കുറച്ചു ദിവസങ്ങളായി ചിന്തിച്ച് തീരുമാനമെടുത്തതാണ് ഈ വാക്കുകൾ. അവൻ പകപ്പോടെ തന്നെ നോക്കുന്നുണ്ട്….

വരും ജന്മമെങ്കിലും…..

രചന : അപ്പു

::::::::::::

” അപ്പോൾ ഇനി എന്താണ് പരിപാടി..? “

മുഖത്ത് നോക്കി പതറാതെ ചോദിക്കുന്നവനെ കൊതിയോടെ നോക്കി നിന്നു. അവന്റെ മുഖത്തെ ഈ ഭാവമൊക്കെ വെറും വച്ചു കെട്ടാണ്. തന്നെക്കാൾ ഏറെ അവൻ വേദനിക്കുന്നുണ്ടാവും. പക്ഷേ അത് പുറത്തു കാണിച്ചാൽ ആ നിമിഷം ഇല്ലാതാകുന്നത് തന്റെ മുഖത്തെ പുഞ്ചിരിയാണ് എന്നവനറിയാം. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സന്തോഷങ്ങൾ ത്യാഗം ചെയ്തിട്ട് നിൽക്കുന്ന നിൽപ്പാണ്…!

” ഡി നിന്നോടാ ചോദിച്ചത്..”

തലയ്ക്ക് ഒരു തട്ട് തന്നു കൊണ്ട് അവൻ ചോദിച്ചു.

” എന്തൊരു വിധിയാണ് അല്ലേ നമ്മുടേത്..? ഒരിക്കലും ഒന്നിക്കാൻ കഴിയാതെ ഇങ്ങനെ രണ്ടു വഴിക്ക് പോകാൻ ആയിരുന്നെങ്കിൽ എന്തിനാടാ നമ്മൾ പ്രണയിച്ചത്..?”

എന്റെ ചോദ്യം അവനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അത്രയും നേരം പുഞ്ചിരി നിറഞ്ഞു നിന്ന മുഖത്ത് സങ്കടം അലയടിച്ചു.

” നീ കേട്ടിട്ടില്ലേ..സ്വന്തമാക്കുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും പ്രണയമാണ്..”

മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞത് അങ്ങനെയായിരുന്നു. കണ്ണുകൾ ഇടഞ്ഞാൽ ആ നിമിഷം പൊട്ടി കരഞ്ഞു പോകും എന്ന് ഉറപ്പാണ്.

പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവൻ മുറുകെ പിടിച്ചു.

ഓർമ്മകൾ പതിയെ തങ്ങളുടെ ആദ്യ നാളുകളിലേക്ക്..

അലീനയും അലനും. പേരുകൾ തമ്മിലുള്ള സാദൃശ്യം ആകണം തങ്ങളെ തമ്മിൽ പെട്ടെന്ന് അടുപ്പിച്ചത്. നന്നായ് പാട്ട് പാടുന്ന അവനും, രചനകളിൽ താല്പര്യമുള്ള താനും.. താൻ എഴുതുന്ന വരികൾക്ക് സംഗീതം കൊടുക്കുന്നത് അവൻ ആയിരുന്നു. അവന്റെ ആ മാസ്മരിക സ്വരത്തിൽ കേൾക്കാൻ വേണ്ടി മാത്രം എത്രയോ തവണ താൻ വരികൾ എഴുതിയിട്ടുണ്ട്.

കോളേജിൽ ചേർന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ് സീനിയറായ അവനെ പരിചയപ്പെടുന്നത്.റാ ഗിങ്ങിന്റെ ഇടയ്ക്ക് താൻ എഴുതിയ കവിത കണ്ടതോടെയാണ് അവൻ തന്നോട് സംസാരിക്കാൻ ശ്രമിച്ചത്. അന്ന് വെറുമൊരു പരിചയപ്പെടൽ ആയിരുന്നെങ്കിലും, പിന്നീട് നല്ല സുഹൃത്തുക്കളായി. പരസ്പരം എന്തും തുറന്നു പറയുന്ന സുഹൃത്തുക്കൾ.

അധികം താമസിക്കാതെ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലായി. ആരാദ്യം തുറന്നു പറഞ്ഞു എന്നോ, ഇനി ആരും പറഞ്ഞില്ലേ എന്ന് ഇപ്പോഴും ഉറപ്പില്ല. ഇരുവർക്കും പരസ്പരം ഇഷ്ടമാണെന്ന് എപ്പോഴോ രണ്ടു പേർക്കും മനസ്സിലായിരുന്നു. കണ്ണുകൾ കൊണ്ട് കഥ പറയുന്നതു പോലെ മൗനം കൊണ്ട് തങ്ങൾ പ്രണയിച്ചു.

