കല്യാണ മേളം…
രചന : നിള
::::::::::::::::::::::::
“അമ്മേ..എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഇച്ചായനും അങ്ങനെ തന്നെയാണ്. ഇവിടെ ചേച്ചിയുടെ കാര്യം ഒന്നും ആകാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഇതുവരെയും ഒന്നും ഇവിടെ പറയാതിരുന്നത്. പക്ഷേ ഇനിയും ഞാൻ മിണ്ടാതിരുന്നാൽ നിങ്ങളെല്ലാവരും കൂടി എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കും എന്ന് എനിക്ക് തോന്നുന്നു.”
അമ്മയുടെയും ചേച്ചിയുടെയും മുഖത്തു നോക്കി അത് പറയുമ്പോൾ രണ്ടുപേരുടെയും മുഖത്തെ ഭാവം എന്താണെന്ന് തനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
” നീയെന്നു മുതലാണ് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയത്..? നിന്റെ കാര്യത്തിൽ ഞങ്ങൾക്കാർക്കും ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്..? “
ദേഷ്യത്തോടെ ചേച്ചി അന്വേഷിച്ചു.
” ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല ചേച്ചി. എന്റെ കാര്യത്തിൽ എന്നല്ല ഈ വീട്ടിൽ എല്ലാവരുടെ കാര്യത്തിലും എല്ലാവർക്കും പരസ്പരം ഉത്തരവാദിത്വങ്ങളുണ്ട്.”
സൗമ്യമായ സ്വരത്തിലാണ് താൻ മറുപടി പറഞ്ഞതെങ്കിലും ചേച്ചിക്ക് അത് നിഷേധം ആയിട്ടാണ് തോന്നിയത്.
“നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി.എനിക്ക് എന്നും ഇവിടത്തെ കാര്യങ്ങൾ നോക്കിയിരിക്കാൻ പറ്റില്ലല്ലോ.. എനിക്ക് എന്റെ ജീവിതമില്ലേ..?നീ നേരത്തെ പറഞ്ഞതു പോലെ വളരെ വൈകിയാണ് എന്റെ വിവാഹം കഴിഞ്ഞത്. ചൊവ്വയും ബുധനും ശുക്രനും ഒക്കെയായിട്ട് എന്റെ ജാതകത്തിൽ നിറയെ ആളുകൾ ആയിരുന്നല്ലോ. അതൊക്കെ ഒന്ന് ഒഴിവായി പോയി വിവാഹം നടന്നത് എന്റെ മുപ്പതാമത്തെ വയസ്സിൽ ആണ്. ഇനിയെങ്കിലും എനിക്ക് സ്വസ്ഥമായി ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടാകുന്നത് തെറ്റാണോ..?”
അവൾ ദയനീയമായി പറഞ്ഞതാണോ ശാസനയോടെ പറഞ്ഞതാണോ എന്ന് ഈ നിമിഷവും എനിക്കറിയില്ല.
“അത് വേണ്ടെന്ന് നിന്നോട് ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ. നിനക്ക് നിന്റെ ജീവിതം ഉള്ളതുപോലെ തന്നെ എനിക്കും എന്റെ ജീവിതമുണ്ട്. ഞാൻ ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിൽ എനിക്കില്ലേ..?”
സംസാരിച്ചു വന്നപ്പോൾ തനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കൺമുന്നിൽ രണ്ടു മക്കളും തമ്മിൽ തല്ലു കൂടുന്നത് കണ്ടുനിൽക്കാൻ അമ്മയ്ക്ക് ശേഷിയില്ല.
” നിങ്ങൾ ഒന്നു നിർത്തുന്നുണ്ടോ..? പ്രിയ.. നിന്റെ ജീവിതത്തിനെ കുറിച്ച് നിനക്ക് ആശങ്കയുള്ളത് പോലെ തന്നെ അവളുടെ ജീവിതത്തിനെ കുറിച്ച് അവൾക്കും ഉണ്ടാകില്ലേ..? ഇതിപ്പോൾ ആരും ഒന്നും തീരുമാനിച്ചിട്ടൊന്നുമില്ലല്ലോ..? അവൾ അവളുടെ ഇഷ്ടത്തിനെ കുറിച്ച് പറഞ്ഞതല്ലേ ഉള്ളൂ. അതിനിടയ്ക്ക് നിങ്ങൾ രണ്ടാളും ഇങ്ങനെ തമ്മിൽ തല്ലാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും..? രണ്ടുപേരും അവരവരുടെ കാര്യങ്ങൾ നോക്കി പൊക്കോ. ഇവിടെ അയലത്തൊക്കെ ആളുകളുള്ളതാണ്..”
