതിയെ ചേട്ടന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. പ്രായത്തിലും മുതിർന്ന അനാവശ്യ കൂട്ടുകെട്ടുകൾ ചേട്ടനുണ്ടന്ന് അറിഞ്ഞു അച്ഛൻ ചേട്ടനെ വിലക്കി. അന്ന് ‘നിങ്ങൾക്കു എന്നെ വിശ്വാസമില്ലേ?എനിക്ക് തെറ്റും ശരിയും തിരിച്ചറിയാം’ എന്നുള്ള ചേട്ടന്റെ വാദത്തിനു മുൻപിൽ അച്ഛനും അമ്മയും തോറ്റുപോയി .അവർ ചേട്ടനെ വിശ്വസിച്ചു. എന്നാൽ ചേട്ടന്റെ സ്വഭാവം കൂടുതൽ വഷളായി. ഒരിക്കൽ മദ്യപിച്ചു വന്ന ചേട്ടനോട് അച്ഛൻ ചോദിച്ചു.

“നിന്റെ ഉദ്ദേശ്യം എന്താണ്? എന്നെ നാണം കെടുത്താനാണോ? നിനക്ക് ഒരു പെങ്ങൾ ഉണ്ടന്നു ഓർമ്മയുണ്ടോ? നിന്റെ അമ്മയുടെ മുഖത്തേക്കൊന്നു നോക്ക് കരഞ്ഞു കരഞ്ഞു ഇല്ലാണ്ടായിരിക്കണു ആ പാവം “

“ഞാൻ നിങ്ങൾക്കു ഇപ്പോൾ ഒരു അപമാനമാണല്ലേ? ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം “മദ്യത്തിൽ കുഴഞ്ഞ വാക്കുകളിൽ ചേട്ടൻ അച്ഛനോട് കയർത്തുകൊണ്ടു പോകാനിറങ്ങിയപ്പോൾ അമ്മ ഓടിവന്നു ചേട്ടനെ പിടിച്ചുകൊണ്ട് അച്ഛനോട് പറഞ്ഞു.

“നിങ്ങൾ ഒന്നു മിണ്ടാതിരിക്കു. എന്റെ കുട്ടി എങ്ങോട്ടെങ്കിലും പോയാൽ പിന്നെ ഞാൻ…..” മുഴുമിപ്പിക്കാനാവാതെ അമ്മ വിതുമ്പി.

പിന്നീടങ്ങോട് പല രാത്രികളിലും നേരം ഏറെ വൈകി മ ദ്യത്തിന്റെ ല ഹരിയിൽ ചേട്ടൻ വീട്ടിൽ എത്തുമ്പോൾ രണ്ടു നിഴലുകൾ പടിവാതിലിൽ പതിവായി.

ദേവൂട്ടിയുടെ ഓർമകളെ മടക്കി അയച്ചുകൊണ്ടു ആരോ കോളിങ് ബെൽ അടിച്ചു . കാപ്പി പാത്രത്തിന്റെ തീ കുറച്ചുകൊണ്ട് മുൻവശത്തെ മുറിയിലേക്കു വരുമ്പോൾ തന്നെ ശാരദയമ്മായി മഴ പോലെ പെയ്യുന്നതു കേൾക്കാം.

“എന്താ ശ്രീധരാ ഇവിടെ നടക്കുന്നേ ?ശ്രീകുട്ടനെ കാണാനില്ലെന്നു കേട്ടു…. എന്തുപറ്റി? നാട്ടുകാര് പറഞ്ഞാണ് ഞാൻ അറിയുന്നേ…”

ഒന്നും പറയാതെ അച്ഛൻ തലകുനിച്ചു നിൽക്കുകയാണ്.. അമ്മായിയുടെ നോട്ടം അമ്മയിലേക്കായി.

“ഭാമക്ക് പണ്ടേ ഒളിച്ചുകളി ഉള്ളതാണ്‌….” കലി അടങ്ങാതെ, തന്റെ ചുമലിൽ നിന്നും അനുസരണയില്ലാതെ താഴേക്കു വീഴുന്ന സാരിയുടെ ഞൊറിവുകൾ വീണ്ടും തെറുത്തു ചുമലിലേക്കിട്ടുകൊണ്ടു അമ്മായി എന്റെ നേരെ വന്നു.

