ദേഷ്യത്തോടെ അവൾ അതു പറയുമ്പോൾ അമ്മയ്ക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു…

രചന : അപ്പു

::::::::::::::::::::::

വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നു കയറിയതാണ് അർപ്പണ.അവൾ ദൂരെ നിന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അമ്മായിയമ്മ തന്റെ സ്ഥിരം വിദ്യ കയ്യിലെടുത്തിരുന്നു.

” ഇവിടെ ഒരുത്തി ഉണ്ട്. നേരം വെളുക്കുമ്പോൾ ഇറങ്ങിപ്പോകും പിന്നെ ഏതെങ്കിലും ഒരു നേരത്ത് കയറി വരും. ചോദിക്കാനും പറയാനും ഈ വീട്ടിൽ ആളില്ലാതാകുമ്പോൾ ഇതൊക്കെ തന്നെയല്ലേ നടക്കൂ.”

അവർ മുറുമുറുപ്പ് തുടങ്ങി. വേലിക്കരികിൽ നിന്ന് തന്നെ അപ്പു ഈ സംസാരം കേട്ടിരുന്നു. എങ്കിലും അത് കാര്യമാക്കാതെ അവൾ മുന്നോട്ടു നടന്നു.

“ജോലിക്ക് എന്നും പറഞ്ഞാണ് ഇവിടെ നിന്ന് പോകുന്നത്.എന്ത് ജോലിയാണെന്നോ എവിടെയാണെന്നോ ഒന്നും ഇവിടെ ഒരു മനുഷ്യനും അറിയില്ല. കുറെ പൈസയും കൊണ്ട് കയറി വരുന്നു എന്നല്ലാതെ എന്താണ് അവളുടെ ജോലി എന്ന് ആർക്കറിയാം..?”

നട്ടെല്ലില്ലാത്ത നാവുകൊണ്ട് അവർ വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എത്രയൊക്കെ പറഞ്ഞാലും അമ്മയുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അപ്പുവിനറിയാം. എന്നും തന്റെ നേരെ വാളെടുത്തില്ലെങ്കിൽ അമ്മയ്ക്ക് ഒരു സ്വസ്ഥത കുറവാണ്.

ആദ്യമൊക്കെ അമ്മയുടെ ഇത്തരത്തിലുള്ള വർത്തമാനങ്ങൾ കേൾക്കുമ്പോൾ സങ്കടം വരുമായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.. ശീലമായി കഴിയുമ്പോൾ പിന്നെ സങ്കടത്തിനൊന്നും പ്രാധാന്യമില്ലല്ലോ.

എല്ലാ ദിവസത്തെയും പോലെ ഇന്നും എന്നൊരു ചിന്തയിലൂടെ മുന്നോട്ടുപോകാനേ പറ്റൂ..

അതും ഓർത്തു കൊണ്ട് അവൾ അമ്മയെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു.

“വന്നോ മഹാറാണി..? എന്താടി ഇന്ന് വൈകിയത്..?”

അവളെ കണ്ട ഉടനെ അമ്മ ഒച്ച ഉയർത്തി തുടങ്ങി.

” ഇന്ന് കടയിൽ നല്ല തിരക്കായിരുന്നു. സീസൺ അല്ലേ..? അതിന്റെ തിരക്കുകൾ. അതുകൊണ്ട് ഇറങ്ങാൻ വൈകി. “

ശബ്ദത്തിൽ പരമാവധി സൗമ്യത കലർത്തി കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

” അവളുടെ തിരക്കും സീസണും. എന്ന് ചോദിച്ചാലും നിനക്ക് പറയാൻ ഈ ഒരു ന്യായം മാത്രമല്ലേ ഉള്ളൂ.. ഇതൊക്കെ എത്രത്തോളം ശരിയാണെന്ന് ആർക്കറിയാം..? “

അമ്മ അവളെ വിടാനുള്ള ഭാവമുണ്ടായിരുന്നില്ല.

