ഇനി കടക്കാർ വരികയാണെങ്കിൽ അതും കൂടി വിൽക്കേണ്ടി വരും. ഇപ്പോ…

“വിശപ്പിൽ”അലിഞ്ഞ മീഞ്ചാറ് “..

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

:::::::::::::::::::::::::::

“”ഉമ്മച്ച്യേ ..ഇച്ച് കഞ്ഞിവെള്ളത്തിന്നൊരു വറ്റ് കിട്ടി.”” ഒൻപത് വയസ്സുക്കാരൻ സിദ്ധീക്ക് അത്ഭുതവും സന്തോഷവും അടക്കിവെക്കാനാവാതെ ഉറക്കെ ഉമ്മാനോട് വിളിച്ചു പറഞ്ഞു.

“”ന്നാ.. ചെലക്കാതെ ഒരു കഷ്ണം സാദിക്കിനും കൊട്ക്ക്.”” ഉമ്മ സുബൈദ സിദ്ധീക്കിനോട് ദേഷ്യത്തോടെ പറഞ്ഞു

“”എന്താ ഉമ്മച്ച്യേ ഞമ്മക്ക് മൂന്നീസ്സായിട്ട് എന്നും കഞ്ഞിവള്ളം””..ഏഴ് വയസ്സുള്ള മകൻ സാദിക്ക് ചോദിച്ചത് കേട്ട് സുബൈദയുടെ കണ്ണുകൾ ഈറനണിഞ്ഞു.

“”ഉസ്കൂള് തൊറക്കട്ടെ മക്കളെ. ഇങ്ങക്ക് ഉച്ചക്കഞ്ഞ്യെങ്കിലും കിട്ടും. അത് വരെ ഞമ്മക്ക്… ഉമ്മ നോക്കട്ടെ. അന്തിക്കെങ്കിലും ന്റെ മക്കൾക്കിത്തിരി ചോറ് തരാൻ പറ്റോന്ന്””. സുബൈദ സങ്കടത്തോടെ പറഞ്ഞു.

നല്ല നിലയിൽ കഴിഞ്ഞിരുന്ന വീടാണ്. സുബൈദയുടെ ഭർത്താവ് അസീസ് മരിച്ചതിൽ പിന്നെ പട്ടിണിയാണ്. കടം കയറി മുടിഞ്ഞതൊന്നും അസീസ് ആരോടും പറഞ്ഞിട്ടില്ല. സുബൈദയോട് പോലും.. ഒരാഴ്ച്ച മുമ്പ് പെട്ടെന്നൊരു ദിവസം അസീസ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. കടക്കാർ വീട്ടിൽ വന്നു തുടങ്ങി. ഉള്ളതൊക്കെ വിറ്റു പെറുക്കി സുബൈദ കടം വീട്ടി.

ഇനി ബാക്കിയുള്ളത് വലിയൊരു വീടും പറമ്പും. ഇനി കടക്കാർ വരികയാണെങ്കിൽ അതും കൂടി വിൽക്കേണ്ടി വരും. ഇപ്പോ ഒരു മണി അരി എടുക്കാനില്ല. ആരും കണ്ടറിഞ്ഞു ഒന്നും കൊടുക്കില്ല. പഴയ അസീസ് മുതലാളിയുടെ വീട്ടുക്കാർക്കുണ്ടോ അരിക്ക് പഞ്ഞം. കാണുന്നവർക്കെന്താ വലിയ വീട്..തൊടി.. സുബൈദ നെടു വീർപ്പോടെ ഓർത്തു.

കഞ്ഞിവെള്ളം മോന്തി ഒട്ടിയ വയറും ഉന്തിയ കണ്ണുകളുമായി എഴുന്നേറ്റ് പോകുന്ന മക്കളെ സുബൈദ കണ്ണീരോടെ നോക്കി. മൂന്ന് ദിവസമായി കഞ്ഞിവെള്ളമാണ്. ഇത്തിരി വറ്റുണ്ട്. അത് തിളപ്പിച്ച്‌ കഞ്ഞിവെള്ളം ഉണ്ടാക്കി കൊടുക്കും. ആ വറ്റ് കൂടി കുട്ടികൾക്ക് വിളമ്പി കൊടുക്കണമെന്നുണ്ട് സുബൈദക്ക്. അത് വിളമ്പിക്കൊടുത്താൽ പിന്നെ നാളത്തെ കഞ്ഞിവെള്ളം കൂടി ഇല്ലാതാകും.

വിശന്നു പൊരിഞ്ഞ വയറുമായി സുബൈദ എഴുന്നേറ്റ് ഇത്തിരി കഞ്ഞിവെള്ളം കുടിച്ചു. വയറ്റിൽ കത്തിയാളുന്ന ‘ത്തീ’ അൽപ്പമൊന്നു ക്ഷമിച്ചു. പെട്ടന്ന് അയൽവക്കത്തെ ഏതോ ഒരു വീട്ടിൽ നിന്നുള്ള മീൻ ചാറിന്റെ വാസന സുബൈദയുടെ മൂക്കിൽ തുളഞ്ഞു കയറി. അവരുടെ വായിൽ വെള്ളമൂറി. വിശപ്പ് കൂടി. വയറിന്റെ കത്തിയാളൽ പതിൻമടങ്ങായി. കുറച്ചു നേരം അവരാ മണത്തിൽ മനം മയങ്ങി നിന്നു.

