അതൊന്നും നിനക്കിപ്പോൾ മനസ്സിലാവില്ല കണ്ണാ, എല്ലാം പുറകെ മനസ്സിലായിക്കൊള്ളും…

ഒരു പഴങ്കഥ…

രചന: സജി തൈപറമ്പ്

::::::::::::::::::::;;

“അമ്മേ…ആരെ നോക്കി നില്ക്കുവാ?അമ്മയ്ക്ക്ഉറങ്ങണ്ടെ?

വഴിക്കണ്ണുമായി ഉമ്മറപ്പടിയിലിരിക്കുന്ന ദേവകിയോട് കണ്ണൻ ചോദിച്ചു.

“അച്ഛനെ ഇത് വരെ കണ്ടില്ലല്ലോ കണ്ണാ “

“അത് പിന്നെ അച്ഛൻ പോയിരിക്കുന്നത് ഇളയമ്മയുടെ അടുത്തേക്കല്ലേ? ആ സ്ത്രീ അച്ഛനെ ഉടനെ തിരിച്ച് വിടുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?

കണ്ണൻ നീരസത്തോടെ ചോദിച്ചു .

“ഉം ശരിയാ.. സാവിത്രീടടുത്തേക്ക് അച്ഛൻ പോയിട്ടിപ്പോൾ ,രണ്ട് മൂന്ന് ദിവസമായില്ലേ?അച്ഛന് ഞങ്ങൾ രണ്ടാളും ഒരുപോലെ തന്നെയല്ലേ? അവിടെയും രണ്ട് പെൺകുട്ടികളുള്ളത് നിന്നെപ്പോലെ തന്നെ അച്ഛന്റെ മക്കൾ തന്നെയാ “

കണ്ണന്റെ കുശുമ്പ് കണ്ടിട്ടാണ് ദേവകി അങ്ങനെ പറഞ്ഞത്.

“മ്ഹും, അല്ലേലും അമ്മ എപ്പോഴും അച്ഛനെ ന്യായീകരിച്ചല്ലേ പറയു, അമ്മയ്ക്ക് എന്ത് കുറവുണ്ടായിട്ടാണ് അച്ഛൻ ഇളയമ്മയെ കല്യാണം കഴിച്ചത് “

അവൻ അച്ഛനെ കുറ്റപ്പെടുത്തും പോലെ ചോദിച്ചു.

“അതൊന്നും നിനക്കിപ്പോൾ മനസ്സിലാവില്ല കണ്ണാ, എല്ലാം പുറകെ മനസ്സിലായിക്കൊള്ളും”

സംഭാഷണത്തിന് വിരാമമിട്ട് ദേവകി കിടപ്പ് മുറിയിലേക്ക് നടന്നു.

വാതിലടച്ച് കുറ്റിയിട്ട് കട്ടിലിലേക്ക് കിടക്കുമ്പോൾ ,ദേവകിക്ക് ഉള്ളിലെവിടെയോ ഒരു ശൂന്യത അനുഭവപ്പെട്ടു.

അവരുടെ ചിന്തകൾ ഗതകാലത്തിലേക്ക് പോയി.

സത്യത്തിൽ സാവിത്രിയുടെ ഔദാര്യമല്ലേ തനിക്ക് കിട്ടിയിരിക്കുന്ന ഈ ദാമ്പത്യം

സ്വന്തം ഭർത്താവിനെ, സഹോദരിയോടുള്ള അമിത സ്നേഹം കൊണ്ട് പങ്ക് വച്ചെടുക്കാൻ അവൾ മനസ്സ് കാണിച്ചത് കൊണ്ടല്ലേ, തനിക്കും ഇങ്ങനെ സുമംഗലിയായിരിക്കാൻ കഴിയുന്നത്.

പക്ഷേ , തന്റെ മനസ്സിൽ ഇപ്പോഴുംസ്വാർത്ഥതയുളളത് കൊണ്ടാണ് ഈ വേവലാതിയൊക്കെ തോന്നുന്നത്, അത് പാടില്ല.

തനിക്ക് മാത്രം കിട്ടാമായിരുന്ന ഒരു സ്വഭാഗ്യം ,തന്റെ സഹോദരിക്ക് കൂടി പങ്ക് വയ്ക്കാനുള്ള മനസ്സ് ലോകത്ത് സാവിത്രിക്കല്ലാതെ മറ്റൊരാൾക്കും കാണില്ല.

ദേവകിക്ക് അപ്പോൾ സാവിത്രിയോട്, ആദരവും വല്ലാത്തൊരിഷ്ടവും തോന്നി.

പത്ത് പതിനഞ്ച് കൊല്ലം മുൻപ് നടന്ന തന്റെ ആദ്യവിവാഹ ദിനങ്ങളിലേക്ക് ദേവകിയുടെ ചിന്തകൾ പാഞ്ഞു.

