പാലപ്പൂക്കൾ – രചന: സുധി
എന്നും ഇങ്ങനെ ഈ പാലമരച്ചോട്ടിൽ പ്രണയിച്ചിരിക്കാനാണോ മോന്റെ ഉദ്ദേശം. എത്രയും പെട്ടെന്ന് ഒരു താലീം കെട്ടി എന്നെ കൊണ്ടുപോയില്ലെങ്കിൽ വേറെ ചെക്കന്മാരുവന്ന് എന്നെ കെട്ടി കൊണ്ടു പോവും ട്ടോ സുധിയേട്ടാ…
ക്ഷേത്രത്തിലെ പാലമരച്ചോട്ടിൽ ആരും കാണാതെ വല്ലപ്പോഴും ഒന്നു മിണ്ടാൻ കിട്ടുന്ന സമയത്താണ് പെണ്ണിന്റെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കുന്നത്. ഇത്രേം പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം ബലൂൺ പോലെ വീർത്തു വരുന്നുണ്ടായിരുന്നു.
സുധിയേട്ടനു എല്ലാം തമാശയാ…ഇന്നലെയും എന്നെ കാണാൻ ഒരുക്കൂട്ടരു വന്നിരുന്നു. ഓരോ കാരണങ്ങൾ പറഞ്ഞ് എത്ര നാളെന്നുവച്ചാ ഓരോ ആലോചന ഇങ്ങനെ മുടക്കുന്നത്.
ഒരു ജോലി ആയിട്ടു വന്നാൽ എന്നെ എന്റെ അച്ഛൻ തന്നെ സുധിയേട്ടനെ ഏൽപ്പിക്കും. അമ്മക്കും അച്ഛനും സുധിയേട്ടനെ വല്ല്യ കാര്യമാ…ചെറുപ്പം മുതലേ കാണുന്നതല്ലേ അവരു സുധിയേട്ടനെ.
സുധിയേട്ടന്റെ അച്ഛന്റെ ഭാഗ്യാ, ഇങ്ങനെ ഒരു മോനെ കിട്ടിയത് എന്ന് എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ട്. എത്രയും വേഗം ഒരു ജോലി ആയി വന്നു എന്നെ പെണ്ണു ചോദിക്കൂ സുധിയേട്ടാ…
ശ്രമിക്കാത്തത് കൊണ്ടാണോ, നിനക്കും അറിയുന്നതല്ലേ. നല്ലൊരെണ്ണം ശരിയാവണ്ടേ…
സുധിയേട്ടാ…പിന്നെ…ഇന്നലെ അമ്മാവൻ വന്നിരുന്നു. അമ്മാവന്റെ മോനെ കൊണ്ട് എന്നെ കെട്ടിക്കാനുള്ള പരിപാടിയാ…എനിക്കു പേടിയായിട്ടു വയ്യ…
ഓഹോ…!! കിളവനെ അങ്ങു തട്ടി കളഞ്ഞാലോ നമുക്ക്…
ദേ സുധിയേട്ടാ…മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാ ഒരു തമാശ പറച്ചിൽ. ഞാൻ പോവാ…ഇവിടെ ഒറ്റക്കു ഇരുന്നു തമാശ പറഞ്ഞു രസിച്ചാൽ മതി.
ഒന്നു ഞാൻ പറയാം സുധിയേട്ടാ…സുധിയേട്ടൻ കെട്ടുന്ന താലിയ്ക്കു മുന്നിൽ അല്ലാതെ വേറെ ആർക്കു മുന്നിലും ഈ ശ്രീദേവി കഴുത്തു നീട്ടി കൊടുക്കില്ല. മറിച്ചു സംഭവിച്ചാൽ സുധിയേട്ടൻ പിന്നെ ശ്രീക്കുട്ടിയെ ജീവനോടെ കാണില്ല.
എന്റെ ശ്രീക്കുട്ടീ…നീ ഈ സീരിയൽ കാണുന്നത് നിർത്തിക്കോട്ടോ. അതിലുള്ള ഡയലോഗും പറഞ്ഞു വരും.
