ഒരു ഊളയിടയിൽ ഫീലിംഗ് നൊസ്റ്റാൾജിയ എന്ന്‌ പറഞ്ഞു ഇൻസ്റ്റയിൽ ഒരു സ്റ്റാറ്റസും. വെട്ടുകല്ലുകൾ ഭംഗിയോടെ അടുക്കി കെട്ടിയ കുളത്തിന്റെ ഒരു പിക്കും

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

ഈ പ്രാവശ്യം ലീവിന് നാട്ടിൽ എത്തിയപ്പോഴാണ് അപ്പുറത്തെ ചിത്ര ഏടത്തിയുടെ വീട്ടിൽ ഒച്ചപ്പാടും ബഹളവും…

ഇതാരാപ്പാ എന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അമ്മയാണ് പറഞ്ഞത്…നിർമലയും മക്കളും വന്നിട്ടുണ്ട് അവിടെ. അവളു റിട്ടേർഡ് ആയിത്രേ. ഇനിയുള്ള കാലം ഇവിടെ ഉണ്ടാവുമെന്ന്…

ഞാൻ എന്റെ കണ്ണുകളെ അപ്പുറത്തെ മുറ്റത്തേക്ക് പായിച്ചു. അവിടെ മുറ്റത്തു ഷട്ടിൽ ബാറ്റ് കളിക്കുന്നു രണ്ടു സുന്ദരി കുട്ടികൾ…

കണ്ണെടുക്കാതെ നോക്കുന്ന സമയത്താണ് അമ്മ വിളിച്ചത്. ദേ പോയി കുളിക്കാൻ നോക്ക്…പിന്നേ ആ ദിങ്ങനെ നിക്കണ താടി വെട്ടി കള…എനിക്കു കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു.

എന്റമ്മേ എത്ര കഷ്ട്ടപെട്ടിട്ടാ ഇതിത്ര ആയതെന്നു അറിയോ…?

പിന്നേ പുല്ലും വൈക്കോലും കൊടുത്തു വളർത്തിയതല്ലേ കഷ്ടപ്പാടിന്റെ കഥ പറയാൻ…ഒന്നു പോടാ ചെക്കാ…പെണ്ണുകാണാൻ പോവാനുള്ളതാണ്.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അടുത്ത വരവിനു നോക്കാമെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയപോലെ ഈ പ്രാവശ്യം നടക്കില്ല. ആളുകൾ എന്നോടും അച്ഛനോടും ആണ് ചോദിക്കുന്നത്…മറുപടി പറഞ്ഞു മടുത്തു ഞാൻ.

ഓഹോ…അങ്ങിനെയും പ്ലാൻ ഉണ്ട്…?

അങ്ങിനെയും അല്ല അതു മാത്രമാണ് പ്ലാൻ.

പിന്നേ കാണാലോ…ഈ പ്രാവശ്യവും ഞാൻ മുങ്ങും, എന്ന്‌ പറഞ്ഞു അമ്മേടെ തോളത്തു കിടന്ന തോർത്ത്‌ എടുത്തു കുളത്തിന്റെ കരയിലേക്ക് നടക്കുമ്പോൾ അമ്മ പറഞ്ഞു, അതേ വഴുക്കലുണ്ട്…നീ ബാത്‌റൂമിൽ കുളിച്ചാൽ മതിയെന്ന്.

അതൊന്നും സാരമില്ല എന്നും പറഞ്ഞു ഞാൻ പറമ്പിലൂടെ കുളത്തിന്റെ അവിടേക്കു വെച്ചു പിടിച്ചു. അവിടെ പോകുന്നതിനു വേറൊരു ദുരുദ്ദേശം കൂടെ ഉണ്ട്. അമ്മ കാണാതെ ഒരു സിഗരറ്റും വലിക്കാം…

വീണ്ടും തറവാട് കുളത്തിന്റെ ആഴങ്ങളിലേക്ക്. ഒരു ഊളയിടയിൽ ഫീലിംഗ് നൊസ്റ്റാൾജിയ എന്ന്‌ പറഞ്ഞു ഇൻസ്റ്റയിൽ ഒരു സ്റ്റാറ്റസും. വെട്ടുകല്ലുകൾ ഭംഗിയോടെ അടുക്കി കെട്ടിയ കുളത്തിന്റെ ഒരു പിക്കും…പൊളിക്കും ഞാൻ…

കുളത്തിന്റെ പടവിൽ ചെന്നിരുന്നു ട്രൗസറിന്റെ പോക്കറ്റിൽ നിന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ആഞ്ഞു ഒരു വലി വലിച്ചു പുക വിടുമ്പോഴാണ്…യശോദേ എന്ന്‌ വിളിച്ചു ജഗതി ചേട്ടൻ കുളത്തിലേക്ക് ചാടുന്ന പോലെ ഒരു സാധനം വെള്ളത്തിലേക്ക് ചാടിയത്.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള ചാട്ടം ആയതുകൊണ്ട് കയ്യിലിരുന്ന സിഗരററ്റ് താഴെ പോയി. വെള്ളത്തിന്റെ ഓളത്തിൽ നിന്നു പൊന്തി വന്നവളെ കണ്ടു ഒരു നിമിഷം സ്തംഭിച്ചു പോയി ഞാൻ.

തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ചുള്ളത്തി എന്ന്‌ പറഞ്ഞാൽ ഒടുക്കത്തെ ചുള്ളത്തി…എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം, അവളു ചോദിച്ചത്…

പേടിച്ചു പോയോ…? കൂടെ കുടു കുടു എന്നുള്ള ചിരിയും.

എന്താ മാഷേ മനസിലായില്ലേ…? ഞാൻ തന്നെയാ…ഇങ്ങടെ ചൈൽഡ്ഹുഡ് എനിമി…ദ്രൗപതി…

ഇനിയും മനസ്സിലായില്ലെങ്കിൽ ദാ ഈ നെറ്റിയിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മതി.

പുരികത്തിന്റെ അവിടെ കുറച്ചു രോമമില്ലാതെ ഒരു മുറിവിന്റെ പാട്…എന്റെ മുഖമൊന്നു വാടി. ആ അറിയാം എന്ന്‌ പറഞ്ഞു ഞാൻ തിരിച്ചു നടന്നു.

ഞാൻ തിരിച്ചു നടക്കുമ്പോൾ അവൾ പിന്നിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു, ദേഷ്യം മാറിയില്ലെങ്കിൽ ഇനിയും മുഖത്തു സ്ഥലമുണ്ട്..ട്ടാ എന്ന്‌.

തുള്ളി ചാടി കുളത്തിലേക്ക് കുളിക്കാൻ പോയവൻ വളിച്ച മുഖവുമായി വരുന്നത് കണ്ടിട്ടാവണം അമ്മ ചോദിച്ചത് എന്തെ കുളിക്കണില്ലേ എന്ന്‌…?

ആ പെണ്ണ് അവിടെയാണോ കുളിക്കുന്നത്…?

ഏത് ദ്രൗപതികുട്ടിയോ…? ആ അവൾക്കും നിന്റെ പോലെ മറ്റേ അസുഖം ഉണ്ടെന്ന് തോന്നണു നൊസ്റ്റാൾജിയ…എന്ന്‌ പറഞ്ഞു അമ്മ ചിരിച്ചു.

ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്തു. ശരീരം തണുത്തു തുടങ്ങിയിരുന്നു…മനസും…

പമ്പരം കൊത്തും ഗോലി കളിയും…അമ്പസ്താനിയും എല്ലാം…നിറഞ്ഞൊരു നിറമുള്ളൊരു കാലത്തേക്ക് ഓർമകൾ കൂട്ടികൊണ്ടു പോയി.

പാളയിലിരുന്നു നിരങ്ങികളിച്ചു പാളപോലെ കീറിയ വള്ളി ട്രൗസർ. അയ്യേ…മൂട് കീറി…കൂട്ടത്തിൽ എല്ലാവരും കളിയാക്കി ചിരിച്ചപ്പോൾ കൂടെ ഇവളും കൂടിയത് എനിക്കു പിടിച്ചില്ല.

കളിക്കൂട്ടുകാരിയാണെങ്കിലും ദേഷ്യം വരാതിരിക്കോ…? കയ്യിൽ കിട്ടിയ ഓട്ടുമുറി എടുത്തു ഒറ്റ വീക്ക് വെച്ചു കൊടുത്തു. നെറ്റിപൊട്ടി ചോര വന്നു. കണ്ണിനു ചെറുതായി പ്രശ്നം പറ്റി.

ചെറുതയല്ലാ…കാഴ്ചയ്ക്കു സാരമായിട്ടു തന്നെ പറ്റി. അതു അറിഞ്ഞത്, ആ കുട്ടീടെ ഭാവി കളഞ്ഞില്ലേടാ എന്നും പറഞ്ഞു ചെമ്പരത്തി വടി ഒടിച്ചു അടി തുടങ്ങിയപ്പോഴാണ്…

അച്ഛൻ എന്നെ അടിച്ചതായി എനിക്കു ഓര്മയുണ്ടായിരുന്നില്ല. പക്ഷേ അന്ന് കിട്ടി…കിട്ടിയെന്നു പറഞ്ഞാൽ ചറ പറ എന്ന്‌ തല്ലി. ദ്രൗപതിയുടെ അച്ഛൻ വന്നു വടി വാങ്ങി കളഞ്ഞപ്പോഴാണ് അച്ഛൻ അടി നിർത്തിയത്.

പിന്നെ എല്ലാ സിനിമയിലെയും പോലെ അവളുടെ അച്ഛനു ട്രാൻസ്ഫർ. അംബാസിഡർ കാറിന്റെ മുകളിൽ പെട്ടി കെട്ടി പോകുന്ന സീൻ. ഇവിടെ അംബാസിഡറിന് പകരം രാജുവേട്ടന്റെ ജീപ്പായിരുന്നു.

