ഭാര്യയുടെ കൈപ്പുണ്ണ്യം….
രചന: പ്രവീൺ ചന്ദ്രൻ
:::::::::::::::::::::::::
കല്ല്യാണം കഴിഞ്ഞു കുറച്ചു കാലത്തിനുശേഷമാണ് ഞങ്ങൾ ഗൾഫിൽ സെറ്റിലായത്..ഏതൊരു പെൺകുട്ടികളേയും പോലെ എന്റെ പ്രിയതമയും പാചകം പരീക്ഷിച്ചു തുടങ്ങിയതും കല്ല്യാണത്തിനുശേഷമാണ്…
സ്വന്തം വീട്ടിൽ ഇത്രയും കാലമുണ്ടായിട്ടും ഇതൊന്നും പഠിച്ചില്ലേ എന്നൊരു തോന്നൽ മറ്റു പലരേയും പോലെ എനിക്കും തോന്നിയിരുന്നു..
പക്ഷെ അവൾ നല്ല ഉഷാറിലായിരുന്നു..യൂടൂബിൽ അരിച്ചുപെറുക്കി അവൾ ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു…
കറികൾ വിളമ്പിയതിനു ശേഷം അവളെന്നെത്ത ന്നെ നോക്കി നിൽക്കുമായിരുന്നു..അഭിപ്രായം കേൾക്കാനായി…
അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി വായിൽ വയ്ക്കാൻ കൊളളാത്ത പല കറികളും ഞാൻ അടിപൊളിയായിട്ടുണ്ട് എന്ന് മറുപടി കൊടുത്തു..
സാധാരണ സ്ത്രീകൾക്ക് അത് കേൾക്കുമ്പോൾ സന്തോഷമാകുമല്ലോ എന്നാണ് ഞാൻ കരുതിയിരുന്നത്…
അങ്ങനെ ദിവസവും ഓരോരോ പരീക്ഷണങ്ങൾ എല്ലാത്തിനും ഞാൻ “ഉഗ്രൻ” “അടിപൊളി” എന്നൊക്കെ മറുപടി കൊടുത്തുകൊണ്ടിരുന്നു.. അത് കേൾക്കുമ്പോൾ ആദ്യമൊക്കെ അവളുടെ മുഖത്ത് സന്തോഷം കണ്ടിരുന്നെങ്കിലും പിന്നീട് അത് കുറഞ്ഞ് കുറഞ്ഞ് വന്നുകൊണ്ടിരുന്നു..
“ഏട്ടന് എന്നെ ഇഷ്ടമല്ലാല്ലെ?” ഒരു ദിവസം പതിവുപോലെ അവളുടെ പാചകത്തെ പുകഴ്ത്തിയ എന്നോട് അവൾ ചോദിച്ചു..
“അതെന്താ നീ അങ്ങനെ പറഞ്ഞത്?
“പിന്നെന്തിനാ ഏട്ടാ ഇങ്ങനെ നുണപറയുന്നത്.. കറികളിഷ്ടപ്പെട്ടാ മാത്രം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാ പോരെ..ഒരു തവണയെങ്കിലും ഉപ്പുപോരാ,മുളക് കൂടി എന്നൊക്കെ പറയുമെന്ന് ഞാനാശിച്ചു..പക്ഷെ ഏട്ടൻ എന്നെ വിഡ്ഢിയാക്കു കയാണ് ചെയ്തത്..”
ഞാനാകെ വിയർത്തു..ഇനി ഇപ്പോ എങ്ങനെ തടിതപ്പും…
“അല്ല മോളേ അത്..നിനക്ക് വിഷമമാകുമെന്ന് കരുതിയല്ലേ ഞാൻ അങ്ങനെ പറഞ്ഞത്”..
“വേണ്ട..ഇനിയൊന്നും പറയണ്ട” അതും പറഞ്ഞ് അവൾ അടുക്കളയ്ക്ക് ഷട്ടറിട്ടു..
ആലോചിച്ചപ്പോ എനിക്കും വിഷമമായി.. പുകഴ്ത്തലുകൾ എല്ലാ സ്ത്രീകളേയും പോലെ അവൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ വിചാരിച്ചു.. എല്ലാം എന്റെ തെറ്റാണ്…
ഏകദേശം ഒരാഴ്ച്ചയെടുത്തു പിന്നീട് അവളുടെ പിണക്കം മാറാനും അടുക്കളയൊന്ന് തുറന്നു കിട്ടാനും..
വീണ്ടും അവൾ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു..
കറികൾക്ക് ഞാൻ സതൃസന്ധമായിത്തന്നെ വിധി നിർണ്ണയം തന്നെ നടത്തിക്കൊണ്ടിരുന്നു..
രുചി വൈഭവം മൂലം പലതിനും ഞാൻ നെഗറ്റീവ് മാർക്ക് ആയിരുന്നു കൂടുതൽ കൊടുത്തിരുന്നത്..
ഒരു ദിവസം ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കെ കറിയിൽ ഉപ്പു പോര എന്നു ഞാൻ പറഞ്ഞുപോയി…
“എന്റെ ഭക്ഷണം ഇഷ്ടമാവുന്നില്ലെങ്കിൽ എന്നെ ഡൈവോഴ്സ് ചെയ്തേക്ക്..എന്തു വച്ചാലും കുറ്റം..വല്ല പാചകറാണിമാരേയും കെട്ടാടന്നില്ലേ?” എന്നും പറഞ്ഞ് തവി വലിച്ചെറിഞ്ഞ് അവൾ അകത്തേക്ക് ഒറ്റ പോക്കായിരുന്നു…
പകച്ച് പണ്ടാരമടങ്ങിപ്പോയി ഞാൻ…
ഈശ്വരാ ഇതെന്തു കൂ ത്ത് ..ഇവരെ തൃപ്തിപ്പെടുത്താൻ സാക്ഷാൽ ഭഗവാന് പോലും കഴിയുമെന്ന് തോന്നുന്നില്ല…