രണ്ട് പെൺമക്കളോടുമായി അത് പറഞ്ഞുകൊണ്ട് അമ്മ മുറിയിലേക്ക് നടന്നു. പരസ്പരം നോക്കി മുഖം തിരിച്ചു കൊണ്ട് മക്കൾ രണ്ടുപേരും രണ്ടു മുറികളിലേക്ക് കയറിപ്പോയി.
മുറിയിൽ ചെന്ന് കിടന്നതു മുതൽ പൂർണിമയുടെ മനസ്സിൽ തന്റെ ഇച്ചായൻ ആയിരുന്നു. അദ്ദേഹത്തെ ഓർത്ത അതേ നിമിഷം തന്നെ ഫോണിലേക്ക് കോൾ എത്തിയിരുന്നു.അത് കാത്തിരുന്നതു പോലെ അവൾ വേഗത്തിൽ ഫോൺ കോൾ അറ്റൻഡ് ചെയ്തു.
” ഇച്ചായാ.. “
പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു.
“എന്താടാ..? വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഇന്ന് നമ്മുടെ കാര്യം അവിടെ തുറന്നു പറയും എന്നൊക്കെ പറഞ്ഞ് വെല്ലുവിളി നടത്തിയിട്ട് പോയതാണല്ലോ..? കേട്ട വഴിക്ക് അമ്മ മടലെടുത്തു കാണും അല്ലേ..?”
കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അറിയാതെ ചിരി വന്നു. അല്ലെങ്കിലും അവന്റെ സ്വഭാവം അങ്ങനെയാണ്. അവൾ വിഷമത്തിൽ ആണെന്ന് കണ്ടാൽ എങ്ങനെയും അവളെ ചിരിപ്പിക്കണം എന്നൊരു ഉദ്ദേശം മാത്രമേ അവനു ഉണ്ടാകാറുള്ളൂ.
” ഇച്ചായൻ തമാശ കളഞ്ഞേ.. എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്. “
അവളുടെ സ്വരത്തിലെ ഗൗരവം മനസ്സിലായപ്പോൾ അവൻ പിന്നീട് കളിതമാശയ്ക്ക് നിന്നില്ല.
” എന്താടാ കാര്യം പറയ്.. “
ഗൗരവത്തോടെ തന്നെ അദ്ദേഹം അന്വേഷിച്ചു.
” ഇച്ചായാ.. ഇന്നിവിടെ പ്രിയ വന്നിട്ടുണ്ട്.”
“ആഹാ.. കല്യാണം കഴിഞ്ഞ് പോയതിനു ശേഷം നിങ്ങളെയൊക്കെ മറന്നു പോയ മട്ടായിരുന്നല്ലോ പുള്ളിക്കാരിക്ക്.. പിന്നെന്തു പറ്റി ഇപ്പോൾ ഓടി ഇങ്ങോട്ട് പോരാൻ..? അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഒപ്പിച്ചു വച്ചതിനു ശേഷം ഉള്ള വരവാണോ..?”
പകുതി കളിയായും പകുതി കാര്യമായും അവൻ ചോദിച്ചു.
” പ്രശ്നമാണോ എന്ന് ചോദിച്ചാൽ പ്രശ്നം തന്നെയാണ്. പക്ഷേ അത് അവൾക്ക് അല്ല. നമുക്കാണ്. അവളുടെ ഭർത്താവിന്റെ അനിയന് ഒരു വിവാഹാലോചനയും കൊണ്ടാണ് അവൾ ഇങ്ങോട്ട് വന്നിരിക്കുന്നത്. അയാളെ ഞാൻ വിവാഹം ചെയ്യണമത്രേ.. ഇവൾക്ക്, ആലോചന വന്നപ്പോൾ തന്നെ ഈ പയ്യന്റെ കാര്യവും ചർച്ചയായതാണ്. അത് ഞാൻ അന്ന് തന്നെ ഇച്ചായനോട് പറഞ്ഞതല്ലേ..? “
അവൾ ചോദിച്ചപ്പോൾ അവൻ ഒന്നു മൂളി.
“കള്ളും കഞ്ചാവും ഒക്കെ ആയിട്ട് അവന്റെ കയ്യിൽ ഇല്ലാത്ത കുരുത്തക്കേടുകൾ ഒന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ ഒരു വീട്ടിലേക്ക് അവളെ കെട്ടിച്ച് വിടാൻ തന്നെ ഞങ്ങൾക്കൊക്കെ ഭയമായിരുന്നു. പക്ഷേ മനോജേട്ടന്റെ സ്നേഹപൂർണ്ണമായ ഇടപെടലുകൾ കൊണ്ടാണ് ആ വിവാഹം നടന്നത്. അതിപ്പോൾ എനിക്ക് തന്നെ പാരയായ അവസ്ഥയാണ്.”