അച്ഛനും അമ്മയും അനുജത്തിയുമടങ്ങിയ കുടുംബത്തിലേക്ക്, തന്റെ ഭർത്താവായി ,ആദ്യം കടന്ന് വന്നത് അനിരുദ്ധനായിരുന്നു.

വിവാഹത്തിന് ശേഷം ഒരു ലോംങ്ങ് ട്രിപ്പ് പ്ളാൻ ചെയ്തപ്പോൾ താനായിരുന്നു പറഞ്ഞത്, അച്ഛനും അമ്മയും അനുജത്തിയും കൂടെ വേണമെന്ന്.

അങ്ങനെ തന്റെ ഇഷ്ടപ്രകാരമാണ് മൂന്നാറിലേക്കുള്ള ആ യാത്ര പോയത്.

പക്ഷേ, ആ ഉല്ലാസയാത്ര അവസാനിച്ചപ്പോൾ, താനും അനുജത്തി സാവിത്രിയും മാത്രം ബാക്കിയായി.

അങ്ങോട്ടുമിങ്ങോട്ടും തനിയെ ഡ്രൈവ് ചെയ്ത അനിയേട്ടൻ, രാവിന്റെ യാമങ്ങളിലെപ്പോഴോ ഒന്നുറങ്ങിപ്പോയപ്പോൾ, അച്ഛനെയും അമ്മയെയും അനിയേട്ടനെയും തനിക്ക് നഷ്ടമായി.

കേവലം ഒരു മാസം മാത്രം നീണ്ട ദാമ്പത്യത്തിന് അതോടെ വിരാമമായി ,താൻ വിധവയുമായി.

പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ,അമ്മാവൻ സാവിത്രിയുടെ കല്യാണകാര്യത്തെ കുറിച്ച് പറഞ്ഞത്.

അമ്മാവന്റെ മകനായ ലക്ഷ്മണന് ചെറുപ്പത്തിലെ അവളെ പറഞ്ഞുറപ്പിച്ചതായിരുന്നു.

പക്ഷേ, ചേച്ചി വിധവയായി വീട്ടിൽ നില്ക്കുമ്പോൾ അവൾക്കൊരു സന്തുഷ്ട ജീവിതം നയിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് കൊണ്ടാണ്, ഒരു രണ്ടാം കെട്ടിന് താനും തയ്യാറെടുത്തത്.

ആദ്യവിവാഹം ചെയ്ത ഭർത്താവിന്റെ മരണം, പെടു മരണമാണെന്നും, തനിക്ക് ഭർത്താവ് ഒരിക്കലും വാഴില്ലന്നുമുള്ള അപവാദ പ്രചാരണങ്ങൾ സജീവമായതോടെ,
ആലോചനകളൊക്കെ മുടങ്ങി.

നിറകണ്ണ്കളോടെ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടാൻ ഒരുങ്ങിയ തന്നെ ,സാവിത്രി ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു.

“ചേച്ചീ.. നമ്മുടെ അച്ഛൻ പണ്ട് മുതലേ നമ്മളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്, നിങ്ങൾ കൂടെപ്പിറപ്പുകൾ, വഴക്കിട്ട്പിരിയാതെ, എന്നും സ്നേഹം പങ്ക് വച്ച് കഴിയണമെന്ന്, അച്ഛൻ നമുക്ക് മിഠായി വാങ്ങിയാലും ഒരെണ്ണമേ വാങ്ങാറുണ്ടായിരുന്നുള്ളു, എന്നിട്ട് അത് രണ്ട് പേരും കൂടി പകുത്തെടുക്കണമെന്നുപദേശിക്കുമായിരുന്നു, എന്തിനാണെന്നോ ?നമ്മൾ എന്നും ഒന്നാണെന്ന ചിന്ത ഊട്ടി ഉറപ്പിക്കാനായിരുന്നു അത്, അത് കൊണ്ട് എന്നെ വിവാഹം കഴിക്കുന്നയാൾ ,ആദ്യം താലിചാർത്തുന്നത്, ചേച്ചിയുടെ കഴുത്തിലായിരിക്കും “

അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.

താനതിനെ എതിർക്കാൻ ശ്രമിച്ചു, നാട്ടുകാർ മൂക്കത്ത് വിരൽ വെക്കുമെന്ന് പറഞ്ഞ് അവളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ, അതെല്ലാം വിഫലമായി.

അവസാനം ലക്ഷ്മണേട്ടനെ കൊണ്ടവൾ സമ്മതിപ്പിക്കുകയായിരുന്നു.

അമ്മാവന്റെ ആശീർവാദത്തിൽ ഒരു മണ്ഡപത്തിൽ വച്ച് ,തന്നെയും സാവിത്രിയെയും ലക്ഷ്മണേട്ടൻ വിവാഹം ചെയ്യുമ്പോൾ ,അക്കാലത്ത് അന്നാട്ടിലെ ആദ്യ സംഭവമായിരുന്നു അത്.

