എങ്കിലും സ്നേഹിച്ചും ലാളിച്ചും വളർത്തിയ മകൾ ഇങ്ങനെ മാറി പോകും എന്ന് കരുതിയിരുന്നില്ല…

വിദ്യാധനം സർവ ധനാൽ പ്രധാനം…

രചന : നിള

:::::::::::::::::::::::::::::

” മോളെ.. ഇപ്പോൾ.. ഇങ്ങനെ.. “

അവളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ അയാൾക്ക് മടി തോന്നി. അല്ല, ചോദിച്ചിട്ടും കാര്യമില്ല. മക്കളെ തന്നോളമായാൽ, താൻ എന്ന് വിളിക്കണം എന്നാണല്ലോ പറയാറ്..!

ഇവിടെ മകൾ തന്നോളമല്ല, തന്നെക്കാൾ വളർന്നിരിക്കുന്നു..!

വേദനയോടെ ആ മനുഷ്യൻ ഓർത്തു.

” അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും ഇതേ നടക്കൂ. എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമാണ്. ഉണ്ണിയേട്ടന് എന്നെയും. പരസ്പരം പിരിയാനും മറക്കാനും ഒന്നും ഞങ്ങൾക്ക് പറ്റില്ല. അതുകൊണ്ട് ആണ് ഒന്നിച്ചു ജീവിക്കാം എന്നൊരു തീരുമാനം എടുത്തത്.അച്ഛൻ തടയേണ്ട. “

അവൾ അറുത്തു മുറിച്ചത് പോലെ പറഞ്ഞു കേട്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നി. എങ്കിലും സ്നേഹിച്ചും ലാളിച്ചും വളർത്തിയ മകൾ ഇങ്ങനെ മാറി പോകും എന്ന് കരുതിയിരുന്നില്ല.

” മോൾക്ക് ഇങ്ങനെ തീരുമാനം എടുക്കാനുള്ള പ്രായം ആയിട്ടില്ലല്ലോ. പതിനെട്ടു വയസല്ലേ ആയിട്ടുള്ളൂ.”

അച്ഛൻ മകളെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു. പക്ഷെ ആ വാക്കുകൾ അനുസരിക്കാൻ അവൾ തയ്യാറായിരുന്നില്ല.

” അച്ഛൻ ഒന്നും പറയണ്ട.. അച്ഛന് പറ്റുമെങ്കിൽ ഞങ്ങളെ അനുഗ്രഹിക്കണം. “

കൂടുതൽ പറയാൻ താല്പര്യം ഇല്ലാത്ത പോലെ അവൾ സംസാരം അവസാനിപ്പിച്ചു.

” ഹ്മ്മ്.. മോനെ.. മോനെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കിക്കൂടെ..? ചെറിയ കുട്ടിയല്ലേ മോനെ..? അവൾക്ക് ഇനിയും ഒരുപാട് പഠിക്കണം. നല്ലൊരു ജോലി വേണ്ടേ..? ഇതൊന്നുമില്ലാതെ എടുത്ത് ചാടി ഒരു തീരുമാനം എടുത്തിട്ട് ഭാവിയിൽ അതൊരു തെറ്റായി തോന്നിയാൽ, അത് തിരുത്താൻ കഴിഞ്ഞെന്നു വരില്ല. “

വിങ്ങലോടെ, യാചനാ സ്വരത്തിൽ ആ അച്ഛൻ അവന്റെ മുന്നിൽ നിൽക്കുമ്പോൾ അവനും അയാളോട് തെല്ലും അലിവ് തോന്നിയില്ല.

” അച്ഛാ.. എനിക്ക് അവളില്ലാതെ ജീവിക്കാൻ പറ്റില്ല. അച്ഛൻ മനസ്സിലാക്കണം. അവളെ ഓർത്തു അച്ഛൻ പേടിക്കണ്ട. അവൾക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു കൊടുത്തോളാം. അവളുടെ പഠനം മുടങ്ങില്ല. “

തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പിക്കുന്നത് പോലെ ആയിരുന്നു അവന്റെ സംസാരം. എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോൾ അയാൾ മൗനം പാലിച്ചു.

“ഹ്മ്മ്.. ആവട്ടെ.. നിങ്ങടെ ഒക്കെ ഇഷ്ടം പോലെ ആവട്ടെ..ഞാനായിട്ട് ഒന്നിനും എതിരെ നിൽക്കുന്നില്ല. അല്ലെങ്കിലും ഞങ്ങളൊക്കെ പഴയ കാലത്തെ ആളുകളല്ലേ..? നിങ്ങളൊക്കെയല്ലേ ലോക വിവരം കൂടിയ ആളുകൾ..”

വാക്കുകളിൽ പരിഹാസമായിരുന്നോ വേദനയായിരുന്നോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല.

മകളെയും മരുമകനെയും ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് അയാൾ ആ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി നടന്നു.

തങ്ങളുടെ ആവശ്യം വിജയിച്ചതിന്റെ സന്തോഷം ആയിരുന്നു മകളിലും മരുമകനിലും.