അവൾ പറഞ്ഞപ്പോൾ അവൻ ഓർക്കുകയായിരുന്നു അവളെ കുറിച്ച്.
ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട രണ്ടു പെൺമക്കളെ വളർത്തി വലുതാക്കാൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മൂത്തവളെ വിവാഹം കഴിപ്പിച്ച അയക്കാൻ നോക്കുമ്പോഴാണ് അവളുടെ ജാതക ദോഷം കണ്ടെത്തുന്നത്.
അവളെ പഠിക്കാൻ അയക്കാൻ ശ്രമിച്ചെങ്കിലും അതിലൊന്നും അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല, എന്നാൽ രണ്ടാമത്തെ പൂർണിമ അങ്ങനെ ആയിരുന്നില്ല. അവൾക്ക് പഠിക്കണമെന്നും നല്ലൊരു ജോലി വാങ്ങണം എന്നുമൊക്കെ നല്ല ആഗ്രഹം ഉണ്ടായിരുന്നു.
അതുതന്നെയാണ് ക്യാമ്പസ് സെലക്ഷൻ വഴി ആൽബി എന്ന ഇച്ചായന്റെ ഓഫീസിലേക്ക് അവൾ എത്തിപ്പെടാൻ കാരണമായത്.
ആദ്യമൊക്കെ പരസ്പരം ശ്രദ്ധിച്ചിരുന്നില്ല എങ്കിലും, പോകെ പോകെ ഇരുവർക്കും തമ്മിൽ പിരിയാൻ കഴിയാത്ത വിധം അടുത്തു പോയി.
ചേച്ചിയുടെ വിവാഹം കഴിയാതെ ഒരിക്കലും തങ്ങളുടെ കാര്യം വീട്ടിൽ അവതരിക്കാൻ കഴിയില്ല എന്ന് പൂർണിമ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. താൻ കാരണം തന്റെ ചേച്ചിക്ക് ഒരു ജീവിതം ഇല്ലാതായാൽ അത് സഹിക്കാൻ പറ്റില്ല എന്നും അവൾ പറഞ്ഞിരുന്നു. കാത്തിരിക്കാൻ ആൽബി തയ്യാറായിരുന്നു.
അതുകൊണ്ടാണ് പ്രിയയുടെ വിവാഹം കഴിയുന്നതു വരെയും അവരുടെ റിലേഷൻ പുറത്താരും അറിയാതെ അവർ കാത്തത്.
ഇപ്പോൾ പ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസത്തോളം ആയി.
പൂർണ്ണമയ്ക്ക് ജോലി കിട്ടിയ അന്നു മുതൽ ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അവൾ തന്നെയായിരുന്നു. പ്രിയയുടെ വിവാഹം നടത്തിയതും പൂർണിമ ലോൺ എടുത്തു കൊണ്ടാണ്.
” ഇച്ചായാ എന്താ ഒന്നും പറയാത്തത്..? “
വേദനയോടെ അവൾ ചോദിക്കുന്നത് കേട്ടപ്പോഴാണ് ഇത്രയും സമയം താൻ മറ്റെന്തോ ആലോചനയിലായിരുന്നു എന്ന് ആൽബി ഓർത്തത്.
” താൻ പേടിക്കണ്ടടോ..തനിക്ക് ഇഷ്ടമില്ലാത്തത് ഒന്നും നടക്കാൻ പോകുന്നില്ല. എന്തൊക്കെ വന്നാലും ഞാനില്ലേ..? നീ ആൽബിയുടെ പെണ്ണാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് എന്റെ ചങ്കിലെ ശ്വാസം നിലയ്ക്കുന്നതു വരെയും മാറ്റം ഉണ്ടാകാൻ പോകുന്നില്ല.”
അവന്റെ വാക്കുകൾ അവളിൽ കുളിർമഴ പെയിച്ചു.
പിറ്റേന്ന് രാവിലെ, മക്കളെ രണ്ടാളെയും വിളിച്ചിട്ട് ശ്യാമള സംസാരിക്കാനൊരുങ്ങി.
“ഇന്നലെ പ്രിയ ഇവിടെ വന്നപ്പോൾ ഒരു കാര്യം സൂചിപ്പിച്ചിരുന്നല്ലോ.അതിനെക്കുറിച്ച് ഞാൻ മനോജിനെ വിളിച്ച് അന്വേഷിച്ചിരുന്നു.”