“എടീ …. നിനക്ക് ഒരു ഫോൺ വിളിച്ചെങ്കിലും എന്നോട് ഒന്നു പറഞ്ഞുകൂടേ? “.

ഒന്നും പറയാനില്ലാതെ നിസ്സഹായയായി നിൽക്കുന്ന എന്നെ രക്ഷിക്കാനെന്നപോലെ അമ്മ പറഞ്ഞു.

“ദേവൂട്ടി അമ്മക്ക് ഒന്ന്‌ കിടക്കണം “.അമ്മയെ കിടത്തിയിട്ട് മടങ്ങുമ്പോൾ അമ്മ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു.

“അമ്മായിയോട് തർക്കിക്കാനൊന്നും നിൽക്കണ്ട”

ഉം…..

“അമ്മായി നമുക്ക് അടുക്കളയിലേക്കു പോകാം ഞാൻ കാപ്പിക്ക് വെള്ളം വച്ചിട്ടുണ്ട് “

അടുക്കളയിലെ പലചരക്കു സാധനങ്ങൾ വയ്ക്കുന്ന മരപെട്ടിയുടെ മുകളിലിരിക്കുന്ന ഉപ്പു ഭരണി നീക്കിവച്ചു അവിടെ ഇരിക്കുന്നതിനിടയിൽ അമ്മായി ചോദിച്ചു.

“എന്താ ദേവൂട്ടി ഇവിടെ നടക്കണത്?”.

“അമ്മായിക്കറിയാമല്ലോ ചേട്ടന്റ ഇപ്പോളത്തെ സ്വഭാവം. രണ്ടാഴ്ച മുൻപ് ഒരു ദിവസം ചേട്ടൻ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു നടക്കാൻ പോലും പറ്റുന്നില്ല. ചേട്ടന്റെ രണ്ടുമൂന്നു കൂട്ടുകാരാണ് ചേട്ടനെ വീട്ടിൽ കൊണ്ടുവന്നത്. അച്ഛനെ ഗൗനിക്കാതെ ചേട്ടനെയും കൊണ്ട് മുറിയിലേക്കു അവർ കടക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു.

“ഇത്രയും ചുമന്നത് മതി ഇനി അവനെ ആ കോലായിൽ ഇട്ടിട്ടു പൊയ്ക്കോളൂ”.

“അവന്മാരുടെ തുറിച്ചുള്ള നോട്ടം കണ്ട് ഞാൻ ശരിക്കും പേടിച്ചു പോയി അമ്മായി….ഗു ണ്ടകളെപോലെ തോന്നും അവരെ കണ്ടാൽ.”

” അഹങ്കാരി കുടുംബം മുടിക്കാൻ ഇറങ്ങിയിരിക്കുവാണവൻ “തന്റെ പല്ല് കടിച്ചുകൊണ്ട് അമ്മായി പറഞ്ഞു.

“അച്ഛനും അമ്മയും ഞാനും താങ്ങിപിടിച്ചാണ് ചേട്ടനെ റൂമിൽ കൊണ്ടുപോയി കിടത്തിയത്. അമ്മ കരഞ്ഞുകരഞ്ഞു മടുത്തു.എല്ലാം ഉള്ളിലൊതുക്കി വിങ്ങിപ്പൊട്ടി അച്ഛനും.

രാവിലെ ചേട്ടന്റെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

“ടാ…. നീ എന്തു ഭാവിച്ചാണ്. ഇനി മേലാൽ മദ്യപിച്ചു നീ ഇവിടെ കയറി വരരുത്….കൂട്ടുകാരെയും കൊണ്ടുവന്നിരിക്കുന്നു. പ്രായമായ അച്ഛനെയും അമ്മയെയും അവന് കണ്ണിനു നേരെ കണ്ടുകൂട. പ്രായമായ ഒരു പെങ്ങൾ ഉണ്ടെന്ന കാര്യം പോലും നീ മറന്നല്ലേ? മേലിൽ നിന്റെ കൂട്ടുകാരെന്നു പറയുന്ന ആ തെമ്മാടികൾ ഈ പടി ചവിട്ടി പോകരുത്.”