“”പടച്ചോനെ.. ഈ വാസന ന്റെ മക്കള് കേട്ടാല് … അവറ്റകൾക്ക് സഹിക്കില്ല”” അവർ ഓടി അകത്ത് കയറി വാതിലടച്ചു. വിശന്നു തളർന്നു കിടക്കുന്ന മക്കളുടെ മുറിയിൽ പോയി മീഞ്ചാറിന്റെ മണം അകത്തേക്ക് വരാതിരിക്കാൻ ജനലുകളും വാതിലും കുറ്റിയിട്ടു. എങ്കിലും മനം മയക്കുന്ന മീഞ്ചാറിന്റെ വാസന ആ മുറിയിലേക്ക് പതുക്കെ ഓടിയെത്തി.പെട്ടന്നു സാദിക്കും സിദ്ധീക്കും എഴുന്നേറ്റിരുന്നു

“ഉമ്മച്ച്യേ.. എവുടുന്നാ മീഞ്ചാറിന്റെ മണം”..? സാദിക്ക് മൂക്ക് വിടർത്തി മണം പിടിച്ചു കൊണ്ട് ചോദിച്ചു.

“മ്മ്.. നല്ല വാസനണ്ട് ഉമ്മച്ച്യേ”..സിദ്ധീക്ക് വായിലൂറിയ വെളളം കുടിച്ചിറക്കി കൊണ്ട് ചോദിച്ചു.

അവൻ രണ്ട് മൂന്ന് വട്ടം ചുറ്റും മണത്തു. അവരുടെ വായിൽ വീണ്ടും വെള്ളമൂറി. ഉമിനീർ കുടിച്ചിറക്കി. സുബൈദ എന്ത് പറയണം എന്നറിയാതെ ഒരു നെടുവീർപ്പിട്ടു. “ഇവറ്റകൾക്ക് മീഞ്ചാറ് വെക്കാൻ കണ്ടൊരു നേരം”.സുബൈദ ഉള്ളിൽ പ്രാകി.

സിദ്ധീക്കും സാദിക്കും എണീറ്റു വാതിൽ തുറന്നു പുറത്തേക്കോടി.

“എടാ… അവടെ നിക്കെടാ”..സുബൈദക്ക് അവരുടെ ഒപ്പം ഓടാൻ പറ്റിയില്ല.അവർ കിതച്ചു കൊണ്ട് അവിടെ നിന്നു.. ഇവരെങ്ങനെ ഇത്ര വിശപ്പും സഹിച്ചുകൊണ്ടിങ്ങനെ ഓടുന്നത്.. വിശപ്പിന്റെ അങ്ങേതലക്കൽ ഒരു ഭ്രാന്ത് ഒളിഞ്ഞിരിപ്പുണ്ട്. ആ ഭ്രാന്ത് എന്തും നമ്മളെക്കൊണ്ട് ചെയ്യിക്കും..ഓടിക്കും ചാടിക്കും. നാണവും മാനവും ഇല്ലാതാക്കും.വിശപ്പിനെ പോലെ ഇത്രയും വൃത്തികെട്ടൊരു വി കാരം വേറെയുണ്ടോ..? ഒടിഞ്ഞു കുത്തിയ, മടക്കുകൾ വീണ വയർ തടവികൊണ്ട് സുബൈദ ഓർത്തു.

സിദ്ധീക്കും സാദിക്കും നേരെ ജമീലത്താത്തയുടെ അടുക്കളയിലേക്കാണ് ഓടി കയറിയത്. ജമീലയും കെട്ട്യോനും മക്കളും ചോറ് തിന്നാനുള്ള ഒരുക്കത്തിലാണ്. ആവി പറക്കുന്ന മീഞ്ചാറ്..നല്ല വലിപ്പമുള്ള അയലമീനിട്ട മീഞ്ചാറ്.. പാത്രങ്ങളിൽ വിളമ്പി വെച്ചിരിക്കുന്നത് കണ്ട് സിദ്ധീക്കിന്റെയും സാദിക്കിന്റെയും ഉള്ളം തുടിച്ചു. അവരുടെ വിശപ്പിന്റെ ആക്കം കൂട്ടി. വയറുകൾ തിളച്ചു മറിഞ്ഞു.

ഇളയവൻ സാദിക്ക് വായിലൂറിയ ഒരു കുടം വെള്ളം കുടിച്ചിറക്കി.

“”എന്താടാ സിദ്ധീക്കേ..ഇവിടെ വന്നു തൊള്ള പൊളിച്ചു നിക്കണത്.”” ജമീലയുടെ കെട്ട്യോൻ ചോദിച്ചു.