ഒരിക്കലും ഈ പ്രണയം ആരും അറിയാതിരിക്കാൻ ആണ് തങ്ങൾ ശ്രമിച്ചത്. അതിന്റെ പേരിൽ ഇപ്പോൾ തന്നെ പ്രശ്നങ്ങളൊന്നും വേണ്ട എന്നുള്ള സ്വാർത്ഥ ചിന്ത.

അവന്റെ കോളേജ് പഠനം കഴിഞ്ഞപ്പോഴേക്കും ഇരുവർക്കും തമ്മിൽ അകലാൻ കഴിയാത്ത അത്രയും അടുപ്പം ഉണ്ടായിരുന്നു. എത്രയും വേഗം നല്ലൊരു ജോലി സ്വന്തമാക്കി വിവാഹക്കാര്യം വീട്ടിൽ സംസാരിക്കണം എന്നായിരുന്നു തങ്ങളുടെ തീരുമാനം. അതിനു വേണ്ടി അവൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്തു.

അവന്റെ പരിശ്രമ ഫലമായി അധികം താമസിയാതെ അവന് ജോലി കിട്ടി. ആദ്യം ഒരു ട്രെയിനിയായിട്ടായിരുന്നു ജോലി കിട്ടിയത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഒരു സാലറിയിൽ ജോലി കിട്ടുന്നത് വരെ തങ്ങൾ കാത്തിരുന്നു. അത്യാവശ്യം നല്ല രീതിയിൽ ശമ്പളമുള്ള ഒരു ജോലി കിട്ടിയതോടെ അവൻ വിവാഹ കാര്യം വീട്ടിൽ അറിയിച്ചു.

അവന്റെ വീട്ടിൽ ആർക്കും തന്നെ ഈ ബന്ധത്തോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അത് തങ്ങളെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു.

പക്ഷേ കാര്യങ്ങൾ എന്റെ വീട്ടിലേക്ക് എത്തിയപ്പോൾ സംഗതി മൊത്തത്തിൽ മാറിമറിഞ്ഞു. അവിടെ എതിർപ്പൊന്നും ഉണ്ടാകില്ല എന്നായിരുന്നു തങ്ങൾ കരുതിയത്.പക്ഷേ ആ പ്രതീക്ഷകളെ പാടെ തെറ്റിക്കുന്ന നിലപാടായിരുന്നു അപ്പന്റെയും അമ്മയുടെയും.

” ക്ഷമിക്കണം. ഈ ബന്ധത്തോട് ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങളുടെ മകൾക്ക് വേണ്ടി ഞങ്ങൾ തന്നെ ഒരാളിനെ കണ്ടെത്തി കൊള്ളാം.. “

പെണ്ണ് ചോദിച്ചു വീട്ടിലേക്ക് വന്ന അലന്റെ വീട്ടുകാരോട് അപ്പൻ പറഞ്ഞത് അങ്ങനെയായിരുന്നു.

“പിള്ളേര് തമ്മിൽ ഇഷ്ടത്തിലായ സ്ഥിതിക്ക് അവരുടെ ഇഷ്ടം നടത്തി കൊടുക്കുന്നതല്ലേ നല്ലത്..? തറവാടിത്തം കൊണ്ടും എന്തുകൊണ്ടും നിങ്ങളും ഞങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലല്ലോ.. പിന്നെ ഇപ്പോഴുള്ള ഇവന്റെ ജോലിയാണ് നിങ്ങൾ ഒരു പ്രശ്നമായി പറയുന്നതെങ്കിൽ, അവന് സ്വന്തം സ്ഥാപനത്തിൽ ആദ്യം തന്നെ ജോലിക്ക് കയറണ്ട എന്നുള്ള തീരുമാനം കൊണ്ടാണ് പുറത്ത് ജോലിക്ക് പോകുന്നത്. എത്രയും പെട്ടെന്ന് അവൻ ഞങ്ങളുടെ തന്നെ സ്ഥാപനങ്ങളിലേക്ക് ജോലിക്കു കയറും. അതോടെ നിങ്ങളുടെ അന്തസ്സിന് കോട്ടം തട്ടാത്ത ഒരു പൊസിഷൻ തന്നെ ഇവനും ഉണ്ടാകും. പിന്നെയും എന്തിനാണ് ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത്..? “

അലന്റെ അപ്പൻ മാന്യമായി ചോദിച്ചു. മകന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന അപ്പനും അമ്മയും ആയിരുന്നു അവന്റേത്.

