ആ ഇരുണ്ട രാത്രി…
രചന : ഭാഗ്യലക്ഷ്മി. കെ. സി
::::::::::::::::::::::::::
വീടെടുക്കാൻ പുതിയ പ്ലാനൊന്ന് വരക്കാൻ പറഞ്ഞ് അനന്തേട്ടന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട് നാല് മാസമായി. വാടക കൊടുത്ത് മടുത്തു. ലോൺ പാസ്സായിട്ടുണ്ട്. വളപ്പിലുള്ള തേക്കും പ്ലാവും വെട്ടി പലകയാക്കി വെള്ളം വലിയാൻ അട്ടിയിട്ടിട്ടുണ്ട്.
പ്ലാൻ എപ്പോൾ വേണമെങ്കിലും വരക്കാം. എന്റെ ജോലി അതല്ലേ…
സീമ പരിഭവിക്കുമ്പോഴൊക്കെ അയാളുടെ ഉത്തരം അതാണ്.
അങ്ങനെ പറഞ്ഞാൽ പറ്റില്ല..
അവൾ ചൊടിക്കും.
പിന്നെ..? എത്ര പ്ലാൻ വേണം നിനക്ക്..? ഞാൻ പല൪ക്കുമായി വരച്ചുകൊടുത്ത നല്ല പത്ത് പന്ത്രണ്ട് പ്ലാൻ ആ മേശവലിപ്പിലുണ്ട്..നിനക്ക് ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്തോളൂ..
അതല്ല അനന്തേട്ടാ..നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പുതിയതായി ഒന്ന് വരക്കണം. ഞാനന്ന് പറഞ്ഞിരുന്നില്ലേ ഇവിടെ ഒരു പൂജാമുറി, ദാ അവിടെ നല്ലൊരു പൂമുഖം, പിന്നെ ഇങ്ങനെ വലിയൊരു ഹാൾ, കിച്ചൻ ആ ഭാഗത്ത്..ഡൈനിങ്ങ് റൂം ചെറുത് മതി…താഴെയും മുകളിലും രണ്ട് ബെഡ് റൂം..
ശരി വരച്ചേക്കാം…
അനന്തേട്ടൻ ഷേവ് ചെയ്യുന്നതിനിടയിൽ തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഏറ്റതാണ്. ഇന്നലെ വൈകുന്നേരം വരുമ്പോൾ കൈയിൽ ഒരു ഫയൽ കണ്ടിരുന്നു. അതിൽ ഒരു പ്ലാനാണെന്ന് തോന്നിയിരുന്നു.
പക്ഷേ മറുകൈയിലുള്ള പാക്കറ്റിലെ മത്സ്യം വാങ്ങി അടുക്കളയിൽ ചെന്നപ്പോഴാണ് മൊബൈൽ റിങ് ചെയ്തത്. അമ്മയായിരുന്നു. അനന്തേട്ടന് ചായയിട്ടുകൊണ്ടുതന്നെ അമ്മയോട് കുറേനേരം കത്തിവെച്ചു. അനന്തേട്ടൻ കുളിച്ചുവന്നപ്പോഴാണ് അത് മതിയാക്കി ചായ കൊടുത്തത്. പിന്നീട് മത്സ്യം മുറിച്ച് ഉപ്പും മുളകും പുരട്ടി ഫ്രിഡ്ജിൽ വെച്ചു. കുളിച്ചുവന്ന് രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കി പാത്രങ്ങളും കഴുകി കുറച്ചു സമയം മൊബൈലിൽ നോക്കിയിരുന്നു.