സിദ്ധീക്ക് എന്തോ പറയാൻ തുടങ്ങും മുമ്പേ. “‘ ഞങ്ങക്കിത്തിരി മീഞ്ചാറ് തരോ ജമീലത്താത്ത.”” സാദിക്ക് എടുത്ത്ചാടി ചോദിച്ചു.

“”ഇല്ല. കൊറച്ചേ വാങ്ങീട്ടുള്ളു. ഇവടെ കുട്ട്യേൾക്ക് തന്നെ ഇണ്ടാവൂല. ഇങ്ങള് പൊയ്ക്കോളീം. ഇവടെ നിന്ന് വെള്ളറക്കണ്ട. കുട്ട്യേൾക്ക് കൊതികൂടും.”” ജമീല അനിഷ്ടത്തോടെ പറഞ്ഞു.

ഇരുവരുടേയും മുഖം വാടി. കടുത്ത നിരാശ മുഖങ്ങളിൽ തളംകെട്ടി “”സാദിക്കേ..വാടാ പൂവാം”” സിദ്ധീക്ക് അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

സാദിക്ക് പോരാൻ കൂട്ടാക്കിയില്ല. അവൻ ആ മീഞ്ചാറിലേക്കും അത് കൂട്ടികുഴച്ചു ഉരുളയാക്കി അവർ വായിലേക്കിടുന്നതും കൊതിയോടെ നോക്കി നിന്നു വെള്ളമിറക്കി.

“”ജമീലാ… കുട്ട്യേളല്ലേ.. ഒരു മീനും കൊറച്ചു ചാറും കൊടുത്തള.””ജമീലയുടെ കെട്ട്യോൻ പറഞ്ഞു.

ജമീല ദേഷ്യത്തോടെ കേട്ട്യോനെ നോക്കി.

“”ഇങ്ങക്കറിയോ..അസീസാക്ക ഇണ്ടായിരുന്നപ്പോ ഓലെ പെരീന്ന് എന്നും ഇറ ച്ചിച്ചാറിന്റേം കോയി പൊരിച്ചയിന്റേം ഒക്കെ വാസന കേട്ടിരുന്നു. ഞമ്മക്ക് ഓല് ഒരു കഷ്ണം കൊണ്ടന്നു തന്നിട്ടില്ല. ഞമ്മടെ കുട്ട്യേൾക്ക് നാണോം മാനോം ഇള്ളോണ്ട് പോയി ചോയിച്ചില്ല.”” ജമീല ഈർഷ്യതയോടെ പറഞ്ഞു.

“”ജമീല.. ഇയ്യെന്താ ഇങ്ങനെ.. കുട്ട്യേൾക്ക് അതൊക്കെ അറിയോ. കൊറച്ച് കൊടുത്തള. അവറ്റ വെള്ളറക്കണത് കണ്ടിലെ. കുട്ട്യേൾക്ക് വയറ്റിന്നോക്ക് പുടിച്ചാ അനക്ക് പണിയാകും.””

ഇതൊക്കെ കേട്ട സിദ്ധീക്കിന് എന്തൊക്കെയോ മനസ്സിലായി. അവൻ തല താഴ്ത്തി. എന്നാലും ആ ഇളം മനസ്സുകളിലെ നാണവും അഭിമാനവുമൊന്നും വിശപ്പിനെ മൂടിവെക്കാൻ പോന്നതായിരുന്നില്ല. സാദിക്ക് ഇതൊന്നും കേൾക്കുന്നേയില്ല. അവന്റെ നോട്ടവും മനസ്സും മുഴുവൻ ആ മീഞ്ചാറിലാണ്. സിദ്ധീക്ക് നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് അനിയന്റെ കൈയിൽ പിടിച്ചു വലിച്ചു.

“”വാ സാദിക്കേ.ഉമ്മച്ചി കാത്തിരിക്കുന്നുണ്ടാകും””.സിദ്ധീക്ക് അവനെ ബലമായി പിടിച്ചു വലിച്ചു. അവൻ ചിണുങ്ങി ചിണുങ്ങി മനസ്സില്ലാ മനസ്സോടെ അവന്റെ കൂടേ പോവാൻ ഒരുങ്ങി.

“”ടാ.. അവടെ നിക്ക്.”” ജമീല പറഞ്ഞു.

അവർ ഒരു പാത്രത്തിൽ കുറച്ചു ചാറും ഒരു മീനും വിളമ്പി സിദ്ധീക്കിന്റെ കയ്യിൽ കൊടുത്തു.

“”ഇന്നാ.. ഇത് കൊണ്ടോയ്ക്കോ.. നല്ല എരിണ്ട്.. കൊടുത്ത്ട്ട് പാത്രം കൊണ്ട് വേഗം വാ.. അന്നെ കൊണ്ടൊരു പണീണ്ട്””.ജമീല സിദ്ധീക്കിനോട് പറഞ്ഞു.

അവൻ സന്തോഷത്തോടെമൂളി. ഇരുവരുടേയും മുഖം പതിനാലാംരാവുദിച്ച പോലെ തിളങ്ങി. സാദിക്ക് ഉറക്കെയൊന്ന് പൊട്ടിചിരിച്ചു. ഇരുവരും പുറത്തേക്കോടി.

