നിനക്ക് വിഷമം. ആകുമൊന്ന് അറിയില്ല ഒരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു….

പ്രണയത്തിനു ഒരു കത്ത്….

രചന: റഹീം പുത്തൻചിറ

=================

എന്റെ പ്രണയിനി….

നാളെ നിന്റെ വീട്ടിൽ  ഒരുക്കിയ സദ്യ കഴിക്കാൻ ഞാൻ വരുന്നുണ്ട്. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ നിന്നോട് പറയണമെന്ന് തോന്നി….

നമ്മൾ പരിചപെട്ടിട്ടു ഒരു വർഷം കടന്നു പോകുന്നു. ആദ്യ കാഴ്ചയിൽ അല്ലങ്കിലും ഒരുപാട് അടുത്തപ്പോൾ നമ്മൾ പ്രണയത്തിലായി…നമ്മൾ കൈപിടിച്ച് നടന്ന ബീച്ചിലെയും പാർക്കിലെയും ഫോട്ടോസ് ഞാൻ ഡിലീറ്റ് ചെയ്തു..അമ്മയാണെ സത്യം….ഇനി എന്റെ കയ്യിൽ ആകെയുള്ളത് നിന്റെ ഒരു ചിരിക്കുന്ന മുഖം മാത്രമുള്ള ഫോട്ടോയാണ്…വേണമെങ്കിൽ അതും ഞാൻ ഡിലീറ്റ് ചെയ്യാം…

പിന്നെ നാളെ ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ നിന്റെ വീട്ടുകാർ ഉണ്ടാകില്ലന്നറിയാം…എങ്കിലും ഞാൻ വന്നു സദ്യ കഴിച്ചു കുറച്ചു നേരം ഹാളിൽ സംസാരിച്ചിരുന്നു പെട്ടന്നു തന്നെ നമ്മൾ പിരിയും…പഴയ അതേ സ്നേഹം എന്നും നില നിൽക്കും….

നിനക്ക് വിഷമം. ആകുമൊന്ന് അറിയില്ല ഒരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു…നിനക്കിപ്പോൾ വിവാഹ പ്രായം ആയത്കൊണ്ട് എന്നേക്കാൾ നല്ലബന്ധം നിനക്ക് വീട്ടുകാർ കണ്ടു പിടിക്കുകയാണെങ്കിൽ നിനക്ക് അയാളെ തന്നെ വിവാഹം ചെയ്യാം…അതിനു വിഷമിക്കേണ്ട കാര്യമില്ല…നിന്റെ വിഷമം എനിക്ക് മനസിലാകും…വീട്ടുകാരുടെയും…

നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ തന്നെ ആയിരിക്കും…ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാകും ഇതൊക്കെ ഇപ്പോൾ എന്തിനാ നിന്നോട് പറയുന്നതെന്ന്….ചുമ്മാ പറഞ്ഞെന്നേയുള്ളൂ….ഇന്നലത്തെ വാർത്തയുമായി ഈ കാര്യങ്ങൾക്ക് ഒരു ബന്ധവുമില്ല…നമ്മുടെ സ്നേഹം നമുക്ക് അറിഞ്ഞു കൂടെ…എന്തിനാ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്….

ഓരോരുത്തർക്കും അവരുടെ ജീവിതമാണ് വലുത്…എനിക്ക് വലുത് എന്റെ ജീവനും….നാളെ നിന്റെ വീട്ടിലേക്ക് വരുന്ന കാര്യം അയൽവക്കത്തെ ചേട്ടനോടും, ഒരു ആംബുലൻസ് ഡ്രൈവരോടും പറഞ്ഞിട്ടുണ്ട്..അവൻ എന്റെ കൂട്ടുകാരനായത് കൊണ്ടു മാത്രമാണ് പറഞ്ഞത്….

എനിക്കറിയാം നിനക്കത് ഇഷ്ട്ടമാകില്ലന്ന്..നീ പറഞ്ഞിട്ടുണ്ട് നമ്മൾ കാണുന്ന കാര്യം ആരും അറിയരുതെന്നു…എന്നാലും ഞാൻ പറഞ്ഞു….അവർ ആരോടും പറയില്ലാന്നു വാക്ക് തന്നിട്ടുണ്ട്….

എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്…എന്തോ ഇതൊക്കെ നിന്നോട് പറയണമെന്ന് തോന്നി പറഞ്ഞു….

പിന്നെ നാളെ ഞാൻ വരുന്നു..സദ്യ നമ്മൾ ഒരുമിച്ചു കഴിക്കുന്നു..ആദ്യ ഉരുള എന്റെ കൈകൊണ്ട് നിനക്ക് ഞാൻ തരും…അതെന്റെ ആഗ്രഹമാണ്..വേണ്ടാന്ന് മാത്രം നീ പറയരുത്…

അതുപോലെ വെള്ളവും എന്റെ കൈകൊണ്ട് നിനക്ക് തരും..ഇതൊക്കെ എന്റെ ആഗ്രഹം ആയത്കൊണ്ട് മാത്രമാണ് കേട്ടോ..ഈ കാര്യങ്ങൾക്ക് ഇന്നലത്തെ വാർത്തയുമായി ഒരു ബന്ധവുമില്ല…നമ്മുടെ സ്നേഹം നമുക്ക് അറിഞ്ഞുകൂടെ…

ഭക്ഷണം കഴിച്ചു പെട്ടന്നു തന്നെ ഞാൻ പോരും കേട്ടോ….എന്റെ അമ്മാവന്റെ മകന്റെ കൂട്ടുകാരന്റെ അനിയന്റെ കല്യാണം ആയത്കൊണ്ടാണ്…ആ കല്യാണത്തിന് ഞാൻ ചെന്നില്ലങ്കിൽ അമ്മാവനും, അമ്മാവന്റെ മകനും, അവന്റെ കൂട്ടുകാരനും അവന്റെ അനിയനും എന്നോട് പിണങ്ങും..

എന്തിനാ ഇത്ര ആളുകളെക്കൊണ്ട് പിണക്കിക്കുന്നത്…അപ്പോൾ നാളെ കാണാം…

NB: നമ്മുടെ കേരള പോലീസ്  കേസുകൾ കണ്ടു പിടിക്കുന്നതിൽ സമർത്ഥന്മാരാണ്. കേട്ടോ….ചുമ്മാ പറഞ്ഞതാട്ടോ…

എന്നു സ്വന്തം…