രചന: Jishnu Ramesan
=================
അയാളാ വീട്ടിൽ രാത്രി വൈകി കക്കാൻ കയറിയപ്പോ കണ്ടു, കരഞ്ഞ് കട്ടിലിൻ്റെ ഓരം പറ്റി കിടക്കണ ആ പെണ്ണിനെ…
പണ്ടേതോ സിനിമയിൽ കണ്ടത് പോലെ ആ പെണ്ണിൻ്റെ ഭർത്താവ് ഒരു കുറ്റി ബീ ഡി വലിച്ച് കട്ടിലിൽ ഇരിക്കുന്നുണ്ട്…
അന്നവിടെ കക്കാൻ കയറാണ്ട് അയാള് തിരിച്ച് പോയിരുന്നു…പിറ്റേന്ന് അയാള് ആ പെണ്ണിനെ കണ്ടിരുന്നു, തലേന്ന് രാത്രി ഒന്നും സംഭവിക്കാത്ത പോലെ, നല്ലോണം ചിരിച്ച് അഭിനയിക്കുന്ന അവളെ…
മറ്റൊരു വീട്ടിൽ രാത്രി വൈകി കയറിയപ്പോ അയാള് കണ്ടു, സുന്ദരമായി ചിരിക്കുന്ന ഒരു പെണ്ണിനേയും അവളുടെ ഭർത്താവിനെയും…
പിറ്റേന്ന് പകൽ സമയത്ത് അയാള് കണ്ടു തലേന്ന് രാത്രി കണ്ട പെണ്ണും അവളുടെ ഭർത്താവും മുരടിച്ച മുഖമായി നിൽക്കുന്നത്… തലേന്ന് രാത്രിയിലെ മനുഷ്യരേ അല്ല അവര്…..
ഒരിക്കല് ഒരൂസം ആ കള്ളൻ വയ്യാണ്ട് കിടന്നപ്പോ.അയാളുടെ പെമ്പറന്നോത്തി ചോദിച്ചു, ” നിങ്ങക്ക് കളവ് നിർത്താൻ ഉദ്ദേശമില്ലെങ്കില് പകല് പൊയ്ക്കൂടെ…!രാത്രി ഇവിടെ എൻ്റെ കൂടെ ഇരുന്നൂടെ മനുഷ്യാ…!”
‘പകല് പോവാൻ എനിക്ക് പേടിയാണ്ട്രി…രാത്രീല് പോയാ പലതരം മനുഷ്യരെ കാണാം… പലതരം സ്വഭാവം കാണാം…’
“എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ എന്തിനാ കള്ളനാണെന്ന് തുറന്നു പറഞ്ഞത്…?”
‘അത് കൊണ്ട് ഇപ്പോഴും എനിക്കും നിനക്കും.മനസ്സ് നിറഞ്ഞ് ചിരിക്കാൻ പറ്റണുണ്ട്… പകലും.രാത്രീലും അഭിനയിക്കേണ്ടി വരുന്നില്ല… നിനക്ക് കരയേണ്ടി വന്നിട്ടില്ല… അപ്പോഴും ഞാനൊരു കള്ളനാണെന്ന് മാത്രം…’
അയാള് പിന്നേം പിന്നേം രാത്രി വൈകി കക്കാൻ കയറിയിരുന്നു… കളവുകൾക്ക് പരാതി കൊടുത്ത് നാട്ടാരും പഴകിയിരുന്നു…അയാളെ ഇന്നേ വരെ ആരും പിടികൂടിയിട്ടില്ല…
കാരണം, സമാധാനമുള്ള വീട്ടില് മാത്രേ അയാള് കക്കാൻ കയറുകയുള്ളൂ…രാത്രി വൈകി ഭാവം മാറുന്ന മനുഷ്യൻമാരുള്ള ഇടം അയാള് ഒഴിവാക്കിയിരുന്നു…മനസമാധാനം പിടികൂടിയ ആളുകളുള്ള വീട്ടിലെ മനുഷ്യരാണ് ഏറ്റോം സുന്ദരമായി ഉറങ്ങുന്നത്…
ഒരൂസം അയാളേം പിടികൂടും…ഒരൂസം അയാളുടേം മനസമാധാനം പോകും…ഇതെല്ലാം അറിഞ്ഞിട്ടും പിന്നേം പിന്നേം രാത്രി വൈകി അയാള് കക്കാൻ കയറിയിരുന്നു സമാധാനമുള്ള ഏതെങ്കിലും വീട്ടില്…