” നിങ്ങളുടെ മകൻ തന്നെ എന്റെ മോളെ കെട്ടണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. അവൾക്ക് നാട്ടിൽ വേറെ പയ്യന്മാരെ കിട്ടും. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ ഒരു ബന്ധത്തിനോട് എനിക്ക് താല്പര്യമില്ല. കൂടുതൽ സംസാരിച്ചിട്ടും കാര്യമൊന്നുമില്ല. ഇവൾ ഒരുപക്ഷേ ഇവനെ പ്രണയിക്കാതിരുന്നെങ്കിൽ, ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചേനെ. അവളായി കണ്ടെത്തിയ ഒരുവനുമായിട്ട് അവളുടെ വിവാഹം നടത്തി കൊടുക്കാൻ എനിക്ക് താല്പര്യമില്ല. “

അത്രയും പറഞ്ഞുകൊണ്ട് അപ്പൻ എഴുന്നേറ്റ് പോകുമ്പോൾ, വർഷങ്ങളായി കണ്ടിരുന്ന സ്വപ്നം തകർന്നു വീഴുന്നത് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ എനിക്കും അലനും കഴിഞ്ഞിരുന്നു.അന്ന് പ്രതീക്ഷ നശിച്ചു അവനും വീട്ടുകാരും ഇറങ്ങി പോയെങ്കിലും, പലപ്പോഴും അവന്റെ അപ്പനും അമ്മയും പ്രതീക്ഷയോടെ തന്നോട് പറഞ്ഞിട്ടുണ്ട് എന്നെങ്കിലും ഒരിക്കൽ അപ്പന്റെ മനസ്സ് മാറുമെന്ന്.

പക്ഷേ നാളുകൾ ഇത്രയും കഴിഞ്ഞിട്ടും അപ്പന്റെയും അമ്മയുടെയും വാശി കൂടുന്നതല്ലാതെ ഒരുതരത്തിലും അത് കുറയുന്നില്ല. താൻ അവനെ പ്രണയിച്ചു പോയതുകൊണ്ട് മാത്രമാണ് ഈ എതിർപ്പ് എന്നറിയാത്തതു കൊണ്ടല്ല.

എപ്പോഴോ അലന്റെ അപ്പൻ തന്നോട് പറഞ്ഞിട്ടുണ്ട്.

” നിങ്ങൾക്ക് തമ്മിൽ പിരിയാൻ പറ്റില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. മോൾക്ക് ഇനിയും അവിടെ പിടിച്ചു നിൽക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ലല്ലോ.ഒരിക്കലും മോൾടെ അപ്പൻ ഇത് സമ്മതിക്കില്ല.ഞാനായിട്ട് പറയാൻ പാടില്ലാത്ത കാര്യമാണ്.എന്നാലും പറയുകയാണ്. മോള് ഇങ്ങിറങ്ങി പോരെ.. നിങ്ങളുടെ വിവാഹം ഞങ്ങൾ മുൻകൈയെടുത്ത് നടത്തി തരാം. നിങ്ങൾ രണ്ടാളും രണ്ടിടത്തിരുന്ന് ഇങ്ങനെ ഉരുകി തീരുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ്.. “

അപ്പൻ പറഞ്ഞത് കേട്ടപ്പോൾ നിസ്സഹായതയോടെ പുഞ്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

“ഇല്ലപ്പാ..ഞാനത് ചെയ്യില്ല.. ഇത്രത്തോളം വളർത്തി വലുതാക്കിയ വീട്ടുകാരുടെ നെഞ്ചിൽ ചവിട്ടിക്കൊണ്ട് ഞാൻ ഇറങ്ങി വരില്ല. എന്നെങ്കിലും ഒരിക്കൽ അവരായിട്ട് ഞങ്ങളെ തമ്മിൽ ചേർത്തു വയ്ക്കുകയാണെങ്കിൽ മാത്രം ഞങ്ങൾക്ക് ഒന്നിച്ചാൽ മതി. ഈ ജന്മം പരസ്പരം ഒന്നിക്കാൻ വിധിയില്ലാത്തവരാണ് ഞങ്ങൾ എങ്കിൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കുവെന്ന് പ്രണയത്തിലായ ആദ്യ നാളുകളിൽ തന്നെ ഞങ്ങൾ ഉറപ്പിച്ചതാണ്. അതിലൊരു മാറ്റം വരുത്താൻ ഞാനോ അവനോ തയ്യാറല്ല..”