ഈ സമയം സുബൈദ മക്കളെ കാണാഞ്ഞിട്ട് അക്ഷമയോടെ നോക്കിയിരിക്കുകയായിരുന്നു.

“”ഏത് പെരീക്കാണ് ഇവര് പോയത്. മീന് കൊടുത്ത്ട്ട് ണ്ടാവോ ആവോ?. മൂന്ന് മീന് കൊടുത്താ ഇച്ചും കൂടി തിന്നായിരുന്നു””.ജമീല വയറ് ഉഴിഞ്ഞു കൊണ്ട് സ്വയം പറഞ്ഞു

കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധീക്കും സാദിക്കും ഒരു ചെറിയ പാത്രത്തിൽ കുറച്ചു മീൻക്കറിയുമായി ഓടി വന്നു.

“ഉമ്മച്ച്യേ.. ജമീലാത്താടെ പെരേന്നായിരുന്നു മണം.. ഞങ്ങൾ ചെന്ന് ചോയിച്ചപ്പോ ഒരു മീനും ഇത്തിരി ചാറും തന്നു. ഇങ്ങളൊരു പാത്രം എടുക്കീം” സിദ്ധീക്ക് ആവേശത്തോടെ പറഞ്ഞു. ഇരുവരുടെയും ചോരവറ്റി ഒട്ടിയുണങ്ങിയ മുഖം ചെറുതായി ഒന്ന് വിടർന്നത് സുബൈദ കണ്ടു

സുബൈദ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് പാത്രമെടുത്തിട്ട് മീഞ്ചാറ് ആ പാത്രത്തിലേക്ക് ഒഴിച്ചിട്ടു സിദ്ധീക്കിന്റെ കയ്യിൽ കൊടുത്തു.

“”ഉമ്മച്ച്യേ. ഞാനീ പാത്രം കൊണ്ടേ ക്കൊടുത്തിട്ട് വരാം.സാദിക്കിനെ നോക്കിക്കോളീം.ഓന് ആ മീന് ഒറ്റക്ക് തിന്നും.”” ഇതും പറഞ്ഞു സിദ്ധീക്ക് ഓടി.

സാദിക്ക് ആ പത്രത്തിലേക്ക് തന്നെ നോക്കി ഇരുന്നു. കുറേ കാലമായി അവൻ മീൻകൂട്ടാൻ കണ്ടിട്ട്. അവന്റെ ഇളം മനസ്സ് തുടിച്ചു. കൊതിയും വിശപ്പും സാദിക്കിന്റെ ക്ഷമ കെടുത്തി.സിദ്ധീക്കിനെ കാണാഞ്ഞില്ല. സാദിക്ക് ക്ഷമയുടെ അങ്ങേ അറ്റത്തെത്തി.അവന്റെ വായിൽ വെള്ളമൂറി. വിശപ്പും കൊതിയും കൊണ്ട് അവൻ അസ്വസ്ഥനായി.

“” ഇവനെ കാണാൻ ഇല്ലല്ലോ””.എന്ന് പറഞ്ഞ് സുബൈദ ഒന്ന് തല പൊക്കിയതും സാദിക്ക് ആ മീൻ വാരിയതും ഒന്നിച്ചായിരുന്നു.ഉമ്മ തിരിഞ്ഞു നോക്കുന്നതിനു മുമ്പേ അവനത് ഒന്നിച്ചു വായിലേക്കിട്ടു…

“”എടാ.. അത് ഒറ്റക്ക് തിന്നല്ലേ. ഒരു കഷ്ണം ന്റെ കുട്ടിക്കും വെക്കെടാ.”” സുബൈദ ഉറക്കെ അലമുറയിട്ടുകൊണ്ട് പറഞ്ഞു.

അവൻ ഒന്നും കേട്ട ഭാവമില്ല ആ മീൻ മുഴുവനും അവൻ കടിച്ചുമുറിച്ചു തിന്നു. അവന്റെ ചിറിയിലൂടെ ചാറ് ഒലിച്ചിച്ചിറങ്ങി. മുള്ള് കടിച്ചു പറിച്ചു തിന്നുന്ന ഒച്ച പുറമേ കേട്ടു. സുബൈദ “പറ്റിച്ചല്ലോ റബ്ബേ” എന്നും പറഞ്ഞു തലയിൽ കൈവെച്ചിരുന്നു. അവർ ഇരുന്നു എരിപൊരി സഞ്ചാരം കൊണ്ടു.

“”ഇനി സിദ്ധീക്ക് വരുമ്പോ ഞാൻ എന്ത് പറയും ന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ””..സുബൈദ പിറുപിറുത്തു.

സുബൈദ വേഗം ഇത്തിരി വെള്ളമെടുത്ത് സാദിക്കിന്റെ ചിറിയും വായും കഴുകി കൊടുത്തു. മീന്റെ മണം പോകാൻ ഇത്തിരി വെണ്ണീറെടുത്ത് അവന്റെ കയ്യിലും ചിറിയിലും തേച്ചു കഴുകി.