“അമ്മേ… ഓരോന്ന് ആലോചിച്ച് കിടക്കാതെ, ലൈറ്റ്ഓഫാക്കിയിട്ട് ഉറങ്ങാൻ നോക്ക്, എനിക്ക് രാവിലെ ആറ് മണിക്ക് ട്യൂഷന് പോകേണ്ടതാ”

മുറിക്ക് പുറത്ത് നിന്ന് കണ്ണൻ വിളിച്ച് പറഞ്ഞപ്പോൾ, ദേവകി ഓർമയിൽ നിന്നുണർന്ന് പെട്ടെന്ന് ലൈറ്റ് ഓഫാക്കി കണ്ണടച്ച് കിടന്നു.

ഇപ്പോൾ കണ്ണൻ തന്നെ അമ്മേന്ന് വിളിക്കാനും കാരണക്കാരി തന്റെ സാവിത്രി തന്നെയാ.

ലക്ഷ്മണേട്ടൻ,കല്യാണ ശേഷം സാവിത്രിയെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയും, തന്നെ ഇവിടെ പാർപ്പിക്കുകയുമാണ് ചെയ്തത്.

പത്ത് മാസം കഴിഞ്ഞപ്പോൾ സാവിത്രിയുടെ ആദ്യ പ്രസവം നടന്നു.

അപ്പോഴും തന്റെ വയറ്റിൽ ,ഒരു നാമ്പ് പോലും മുളച്ചില്ല.

ലക്ഷ്മണേട്ടൻ, തന്നെയും കൂട്ടി പല ഡോക്ടർമാരെയും കണ്ട് നോക്കി.

പക്ഷേ, തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്ന് അവർ ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ,

“ചേച്ചിയെന്തിനാ വിഷമിക്കുന്നത് നമ്മളിൽ ഒരാള് പ്രസവിച്ചാൽ പോരെ, ദാ ഇന്ന് മുതൽ കണ്ണൻമോൻ ചേച്ചിയുടെതാ, ഞാനല്ല ,ചേച്ചിയാണവനെ നൊന്ത് പെറ്റത്, അങ്ങനെയെ, ഇനിയെല്ലാവരും പറയു ,ഒരിക്കലും അങ്ങനെയല്ലെന്ന് അവനെ അറിയിക്കരുത്, കേട്ടല്ലോ”

എല്ലാവരോടുമായി അവളത് പറഞ്ഞുറപ്പിച്ചപ്പോൾ ,അനുജത്തിയുടെ മുന്നിൽ ,താൻ പിന്നെയും തോറ്റ് പോകുകയായിരുന്നു.

പക്ഷേ, എന്നെങ്കിലും കണ്ണനോട് എല്ലാം തുറന്ന് പറയേണം.

ഇല്ലെങ്കിൽ സാവിത്രിയെയും ലക്ഷ്മണേട്ടനെയും അവൻ വെറുത്ത് കൊണ്ടിരിക്കും.

ആ ഒരു ദിവസം സ്വപ്നം കണ്ട് കൊണ്ട് ദേവകി ഉറക്കത്തെ വാരിപ്പുണർന്നു.

[NB: ഇത് വായിച്ച് കഴിയുമ്പോൾ ഇതൊരിക്കലും നടക്കാത്ത കഥയാണ് ,ഒട്ടും ലോജിക്കില്ല എന്നൊക്കെയാണ് നിങ്ങൾ പറയാൻ പോകുന്നതെന്ന് എനിക്കറിയാം ,കാരണം, സ്വത്തിന് വേണ്ടി സ്വന്തം കൂടെപ്പിറപ്പിനെ കു ത്തിക്കൊ ല്ലുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്, പക്ഷെ, പല ഭാര്യമാരുള്ള ഭർത്താക്കന്മാരെക്കുറിച്ച് പുച്ഛത്തോടെ നമ്മൾ പറയുമ്പോൾ, അവരിൽ ചിലരെങ്കിലും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോയവരായിരിക്കാം, ഇങ്ങനെയൊക്കെയായിരിക്കാം ഒരു പുരുഷൻ ഒന്നിലധികം ഭാര്യമാരുമായി ജീവിച്ചിരുന്നത് എന്ന് വേണമെങ്കിൽ നമുക്ക്അനുമാനിക്കാം, എല്ലാവരുമല്ല ചിലർ മാത്രം, പണ്ട് നമ്മുടെ അമ്മൂമ്മമാർ ചിലപ്പോൾ ഇത് പോലെ, സാഹോദര്യവും സഹാനുഭൂതിയും ഉള്ളവരായിരുന്നിരിക്കണം, എന്ന ചിന്തയിലൂടെയാണ് ഇങ്ങനെയൊരു കഥ ജനിച്ചത് ,അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു]