സ്വന്തം ഭാര്യയെ പെണ്ണ് കാണാൻ വരുന്നവനെ സൽകരിക്കരിക്കേണ്ട, ഒരു ഭർത്താവിന്റെ ഗതികേട് ഓർത്ത്…

രചന : സജി തൈപ്പറമ്പ്

::::::::::::::::::::

“എനിക്കൊരു ഭർത്താവിനെ കൂടി വേണമെന്ന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ,നിങ്ങൾ രണ്ടാമതൊന്ന് കൂടി കല്യാണം കഴിച്ചപ്പോൾ ഞാനെതിർത്തോ?

റാബിയയുടെ ചോദ്യം ഹാഷിമിനെ വീണ്ടും ചൊടിപ്പിച്ചു.

“എടീ.. ഹമുക്കേ ഞാൻ രണ്ടാമത് കെട്ടിയെങ്കിൽ നിനക്കെന്തെങ്കിലും കുറവുണ്ടായോ ,നിനക്ക് ഞാൻ ഉണ്ണാൻ തരുന്നില്ലേ ,ഉടുക്കാൻ തരുന്നില്ലേ, കിടപ്പറയിൽ പോലും നിന്നെ ഞാൻ തൃപ്തിപ്പെടുത്തുന്നില്ലേ?

ഹാഷിം തന്നെ ന്യായീകരിച്ച് കൊണ്ട് ആദ്യഭാര്യയോട് തർക്കിച്ചു.

“അപ്പോൾ പിന്നെ, എനിക്കെന്ത് കുറവുണ്ടായിട്ടാണ്, നിങ്ങള് രണ്ടാമതൊരുത്തിയെ തേടിപ്പോയത്, നിങ്ങൾക്ക് ഞാൻ സമയാസമയങ്ങളിൽ വച്ച് വിളമ്പി തരുന്നില്ലേ, നിങ്ങളുടെ വിഴുപ്പലക്കുന്നില്ലേ? നിങ്ങളെന്നെ മൂന്ന് വട്ടം ഗർഭിണിയാക്കിയപ്പോൾ നിങ്ങളുടെ മക്കളെ ഞാൻ നൊന്ത് പ്രസവിച്ചില്ലേ? പിന്നെന്ത് കുറവാണ് നിങ്ങളെന്നിൽ കണ്ടത്, ഒന്ന് പറഞ്ഞ് താ”

റാബിയയുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ഹാഷിമിന് ഉത്തരം മുട്ടി.

“എടീ… ഞാൻ മാത്രമല്ല ഈ ലോകത്ത് രണ്ട് ഭാര്യമാരുള്ളത് ,എന്റെ ഉപ്പയ്ക്കും വല്യുപ്പയ്ക്കുമൊക്കെ രണ്ട് ഭാര്യമാർ വീതമുണ്ടായിരുന്നു ,എന്നിട്ട് അവരൊക്കെ ഒരുമയോടെ ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിച്ചില്ലേ ?പിന്നെ, നിനക്ക് മാത്രമെന്താ ഇത്ര ചൊറിച്ചില്”

“ഓഹോ, അപ്പോൾ ആണുങ്ങൾക്ക് എന്തുമാവാം, പെണ്ണുങ്ങൾ എപ്പോഴും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഒരടിമയെ പോലെ ജീവിച്ചോണമല്ലേ?എന്നാൽ കേട്ടോ ,അതൊക്കെ പണ്ടായിരുന്നു ,ഇപ്പോഴത്തേ പെണ്ണുങ്ങൾ, വിവരവും വിദ്യാഭ്യാസവുമുള്ളവരാ, ഞങ്ങളുടെ മാതാപിതാക്കൾ വിദ്യാഭ്യസം തന്ന് ഞങ്ങളെ സ്വയം പ്രാപ്തരാക്കിയിട്ടാണ്, നിങ്ങളെ പോലെയുള്ള ആണുങ്ങൾക്ക് കെട്ടിച്ച് തന്നത്, ഭാര്യയായത് കൊണ്ട്, ഞങ്ങളെ എന്നും നിങ്ങളുടെ കാൽചുവട്ടിലിട്ട് ചവുട്ടി അരയ്ക്കാമെന്ന് വ്യാമോഹിക്കേണ്ട, അത് കൊണ്ട്, ഞാൻ നമ്മുടെ ബ്രോക്കറ്കാക്കാനോട്, ഒരു ചെറുക്കനെ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് ,ചിലപ്പോൾ ഇന്ന് ഉച്ചകഴിഞ്ഞ്, പെണ്ണ് കാണാൻ ആരെങ്കിലും വരാൻ സാധ്യതയുണ്ട്, നിങ്ങള് കവലയിൽ പോയി, പാലും ,കഴിക്കാൻ എന്തെങ്കിലും പലഹാരങ്ങളും വാങ്ങിച്ചോണ്ട് വാ”

ഭാര്യയുടെ കൂസലില്ലായ്മ കണ്ട് ഹാഷിം വാ പൊളിച്ച് നിന്നു, ഇനി അവളോട് തർക്കിച്ച് നിന്നിട്ട് ഫലമില്ലെന്ന് മനസ്സിലായ ഹാഷിം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.