“”ടാ.. ലക്ഷണം കെട്ടോനേ.. ഞ്ഞി സിദ്ധീക്ക് വരുമ്പോ മീന് പൂച്ച തിന്നൂന്ന് പറഞ്ഞളാ.. അല്ലെങ്കി ഓനന്നെ തച്ചു കൊല്ലും കെട്ടോ.ഓന് പയിച്ചിട്ട് പിരാന്ത് പുടിച്ചിട്ടാവും വരാ””.സുബൈദ ദേഷ്യത്തോടെ പറഞ്ഞു.

സാദിക്ക് മീഞ്ചാറിന്റെ എരിവ് വലിച്ചുകൊണ്ട് തലകുലുക്കി.കടുത്ത എരിവ് കൊണ്ട് അവന്റെ വായിൽ നിന്നും കണ്ണിൽ നിന്നും വെളളം വരുന്നുണ്ട്. രണ്ടാളും താടിക്ക് കയ്യുംകൊടുത്തു ദൈന്യ ഭാവത്തോടെ സിദ്ധീക്കിനെ കാത്തിരുന്നു. അസഹനീയ വിശപ്പ് ഉള്ളത് കൊണ്ട് ദൈന്യ ഭാവം സ്വതവേ അവരുടെ മുഖത്ത് നിഴലിച്ചു.

സിദ്ധീക്ക് പതുക്കെ ആടി കുഴഞ്ഞു നടന്നു വരുന്നത് സുബൈദ കണ്ടു. അവരുടെ ഉള്ളൊന്ന് കിടുങ്ങി. “”ന്റെ കുട്ട്യേന്താ ഇങ്ങനെ വരണത്””..അങ്ങട്ട് പോയപ്പൊള്ള ഉഷാറില്ലല്ലോ.”” സുബൈദ മനസ്സിൽ പറഞ്ഞു. “”ഹം.. എങ്ങനേണ്ടാവാ..ന്റെ കുട്ടിക്ക് എന്തേലും തിന്നാനുണ്ടോ. മൂന്ന് ദിവസായി ചോറു തിന്നിട്ട്.”” അവർ ഒരു നിശ്വാസത്തോടെ അവനെ നോക്കി.

“” എവിടേർന്നു ഇയ്യ്..ഒരു പാത്രം കൊണ്ടോയി കൊടുക്കാൻ ഇത്ര നേരോ?””.സുബൈദ സിദ്ധീക്ക് അടുത്തെത്തിയപ്പോൾ ചോദിച്ചു

“”അതുമ്മച്ച്യേ.. ഓലെ മുറ്റത്തു കുറച്ചു അടക്ക വീണുക്കുണു.അത് പെറുക്കി വെക്കാമ്പറഞ്ഞു ജമീല താത്ത.”” സിദ്ധീക്ക് കിതച്ചുകൊണ്ട് പറഞ്ഞു.

“”ഞമ്മക്ക് മീനും ചാറ്വോക്കെ തന്നതല്ലേ ഓല്. അപ്പൊ ഞാനതൊക്കെ പെറുക്കിയിട്ടു.”” സാദിക്ക് അവശനായിരുന്നു. കണ്ണുകളിലെ തിളക്കം മങ്ങിയിരുന്നു.

“”തിന്നാൻ എന്തേലും കിട്ടൂന്ന് കരുതി ഞാൻ ഓലെ തിണ്ടത്ത് കൊറച്ചു നേരം ഇരുന്വോക്കി..അവസാനം ജമീല താത്ത കൊറച്ചു പച്ചവെള്ളം തന്നു. അത് കുടിച്ചു. അല്ലാതെ പയിച്ചിട്ട് നടക്കാൻ വെയ്ക്കണ്ടേ ഉമ്മച്ച്യേ ഇക്ക് “”.സിദ്ധീക്ക് വയറ്റിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.അവനവിടെ തളർന്ന് ഇരുന്നു.

സുബൈദയുടെ കണ്ണ് നിറഞ്ഞു. മകനെ നോക്കി..””റബ്ബേ.. ഇന്റെ കുട്ടി പൂതിപ്പെട്ടു കൊണ്ടന്ന മീന്.””….

“”ആ.. ഉമ്മാ.. ഇങ്ങള് ആ മീന് ഇങ്ങട്ട് എടുക്കീം. രണ്ട് കഷ്ണം ആക്കിക്കോളീം…സാദിക്കേ…വാടാ ഞമ്മക്ക് മീന് തിന്നാം””… സിദ്ധീക്ക് ഉള്ള ജീവൻ വെച്ഛ് ആവേശത്തോടെ പറഞ്ഞു. അവന്റെ മുഖം പ്രസരിച്ചു. വായിൽ വെള്ളമൂറി..

