രചന: സജി തൈപറമ്പ്
:::::::::::::::::::::::
ഞാനെന്റെ ഭാര്യയെ ചതിച്ചിട്ടുണ്ട് ,പല പ്രാവശ്യം ,പക്ഷേ അതൊന്നുമറിയാതെ ഇപ്പോഴുമവളെന്നെ ജീവന് തുല്യം സ്നേഹിക്കുന്നു.
അത് തന്നെയാണ് എന്റെ വേവലാതി ,എന്നെങ്കിലുമൊരിക്കൽ അവളത് അറിയുമ്പോഴുള്ള പൊട്ടിത്തെറിയല്ല, മറിച്ച് അവളെ വഞ്ചിച്ചതിലുള്ള പശ്ചാത്താപമാണെനിക്ക് .
തെറ്റ് പറ്റാത്തവരായിട്ടാരുമില്ല എന്ന് ഞാൻ പലവട്ടം മനസ്സിനെ പറഞ്ഞ് ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും ഒരു ന്യായീകരണമല്ലെന്ന് എനിക്കറിയാം .
അവളെന്നോട് കാണിക്കുന്ന സ്നേഹം അനിർവചനീയമാണ്, ഒരു പക്ഷേ ‘ ലോകത്ത് ഒരിടത്തും ഭർത്താവിനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു സ്ത്രീയെ കണ്ട് കിട്ടാൻ പ്രയാസമായിരിക്കും.
എന്റെ ആരോഗ്യ കാര്യങ്ങളിലുള്ള അവളുടെ ഉത്ക്കണ്ഠയും എന്നെ ഭക്ഷണം കഴിപ്പിക്കാനുള്ള അവളുടെ വ്യഗ്രതയുമൊക്കെ കാണുമ്പോൾ ,ശരിക്കും ഞാനെത്ര ഭാഗ്യവാനാണെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് .
എന്നിട്ടും ഞാനെന്തിന് അവളോടീ ചതി ചെയ്തു .
“നീ കുറെ നേരമായല്ലോ, അവളെ ചതിച്ചതിനെക്കുറിച്ച് പറയാൻ തുടങ്ങീട്ട്, അതെന്താണെന്ന് ഞങ്ങളോട് കൂടി ഒന്ന് പറ”
ക്ഷമ നശിച്ച, ബാലുവിന്റെ കൂട്ടുകാരിലൊരുവനായ രാഹുൽ ചോദിച്ചു.
ബാലുവിന്റെ സങ്കടത്തിൽ, അവനെ ആശ്വസിപ്പിക്കാനായി ഒത്ത് കൂടിയതാണ്, കൂട്ടുകാരെല്ലാവരും.
പതിവില്ലാതെ ,ബാലു എല്ലാവരെയും വിളിച്ച്, ഇന്ന് വൈകിട്ട് ,നമുക്കൊന്നു കൂടണമളിയാ… ഫുൾ ചിലവ് എന്റെ വക, എന്ന് പറഞ്ഞപ്പോൾ, പകച്ച് പണ്ടാരമടങ്ങിപ്പോയി അവന്റെ കൂട്ടുകാർ.
കാരണം, ഇന്നലെ വരെ, കുപ്പി വാങ്ങാൻ ഒരു രൂപ പോലും ഷെയറിടില്ലെന്ന് മാത്രമല്ല, ഓസിന് വന്ന് ,രണ്ടും മൂന്നും പെ ഗ് മോന്തിയേച്ച് പോകുന്ന ശീലമുള്ള ബാലുവിനെ, അവർ അന്ന്അത്ഭുതത്തോടെയാണ് കണ്ടത്.
“ഞാൻ പറയാമളിയാ… നിങ്ങളെന്റെ കൂട്ടുകാരല്ലേ, ഒരു കാരണവശാലും അവളിത് അറിയരുത്, പ്രോമിസ് ചെയ്യ് “
കുടിച്ച് തീർന്ന ഗ്ളാസ്സിലേക്ക് ഒരു ലാർജ് കൂടി ഒഴിച്ച് ഉയർത്തിപ്പിടിച്ച് കൊണ്ട് ബാലു പറഞ്ഞു.
“പ്രോമിസ്”
കൂട്ടുകാർ, ചിയേ ഴ്സിന് പകരം ,ബാലുവിന്റെ ഗ്ളാസ്സിൽ ,സ്വന്തം ഗ്ളാസ്സുകൾ മുട്ടിച്ച് കൊണ്ട് പറഞ്ഞു.
“എന്റെ കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ചാറ് കഴിഞ്ഞില്ലേ ? ഓരോ വർഷവും ഓണക്കാലത്ത് അവളെന്നോട് പറയുമായിരുന്നു, ബാലുവേട്ട… ഓണം ബമ്പർ എടുക്കാൻ മറക്കരുതെന്ന് ,അവളോട് സമ്മതം മൂളിയിട്ട് , കടയിൽ ചെന്ന് ലോട്ടറിയുടെ വിലകേൾക്കുമ്പോഴെ, പിശുക്കനായ ഞാൻ, 250 ഉം 300 ഉം രൂപാ കളയുന്നതെന്തിനാണെന്ന് കരുതി, തിരിച്ച് വീട്ടിൽ വന്ന്, ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന്, അവളെ സമാധാനിപ്പിക്കാനായി, കളവ് പറയുമായിരുന്നു, അവസാനം ,ഫലം വരുന്ന ദിവസം എടുക്കാത്ത ടിക്കറ്റിന് സമ്മാനമടിക്കില്ലെന്ന് ഉറപ്പുള്ള ഞാൻ അവളോട് ,നമ്മുടെ ടിക്കറ്റിന് സമ്മാനമൊന്നുമില്ലെടീ… എന്ന് വീണ്ടും , കളവ് പറയുമായിരുന്നു, അങ്ങനെ കഴിഞ്ഞ അഞ്ചാറ് കൊല്ലമായി ഞാനവളെ വഞ്ചിക്കുകയായിരുന്നെടാ “
“ആഹാ ,ഇതായിരുന്നോ നീ പറഞ്ഞ വഞ്ചന, ഈ ഒരു ചെറിയ കളളം പറഞ്ഞെന്ന് കരുതി. ഒരു സ്ത്രീയും ഭർത്താവിനെ ഉപേക്ഷിക്കാൻ പോകുന്നില്ല”
കൂട്ടുകാരൻ ബാലുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതല്ലളിയാ.. ഇന്ന് ശശിക്കടിച്ച പത്ത് കോടിയുടെ ഓണം ബമ്പറില്ലേ? അത് ഞാൻ കഴിഞ്ഞയാഴ്ച്ച അവളുമായി ടൗണിൽ പോയപ്പോൾ, അവളെന്നെ കൊണ്ട് ഇരുനൂറ്റമ്പത് രൂപ മുടക്കി നിർബന്ധിച്ച് വാങ്ങിപ്പിച്ചതാ”
“ങ്ഹേ….എന്നിട്ട് “
കൂട്ടുകാർ ജിജ്ഞാസയോടെ ഒരേ സ്വരത്തിൽ ചോദിച്ചു.
“അത് ഞാൻ അടിക്കില്ലെന്ന് കരുതി, വെറുതെയെന്തിനാ 250 രൂപ കളയുന്നതെന്ന് വിചാരിച്ച്, ആ ശശിക്ക് ഇന്നലെ രാത്രി കവലയിൽ വച്ച് 200 രൂപയ്ക്ക് വിറ്റു , അവനത് വാങ്ങിയ ഉടനെ ,അതിന്റെ പുറകിൽ ,അവന്റെ പേരും അഡ്രസ്സുമൊക്കെ എഴുതി ഒപ്പുമിട്ട് വച്ചു, ആ ടിക്കറ്റിനാ ഇന്നത്തെ പത്ത് കോടി അവന് കിട്ടിയത് ഇനി പറ ,ഇത് ഏതെങ്കിലും ഭാര്യമാര് പൊറുക്കുമോ?
ബാലു കൂട്ടുകാരെ നോക്കി ചോദിച്ചു.
“ഇല്ലളിയാ .. ഒരിക്കലുമില്ല ,അവളറിഞ്ഞ് നിന്നെ തല്ലിക്കൊ ല്ലുന്നതിന് മുമ്പ്, നീ പോയി ആ ത്മ ഹത്യ ചെയ്യാൻ നോക്ക് “
അതും പറഞ്ഞ് കുപ്പിയിലുണ്ടായിരുന്ന ബാക്കി മ ദ്യവുമെടുത്തോണ്ട് കൂട്ടുകാർ പോയപ്പോൾ തലക്കടിയേറ്റവനെ പോലെ ബാലുവിരുന്നു.