” പിന്നെ ഞാനെന്തു വേണം എന്നാണ് അമ്മ പറയുന്നത്..? ഞാൻ വേറെ എങ്ങോട്ടെങ്കിലും പോകുന്നു എന്നാണോ അമ്മ കരുതി വെച്ചിരിക്കുന്നത്..? “

അവൾക്ക് ഇത്തവണ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. “

അവളുടെ ദേഷ്യം കണ്ടപ്പോൾ അവർ ഒന്നു പരുങ്ങി.

” അമ്മ അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ പറയുന്നത്..? കുറച്ചു നാളുകളായി ഞാൻ കേൾക്കുന്നതാണ് അമ്മയുടെ ഇത്തരത്തിലുള്ള വർത്തമാനം. എത്രയെന്ന് വച്ചാ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത്..? “

ദേഷ്യത്തോടെ തന്നെ അവൾ അവരോട് ചോദിച്ചു.

” ഇതിപ്പോൾ ഞാൻ ചോദിക്കുന്നതും പറയുന്നതും മാത്രമാണ് നിനക്ക് തെറ്റ്. അല്ലാതെ ഈ കാണുന്ന നാട്ടുകാർ മുഴുവൻ നിന്നെപ്പറ്റി ഓരോന്ന് പറയുന്നത് നിനക്ക് കാര്യമല്ല. ഇതൊക്കെ കേട്ടിട്ട് മനുഷ്യന് നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണ്.”

പുഛത്തോടെ അമ്മ തുടർന്നപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” ഏതു നാട്ടുകാർക്കാണ് ഇത്രയും വലിയ അസുഖം..? ആർക്കാണെങ്കിലും അത് എന്നെ സംബന്ധിക്കുന്ന കാര്യമല്ല. ചുമ്മാ തിന്നും കുടിച്ചു ഇരുന്ന് ആരുടെയെങ്കിലും കുറ്റം പറയാൻ നടക്കുന്ന നാട്ടുകാർക്ക് എന്നെ എവിടെയെങ്കിലും വച്ച് കാണുമ്പോൾ എന്തെങ്കിലും പറഞ്ഞാൽ ഒരു സുഖം കിട്ടുമായിരിക്കും.അവർ അങ്ങനെയൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് കരുതി ഞാൻ വീടിനു പുറത്തിറങ്ങാതെ ഇതിനകത്ത് തന്നെ ഇരുന്നാൽ ഈ വീട് പട്ടിണിയായി പോവുകയുള്ളൂ.അപ്പോഴൊന്നും ആരെയും ഇങ്ങോട്ട് കാണില്ല. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇവിടുത്തെ ചിലവൊന്നു നടത്തി കാണിക്കാൻ ഈ നാട്ടുകാരോട് പറയൂ. അതിനു പറ്റില്ലെങ്കിൽ പിന്നെ ഇവിടത്തെ കാര്യങ്ങൾ അന്വേഷിച്ച് ബുദ്ധിമുട്ടണ്ട എന്നു കൂടി പറഞ്ഞേക്ക്. “

ദേഷ്യത്തോടെ അവൾ അതു പറയുമ്പോൾ അമ്മയ്ക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” അവർ പറയുന്നത് എന്താടി തെറ്റ്..? കല്യാണം കഴിഞ്ഞ് ഇവിടെ വന്ന് കയറുമ്പോൾ വായിൽ നാവിട്ടാൽ കടിക്കാത്ത പെണ്ണായിരുന്നു നീ. ഇപ്പോൾ എന്റെ മോനങ്ങ് പോയപ്പോൾ നിനക്ക് നിന്റെ തോന്ന്യാസങ്ങളും തന്റേടങ്ങളും മാത്രമാണ് ഈ വീട്ടിൽ നടക്കുന്നത്. അല്ലെങ്കിൽ കെട്ടിയോൻ ചത്തു കഴിഞ്ഞാൽ ഏതെങ്കിലും പെൺപിള്ളേർ ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാറുണ്ടോ..? ഇവിടെ അവനുള്ള കാലത്ത് പോലും നീ ഇങ്ങനെ മേക്കപ്പും ഇട്ട് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ അവൻ പോയി കഴിഞ്ഞപ്പോൾ നീ ഇങ്ങനെ നടക്കുന്നത് ആണുങ്ങളെ വലവീശി പിടിക്കാൻ ആണെന്ന് നാട്ടുകാർ പറയുമ്പോൾ അത് കേട്ട് നിൽക്കാൻ അല്ലാതെ എനിക്ക് വേറെ എന്തിന് പറ്റും..?”