സുബൈദ എന്ത് പറയണമെന്നറിയാതെ സിദ്ധീക്കിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. അതിലും ദയനീയമായിരുന്നു സിദ്ധീക്കിന്റെ മുഖം. ആ കണ്ണുകളിലെ പ്രതീക്ഷ കണ്ട് സുബൈദയുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു. അവർ പതുക്കെ അവന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് തോളിൽ കയ്യിട്ട് അവനെ ചേർത്തു പിടിച്ചു.

“”മോനെ.. സിദ്ധീക്കേ.. ഇമ്മാടെ കുട്ടി നെലവിളിച്ചര്ത്… എടാ.. ആ മീന് ഒരു പൂച്ച വന്നു തിന്നു.”” സുബൈദ സിദ്ധീക്കിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

സിദ്ധീക്കിന്റെ മുഖം വിവർണ്ണമായി. അരിച്ചു കയറിയ ദേഷ്യം പുറത്ത് കാണിക്കാൻ അവന്റെ വിശപ്പ് സമ്മതിച്ചില്ല. അവനതിനുള്ള ശക്തിയില്ല. അവൻ ഉമ്മാന്റെ മുഖത്തേക്ക് തുറുപ്പിച്ചു നോക്കി. കുഴിഞ്ഞ കണ്ണുകൾ അല്പം പുറത്തേക്ക് തള്ളി. ആ കണ്ണുകളിൽ വിശപ്പിന്റെ ദൈന്യതയും മോഹഭംഗത്തിന്റെ നിരാശയും മാറി മാറി വെട്ടി തിളങ്ങി.എല്ലാം കൂടിയൊരു കരച്ചിലായി പരിണമിച്ചു.

“”എന്താ.. ഉമ്മച്ച്യേ.. ഞാൻ എത്ര പൂതിപ്പെട്ട് പോയി ചോയിച്ചു കൊണ്ടന്നതാ ഇങ്ങള് പൂച്ചക്ക് കൊടുത്തത് “”. അവന്റെ ചുണ്ടുകൾ വിതുമ്പി.. സുബൈദ അവനെ പൂണ്ടടക്കം പിടിച്ചു. കരയാനുള്ള ത്രാണിയുണ്ടോ അവന്.

“”അപ്പൊ.. ഉമ്മച്ചി കണ്ടിലെ പൂച്ച വന്നത്.”” അവൻ ദയനീയത മുറ്റിനിൽക്കുന്ന സ്വരത്തോടെ ചോദിച്ചു.

“”ഞാൻ കണ്ടില സിദ്ധീക്കേ.. കണ്ടെങ്കിൽ ഞാൻ അതിന് സമ്മയിക്കോ.? ന്റെ കുട്ടി പൂതിപ്പെട്ട് കൊണ്ടന്ന മീന് തിന്നാൻ”” സുബൈദ തേങ്ങി വന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

സുബൈദ തീപാറും കണ്ണുകളോടെ സാദിക്കിനെ ഒന്ന് നോക്കി. അവൻ അപ്പോഴും നാവിലെ എരിവ് വലിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ നിഷ്കളങ്കമായ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല.

സിദ്ധീക്ക് സുബൈദയുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു വയറിൽ മുഖം പൂഴ്ത്തി കരയുകയാണ്. തേങ്ങി തേങ്ങി കരഞ്ഞു സുബൈദയുടെ കുപ്പായം കണ്ണീരിൽ കുതിർന്നു. സാദിക്ക് നാവിൽ നിറഞ്ഞ മീഞ്ചാറിന്റെ എരിവ് ഒന്ന് കൂടി നുണഞ്ഞു ഉറക്കെ വലിച്ചു.. “ശ്ഷ്. ശ്ഷ്.”..

സിദ്ധീക്ക് അത് കേട്ടു. അവന്റെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു. അവൻ സാദിക്കിനെ നോക്കി. അവനപ്പോൾ നാക്ക് പുറത്തേക്കിട്ട് എരിവ് കൊണ്ട് ഊതുകയാണ്.

“”ഉമ്മാച്ച്യേ… ഇങ്ങള് സത്യം പറയിം. മീന് സാദിക്ക് തിന്നതല്ലേ.”” സിദ്ധീക്ക് ചുണ്ടുകൾ വിതുമ്പികൊണ്ട് ചോദിച്ചു.

സുബൈദ ഒന്ന് കിടുങ്ങി. അവർ വാക്കുകൾക്കായി പരതി.

“”അല്ല മോനെ.. ഓനങ്ങനെ അനക്ക് തരാതെ തിന്നോ..അന്റെ കീഴ്പ്പോട്ട്ള്ളതല്ലേ ഓനും””.സുബൈദ നുണ പറഞ്ഞു അവന്റെ നെറുകിൽ തഴുകി ആശ്വസിപ്പിച്ചു.

“”പിന്നെന്തിനാ.. ഓന് എരി വലിക്കണേ. നല്ല എരിള്ള മീഞ്ചാറാണ്ന്നാ ജമീല താത്ത പറഞ്ഞത് .ഓന് തിന്നിട്ടുണ്ടാവും. വെറിയനാ ഓന് “” സിദ്ധീക്ക് ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു. അവൻ സാദിക്കിനെ നോക്കി പല്ല് കടിച്ചു.