ഡയലോഗ്, എല്ലാം ഞാൻ കാണിച്ചു തരുന്നുണ്ട്…എന്നും പറഞ്ഞ് ദേഷ്യത്തിൽ പോവാൻ തുനിഞ്ഞ അവളെ വലിച്ചു എന്നിലേക്ക് ചേർത്തു നിർത്തി.
പിണങ്ങി പോവാനാണോ ഞാൻ ഈ പാലമരത്തിനടിയിൽ എന്റെ യക്ഷിയെ കാത്തു ഇത്ര നേരം കാത്തിരുന്നേ…എന്നും പറഞ്ഞ് നെറ്റിയിലൊരു ഉമ്മ നൽകിയപ്പോൾ അവൾ ഒരു കള്ള ചിരിയോടെ എന്റെ അരികിലേക്ക് ചേർന്നിരുന്നു.
എന്റെ ശ്രീക്കുട്ടിക്കു ഞാനൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ടല്ലോ…ആഹാ, വേഗം താ…ഇല്ല, ആദ്യം കണ്ണുകൾ അടച്ച് കൈ നീട്ടു. അപ്പൊ തരാം.
ദേ, സുധിയേട്ടാ എന്തെങ്കിലും കുസൃതി ചെയ്യാനാണെങ്കിൽ പിന്നെ ഞാൻ മിണ്ടില്ലാട്ടോ…എന്റെ പൊന്നുമോളു ആദ്യം ഞാൻ പറഞ്ഞ പോലെ ചെയ്തേ വേഗം. മം..ഒരു കുഞ്ഞിനെ പോലെ കണ്ണുകളടച്ച് എനിക്കു നേരെ നീട്ടിയ കൈകളിൽ ഞാനാ കവർ വച്ചു കൊടുത്തു.
ഇനി എന്റെ ശ്രീക്കുട്ടി കണ്ണു തുറന്നോ…
ഇത് എന്താ സുധിയേട്ടാ…?
തുറന്ന് വയിച്ചു നോക്കെടി പോത്തെ…എന്നെ നോക്കി ഒന്നു കണ്ണുരുട്ടി, ആകാംക്ഷയോടെ കവർ തുറന്ന് വായിക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ജോലി കിട്ടി, അതിന്റെ അപ്പോയ്മെന്റ് ലെറ്റർ ആണ് മോളെ…എങ്ങനെയിണ്ടു എന്റെ സമ്മാനം കൊള്ളാമോ…എന്റെ കണ്ണാ…ന്നു മനസ്സ് നിറഞ്ഞു വിളിച്ച് അവൾ ശ്രീകോവിലേക്ക് നോക്കുമ്പോൾ കണ്ണന്റ മുഖത്ത് ഒരു കള്ളച്ചിരി കാണാമായിരുന്നു.
ഇനി നിന്നെ ഒരു കോന്തനും കെട്ടാൻ പോണില്ല പേണ്ണേ…വരുന്നുണ്ട് ഞാൻ എന്റെ അമ്മേനെയും കൂട്ടി നിന്നെ പെണ്ണു ചോദിക്കാൻ…ഇനി എന്റെ ശ്രീക്കുട്ടിക്കു അതികമൊന്നും കാത്തിരിക്കേണ്ടി വരില്ലാട്ടോ. കെട്ടി കൊണ്ടു പോവും പെണ്ണേ നിന്നെ ഞാൻ, എന്റെ നല്ലപാതിയാക്കാൻ.
അതു കേട്ടപ്പോൾ നാണത്താൽ താമരമൊട്ടു പോലെ കൂമ്പി നിൽക്കുന്ന അവളെ എന്നിലേക്ക് ചേർത്ത് നിർത്തുമ്പോൾ, ഇളം കാറ്റിൽ പൊഴിഞ്ഞു വീഴുന്ന പാലപൂക്കൾക്ക് പതിവില്ലാത്തൊരു സൗരഭ്യമായിരുന്നു…