അമ്മ അത് ചോദിക്കുമ്പോൾ അവൾക്ക് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു.

” അമ്മയ്ക്ക് അത് കേട്ട് നിൽക്കാൻ മാത്രമേ പറ്റുള്ളൂ.. അമ്മയുടെ സ്വന്തം മക്കളെ കുറിച്ചാണ് ആരെങ്കിലും ഇങ്ങനെ ഒരു അപവാദം പറയുന്നതെങ്കിൽ അമ്മ കേട്ട് നിൽക്കുകയാണോ പതിവ്..? എന്റെ കാര്യത്തിൽ ആകുമ്പോൾ ഞാൻ മരുമകൾ ആണല്ലോ. എന്നെക്കുറിച്ച് ആരെന്ത്‌ പറഞ്ഞാലും അത് അമ്മയെ സംബന്ധിക്കുന്ന കാര്യവുമല്ല. ഈ പറയുന്നവരുടെ മുഖത്ത് നോക്കി എന്റെ മകളെ എനിക്കറിയാം. അവൾ അങ്ങനെ ചെയ്യില്ല എന്ന് അമ്മ ഒരു വാക്കു പറഞ്ഞാൽ തീരാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യാതെ അവർ പറയുന്നത് മുഴുവൻ കേട്ട് നിന്നിട്ട്, ഇവിടെ എന്നോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ല..”

അവൾ സങ്കടം കൊണ്ട് കിതക്കുന്നുണ്ടായിരുന്നു.

” അമ്മ പറഞ്ഞത് ശരിയാ.കല്യാണം കഴിഞ്ഞ് ഞാനിവിടെ കയറി വരുമ്പോൾ ആരെന്തു പറഞ്ഞാലും കേട്ട് നിൽക്കുന്ന ഒരു സ്വഭാവമായിരുന്നു എന്റേത്. ആ സ്വഭാവം കൊണ്ട് തന്നെ, എന്നെ ഇവിടെ നിങ്ങളെല്ലാവരും കൂടി അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തട്ടി കളിച്ചത് ഞാൻ മറന്നിട്ടില്ല. എത്രയോ ദിവസങ്ങളിൽ അമ്മ ഓരോന്നും പറഞ്ഞ് എന്നെ കരയിച്ചിട്ടുണ്ട്. അമ്മയ്ക്ക് പുറമേ നാത്തൂൻ തന്നെ എത്രയോ ദിവസങ്ങളിൽ ഇവിടെ വന്ന് എന്നോട് പോരെടുത്തിട്ടുണ്ട്..! ഇതൊന്നും ഞാൻ മറന്നു പോയതല്ല അമ്മേ. എന്റെ ഈ സ്വഭാവം കൊണ്ട് നിങ്ങളെല്ലാവരും കൂടി എന്നെ ഇവിടെ കഷ്ടപ്പെടുത്തുന്നു എന്ന് തോന്നിയതു കൊണ്ടാണ് എന്റെ ഭർത്താവ് നിങ്ങളുടെ മകൻ എന്റെ സ്വഭാവം മാറ്റണമെന്ന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ നിരന്തരമായ പ്രേരണയും സപ്പോർട്ടും കൊണ്ട് തന്നെയാണ് ആരെങ്കിലും തൊട്ടാൽ വാടുന്ന തൊട്ടാവാടിയുടെ സ്വഭാവത്തിൽ നിന്ന് ഞാൻ ഇന്നത്തെ സ്വഭാവത്തിലേക്ക് മാറിയത്. അതൊരിക്കലും ഒരു ദോഷമാണെന്ന് എനിക്ക് ഈ നിമിഷം വരെയും തോന്നിയിട്ടില്ല. അന്നത്തെ എന്റെ സ്വഭാവമായിരുന്നെങ്കിൽ എന്റെ ഭർത്താവു മരിച്ചതോടു കൂടി ഞാൻ തളർന്നു പോയേനെ. മുന്നോട്ട് ഒരു ജീവിതം ഇല്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചേനെ.അദ്ദേഹത്തിന് പിന്നാലെ കഴുത്തിൽ കുരുക്കിട്ടോ വിഷം വാങ്ങി കഴിച്ചോ ഞാനും അങ്ങ് പോയേനെ..!”