“”അതോ.. ഓന് മൂന്നു ദിവസം ആയില്ലേടാ ചോറ് തിന്നിട്ട്. അപ്പൊ ഓന്റെ നാവില് പുണ്ണ് വന്നതാ.അതാണ് ഓൻ എരിവലിക്കണത്.”” സുബൈദ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മകനെ ആശ്വസിപ്പിച്ചു.

സിദ്ധീക്ക് പതുക്കെ ചെന്നു സാദിക്കിന്റെ കയ്യ് മണത്ത് നോക്കി… ഇല്ല മീഞ്ചറിന്റെ മണമൊന്നുമില്ല.. അവന്റെ മുഖം വിടർന്നു.

“”ഉമ്മച്ച്യേ.. ഞ്ഞി ആ പൂച്ചനെ കണ്ടാ ഞമ്മക്ക് തച്ചു കൊല്ലണം….ട്ടോ””.സിദ്ധീക്ക് വീണ്ടും സുബൈദയുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.

“”പാവല്ലടാ സിദ്ധീക്കേ ആ പൂച്ച. അയിനും ഇണ്ടാകും ഞമ്മളെ പോലെ പയിപ്പ്. അതോണ്ടല്ലേ അത് വന്ന് മാന്തി തിന്നത്””.. സുബൈദ പറഞ്ഞു.

“”മ്…മ്മ്… മ്.. ശര്യാണ് ഉമ്മച്ച്യേ. അപ്പൊ കൊല്ലണ്ട.. ല്ലേ.”” അവൻ ഉമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

ആ ചിരിക്ക് പിന്നിലെ വിശപ്പിന്റെ വിളി ആ ഉമ്മ കണ്ടു. ചിരിക്ക് പിന്നിൽ ഒളിപ്പിച്ച വിശപ്പിന്റെ അലയൊലികൾ ആ കുഞ്ഞുമുഖത്ത് മാറി മാറി തെളിഞ്ഞു. വിശപ്പാണ് വികാരം.. എത്രയൊളിപ്പിച്ചാലും അത് ആ മറ നീക്കി പുറത്തു വരും.

സുബൈദയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവർ സിദ്ധീക്കിനെ ഒന്ന് കൂടി ചേർത്തു പിടിച്ചു.അവൻ വയറു തടവി. വിശന്നു പൊരിയുന്നു.വയറു കത്തിക്കാളുന്നുണ്ട്. ആ കഞ്ഞിവെള്ളമൊക്കെ എപ്പോഴേ ദഹിച്ചിരിക്കുന്നു. എല്ലിന്റെ ഇടയിലൂടെ എന്തൊക്കെയോ തുളഞ്ഞു കയറുന്ന പോലെ സാദിക്കിന് തോന്നി.

“”ഉമ്മച്ച്യേ.. ഇക്ക് പയിച്ചിട്ട് വയ്യ.”” സിദ്ധീക്ക് സുബൈദയുടെ വയറിൽ തലപൂഴ്ത്തി കരഞ്ഞു കൊണ്ട് പറഞ്ഞു.

“”ഇക്ക് പയിപ്പൊക്കെ സഹിച്ചാൻ വെയ്ക്കും.. ആ മീനിന് പൂതിപ്പെട്ടത് കൊണ്ടാണ് ഉമ്മാ ഇക്കിപ്പോ സഹിച്ചാൻ പറ്റാത്തത്. പിന്നെ ജമീലതാത്തടെ പെരീലെ അടക്ക മുയുവൻ ഞാൻ പെറുക്കി ഇട്ടിലെ. ഇക്കെന്തേലും തിന്നാൻ വാണം. അല്ലെങ്കി ഞാൻ മരിച്ചു പോകും ഉമ്മച്ച്യേ””. അവൻ വീണ്ടും കരഞ്ഞു.

കരയാനുള്ള ശക്തിപോലും അവനിൽ നശിച്ചിരിക്കുന്നു. ഒരു നേർത്ത തേങ്ങൽ മാത്രം കേൾക്കുന്നുണ്ട്. ക്ഷാമമില്ലാത്ത കണ്ണീർ മാത്രം കുടുകുടേ ഒഴുകി വരുന്നുണ്ട്. സിദ്ധീക്ക് ഉമ്മയെ നോക്കി. അവന്റെ കണ്ണുകൾ പാതിയടഞ്ഞിരിക്കുന്നു. നേരെ നിൽക്കാൻ പോലും ആവാഞ്ഞിട്ട് സുബൈദയുടെ കുപ്പായത്തിന്മേൽ പിടിച്ചു നിന്നു.

സുബൈദയുടെ ചങ്ക് പിടച്ചു. കരള് തേങ്ങി. കണ്ണീർ ഒഴുകി സിദ്ധീക്കിന്റെ തലയിൽ വീണു. അവൻ ദയനീയ ഭാവത്തോടെ, ചോരമയം വറ്റിയ കണ്ണുകളുമായി ഉമ്മയെ തന്നെ നോക്കി നിൽക്കുകയാണ്.