പിള്ളേരുടെ സംശയങ്ങളും രാവിലെ ഉണ്ടാക്കേണ്ട തോരന് അരിഞ്ഞുവെക്കലും ഡ്രസ് അയൺചെയ്ത് വെക്കലും കഴിഞ്ഞ് ഉറക്കം വന്നതും കിടന്നതോ൪മ്മയില്ല. രാവിലെ പതിവുപോലെ ജോലികളെല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോഴാണ് അനന്തേട്ടന്റെ കൈവശം തലേന്ന് കണ്ട ഫയൽ ഓ൪മ്മ വന്നത്. വേഗം മേശവലിപ്പിൽ പോയി നോക്കി.
അതവിടെയുണ്ട്. വേഗം എടുത്തുനോക്കി.
അയ്യോ.. ! താൻ പറഞ്ഞതുപോലെയൊന്നുമല്ല…രണ്ട് ബെഡ് റൂം താഴെ വരക്കുന്നതിന് പകരം മൂന്നെണ്ണം..നീളത്തിലുള്ള ഹാളിന് പകരം ചതുരത്തിലുള്ളത് വരച്ചുവെച്ചിരിക്കുന്നു. അടുക്കള കടല് പോലെയുണ്ട്…ഇതാര് വൃത്തിയാക്കുമെന്നാ…
എടീ, ചായ…സീമേ, ഷ൪ട്ടെവിടെ…എടീ, എന്റെ ഷേവിങ് സെറ്റെവിടെ..? സീമേ … ഒന്നിങ് വന്നേ…
ഇങ്ങനെ അലറുന്ന ആളാണ്..സീമക്ക് ദേഷ്യം വന്ന് കണ്ണ് കാണാൻ പറ്റാതായി. പല്ല് ഞെരിച്ച് കുറച്ചുദേഷ്യം ആ വഴി കളയാൻ നോക്കി. എന്നിട്ടും അടങ്ങുന്നില്ല. ഇത്രയും വലിയ വീട് വെക്കാൻ ഈ ലോൺ എടുത്തതൊന്നും മതിയാവില്ല. ഇതിന്റെ പകുതി പണി തീരുമെന്ന് തോന്നുന്നില്ല..
ക്ലാസ് മേറ്റ് മീറ്റിന് പോയപ്പോൾ കൂടെ പഠിച്ചവ൪ക്കൊക്കെ വീടായിരിക്കുന്നു. താൻ മാത്രമാണ് ഇപ്പോഴും വാടകവീട്ടിൽ..പിള്ളേരൊക്കെ വള൪ന്നുവരുന്നു..ഇനിയെത്രനാൾകൂടി ഇവിടെ നിൽക്കേണ്ടിവരും ഇങ്ങനെ അനാസ്ഥ കാണിച്ചാൽ…
സീമയുടെ ദേഷ്യം ഏതിലൂടെയൊക്കെയോ ഇരച്ചുകയറി. പെട്ടെന്നൊരാവേശത്തിന് അവളാ പ്ലാൻ തലങ്ങും വിലങ്ങും വലിച്ചുകീറി. കൃത്യമായി അതേസമയത്ത് മൊബൈൽ റിങ് ചെയ്തു. അനന്തേട്ടനാണ്.
ഹലോ…
സീമേ..ഞാനിന്നലെ ഒരു ഫയൽ കൊണ്ടുവെച്ചതുണ്ട് മേശവലിപ്പിൽ..സലീഷ് ആവഴി വരും, അവനത് എടുത്ത് കൊടുക്കണം. പറയാൻ വിട്ടുപോയി..
പറഞ്ഞുകഴിഞ്ഞതും അയാൾ ഫോൺ വെച്ചു. തന്റെ കൈകൾ വിറക്കുന്നത് സീമ അറിഞ്ഞു. എന്തുചെയ്യുമെന്ന് ഒരെത്തുംപിടിയും കിട്ടിയില്ല.