നായികക്ക് ഓർത്തിരിക്കാൻ ആറു സ്റ്റിച്ചും കണ്ണിന്റെ കാഴ്ചയും…നായകനു ഓർത്തിരിക്കാൻ ചെമ്പരത്തി വടികൊണ്ട് പുറം പൊളിഞ്ഞ ഓർമകളും…

ഷവറിൽ നിന്നു വീഴുന്ന വെള്ളത്തിനു ചൂടുള്ള പോലെ എനിക്കു തോന്നി…കുളിയും കഴിഞ്ഞു അമ്മ ഉണ്ടാക്കിയ നല്ല ഇടിയപ്പവും ചിക്കൻ കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ വീണ്ടും കേറി വന്നത്.

നീ കഴിച്ചോ കഴിച്ചില്ലെങ്കിൽ ഇരിക്കു എന്ന് പറഞ്ഞപ്പോൾ ദാണ്ടെ അവളും കേറി ഇരിക്കണ്‌…ഞാൻ ഇടക്കണ്ണിട്ടു ഒന്നു നോക്കി. അപ്പോഴാണ് ഒടുക്കത്തെ ഡയലോഗ്, അമ്മേ ഈ ശ്വാസകോശം സ്പോഞ്ച് പോലെയാണ് അല്ലേ…?

ഞാൻ കണ്ണു തുറിപ്പിച്ചൊന്നു നോക്കിയപ്പോൾ…വില കൊടുക്കേണ്ടി വരും വലിയ വില എന്നും പറഞ്ഞു അവൾ അമ്മ വിളമ്പിയ ഇടിയപ്പം കുത്തികേറ്റുന്ന തിരക്കിലായിരുന്നു.

നിങ്ങളെന്താ ഇപ്പോഴും മിണ്ടില്ലേ…? അതൊക്കെ കുട്ടികാലത്തെ കാര്യങ്ങൾ അല്ലേ…? അച്ഛനമ്മമാർ തമ്മിലുള്ള ആത്മ ബന്ധം കൊണ്ടു തന്നെയാണ് ഇന്നും അവരുടെ സ്നേഹം ഇതുപോലെ നിൽക്കുന്നത്.

എനിക്കു പ്രശ്നമൊന്നുമില്ല ഇവനാണ് ജാഡ..അമ്മേ…ഞാൻ പോട്ടെ അമ്മേ…അനിയത്തിക്ക് ഇവിടെ അഡ്മിഷൻ ശരിയാക്കണം. കോളേജിൽ പോണം എന്ന്‌ പറഞ്ഞു അവൾ ഇറങ്ങി.

അവൾ പോയപ്പോൾ അമ്മ പറഞ്ഞു…പാവം ഇത്തിരി തുള്ളി ചാട്ടം ഉണ്ടെന്നേ ഉള്ളൂ…കണ്ണിന്റെ പ്രശ്നം കാരണം നല്ല ആലോചനകൾ മുടങ്ങി അതിന്റെ…നമുക്കെന്താപ്പോ ചെയ്യാൻ പറ്റാ അല്ലേ…? ആ…

അമ്മ എന്തോ പറയാൻ വന്നത് ഒരു നെടുവീർപ്പിൽ ഒതുക്കി. അന്നെനിക്ക് ഉറക്കം ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം അവൾ കുളത്തിലേക്ക് പോയപ്പോൾ പിന്നാലെ ഞാനും പോയി.

അവളു അപ്രതീക്ഷിതമായി ചാടി എന്നെ പേടിപ്പിച്ചപോലെ ഞാനും ഒന്നു പേടിപ്പിച്ചു. പേടിച്ചു നിൽക്കുന്ന അവളുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു…

ഞാൻ സമ്മാനിച്ച ഇതിന്റെ പേരിൽ ഒരുപാടു നല്ല ആലോചനകളൊക്കെ മുടങ്ങിയെന്നു കേട്ടുലോ…? ആ മുടങ്ങിപോയതിന്റെ അത്ര നല്ലതാണോ എന്നൊന്നും എനിക്കറിയില്ല. എന്നാലും വല്യ തരക്കേടില്ലാത്ത ഒരു ആലോചന കൊണ്ടുവരട്ടെ ഞാൻ…?

അച്ഛനേം അമ്മയെയും ഞാൻ പറഞ്ഞു വിടട്ടെ വീട്ടിലേക്കു…? ഇപ്പോൾ പറയണ്ട ആലോചിച്ചിട്ട് മതി…പിന്നേ സഹതാപം കൊണ്ടൊന്നുമല്ല ശരിക്കും ഇഷ്ട്ടം ഉണ്ടായിട്ടാണ്.

അങ്ങിനെ അവരെല്ലാവരും കൂടി അതങ്ങു ഉറപ്പിച്ചു. ആദ്യരാത്രിയിൽ അവളെ ചേർത്തുപിടിച്ചു ആ നെറ്റിതടത്തിൽ ചുംബിച്ചു ഞാൻ അവളോടുള്ള കടം വീട്ടി…

ഇനിയുമിനിയും വീട്ടിക്കൊണ്ടിരിക്കും…ചില ഇഷ്ടങ്ങൾ…എത്ര അകലെ പോയാലും കാലം അതിനെ ചേർത്തുവെക്കും..അല്ലേ…?