കവലയിലേക്ക് നടക്കുമ്പോൾ ഹാഷിമിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു.

റാബിയയുടെ തീരുമാനത്തിന് എങ്ങനെയെങ്കിലും തടയിടണം.

പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവളാണ് റാബിയ.

സ്വന്തം ഭാര്യയെ പെണ്ണ് കാണാൻ വരുന്നവനെ സൽകരിക്കരിക്കേണ്ട, ഒരു ഭർത്താവിന്റെ ഗതികേട് ഓർത്ത് ഹാഷിമിന് ആത്മനിന്ദ തോന്നി, എങ്ങനെയെങ്കിലും അവളെ ഇതിൽ നിന്നും പിന്തരിപ്പിക്കണം, അതിനായ് ഹാഷിം ചില തന്ത്രങ്ങൾ മെനഞ്ഞു, എന്തായാലും അയാൾ വന്ന് കണ്ടിട്ട് പോകട്ടെ

ഹാഷിം ,കവലയിലെ ബേക്കറിയിൽ നിന്നും മൂന്നാല് തരം പലഹാരങ്ങളുമായി തിരിച്ച് വീട്ടിലെത്തുമ്പോൾ ,ബ്രോക്കറ് കാക്കയും വേറെ രണ്ട് ചെറുപ്പക്കാരും വരാന്തയിലെ സോഫയിലിരിക്കുന്നു.

റാബിയ ,വാതില്ക്കൽ ഡോർകർട്ടന് പിന്നിൽ മറഞ്ഞ് നിന്ന്, മുഖം മാത്രം പുറത്ത് കാണിച്ച് ,വന്നവരോട് സംസാരിച്ച് കൊണ്ട് നില്ക്കുന്നു .

“ദാ.. ഇതാണ് എന്റെ ഭർത്താവ്”

പടി കടന്ന് വന്ന ഹാഷിമിനെ നോക്കി റാബിയ ,വന്നവരോടായി പറഞ്ഞു.

“അസ്സലാമു അലൈക്കുo”

കൂട്ടത്തിലിരുന്ന സുമുഖനായ ചെറുപ്പക്കാരൻ ഹാഷിമിനോട് സലാം പറഞ്ഞു.

ങ് ഹേ! ഇത്രയും പ്രായം കുറഞ്ഞവനാണോ റാബിയയെ പെണ്ണ് കാണാൻ വന്നത്.

അങ്ങനെ സംശയിച്ച് കൊണ്ട് ഹാഷിം സലാം മടക്കി.

“നിങ്ങളിരിക്ക് ഞാനിപ്പോൾ വരാം”

അതും പറഞ്ഞ് ഹാഷിം ,റാബിയയെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.

“എടീ.. നിന്നെപ്പോലൊരു മുതുക്കിയെ പെണ്ണ് കാണാനാണോ ആ പയ്യൻ വന്നിരിയ്ക്കുന്നത്, അവനെന്തൊ തലയ്ക്കസുഖമുണ്ടോ?

“എന്റെ മനുഷ്യാ… അസുഖം ആ കൊച്ചനല്ല ,നിങ്ങൾക്കാണ്, അവര് വന്നത് നമ്മുടെ മൂത്ത മകൾ സാബിറാനെ പെണ്ണ് കാണാനാ, അല്ലാതെ നിങ്ങള് കരുതുന്നത് പോലെ, എന്നെ കാണാനല്ല ,ഞാനങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് നിങ്ങളെ പോലെ അധ:പതിക്കാൻ കഴിയില്ലല്ലോ? എത്രയൊക്കെയായാലും ഞാനൊരു സ്ത്രീയല്ലേ? കവലയിലും ,ചാനലുകളിലും, സ്ത്രീ സദസ്സുകളിലുമൊക്കെ സ്ത്രീ സ്വാതന്ത്ര്യവും , ശാക്തീകരണവുമൊക്കെ ഘോര ഘോരം പ്രസംഗിച്ചാലും, ആണുങ്ങളോടുള്ള വാശി കൊണ്ട്, കുടുംബത്തെയും, സമൂഹത്തെയും മറന്ന്, ഒരു ഉത്തമയായ സ്ത്രീക്ക് നിങ്ങൾ ആണുങ്ങളെ പോലെ തരം താഴാൻ കഴിയില്ലല്ലോ, പിന്നെ, മോളുടെ വിവാഹ കാര്യത്തിൽ ഞാൻ മുൻകയ്യെടുത്തത്, നിങ്ങൾ അലസത കാണിച്ചത് കൊണ്ട് മാത്രമാണ് , രണ്ട് കുടുംബമാകുമ്പോൾ അങ്ങനാ, ഉത്തരവാദിത്വങ്ങളൊക്കെ ചിലപ്പോൾ മറന്ന് പോകും ,നിങ്ങൾ പൂമുഖത്തേക്ക് ചെല്ല്, ഞാൻ മോളെയും കൂട്ടി അങ്ങോട്ട് വരാം “

വീണ്ടും ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരം മുട്ടി ,ഒരു തികഞ്ഞ പരാജിതനായി, അയാൾ ഉമ്മറത്തേക്ക് നടന്നു.