ഞാൻ ഇത്രയും ഉറക്കെ അമ്മ സംസാരിച്ചു കേൾക്കുന്നത് ആദ്യമായിട്ടാണ്.

ഞാൻ അങ്ങോട്ടേക്ക് ചെല്ലുമ്പോൾ ചേട്ടൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അമ്മയുടെ നേരെ കൈചൂണ്ടി അലറുകയാണ്.

“ദേ …. എന്റെ കൂട്ടുകാരെ വല്ലോം പറഞ്ഞാലുണ്ടല്ലോ…..? “അമ്മയുടെ നേരെ കൈയ്യും ചൂടി പല്ലുകടിച്ചു ചേട്ടൻ അലറുകയായിരുന്നു .

“പറഞ്ഞാൽ നീ എന്തുചെയ്യുമെടാ?”. ഇത് കണ്ടുകൊണ്ട് അങ്ങോട്ടു വന്ന അച്ഛൻ ചേട്ടനോട് ചോദിക്കുകയും കരണത്തു അടിക്കുകയും ഒപ്പമായിരുന്നു.

ചേട്ടൻ കലിതുള്ളി വിറച്ചുകൊണ്ട് അച്ഛനെ തള്ളിമാറ്റി ഇറങ്ങിപ്പോയി…..

അമ്മ കരഞ്ഞെങ്കിലും ആശ്വസിക്കുന്നുണ്ട് അച്ഛൻ ഓരോ നിമിഷവും നീറിപ്പുകയുകയാണ്.

രണ്ടു ദിവസം മുൻപ് സ്റ്റേഷനിൽ പോയപ്പോളാണ് ഏറ്റവും സങ്കടമായത്”.

“നീയും പോയോ” വാ പൊത്തി കൊണ്ട് അമ്മായി ചോദിച്ചു.

“പിന്നെ എന്തു ചെയ്യാനാണ് ചേട്ടനെ കാണാതായിട്ട് മനസമാധാനത്തോടെ ഇരിക്കാൻ പറ്റുമോ? ” ചേട്ടന്റെ ഫോട്ടോ കണ്ടതും എസ്. ഐ പുച്ഛ സ്വരത്തിൽ പറഞ്ഞു.

“ശ്രീജിത്…. ഇവനെ നിങ്ങൾ അനോഷിക്കുകയൊന്നും വേണ്ട ആരെങ്കിലും തല്ലിക്കൊന്നു വല്ലോ കായലിലോ കടലിലോ എറിഞ്ഞിട്ടുണ്ടാവും.”

“അയ്യോ അങ്ങനെ പറയല്ലേ സാറിന് തെറ്റ്‌ പറ്റിയതാണു എന്റെ മകൻ അങ്ങനൊന്നും…..” അച്ഛൻ പറഞ്ഞു തീരും മുൻപേ അയാൾ അച്ഛനു നേരെ ചാടിവീണു.

“…. എഴുന്നേൽക്കടോ … താനെന്നെ പഠിപ്പിക്കാൻ വരുന്നോ?. കിളവനായതു കൊണ്ട് കുറച്ചു ബഹുമാനം കാണിച്ചപ്പോൾ അയാൾ പഠിപ്പിക്കാൻ വരുന്നു.”അച്ഛനു നേരെ അയാൾ ആക്രോശിച്ചു. പരിഭ്രാന്തിപ്പെട്ടു എഴുനേൽക്കാനാവാതെ അച്ഛൻ തന്റെ ഊന്നുവടിയിൽ പിടിച്ചുയരുവാൻ പാടുപെട്ടു.