അയാൾ ദേവൻ. ഒരു സാധാരണ കൃഷിക്കാരൻ. തന്റെ കുടുംബമാണ് തനിക്ക് ഏറ്റവും വലുത് എന്നുള്ള രീതിയിലാണ് ഇക്കണ്ട കാലം മുഴുവൻ അദ്ദേഹം ജീവിച്ചത്.

മകൾക്ക് 5 വയസ്സ് പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ പനി വന്നു മരിക്കുന്നത്. അതിനു ശേഷം കുഞ്ഞിന്റെ ഭാവിയോർത്തെങ്കിലും ഒരു വിവാഹം ചെയ്യണം എന്ന് അയാളോട് പലരും ആവശ്യപ്പെട്ടെങ്കിലും,

” വരുന്ന പെണ്ണ് എന്റെ മോളെ നോക്കുമെന്ന് എന്താണ് ഉറപ്പ്..? എന്നെക്കൊണ്ട് കഴിയുന്ന കാലം മുഴുവൻ അവളെ ഞാൻ സംരക്ഷിക്കും. എനിക്ക് എപ്പോഴെങ്കിലും പറ്റാതാകുന്ന ഒരു കാലമുണ്ടെങ്കിൽ അന്ന് എന്തെങ്കിലും ഒരു വഴി ദൈവം കണ്ടുപിടിച്ചു വച്ചിട്ടുണ്ടാകും. “

എല്ലാവരോടും അദ്ദേഹം മറുപടി പറഞ്ഞത് അങ്ങനെയായിരുന്നു.

അക്ഷരാർത്ഥത്തിൽ ആ മകൾക്ക് വേണ്ടി തന്നെയായിരുന്നു ആ അച്ഛൻ ജീവിച്ചത്. അവളെ കണ്ണ് നിറയ്ക്കാതെ നോക്കാൻ അയാൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

കുട്ടി വളർന്നു വരുന്തോറും അവളുടെ ആവശ്യങ്ങൾ നിരവധിയാണെന്ന് അയാൾക്ക് അറിയാമായിരുന്നു.കൃഷിയും കാര്യങ്ങളും അല്ലാതെ മറ്റൊരു പണിയും അറിയാതിരുന്ന അയാൾ തന്നെക്കൊണ്ട് പറ്റുന്ന അത്രയും രീതിയിൽ അധ്വാനിച്ചിട്ടാണ് മകളെ ഡിഗ്രി വരെയും പഠിപ്പിച്ചത്.

കോളേജിൽ ചേർന്നതിനു ശേഷം ആണ് മകളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു തുടങ്ങിയത്.അതൊന്നും ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും, പോകെ പോകെ അവളുടെ സ്വഭാവം അയാൾക്ക് തീരെ അംഗീകരിക്കാൻ കഴിയാതെ വന്നു.

ഒരിക്കൽ അതിനെക്കുറിച്ച് മകളോട് സംസാരിച്ചതുമാണ്.

” ഈ അച്ഛന് എന്തറിയാം..? ഞാൻ കോളേജിലാണ് പഠിക്കുന്നത്. കുട്ടി പാവാടയും സ്കൂളിൽ പോയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എനിക്ക് പഠിക്കാനും എഴുതാനും ഒക്കെയായി ഒരുപാട് തിരക്കാണ്. അതിനിടയിൽ എപ്പോഴും അച്ഛനോട് വിശേഷം പറയാനും കൂടെ വരാനും ഒന്നും കഴിഞ്ഞില്ലെന്ന് വരും. അതിനൊക്കെ ഇങ്ങനെ സംശയവുമായി നടന്നാൽ എങ്ങനെ ശരിയാകും..? “

അവൾ അത് പറയുമ്പോൾ അയാൾക്ക് വേദനിച്ചെങ്കിലും അത് പുറത്ത് പ്രകടിപ്പിച്ചില്ല. മകളുടെ വാക്കുകളെ വിശ്വസിക്കാൻ തന്നെയായിരുന്നു അയാൾക്കും ആഗ്രഹം. തന്റെ മകൾ ഒരിക്കലും തന്നോട് തെറ്റ് ചെയ്യില്ല എന്നുള്ള തോന്നൽ.

ഇപ്പോൾ അവൾ ഡിഗ്രി രണ്ടാം വർഷം പഠിക്കുകയാണ്. തലേന്ന് രാവിലെ കോളേജിൽ പോയ മകൾ തിരികെ വീട്ടിലേക്ക് വന്നില്ല. എന്തുപറ്റി എന്നറിയാതെ വല്ലാത്തൊരു ആധി അയാളെ വന്നു മൂടി.

അറിയാവുന്ന സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും അവിടെയൊന്നും അവൾ എത്തിയിട്ടില്ല എന്നൊരു മറുപടി കേട്ടതോടെ അയാൾ കൂടുതൽ തളർന്നു.

നാട്ടുകാരും ബന്ധുക്കളും ഉപദേശിച്ചതോടെയാണ് പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് ചെയ്യാം എന്നൊരു തീരുമാനത്തിലേക്ക് അയാൾ എത്തിയത്.

സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുത്തെങ്കിലും അന്ന് ആ രാത്രി അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവളെക്കുറിച്ച് ഒരു വിവരവും അറിയാത്തതു കൊണ്ട് തന്നെ ആ അച്ഛൻ വല്ലാത്തൊരു സങ്കടത്തിൽ ആയിരുന്നു.

ഇന്ന് രാവിലെ സ്റ്റേഷനിൽ നിന്ന് വിളിച്ച് മകളെ കണ്ടെത്തിയിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു. അവൾക്ക് എന്തെങ്കിലും ഒരു ആപത്ത് പിണഞ്ഞിരിക്കുമോ എന്നോർത്ത് ആ നിമിഷവും ആദി തോന്നി.

സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടത് ഏതോ ഒരു ചെറുപ്പക്കാരന്റെ കൈപിടിച്ച് നിൽക്കുന്ന മകളെയാണ്. പിന്നീട് സ്റ്റേഷനിലെ എസ്ഐ ആണ് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തതും. മകളും ആ ചെറുപ്പക്കാരൻ തമ്മിൽ കുറെ നാളുകളായി അടുപ്പത്തിൽ ആയിരുന്നു അത്രേ. ഇപ്പോൾ പിരിയാൻ പറ്റില്ല എന്നൊരു സാഹചര്യത്തിൽ വന്നപ്പോൾ ഇരുവരും വിവാഹം കഴിച്ചതാണ്.

വിവാഹം എന്നു പറഞ്ഞാൽ ഏതോ ഒരു ക്ഷേത്രത്തിൽ പോയി പരസ്പരം മാലയിട്ടു. അത്ര തന്നെ.

മകളുടെ ഭാവിയെ കരുതി അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ ഒരുപാട് ശ്രമിച്ചെങ്കിലും, ഒന്നും വിജയം കണ്ടില്ല.

അച്ഛനെ തോൽപ്പിച്ചു എന്നൊരു സന്തോഷത്തോടെയാണ് ആ മകൾ പുതിയൊരു ജീവിതത്തിലേക്ക് ചുവട് വച്ചത്. പ്രണയിച്ചു നടന്ന കാലത്ത് കിട്ടിയ അതേ സന്തോഷവും സംതൃപ്തിയും എല്ലാ കാലത്തും തനിക്ക് ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചു.

അവളുടെ പ്രതീക്ഷ പോലെ തന്നെ ആദ്യത്തെ കുറച്ചു നാളുകൾ സന്തോഷം മാത്രം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ പോകേ പോകെ അതിൽ കല്ലുകടികൾ ആരംഭിച്ചു.

സ്ഥിരമായി ഒരു ജോലിയും ഇല്ലാത്ത ഒരാളാണ് തന്റെ ഭർത്താവ് എന്ന് അവൾക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുമാത്രമല്ല മൂന്നുനാല് പേരടങ്ങുന്ന ആ കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്വവും അവളുടെ ഭർത്താവിന്റെ ചുമലില്ലായിരുന്നു.

അധികം താമസിയാതെ തന്നെ അവൾ ഗർഭിണിയായി.അതിനുശേഷം എങ്കിലും അവൻ സ്ഥിരമായി ജോലിക്ക് പോകുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയൊരു നീക്കവും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

അവന്റെ മുന്നിൽ അവളുടെ ഓരോ ആവശ്യത്തിന് കൈനീട്ടുമ്പോൾ അവൾ വേദനയോടെ അവളുടെ അച്ഛനെ ഓർക്കും.

പഠിക്കാനും ജോലി വാങ്ങാനും ഓരോ നിമിഷവും തന്നോട് പറഞ്ഞിരുന്ന അച്ഛനെ അവൾ വിങ്ങലോടെ ഓർക്കും.

അന്ന് ആ പോലീസ് സ്റ്റേഷന്റെ മുറ്റത്ത് വച്ച് അച്ഛൻ പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു. പഠിക്കണം ജോലി വാങ്ങണമെന്ന്. അതിനുശേഷം തങ്ങൾക്ക് ഇങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ അത് നടത്തി തരാമെന്ന് അച്ഛൻ പറഞ്ഞതാണ്.

പക്ഷേ ഈ ലോകത്തിലെ ഏറ്റവും വലുത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ച വിഡ്ഢികളിൽ ഒരാളായിരുന്നു താനും. അതുകൊണ്ട് മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു അവസ്ഥയിൽ മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വരുന്നത്.

വേദനയോടെ അവൾ ഓർത്തു.

അതേസമയത്ത് ആ അച്ഛനും മകളെ തന്നെയായിരുന്നു ഓർത്തത്. തന്നിൽ നിന്നും അകന്നു പോയെങ്കിലും അവൾ സന്തോഷമായി ഇരിക്കുന്നുണ്ടാകും എന്ന് അയാൾ വെറുതെയെങ്കിലും പ്രതീക്ഷിച്ചു.