അത് കേട്ടപ്പോൾ തന്നെ പ്രിയയുടെ നെഞ്ചിടിപ്പ് നിന്ന് പോകുന്നതു പോലെയാണ് അവൾക്ക് തോന്നിയത്.പൂർണിമയും അമ്മ എന്താണ് പറയുന്നത് എന്നറിയാൻ ശ്രദ്ധയോടെ അവരെ കേട്ടിരുന്നു.
” ഇന്നലെ ഇവിടെ പ്രിയ പറഞ്ഞത് അവളുടെ അനിയനുമായി പൂർണിമയുടെ വിവാഹം നടത്തിയില്ലെങ്കിൽ അവളെ ആ വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന് അവളുടെ അമ്മായി അമ്മ പറഞ്ഞു എന്നാണ്. അതുമാത്രമല്ല മനോജും ഈ കാര്യം പറഞ്ഞ് അവൾക്ക് സ്വസ്ഥത കൊടുക്കുന്നില്ല എന്നും അവൾ പറഞ്ഞു. ശരിയല്ലേ പ്രിയ..? “
ശ്യാമള അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവൾ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
” ഇന്നലെ മനോജ് വിളിക്കുമ്പോൾ ആണ് ഞാൻ കാര്യങ്ങളൊക്കെ അറിയുന്നത്. ആ വീട്ടിൽ അങ്ങനെയൊരു ചർച്ച നടന്നിരുന്നു എന്നത് ശരി തന്നെയാണ്. അതായത് മനോജിന്റെ അനിയനെ കൊണ്ട് പൂർണിമയെ കെട്ടിച്ചാലോ എന്നൊരു ആലോചന അവർക്ക് ഉണ്ടായിരുന്നു. പക്ഷേ അതിനെ ആദ്യം എതിർത്തതും മനോജ് ആയിരുന്നു. അനിയന്റെ സ്വഭാവം നന്നായി അറിയാവുന്ന ചേട്ടൻ ആയതുകൊണ്ട് തന്നെ നിന്റെ ജീവിതം നഷ്ടപ്പെട്ടു പോകുമെന്ന് അവനു ഉറപ്പായിരുന്നു.കാര്യങ്ങളൊക്കെ അവന്റെ അമ്മയോട് പറഞ്ഞപ്പോൾ അവരും എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ പിറ്റേന്ന് രാവിലെ തന്നെ പ്രിയ പെട്ടിയും തൂക്കി അവിടെ നിന്നു പോന്നു. ഈ വിവാഹം നടന്നാൽ കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് മാത്രമാണ് പ്രിയ ഓർത്തത്. ആ ചെറുക്കന് അത്യാവശ്യം ബാങ്ക് ബാലൻസ് കാര്യങ്ങളും ഒക്കെ ഉള്ളതുകൊണ്ട് തന്നെ അത് നീ വഴി നേടിയെടുക്കാം എന്ന് പ്രിയ ചിന്തിച്ചു കാണും. സ്വന്തം സഹോദരിയുടെ ജീവിതം പോയാലും സാരമില്ല സ്വത്ത് കയ്യിൽ കിട്ടും എന്നൊരു വിചാരമാണ് ഇവൾക്ക്..!”
പുച്ഛത്തോടെ അമ്മ പറഞ്ഞു നിർത്തുമ്പോൾ പ്രിയയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ആരെയും നോക്കാതെ തലകുനിച്ചു നിൽക്കുകയായിരുന്നു അവൾ. അധികം താമസിക്കാതെ തന്നെ അവൾ മുറിയിലേക്ക് കയറി പോകുന്നതു കണ്ടു.
” ഇനി നിന്നോട് ഒരു കാര്യം കൂടി പറയാം. നിന്നെ നന്നായി നോക്കുമെന്ന് ഉറപ്പുള്ള ഒരുത്തനോടൊപ്പം നീ ജീവിക്കുന്നത് അമ്മയ്ക്ക് സന്തോഷം തന്നെയാണ്. പക്ഷേ നിന്റെ സെലക്ഷൻ തെറ്റിപ്പോയിട്ടില്ല എന്ന് നിനക്ക് ഉറപ്പുണ്ടാവണം. അങ്ങനെയെങ്കിൽ അമ്മയ്ക്ക് ഈ വിവാഹത്തിനോട് എതിർപ്പൊന്നുമില്ല. “
അമ്മ പറഞ്ഞു നിർത്തിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു തനിക്ക്. ഇച്ചായനോടൊപ്പം ഉള്ള ഒരു ജീവിതത്തിന്റെ മധുര സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരുന്നു താൻ അപ്പോഴേക്കും…