സലീഷ് അനന്തേട്ടന്റെ കൂട്ടുകാരനാണ്. ഗൾഫിൽനിന്നും വന്നത് രണ്ടാഴ്ച മുമ്പാണ്. താൻ അടുക്കളയിൽ ചായയെടുക്കാൻ പോയപ്പോൾ വീടെടുക്കുന്നതിനെക്കുറിച്ചൊക്കെ പറയുന്നത് കേട്ടിരുന്നു. അനന്തേട്ടനോട് പ്ലാൻ വരച്ചുകൊടുക്കാൻ പറഞ്ഞിട്ടുണ്ടാകും..
ഇനിയിപ്പോ എന്താ ചെയ്ക…
സീമ ആകെ പരിക്ഷീണയായി. കീറിയെറിഞ്ഞ പ്ലാനെടുത്ത് ഒട്ടിക്കാമോ എന്നൊരു ശ്രമം നടത്തിനോക്കി അവൾ. ശരിയാവുന്നില്ല. അടുക്കള നാല് കഷണമായിട്ടുണ്ട്. പൂജാമുറിയുടെ മൂല കാണുന്നില്ല. കാറ്റിൽപറന്ന് അത് അലമാരയുടെ അടിയിൽ പോയിക്കിടന്നിരുന്നു. വരാന്തയുടെ സ്റ്റപ്പും വാതിലും പകുതി പൊട്ടിക്കിടപ്പാണ്.
സീമക്ക് തലകറങ്ങുന്നതായി തോന്നി. സലീഷ് വരുമ്പോൾ ഇനിയെന്ത് പറയും…അനന്തേട്ടൻ ഇന്നീ വീടെടുത്ത് കമഴ്ത്തിവെക്കും..പിള്ളേര് കാണുമല്ലോ താൻ തലതാഴ്ത്തി നിൽക്കുന്നത്…അല്ലെങ്കിലും വന്നുവന്ന് അവ൪ക്ക് തന്നെ അശേഷം ബഹുമാനമില്ല. താൻ പറയുന്നതൊന്നും കേൾക്കുകയുമില്ല. അച്ഛൻ മതി എല്ലാറ്റിനും..
താനൊരു ഭൂലോകതോൽവിയായിപ്പോയല്ലോ…
ആലോചിച്ചാലോചിച്ച് സീമ വൈകുന്നേരമാക്കി. സലീഷ് വന്നതുമില്ല. കുട്ടികൾ വന്നതും ചായയിട്ട് കൊടുത്തതും അടിച്ചുവാരിയതും വീട്ടുജോലികൾ ചെയ്തതും നി൪ജ്ജീവമായാണ്.
അമ്മയ്ക്ക് പനിയുണ്ടോ..?
ഇളയത് വന്ന് നെറ്റി തൊട്ടുനോക്കി.
ഇല്ലെന്ന് പറഞ്ഞിട്ടും പോകാതെ വീണ്ടും കഴുത്തിലും നെഞ്ചിലുമെല്ലാം തൊട്ടുനോക്കി കവിളിൽ ഒരു ഉമ്മയൊക്കെ തന്ന് അവൾ കളിക്കാൻ പോയി. ഇന്നിവിടെ നടക്കാനുള്ള രാവണവധമോ൪ത്ത് തന്റെയുള്ളിൽ ഭീതി പതഞ്ഞുപൊങ്ങി.
അല്ല, തനിക്കിത് വരണം..പ്ലാൻ ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെ വെച്ചാൽപ്പേരേ..അത് കീറി എട്ട് കഷണമാക്കേണ്ട കാര്യമുണ്ടോ..
കുളിക്കാൻ കയറിയിട്ടും കണ്ണുനീർ വീണ് കവിൾ നനയുന്നുണ്ടായിരുന്നു.
അമ്മേ, ദേ.. അച്ഛൻ വന്നു..
മകൾ വിളിച്ചുപറയുന്നത് കേട്ടു.
