എന്തിനാ ഇവളെ അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ നിന്ന് കാൾ വരുന്നെ…അങ്ങനെ അങ്ങനെ ഒരു നിമിഷം…

ഒരു ആത്മഹത്യയുടെ പിന്നാമ്പുറം

രചന : സജിത തോട്ടഞ്ചേരി

::::::::::::::::::::::

കാലത്ത് ഓഫീസിൽ തിരക്കുകളിൽ മുഴുകി ഇരിക്കുമ്പോഴാണ് അഖിലയുടെ ഫോൺ റിങ് ചെയ്തത്.

“ഹലോ……….”

“ഹലോ………..ഇത് നന്ദനയുടെ നമ്പർ അല്ലെ?”

അപ്പുറത്ത് പുരുഷശബ്ദം

“അതെല്ലോ; ഞാൻ നന്ദനയുടെ അമ്മ ആണ് ;ഇതാരാ?”

പതിഞ്ഞ സ്വരത്തിൽ അഖില ചോദിച്ചു.

“ഞാൻ ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നാണ്.”

അയാളുടെ മറുപടി കേട്ട അഖിലയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു……

ഇവിടെ കൊച്ചിയിൽ ഇരിക്കുന്ന നന്ദുന് ഇടുക്കി സ്റ്റേഷൻ ആയി എന്താ ബന്ധം? എന്തിനാ ഇവളെ അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ നിന്ന് കാൾ വരുന്നെ ?അങ്ങനെ അങ്ങനെ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ അവൾ ചിന്തിച്ചു കൂട്ടി.

അപ്പോഴേക്കും അപ്പുറത്ത് നിന്നും അടുത്ത

ചോദ്യം വന്നു .

“സംഗീത എന്ന പെൺകുട്ടിയെ അറിയാമോ?”

“അറിയാം….മോളുടെ കൂടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടിയാണ് “

ഉള്ളിൽ വന്ന ഭയം ഒതുക്കി അഖില പറഞ്ഞു.

“ആ കുട്ടി ആ ത്മ ഹത്യ ചെയ്തത് അറിഞ്ഞിരുന്നില്ലേ?”

അയാൾ ചോദ്യം തുടരുകയാണ്.

“അറിഞ്ഞിരുന്നു ” അഖിലയുടെ ടെൻഷൻ കൂടി കൂടി വന്നു.

“ആ കുട്ടിയുടെ ഫോൺ കോൺടാക്ട് നോക്കി വിളിക്കുന്നതാണ് ;മരണത്തിന്റെ കാരണം എന്തെങ്കിലും നിങ്ങളുടെ മകൾക്ക് അറിയാമോ എന്നറിയാനാണ്;നാളെ കുട്ടിയേയും കൂട്ടി സ്കൂളിൽ വരണം . അവിടെ വച്ചു വെരിഫിക്കേഷൻ എടുക്കാനാണ്.”വളരെ മാന്യമായി തന്നെ അയാൾ പറഞ്ഞവസാനിപ്പിച്ചു…….

കയ്യിലിരുന്ന ഒരു അൻപതിനായിരം രൂപ എന്തിനു എടുത്തതാണെന്ന ഓര്മ പോലും നഷ്ടപ്പെട്ടു അഖില അങ്ങനെ ഇരുന്നു.കൂടെ ജോലി ചെയ്യുന്നവരോട് പറഞ്ഞപ്പോൾ അവർ പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും വെറുതെ ഒരു ഭയം അവളിൽ നിഴലിച്ചു.രണ്ടു മാസങ്ങൾക്ക് മുൻപ് ഒരു ദിവസമാണ് സംഗീത എന്ന കുട്ടി ആത്മഹത്യ ചെയ്‌തെന്ന വിവരം മോളുടെ വേറെ ഏതോ കൂട്ടുകാരി മോളോട് വിളിച്ചു പറഞ്ഞത്.അവൾക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു.പ്ലസ് വൺ പഠിക്കുന്ന കുട്ടിയാണ് മരിച്ച സംഗീത. അഖിലയുടെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും.എല്ലാവരോടും നന്നായി സംസാരിക്കുന്ന ഒരു വായാടി ആയതു കൊണ്ട് സ്കൂൾ മൊത്തം ഫ്രണ്ട്സ് ആണ് നന്ദുവിന്‌.എല്ലാവര്ക്കും ഫോൺ നമ്പറും കൊടുത്ത് വന്നിട്ടുണ്ട് കക്ഷി.സ്വന്തമായി ഫോണും നമ്പറും ഒന്നും ഇല്ലാത്തതിനാൽ അഖിലയുടെ നമ്പറിലേക്കാണ് മെസ്സേജുകളും വിളികളും എല്ലാം വരുന്നത് .ചിലപ്പോഴൊക്കെ നമ്പർ കൊടുത്തതിനു നന്ദനയെ ചീ ത്ത പറയാറുമുണ്ട് അഖില. സംഗീത മരിച്ചത് അറിഞ്ഞപ്പോഴാണ് അഖില സംഗീതയും നന്ദനയും ആയുള്ള ചാറ്റ് ഹിസ്റ്ററി എടുത്ത് നോക്കിയതും വെറുതെ ആ കുട്ടിയുടെ പ്രോഫൈലിലൂടെ ഒന്ന് കണ്ണോടിച്ചതും .ഒരാഴ്ചക്ക് മുൻപ് “മരണത്തോട് ഇഷ്ടം” എന്ന് ആ കുട്ടി തന്റെ പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത് അഖില ശ്രദ്ദിച്ചു.വീട്ടുകാർ ഇതൊന്നും ശ്രദ്ദിക്കുന്നില്ലേ എന്ന് ആത്മഗതം നടത്തി അവൾ. അതിനു ശേഷം ഇന്നാണ് അവൾ അതൊക്കെ വീണ്ടും ഓർക്കുന്നത് .വിളിക്കാറും സംസാരിക്കാറും ഉണ്ടെങ്കിലും പ്രത്യേകമായി ആ കുട്ടി ഒന്നും പറഞ്ഞതായി നന്ദു തന്നോട് പറഞ്ഞിട്ടില്ല .സാധാരണ എല്ലാം പറയുന്നതാണ് . എന്തൊക്കെയോ അങ്ങനെ ഓർത്തു വൈകുന്നേരം ആക്കിയെടുത്തു .ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നാളത്തേയ്ക്കുള്ള ലീവും പറഞ്ഞാണ് അഖില ഇറങ്ങിയത് .

വീട്ടിലെത്തിയപാടെ നന്ദുവിനോട് കാര്യം പറഞ്ഞു .

“ആഹാ…അപ്പൊ നാളെ സ്കൂളിലെ ഒരുപാട് പേർ ഉണ്ടാകുമല്ലോ അവിടെ.എല്ലാരേം കാണാമല്ലോ.”പറഞ്ഞ കാര്യത്തിന് ഒട്ടും വില നൽകാതെ വെക്കേഷന് ഇടയിൽ ഫ്രണ്ട്സ് നെ കാണാൻ പറ്റിയ സന്തോഷത്തിൽ നന്ദു മറുപടി നൽകി.

“നിനക്കിപ്പോ അതാ വല്യേ കാര്യം.”വന്ന ദേഷ്യം മറച്ചു വയ്ക്കാതെ അഖില നന്ദുവിനോട് കയർത്തു.

പിന്നെ ഞാനെന്ത് ചെയ്യാനാ;എന്നോട് ആ ചേച്ചി ഒന്നും പറഞ്ഞിട്ടില്ല.ഒരു അഫയർ ഉണ്ടെന്നു എനിക്കറിയാർന്നു .അത് അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ. കൂടുതലായി ഒന്നും എനിക്കറിയില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞെങ്കിൽ ഞാൻ അമ്മയോട് പറയാതിരിക്കോ.”നന്ദു പറഞ്ഞു

പിന്നെ അഖില നന്ദുവിനോട് ഒന്നും പറഞ്ഞില്ല.പറയാൻ ഒന്നുമില്ല അതാണ് സത്യം.ഏതോ ഒരു കുട്ടി ആ ത്മ ഹ ത്യ ചെയ്തതിനു തന്റെ മകൾ എന്ത് പി ഴച്ചു.എന്നാലും നാളെ മോളെയും കൂട്ടി പോകേണ്ടത് ഓർത്തപ്പോൾ ഉള്ളിൽ തെല്ലു ഭയം ഇല്ലാതിരുന്നില്ല.രാത്രിയിൽ മുഴുവൻ അതു തന്നെ ആയിരുന്നു ചിന്ത..

“അമ്മ എന്തിനാ പേടിക്കുന്നെ?എനിക്ക് ഒന്നും അറിയില്ലാലോ. അതോർത്തു പേടിക്കാതെ ഉറങ്ങു…….”അഖിലയുടെ ടെൻഷൻ മനസിലാക്കിയ നന്ദു അവളെ സമാധാനിപ്പിച്ചു

“ഈ ചേച്ചിക്കൊക്കെ മരിക്കാൻ കണ്ട നേരം…….”ഒരു ആത്മഗതം കൂടി നന്ദു പാസാക്കി

പിറ്റേന്ന് മോളേം കൊണ്ട് പോയപ്പോൾ അവിടെ ആറു കുട്ടികളും അവരുടെ പേരെന്റ്സും ഉണ്ട് .അതിൽ ബാക്കി എല്ലാം കൂടെ പഠിക്കുന്ന കുട്ടികളും ഇവൾ മാത്രം ഒൻപതാം ക്ലാസ്സുകാരിയും.അത് കൊണ്ട് തന്നെയാകാം എല്ലാവരും ഇവളെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു .വെക്കേഷൻ ആയത് കൊണ്ട് പലരും പലയിടത്തായിരുന്നു. എല്ലാവരും കഷ്ടപ്പെട്ടാണ് വെരിഫിക്കേഷന് വേണ്ടി എത്തിയതെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.ഒരു പോലീസുകാരൻ കുട്ടികളെ ഓരോരുത്തരെ ആയി വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.മോളെയും വിളിച്ചു .

അഞ്ചു മിനിറ്റ് കൊണ്ട് അവൾ തിരിച്ചു വന്നു.

“എന്താ അവർ ചോദിച്ചേ? “ആകാംഷയോടെ അഖില ചോദിച്ചു.

“ആ അങ്കിൾ സംഗീത ചേച്ചി എന്തൊക്കെയാ പറയാറുള്ളത് എന്ന് ചോദിച്ചു.കൂടുതൽ ഒന്നും ഉണ്ടായില്ല.ഈ അമ്മ വെറുതെ പേടിക്കാണു “നിസ്സാരഭാവത്തോടെ നന്ദു പറഞ്ഞു.

“അതേടി…….നിനക്ക് നിസ്സാരം ; നിന്റെ ഓരോരോ കൂട്ടുകെട്ടുകൾ;ഇതിന്റെ പേരിൽ എന്റെ ഒരു ലീവ് ആണ് എനിക്ക് എന്ന് പോയത് .അല്ലാതെ പേടിച്ചിട്ടൊന്നുമല്ല “അഖില ചെറു ചിരിയോടെ പറഞ്ഞു.

“അതെ……..അതെ……അമ്മ ഇന്നലെ ഇത് ഓർത്തു ഉറങ്ങീട്ടില്ലന്നു എനിക്കറിഞ്ഞൂടെ ;ഇങ്ങനെ ഒരു പാവം അമ്മക്കുട്ടി “നന്ദു അഖിലയെ കളിയാക്കി .

“മതി നിന്റെ ഫ്രണ്ട്ഷിപ് ഒക്കെ,നിറുത്തിക്കൊ….”അഖില കുറച്ചൊന്നു ദേഷ്യത്തോടെ നന്ദുവിനോട് പറഞ്ഞു.

“പിന്നെ എനിക്ക് ഫ്രണ്ട്‌സ് ആവണേന് മുന്നേ അവരോട് ;”നിങ്ങൾ ആത്മഹ ത്യ ചെയ്യോന്നു “ചോദിച്ചു തിരഞ്ഞെടുക്കാൻ പറ്റോ”നന്ദു മറുപടി പറഞ്ഞു

അത് കേട്ട് ചിരിക്കാതിരിക്കാൻ അഖിലയ്ക്കായില്ല.എന്തായാലും ഒരു മഴ പെയ്തു തീർന്ന സമാധാനം അഖിലയ്ക്ക് തോന്നി.തിരിച്ചു നടക്കുന്നതിനിടയ്ക്ക് വെറുതെ സംഗീതയെ ഒന്നോർത്തു;ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപേ; എന്തിനായിരിക്കും ആ കുട്ടി………..എന്ത് തന്നെ ആയാലും ഇനി വേറൊരു കുട്ടിക്കും ഇങ്ങനെ തോന്നാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ അവൾ മോളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു………..