“” ഇയ്യ്.. ഇവിടെ ഇരിക്ക്.”” സുബൈദ അവനെ ഒരു പലകയിൽ ഇരുത്തി.

“”പൂച്ച തിന്നീന്റെ വാക്കി കൊറച്ച് മീഞ്ചാറ്ണ്ട്. കൊറച്ച് ചോറൂണ്ട്. അത് ഞാനിങ്ങക്ക് വളമ്പി തരാം. പക്ഷേങ്കി.. ഒരു കാര്യണ്ട്. അന്തിക്ക് ഒന്നൂണ്ടാവൂല. കഞ്ഞിവെള്ളങ്കൂടി ഇണ്ടാവൂല””. സുബൈദ പറഞ്ഞു.

“”അത് മതിമ്മച്ച്യേ.. അന്തിക്ക് ഞങ്ങള് കൊറച്ചു വെള്ളങ്കുടിച്ചു നാർത്തെ കടന്നുങ്ങും. അപ്പൊ പയിപ്പ് അറീലല്ലോ. ഇങ്ങള് ഇത് വേഗം വെളമ്പീ””.സിദ്ധീക്ക് വയറിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. അത് പറഞ്ഞു തീർത്തപ്പോഴേക്കും അവൻ കിതച്ചു.

സുബൈദ പിന്നെ ഒന്നും പറയാൻ നിന്നില്ല. അവർ നിറഞ്ഞ കണ്ണീർ തുടച്ചുക്കൊണ്ട് ആ ഇത്തിരി വറ്റ് രണ്ട് പാത്രത്തിലേക്ക് വിളമ്പി. ബാക്കിയുള്ള മീഞ്ചാറ് ആ നാല് വറ്റിലേക്ക് ഒഴിക്കുമ്പോൾ സുബൈദയുടെ നാവിലും വെള്ളമൂറി. “”ഒരു ഉരുള ഉരുട്ടി വായിലേക്കിട്ടാലോ””.സുബൈദയുടെ മനസ്സ് വല്ലാതെ കൊതിച്ചു.

“”വേണ്ട.. കൊറച്ചു വറ്റേള്ളൂ.. അത് ന്റെ മക്കള് തിന്നട്ടെ””.അവർ മനസ്സിനെ അടക്കി നിർത്തി.

ഒരു പാത്രം ചോറ് സിദ്ധീക്കിന്റെ മുമ്പിൽ കൊണ്ട് പോയി വെച്ചു. മറ്റേ പാത്രം കൊണ്ട് സുബൈദ സാദിക്കിന്റെ അടുത്തേക്ക് പോയി.

“”പിന്നേയ്.. ഇയ്യ് നെലോളിച്ചരുത്..സിദ്ധീക്കിന് കൊറച്ചു തോനെ ചോറ് കൊട്ത്ത്ട്ട്ണ്ട്. ഇയ്യ് ഓന്ക്കും കൂടീള്ള മീന് ഒറ്റക്ക് തിന്നിലെ.. അതോണ്ടാണ്.”” സുബൈദ ഇത് പറഞ്ഞ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൻ “അതേ”..എന്ന് തലകുലുക്കി.ആ പാത്രം വാങ്ങി ആർത്തിയോടെ വാരി തിന്നാൻ തുടങ്ങി.

സുബൈദ തിരിഞ്ഞു സിദ്ധീക്കിനെ നോക്കി. അവൻ ചോറ് തിന്നു കഴിഞ്ഞിരിക്കുന്നു. പാത്രം കൈകൊണ്ട് വടിച്ചെടുത്ത് വിരലുകൾ ആർത്തിയോടെ ഉറുഞ്ചുന്നു. പിന്നെ പാത്രം കയ്യിലെടുത്ത് നക്കി തുടച്ചു. നാവുകൊണ്ട് നൊട്ടി നുണഞ്ഞു. ചുണ്ടുകളിൽ പറ്റിപിടിച്ചിരുന്നത് നാവുകൊണ്ട് നക്കിയെടുത്തു.

ഉമ്മച്ചി നോക്കുന്നത് കണ്ടപ്പോൾ അവൻ ലജ്ജയോടെ തല താഴ്ത്തി.

“”മീന്റെ ചാറിന് ത്ര രസാണെങ്കി ആ മീനിന് എത്ര രസണ്ടാകും. അല്ലേ ഉമ്മച്ച്യേ””.സിദ്ധീക്ക് ചിരിച്ചു കൊണ്ട് ചോദിച്ചു.

സുബൈദയുടെ മനം നിറഞ്ഞു തുളുമ്പി. അകതാരിൽ ഒരു കുളിർമഴ പെയ്ത സുഖം.

“”ന്റെ കുട്ടിയൊന്ന് ചിരിച്ചു കണ്ടല്ലോ. ഉമ്മച്ചിക്ക് അത് മതി. അത് മാത്രം മതിയെടാ വയറ് നിറയാൻ””. സുബൈദ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശുഭം.. നന്ദി..