മേശപ്പുറത്ത് എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. അകത്തെ ബാത്ത് റൂമിൽനിന്നാണ് അനന്തേട്ടന്റെ കുളി. അതെല്ലാം കഴിഞ്ഞേ താൻ അനന്തേട്ടന്റെ മുന്നിൽ പോകുന്നുള്ളൂ…എല്ലാം പറഞ്ഞുകഴിഞ്ഞ് ദേഷ്യത്തിന് ഒന്നും കഴിക്കാതിരുന്നാലോ..വിശന്ന് വരുന്നതല്ലേ..
സീമ കുളിമുറിയിൽനിന്നും ഇറങ്ങാൻ പിന്നെയും വൈകി.
ഇന്നെന്തുപറ്റി..?
അനന്തേട്ടൻ തന്റെ പതിവുസമയത്തെ രീതികളെല്ലാം മാറിയതുകണ്ട് ചോദിക്കുകയും ചെയ്തു. ഒന്നും പറയാൻ ധൈര്യം വന്നില്ല. ഒന്ന് വേഗം രാത്രിയായി പിള്ളേരുറങ്ങിയാൽ മതിയെന്നായി. അവിടെയും ഇവിടെയും തഞ്ചിനിൽക്കുന്നതും ആബ്സെന്റ് മൈൻഡായുള്ള തന്റെ ഇരിപ്പും നെടുവീ൪പ്പും എല്ലാം കണ്ട് കിടക്കാൻ പോയാലുടൻ വീണ്ടും ചോദ്യമുണ്ടാകുമെന്നറിയാം.
എന്ത് പറയും… എങ്ങനെ പറയും…
അടുക്കളയിലെ എല്ലാ ജോലികളും തീ൪ത്ത് വിറക്കുന്ന കാലുകളോടെ ബെഡ് റൂമിൽ എത്തിയപ്പോൾ അനന്തേട്ടൻ ഉറക്കം പിടിച്ചിരുന്നു. കുറച്ച് ആശ്വാസം തോന്നി. പക്ഷേ അധികം താമസിയാതെ നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ ഒരു വിമ്മിഷ്ടം കടന്നുവന്നു. എന്ത് ചെയ്യേണ്ടൂ എന്നറിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പറഞ്ഞേതീരൂ..എന്നാലേ ഇതിൽനിന്നും രക്ഷയുള്ളൂ..
സീമ രണ്ടും കൽപ്പിച്ച് എഴുന്നേറ്റിരുന്നു.
അനന്തേട്ടാ..
അവൾ പതിയെ വിളിച്ചു.
ഉം..
അയാൾ ഗാഢമായ ഉറക്കത്തിൽ ഒന്ന് മൂളി.
അതില്ലേ . സലീഷ് വന്നിട്ടില്ല…
അവൻ വന്നിരുന്നു…
അയാൾ പിറുപിറുത്തു.
എപ്പോൾ..?
സീമ പരിഭ്രമത്തോടെ ചോദിച്ചു.
ഇവിടെ വരാൻ സമയം കിട്ടിയില്ല..ടൌണിൽ വന്നപ്പോൾ ഓഫീസിൽ വന്നിരുന്നു..
എന്നിട്ട്..? നാളെ വരുമോ..?
അയാൾ തിരിഞ്ഞുകിടന്നു.
അനന്തേട്ടാ…
അവന് ഞാൻ കമ്പ്യൂട്ടറിൽനിന്ന് വീണ്ടും കോപ്പിയെടുത്ത് കൊടുത്തു, ഇനി വരില്ല..
സീമ രണ്ട് മിനുറ്റ് അത് വിശ്വസിക്കാനാകാതെ ഇരുന്നു. പിന്നീട് എഴുന്നേറ്റ് ഇരുട്ടത്തുനിന്ന് ശബ്ദമില്ലാതെ ഡാൻസ് ചെയ്തു. പിന്നെ പതിയെ അയാളുടെ അരികെ പോയി കിടന്നു. ഏറെ നാളുകൾക്കുശേഷം അന്നാണ് അവൾ സുഖമായി ഉറങ്ങിയത്…