അവൾ അമ്മയാവുമ്പോൾ….
രചന : നിള
::::::::::::::::::::::
” ഡീ.. നീ ഇത് എന്തിരിപ്പാ ഇരിക്കുന്നേ..? ഇപ്പോ ഏതായാലും കുഞ്ഞ് ഉറങ്ങുകയല്ലേ.. നിനക്ക് ആ നേരത്തിന് എഴുന്നേറ്റു പോയി തുണി കഴുകി ഇടുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തു കൂടെ..? കൊച്ചു ഉറങ്ങുന്നതിന്റെ കൂടെ ഉറങ്ങാൻ നിൽക്കരുത്.. “
ബെഡിൽ കിടക്കുകയായിരുന്ന മീനുവിന്റെ തോളിൽ തട്ടി രമണി വിളിച്ചു. അവൾ ഈർഷ്യയോടെ അവരെ നോക്കി.
“നീ എന്തിനാടി എന്നെ ഇങ്ങനെ നോക്കുന്നത്..? ഒരു കാര്യം പറഞ്ഞാൽ അത് അനുസരിക്കാൻ പറ്റില്ല. എന്നിട്ട് അവളുടെ ഒരു ജാതി നോട്ടവും പറച്ചിലും..”
രമണി ദേഷ്യത്തോടെ പറഞ്ഞു.
” ഇന്നലെ മുഴുവൻ കുഞ്ഞ് ഒരു പോള കണ്ണടച്ചിട്ടില്ല.അതുകൊണ്ട് ഇന്നലെ രാത്രിയിൽ ഞാനും ഉറങ്ങിയിട്ടില്ല. ഇപ്പോൾ ഒന്നു മയങ്ങിക്കോട്ടെ അമ്മേ.. “
ദയനീയമായ സ്വരത്തിൽ അവൾ പറഞ്ഞിട്ടും അവരുടെ മനസ്സ് അലിഞ്ഞില്ല.പകരം ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി.
” ആഹ്.. ഇനി അങ്ങനെ ഒക്കെ തന്നെയാ.. ഒരു കുട്ടി ഒക്കെ ആയാൽ അതിന്റെ സമയം അനുസരിച്ചു വേണം നമ്മൾ എന്തെങ്കിലും ചെയ്യാൻ. അല്ലാതെ, കൊച്ച് ഉറങ്ങുമ്പോൾ കൂടെ അമ്മമാരും ഉറങ്ങണം എന്നൊക്കെ പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ..?”
രമണി പറയുന്നത് കേട്ട് മീനുവിന് സങ്കടം വന്നു.
” ഇനിയും താങ്ങി തൂങ്ങി ഇരിക്കാതെ എണീറ്റ് പോയേ.. വേഗം കുളിച്ചു അടുക്കളയിലേക്ക് വാ.. അവിടെ നൂറു കൂട്ടം പണി കിടപ്പുണ്ട്. അപ്പോഴാണ്.. “
അവളോടായി പറഞ്ഞു കൊണ്ട് അവർ തിരികെ പോയി.
തന്റെ ക്ഷീണം മാറാൻ എന്ന പോലെ കുറച്ചു നേരം കൂടെ അവിടെ ഇരുന്നിട്ട് അവളെഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ രമണി അവിടെ എന്തൊക്കെയോ തിരക്കിട്ട പണികളിലാണ്. പിന്നിൽ ആളനക്കം അറിഞ്ഞതോടെ അവർ തിരിഞ്ഞു നോക്കി.
“ആ നീ വന്നോ..? ഇവിടെ താങ്ങി തൂങ്ങി നിൽക്കാതെ പോയി ആ തുണികൾ എടുത്ത് കഴുകി ഇടാൻ നോക്ക്. നിന്റെയും കൊച്ചിന്റെയും അവന്റെയും ഒക്കെ തുണികൾ ഉണ്ടാകുമല്ലോ..”
അവർ ദേഷ്യത്തോടെ പറഞ്ഞപ്പോൾ തലതാഴ്ത്തിക്കൊണ്ട് അവൾ മുറിയിലേക്ക് പോയി. വേഗത്തിൽ തന്നെ അവിടെ ചെന്ന് തുണികൾ എടുത്തു കൊണ്ടു വന്നു അലക്കിയിടാൻ തുടങ്ങി.
പക്ഷേ അവൾക്ക് വല്ലാത്ത വിശപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
തുണികൾ പകുതി അവിടെയിട്ട് അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.
” ഇത്ര പെട്ടെന്ന് നീ തുണി അലക്കി കഴിഞ്ഞോ..? “
അവളെ കണ്ടപ്പോൾ അവർ അന്വേഷിച്ചു.
” അല്ലമ്മേ.. എനിക്ക് വിശക്കുന്നു.. ആഹാരം എന്തെങ്കിലും കഴിച്ചിട്ട് അലക്കാം എന്ന് കരുതി..”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞപ്പോൾ അവർ ദേഷ്യത്തോടെ അവളെ നോക്കി.
” ലോകത്ത് ഒരിടത്തും ആരും പ്രസവിച്ചിട്ടില്ലാത്ത പോലെയാണ് ഇവിടത്തെ രീതികൾ. ഞാനും രണ്ടു പെറ്റതാണ്. അന്നൊന്നും ഇതുപോലെ സൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ. വീട്ടിലെ പണികളും കഴിഞ്ഞ് അതിനിടയിൽ കൊച്ചിനെയും നോക്കി ഞങ്ങൾ എന്തൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാമോ..? ഇപ്പോൾ സൗകര്യം കൂടി പോയതിന്റെ ആണ് നീയൊക്കെ ഈ കാട്ടിക്കൂട്ടുന്നത്.. “
ദേഷ്യത്തോടെ അവർ പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
” ഞാൻ വിശക്കുന്നു എന്നല്ലേ അമ്മേ പറഞ്ഞത്..? കുട്ടി പാല് കുടിക്കുന്നത് കാരണം ആഹാരം സമയത്ത് കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ..!”
സങ്കടത്തോടെ അവൾ പറഞ്ഞു.
” അങ്ങനെ സമയത്ത് എന്തെങ്കിലുമൊക്കെ കഴിക്കണം എന്നുണ്ടെങ്കിൽ നേരത്തും കാലത്തും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരണം. എട്ടു മണി വരെ ഉറങ്ങുകയും വേണം നേരത്തെ തിന്നുകയും വേണം എന്നൊക്കെ പറഞ്ഞാൽ.. ഇവിടെയെല്ലാം ചെയ്തു തരാൻ വേലക്കാരിയായി ഞാൻ നിൽക്കുന്നതു കൊണ്ടല്ലേ..? അല്ലെങ്കിൽ എന്ത് ചെയ്തേനെ..? “
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവർ സ്ലാബിൽ ഇരുന്ന ആഹാരത്തിനടുത്തേക്ക് ചെന്നു.
“ഇനി ആഹാരം കഴിക്കാത്തതു കൊണ്ട് നിനക്ക് ഒന്നും വരണ്ട.ഇത് കഴിക്ക്.. കഴിച്ചിട്ട് പോയി അലക്കിയിടാൻ നോക്ക്..”
അവർ ദേഷ്യത്തിൽ തന്നെ പറഞ്ഞപ്പോൾ തലതാഴ്ത്തിക്കൊണ്ട് അവരുടെ കയ്യിൽ നിന്ന് അവൾ ആഹാരമടങ്ങിയ പ്ലേറ്റ് വാങ്ങി. പിന്നെ ഒരിടത്തായിരുന്നു ആഹാരം കഴിക്കാൻ തുടങ്ങി.
“ഇങ്ങനെ കൊത്തി പറക്കി ഇരുന്നാൽ ഏത് നേരത്ത് കഴിച്ചു കഴിയാനാണ്..? വേഗം കഴിച്ചിട്ട് എഴുന്നേറ്റു പോകാൻ നോക്ക്.. എന്തെല്ലാം പണികൾ ഇവിടെ ബാക്കി കിടക്കുന്നു..”
അവർ വീണ്ടും പറഞ്ഞപ്പോൾ അവൾ തിടുക്കപ്പെട്ട് ആഹാരം വാരി കഴിച്ചു. ആ പ്ലേറ്റും കഴുകി വെച്ചിട്ട് അവൾ ബാക്കി തുണികൾ കഴുകിയിടാൻ തുടങ്ങി.
പക്ഷേ അപ്പോഴേക്കും കുഞ്ഞുണർന്നു കരച്ചിൽ തുടങ്ങി. അത് കേട്ടതോടെ അവൾ വേഗത്തിൽ മുറിയിലേക്ക് കയറി.
കുഞ്ഞിനെ തൊട്ടിലിൽ ആട്ടിയുറക്കാൻ നോക്കിയിട്ടും അവൻ ഉറങ്ങാനുള്ള ഭാവം ഒന്നുമുണ്ടായിരുന്നില്ല. അതോടെ അവൾ കുഞ്ഞിനെ കയ്യിലെടുത്ത് മുലയൂട്ടാൻ ആരംഭിച്ചു.
കുഞ്ഞിനെ കിടത്തി പാലു കൊടുത്തത് കൊണ്ട് തന്നെ ആ കിടപ്പിൽ കടന്ന് അവൾ ഉറങ്ങിപ്പോയി. അവൾക്കൊപ്പം കുഞ്ഞും.
തോളിൽ ശക്തമായി കിട്ടിയ അടി കാരണമാണ് അവൾ ഞെട്ടി ഉണർന്നത്.
” തുണികൾ കഴുകിയത് പകുതി പോലും ആയിട്ടില്ല. ഇനിയും തീരാൻ പണികൾ ഒരുപാട് ബാക്കിയുണ്ട് താനും. എന്നിട്ട് നീ ഇവിടെ വന്നു കിടന്നുറങ്ങുകയാണോ..? “
ദേഷ്യത്തിൽ അവർ ചോദിച്ചപ്പോഴാണ് താൻ ഉറങ്ങിപ്പോയി എന്ന് തന്നെ അവൾ അറിഞ്ഞത്.
” സോറി അമ്മേ.. ഞാൻ പറഞ്ഞില്ലേ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല.. മോന് പാല് കൊടുക്കാൻ കിടന്നപ്പോൾ ആ വഴിക്ക് ഉറങ്ങിപ്പോയതാണ്.. “
ക്ഷമാപണം പോലെ പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. കുഞ്ഞു വീഴാതിരിക്കാൻ തലയണ വച്ചു കൊടുത്തിട്ട് അവൾ തുണിയലക്കാനായി പോയി.
പണികളെല്ലാം കഴിഞ്ഞുവന്ന് ഉച്ചക്കലത്തെ ആഹാരവും കഴിച്ച് അവൾ കുഞ്ഞിനൊപ്പം കുറച്ചു സമയം പോയി കിടന്നു.
ഉമ്മറത്ത് ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് രമണി പുറത്തേക്ക് ചെന്നത്.
” ഞാൻ ഹെൽത്തിൽ നിന്നാണ്.. ഇവിടുത്തെ പെൺകുട്ടി പ്രസവിച്ചു വന്നു എന്ന് അറിഞ്ഞു.. അവളെ ഒന്ന് കാണാൻ വേണ്ടിയായിരുന്നു.. “
പുറത്തു വന്ന പെൺകുട്ടി പുഞ്ചിരിയോടെ പറഞ്ഞപ്പോൾ രമണി ചിരിച്ചു.
” അകത്തേക്ക് കയറിയിരിക്കു.. “
രമണി ക്ഷണിച്ചു.
“ഇല്ല.. വേണ്ട ചേച്ചി.. ഞാൻ ഒരു ബോധവൽക്കരണത്തിന്റെ ഭാഗമായിട്ട് വന്നതാണ്.. ഇവിടുത്തെ പെൺകുട്ടി ഇപ്പോൾ പ്രസവം കഴിഞ്ഞ് വന്നിട്ടല്ലേ ഉള്ളൂ.. അപ്പോൾ അവളുടെ സ്വഭാവത്തിൽ ഒക്കെ ഒത്തിരി മാറ്റങ്ങൾ ഉണ്ടായി എന്ന് വരും. അതിനെക്കുറിച്ച് വീട്ടുകാർ ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.”