“പാവമെന്റെ ശ്രീധരൻ” അമ്മായിയുടെ കണ്ണിൽ നിന്നും കണ്ണീരടർന്നു വീണു. അച്ഛനെ പിടിച്ചെഴുനേൽപ്പിക്കുന്നതിനിടയിൽ ഞാൻ അയാളോട് പറഞ്ഞു.

“സർ കുറച്ചു മാന്യമായി സംസാരിക്കണം. എന്റെ അച്ഛൻ ഒരു അധ്യാപകനായിരുന്നു . പത്തുമുപ്പത്തഞ്ചു വർഷം നിങ്ങളെപ്പോലെ ഓരോരുത്തരെ വാർത്തെടുത്തൊരാൾ. മാതൃക അധ്യാപകനുള്ള അവാർഡ് എത്രയോ പ്രാവിശ്യം മേടിച്ചിച്ചുണ്ട്‌ എന്റെ അച്ഛൻ… ശ്രീധരൻ മാഷ്…”

അച്ഛൻ എന്റെ കൈയിൽ പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.”വേണ്ട മോളെ അതിനൊന്നും ഇനി പ്രസക്തിയില്ല. സ്വന്തം മകൻ…..” മുഴുമിപ്പിക്കാനാവാതെ ഊന്നുവടിയുടെ പിടിയിൽ അമർത്തിപ്പിടിച്ചു തലകുനിച്ചു അച്ഛൻ കരഞ്ഞു തുടങ്ങി….

എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച അച്ഛന്റെ തല കുനിപ്പിച്ച ചേട്ടനോട് എനിക്ക് വെറുപ്പുതോന്നി. എസ്. ഐ അച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കുറച്ചു കഴിഞ്ഞ് മേശപുറത്തുനിന്നും ചേട്ടന്റെ ഫോട്ടോ എടുത്തുകൊണ്ടു പറഞ്ഞു.

“പൊയ്ക്കോ മാഷേ…. ഞാൻ അന്യോഷിക്കാം . മാഷേ എനിയ്ക്കു മനസിലായില്ലട്ടോ…ക്ഷമിക്കണം…. മാഷ് ആകെ മാറിപ്പോയിരിക്കുന്നു. എന്നെ മനസ്സിലായോ മാഷിന്”.

“പിന്നെ… അപ്പുകുട്ടൻ….. അല്ലെ? “

“അല്ലച്ഛാ….” അജിത്ത് കുമാർ അയാളുടെ യൂണിഫോമിലെ നെയിം ടാഗ് വായിച്ചു അവൾ പറഞ്ഞു.

“അതേ…. മാഷ് എന്നെ വിളിച്ചിരുന്നത് അപ്പുക്കുട്ട എന്നാണ് . മാഷേ ക്ഷമിക്കണം അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചു അയാൾ ക്ഷമ യാചിച്ചു”.

“സാരമില്ലടോ സന്തോഷമുണ്ട്‌ നിങ്ങളെയൊക്കെ ഇങ്ങനെ കാണുമ്പോൾ. പിന്നെ സഭ്യമായ ഭാഷയിൽ സംസാരിക്കാൻ ശ്രദ്ധിക്കണം…. ഉപദേശിക്കാനുള്ള യോഗ്യതയൊക്കെ പോയി…എന്നാലും മാഷിന് തന്റെ പ്രിയപ്പെട്ട ശിഷ്യനെ തിരുത്താതിരിക്കാൻ കഴിയില്ലല്ലോ .”

ഒരു മകനോടുള്ള വാത്സല്യത്തോടെ മാഷ് പറയുന്നത് കേട്ട് കുറ്റബോധത്തോടെ തലകുലുക്കുന്നതിനിടയിൽ അയാൾ പറഞ്ഞു..”മാഷിന് എന്നെ മനസ്സിലായപ്പോള് പറയാമായിരുന്നില്ലേ?”

ഊന്നുവടി നിലത്തു വെറുതെ കുത്തികൊണ്ട് അച്ഛൻ നെടുവീർപ്പെട്ടുകൊണ്ടു പറഞ്ഞു.