എന്റെ ആ മറുപടിക്ക് ശേഷം പിന്നീട് ഒരിക്കലും അപ്പനോ അമ്മയോ എന്നോട് ഈ കാര്യം ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു വിവാഹത്തിന് വേണ്ടി അവനെ നിർബന്ധിക്കുകയോ കുറ്റം പറയുകയോ ഇന്നുവരെ ചെയ്തിട്ടില്ല. പക്ഷേ ഇനിയും എത്ര നാളാണെന്ന് അറിയില്ല. അവരുടെ ഒരേയൊരു മകനെ വിവാഹം കഴിഞ്ഞ് കുട്ടികളും കുടുംബവുമായി ജീവിക്കുന്നത് കാണണമെന്ന് അവർക്ക് ആഗ്രഹമുണ്ടാവില്ലേ..?

” ഇനിയും നമ്മുടെ കാത്തിരിപ്പ് കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. നീ മറ്റൊരു ജീവിതത്തിനെ കുറിച്ച് ചിന്തിക്കണം. ഇനിയും എന്നെ പ്രതീക്ഷിച്ചിരുന്ന നിന്റെ അപ്പനും അമ്മയും കൂടി എന്നെ വെറുക്കും. ആ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കണ്ട.. “

കുറച്ചു ദിവസങ്ങളായി ചിന്തിച്ച് തീരുമാനമെടുത്തതാണ് ഈ വാക്കുകൾ. അവൻ പകപ്പോടെ തന്നെ നോക്കുന്നുണ്ട്.

” കുറച്ചു ദിവസമായിട്ടുള്ള നിന്റെ ചിന്തയും ആലോചനയും ഒക്കെ കണ്ടപ്പോഴേ എനിക്ക് തോന്നി, ഇങ്ങനെ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടെന്ന്. ഇപ്പോൾ തൽക്കാലം നീ അതൊന്നും ഓർക്കണ്ട. നമുക്ക് രണ്ടാൾക്കും അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ.. നിനക്ക് 25 വയസ്സും എനിക്ക് 27 വയസ്സ്. നമുക്ക് കല്യാണ പ്രായം ആകുന്നതേയുള്ളൂ.. ഇഷ്ടംപോലെ സമയമുണ്ട്. ചിലപ്പോൾ ഇനിയൊരു മൂന്നു വർഷത്തിനുള്ളിൽ നിന്റെ അപ്പന്റെയും അമ്മയുടെയും മനസ്സും മാറിയാലോ.. ആ നേരത്ത് ഞാൻ വേറെ കെട്ടിപ്പോയാൽ നഷ്ടം നിനക്കു മാത്രമായിരിക്കും.. “

കുസൃതിയോടെ അവൻ പറയുമ്പോൾ തന്റെ മനസ്സ് മാറ്റാൻ വേണ്ടി മാത്രമാണ് ഈ സംസാരം എന്നറിയാം.

” ഈ ജന്മം നമുക്ക് ഒന്നിക്കാൻ പറ്റില്ലെങ്കിൽ വേണ്ട. അടുത്ത ജന്മം നമുക്കൊന്നിക്കാം.. നിന്നോട് ഇഷ്ടം തോന്നിയാലും അത് പറയാതെ ഞാൻ മറച്ചു പിടിക്കും. എന്നിട്ട് വീട്ടുകാര് വഴി ആലോചിച്ചു അറേഞ്ച് മാര്യേജ് നടത്താം. പ്രണയിച്ചു എന്ന കുറ്റം കൊണ്ട് അപ്പോൾ നിന്നെ എനിക്ക് തരാതിരിക്കാൻ അവർക്ക് പറ്റില്ലല്ലോ..!”

അവസാനവാക്കുകൾ പറയുമ്പോൾ അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. അത് കേൾക്കാൻ പ്രാണിയില്ലാതെ അവനെ മുറുകെപ്പിടിച്ച് അവനിലേക്ക് തന്നെ ചാഞ്ഞിരുന്നു.

” അടുത്ത ജന്മത്തിലേക്ക് സീറ്റ് ബുക്ക് ചെയ്ത ഒരു പ്രണയം.!”

Leave a Reply

Your email address will not be published.