ആ പെൺകുട്ടി പറഞ്ഞു തുടങ്ങിയപ്പോൾ രമണി ശ്രദ്ധയോടെ അവളെ നോക്കി.
” ഈ പ്രസവശേഷം പെൺകുട്ടികളുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ നടക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ചിലർ തടിക്കുന്നതും ചിലർ മെലിഞ്ഞു പോകുന്നതും, ചിലർക്കു മുടിയുണ്ടാകുന്നതും ചിലരുടെ മുടി കൊഴിഞ്ഞു പോകുന്നതും ഒക്കെ.ഇതൊക്കെ ആ പെൺകുട്ടികൾക്ക് ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ,തന്നെ എല്ലാവരും അവഗണിക്കുന്നു എന്നുള്ള തോന്നൽ, തന്നെക്കാൾ പ്രാധാന്യം കുഞ്ഞിനാണ് എന്നൊരു തോന്നൽ.. അങ്ങനെ അവരുടെ മനസ്സിന്റെ നില തെറ്റിക്കുന്ന പല കാര്യങ്ങളും ഉണ്ടാകും. ചിലപ്പോൾ രാത്രിയിൽ ഉറക്കമില്ലാത്ത കുട്ടികളായിരിക്കും. അതുകൊണ്ടുതന്നെ ആ രാത്രി മുഴുവൻ കുട്ടിയുടെ അമ്മയും ഉറക്കം കളയേണ്ടി വരും. അങ്ങനെയൊക്കെ വരുമ്പോൾ ആ പെൺകുട്ടികളുടെ ആരോഗ്യവും അവരുടെ മാനസിക നിലയും മാറിക്കൊണ്ടേയിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് അപകടങ്ങളിലേക്ക് ചെന്നു പെടാവുന്ന ഒരു മാനസികാവസ്ഥയാണ് അവരുടേത്. പലപ്പോഴും നമ്മൾ കേട്ടിട്ടില്ലേ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന്. പ്രസവശേഷം കുഞ്ഞിനെ അമ്മ കൊന്നുകളഞ്ഞു എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് ആശ്ചര്യം തോന്നാറില്ലേ..? അതിൽ ചില കേസുകൾ എങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ കൊണ്ടുണ്ടാകുന്നതാണ്. അതുകൊണ്ട് മോളെ നന്നായി ശ്രദ്ധിക്കണം. അവളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന എന്ത് വ്യത്യാസം ആണെങ്കിലും അത് കൃത്യമായി മനസ്സിലാക്കാനും അവളെ സ്നേഹത്തോടെ പരിചരിക്കാനും ഉപദേശിക്കാനും ശ്രമിക്കണം. “
ആ ഓഫീസർ പറഞ്ഞതൊക്കെ രമണി തലകുലുക്കി സമ്മതിച്ചു.
” മോൾ എവിടെ..? “
” കുഞ്ഞിനെ ഉറക്കുകയായിരുന്നു. ആ കൂട്ടത്തിൽ ചിലപ്പോൾ അവളും ഉറങ്ങിയിട്ടുണ്ടാകും. വിളിക്കണോ മാഡം..? “
രമണി ഭവ്യതയോടെ അന്വേഷിച്ചു.
” ഏയ് വേണ്ട.. ഇപ്പോൾ അവർക്ക് ഏറ്റവും ആവശ്യം റസ്റ്റ് ആണ്. ആ കുട്ടി റസ്റ്റ് എടുത്തോട്ടെ.. “
അത്രയും പറഞ്ഞ് ഒരു പുഞ്ചിരിയോടെ ആ ഓഫീസർ ഇറങ്ങി നടക്കുമ്പോൾ, തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ മനസ്സിലാക്കിയെടുക്കുകയായിരുന്നു രമണി. ഇനി ഒരിക്കലും അത് ആവർത്തിക്കില്ല എന്ന നിശ്ചയം കൂടി ആ നിമിഷം അവരുടെ മനസ്സിൽ ഉണ്ടായിരുന്നു.