”എങ്ങനെ പറയാനാടോ ഇങ്ങനെ ഒരു മകനെകുറിച്ച്.”

ഓട്ടോയിൽ ഞങ്ങളെ കയറ്റിവിടുന്നതിനിടയിൽ ഡ്രൈവറിന്റ തോളിൽ തട്ടിക്കൊണ്ടു അയാൾ പറഞ്ഞു.

“മാഷിനെ വീട്ടിൽകൊണ്ടു വിടണം. ” അപ്പോൾ അച്ഛന്റെ മങ്ങിയ കണ്ണിൽ ഒരു അഭിമാനത്തിന്റെ തിളക്കം ഉണ്ടായിരുന്നു.

ചില്ലു ഗ്ലാസിൽ കാപ്പി പകരുമ്പോൾ അച്ഛന്റെ നിലവിളി കേട്ടതുപോലെ തോന്നി ടി. വി. റൂമിലേക്ക് ഓടിവന്നപ്പോൾ കണ്ടത് തറയിൽ ടി. വി യുടെ സമീപത്തിരുന്നു നെഞ്ചു തിരുമി കരയുന്ന അച്ഛനെയാണ്.

“എന്താ അച്ഛാ…..” അച്ഛന്റെ അടുത്തേക്ക് അവൾ ഓടിവന്നു. “ഒച്ചയുണ്ടാക്കണ്ട അമ്മ ഉറങ്ങട്ടെ അവൾ ഇതൊന്നും കാണണ്ട”.

കരച്ചിലടക്കാൻ പാടുപെടുന്ന അച്ചന്റെ മുഖത്ത് ഞരമ്പുകൾ തുടിച്ചുവന്നു. അപ്പോളാണ് അവൾ കണ്ടത് ടി. വി. യിൽ ചേട്ടനൊക്കെ നയിക്കുന്ന ജാഥയിൽ എന്തോ സംഘർഷം നടന്നിരിക്കുന്നു. ആരൊക്കയോ ചേട്ടനെ തല്ലുന്നു….ഒന്നു നിലവിളിക്കാൻപോലുമാവാതെ ടി. വി യിലേക്കു നോക്കി അവൾ നിന്നു .

“കൈകൾകൂപ്പി അച്ഛൻ യാചിക്കുകയാണ് എന്റെ മകനെ തല്ലല്ലേ…. അവനെ തല്ലല്ലേ….. “

അവൾക്ക് തല കറങ്ങുന്നതുപോലെ തോന്നി. ചേട്ടന്റ അടുത്തേക്ക് ഒരു പോലീസുകാരൻ ഓടിവരുന്നതു കാണാം. അയാൾ തല്ലരുതെന്ന്‌ ആംഗ്യ കാണിച്ചുകൊണ്ട് ചേട്ടനെ പൊതിഞ്ഞു പിടിച്ചു.തനിക്കു അടികിട്ടിയിട്ടും ചേട്ടനെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അയാളെ അവൾ സൂക്ഷിച്ചു നോക്കി അച്ഛനോട് ചോദിച്ചു.

“അച്ഛാ…. സ്റ്റേഷനിൽ വച്ചുകണ്ട ആ എസ്. ഐ അല്ലെ അത്…?

കണ്ണീരു മറച്ച കണ്ണട എടുത്തുമാറ്റി ടി. വി. യുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്ന് നിന്ന് സൂക്ഷിച്ചു നോക്കികൊണ്ട്‌ അച്ഛൻ പറഞ്ഞു.

“അതേ… അതേ…. അപ്പുകുട്ടനാണത്. “അച്ഛൻ ടി. വി. സ്‌ക്രീനിൽ എന്തോ പരതുന്നതുപോലെ തോന്നി.

തേങ്ങിക്കൊണ്ട് അവൾ അമ്മായിയുടെ തോളിലേക്ക് വീഴുമ്പോൾ ടി. വി. യുടെ മുൻപിൽ അച്ഛനെയല്ല കണ്ടത് പകരം മകനുവേണ്ടി ശിഷ്യന്റെ കാല് വന്ദിക്കുന്ന ഒരു ഗുരുവിനെയാണ്…..