അവൾ അത് പറയുമ്പോൾ അവർ ഞെട്ടലോടെ അവളെ നോക്കി.

“ഞാൻ അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ..? എന്നോട് ഏട്ടൻ എപ്പോഴും പറയുന്നത് ഒരേയൊരു കാര്യമാണ്. ഞാനില്ലെങ്കിലും എന്റെ അമ്മയ്ക്ക് ഒരു കുറവും വരാതെ നീ നോക്കണം എന്ന്. അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തതാണ്. ആ വാക്ക് എനിക്ക് പാലിക്കണം. അതിനു വേണ്ടിയാണ് ഞാൻ ജോലിക്ക് പോയി തുടങ്ങിയത്. സെയിൽ ഗേൾ ആയി ജോലി ചെയ്യുമ്പോൾ അത്യാവശ്യം മുഖത്ത് എന്തെങ്കിലുമൊക്കെ വാരി തേക്കേണ്ടിവരും. വസ്ത്രം വാങ്ങാൻ വരുന്നവർ വസ്ത്രം എടുത്തു കൊടുക്കുന്ന പെൺകുട്ടിയുടെ മുഖത്തുകൂടി ശ്രദ്ധിക്കും എന്നുള്ളത് ജോലിക്ക് കയറുമ്പോൾ തന്നെ ഞങ്ങളോട് പറയുന്ന കാര്യമാണ്. എന്റെ ജോലിക്ക് വേണ്ടിയാണ് ഞാൻ ഈ വേഷം കെട്ടുന്നത്. അല്ലാതെ എന്റെ പൂർണ്ണമനസ്സോടെയോ സംതൃപ്തിയോടെയോ അല്ല.പിന്നെ അമ്മ പറഞ്ഞതുപോലെ ആരുടെയും മുഖത്ത് നോക്കാതെ നിലത്ത് നോക്കി നടക്കുന്ന പണ്ടത്തെ പെൺകുട്ടികളുടെ രീതി ഞാനും പിന്തുടരണം എന്നാണെങ്കിൽ, എനിക്ക് ഈ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല. ഭർത്താവ് കൂടി ഇല്ലാത്തതുകൊണ്ട് എനിക്ക് എന്തെങ്കിലും കുറവുണ്ടെങ്കിൽ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് എന്റെ പിന്നാലെ നടക്കുന്ന എത്രയോ പകൽമാന്യന്മാർ ഈ നാട്ടിൽ ഉണ്ടെന്ന് അമ്മയ്ക്ക് അറിയാമോ.. എന്നെ അതിന് കിട്ടില്ല എന്ന് ഉറപ്പാകുമ്പോഴാണ് അവർ എന്നെ കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നത്. ഞാനതൊന്നും കാര്യമാക്കാൻ പോകുന്നില്ല. ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.”

അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി പോകുമ്പോൾ, താൻ പറഞ്ഞു പോയത് എത്ര വലിയ അപരാധമായിരുന്നു എന്ന തിരിച്ചറിവോടെ ഇരിക്കുകയായിരുന്നു അമ്മ..!

✍️ അപ്പു