ഒരിക്കൽ എസ് ഐ അജിത്തിന്റെ അമ്മ വീട്ടിൽ വന്നു .

മാഷേ വളച്ചുകെട്ടില്ലാതെ കാര്യം പറയുവാണ്‌ .മാഷിന്റെ മകളെ ഞങ്ങൾക്ക് തരണം .എന്റെ മോന് അവളെ വല്യ ഇഷ്ടമായി …..ഭാനുമതി കൊടുത്ത ചക്കര കാപ്പി കുടിച്ചിറക്കുന്നതിനിടയിൽ അവർ പറഞ്ഞു .

അതിപ്പോ ….ഉടനെ ഒരു കല്യാണം നടത്താനുള്ള വകയൊന്നും ഞാൻ നീക്കി വെച്ചിട്ടില്ലടോ .വളരെ പരുങ്ങലോടെ മാഷ് പറഞ്ഞു നിർത്തി .

മാഷിനോട് ഞങ്ങൾ മകളെ മാത്രമാണ് ചോദിക്കുന്നത് ..എന്റെ മകൻ ഇന്ന് ഒരു നല്ല ഉദ്യോഗസ്ഥനായത് മാഷിന്റെ കനിവുകൊണ്ടാണ് .അച്ഛനില്ലാത്ത അവൻ കൂട്ടുകെട്ടിൽ പെട്ട് വഴിതെറ്റിയപ്പോൾ അവനെ സ്നേഹിച്ചും ശാസിച്ചും മാത്രമല്ല അവന് വയറു നിറയെ ആഹാരവും പുത്തനുടുപ്പും പുസ്‌തസ്‌കവുമൊക്കെ നല്കി പുതിയ ജീവിതം തന്നത് മാഷാണ് .സ്ഥലം മാറ്റം കിട്ടി ഇവിടെ എത്തിയിട്ട് ആദ്യം അവൻ മാഷിനെ തിരക്കി പഴയ സ്ഥലത്തു ചെന്നിരുന്നു .അപ്പോഴാണ് മാഷ് മാറിയെന്നറിഞ്ഞത് അങ്ങനെ ഞങ്ങൾ മാഷിനെ കാണാൻ വരാനിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള സംഭവങ്ങൾ .

മാഷ് ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു ….

അതൊക്കെ പോട്ടെ മാഷേ ….എത്രയും പെട്ടന്ന് നമ്മുക്ക് ഈ കല്യാണം നടത്തണം ….

മാഷ് മെല്ലെ ചാരു കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു അവർക്ക് നേരെ കൈകൾ കൂപ്പി

അയ്യോ …എന്താ മാഷേ ഇത് …സ്നേഹപൂർവ്വം മാഷിന്റെ കൈകൾ ചേർത്തു പിടിച്ചു….വാതിൽ ചാരി നനവാർന്ന കണ്ണുകളോടെ അവരെ നോക്കി നിൽക്കുന്ന ഭാനുമതിയോട് യാത്ര പറഞ്ഞു അവർ നടന്നു നീങ്ങി ….

പിന്നെയും വർഷങ്ങൾ പലതു കടന്നു ….അച്ഛനിരുന്ന ചാരു കസേരയും അമ്മ ഇരിക്കാറുള്ള പടിക്കെട്ടും ഇന്ന് ശൂന്യമാണ്.

ശ്രീക്കുട്ടൻ മുറ്റത്തുകൂടി അക്ഷമനായിട്ട് നടക്കുന്നുണ്ട് .

രാധേ ….സമയം എത്രയായി കണ്ണനെ കണ്ടില്ലല്ലോ ? സ്കൂള് വിട്ടാൽ അവിടെമിവിടേം കൂട്ടുകൂടി കറങ്ങി നടക്കരുതെന്ന് എത്ര വട്ടം അവനോട് പറഞ്ഞിരിക്കണു ..നമ്മടെ സ്കൂളിലെ മോഹനൻ മാഷ് ഇന്നലെയും കൂടി പറഞ്ഞു മയക്കുമരുന്ന് മാഫിയയെ കൊണ്ട് ഒരു രക്ഷയുമില്ലെന്ന് .ഏത് വിധത്തിലും കുട്ടികളെ വലവീശി പിടിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് ….അവനിന്ന് ഇങ്ങോട്ട് വരട്ടെ …..

എന്റെ ശ്രീയേട്ടാ അവന് ഇന്ന് എക്സ്ട്രാ ക്ലാസ്സ് ഉണ്ട് .താമസിക്കും എന്ന് എന്നോട് പറഞ്ഞിരുന്നു .

നിനക്ക് ഇത് എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ ?അയാൾ ഭാര്യയോട് കയർത്തു .

അയാൾ പതിയെ നെഞ്ചു തടവി ചാരുകസേരയിൽ വന്നിരുന്നു ….

രാധേ ….

എന്താ ശ്രീയേട്ടാ ….എനിക്ക് അടുക്കളയിൽ പിടിപ്പത് പണിയുണ്ട് ….ഉമ്മറത്തേക്ക് തല നീട്ടി രാധ പറഞ്ഞു.

മാളുവിനെ അമ്പലത്തിൽ പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ ….?.അവള് ഇപ്പോൾ പോയതല്ലേ ഉള്ളൂ ….നിങ്ങടെ ഈ അനാവശ്യ് വേവലാതി ഒന്ന് നിർത്താമോ ?കൈകുടഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു.

ഒരു അച്ഛന്റെ മനസ്സിന്റെ വേവലാതി നിനക്ക് അറിയാമോ ?.ചാരുകസേരയുടെ കൈപിടിയിൽ തെരുവിപ്പിടിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത് .

കുറച്ചു നേരം അയാൾ എന്തോ ആലോചിച്ചു മിഴിചിമ്മാതെ കിടന്നു ….

ശ്രീകുട്ടാ ഈ സന്ധ്യാനേരത്തു നീ എങ്ങോട്ടാ പോണേ …?.എടാ …അമ്മ ചോദിച്ചത് നീ കേട്ടില്ലേ ?

ചാരുകസേരയിൽ പിടിച്ചു എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ടുള്ള അച്ഛന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു താൻ മുന്നോട്ട് നടന്നു നീങ്ങുന്നത് അയാൾ ഓർത്തു. ഇപ്പോൾ കവലയിൽ പണ്ടത്തെ മാതിരിയല്ല .നമ്മുടെ പുതുപ്പാടി പാലത്തിനു താഴെ ഇപ്പോൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ് .ഇവന്റെ കൂട്ടുകാരിൽ ചിലരും അതിലുണ്ട് ….

അച്ഛൻ അമ്മയോട് ഉറക്കെ പറയുന്നത് താനും കൂടി കേൾക്കാൻ വേണ്ടിയിട്ടാണെന്ന് ‌ മനസ്സിലായി ….പല്ല് കടിച്ചുകൊണ്ട് മനസ്സിൽ അന്ന് ഓർത്തിരുന്നു .താനെന്താ കൊച്ചുകുട്ടിയാണോ ?ഇടം വലം തിരിയാൻ സമ്മതിക്കാത്ത രണ്ട് നശിച്ച ജന്മങ്ങൾ …

അയാൾ കണ്ണുകൾ ചേർത്തടച്ചു ചാരുകസേരയുടെ കൈയിൽ മുറുക്കെ പിടിച്ചു ഒന്നുകൂടി കസേരയിലേക്ക് ചേർന്നു കിടന്നു .അപ്പോൾ അയാളുടെ ഒരു കണ്ണിൽ അച്ഛന്റെ ഓർമ്മകളും മറു കണ്ണിൽ അമ്മയുടെ ഓർമ്മകളും ചാലുകൾ തീർത്തു ഒഴുകുന്നുണ്ടായിരുന്നു …. അയാൾക്ക് അപ്പോൾ തന്റെ അച്ഛന്റെ മുഖമായിരുന്നു ….