രചന: സജി തൈപറമ്പ്
::::::::::::::::::::::::::::
“ശ്രീയേട്ടാ …നമ്മൾ ഭയപ്പെട്ടതു പോലെ തന്നെ സംഭവിച്ചു,ഞാൻ ഗർഭിണിയാണ് ശ്രീയേട്ടാ…”
കയ്യിൽ ടെസ്റ്റ് ചെയ്ത പ്രെഗ്നോ കിറ്റ്മായിട്ട് രേവതി കുറ്റബോധത്തോടെ നിന്നു.
“നിന്നോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്”
ശ്രീഹരി അനിഷ്ടത്തോടെ പറഞ്ഞു.
“അതിന് ഞാൻ മാത്രം സൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ”
“ഓഹ് ഇപ്പോൾ എന്റെ കുറ്റമായല്ലേ? എടീ ഞാൻ വൈകിട്ട് കു ടിച്ച് ബോധമില്ലാതെയല്ലേ വരുന്നത്, പക്ഷേ നിനക്ക് ബോധമുണ്ടല്ലോ”
“ഇനിയിപ്പോൾ പരസ്പരം പഴിചാരിയിട്ടെന്താ കാര്യം ,ഇല്ലാതാക്കാൻ പറ്റുമോ?
“ഇല്ലാതാക്കണം, എടീ, നിനക്കറിയാമല്ലോ, ഒരു കുഞ്ഞിനെ തന്നെ പോറ്റാൻ നമുക്ക് കഴിയുന്നില്ല, എനിക്കാണെങ്കിൽ സ്ഥിരമായി വരുമാനോമില്ല, ഈ കാലത്ത് ഒരു സ്ത്രീ ഗർഭിണിയായി കഴിഞ്ഞാൽ, അവള് പ്രസവിക്കുന്നത് വരെ എത്രയാ ചിലവെന്ന റിയാമോ? അതിനൊക്കെ കാശ് വേണ്ടേ? ഉണ്ടായിരുന്ന കെട്ട് താലി കൂടി പണയം വെച്ചിട്ടാ രണ്ട് മാസത്തെ വാടക പോലും കൊടുത്തത്”
“അതൊക്കെ എനിക്കറിയാം, നമുക്ക് കണ്ണനെ ഗർഭിണിയായപ്പോൾ കാണിച്ചത് പോലെ ഇതിന്, പ്രൈവറ്റായിട്ട് ഡോക്ടറെ ഒന്നും കാണാൻ പോകണ്ട, പ്രസവവേദന തുടങ്ങുമ്പോൾ ഏതെങ്കിലും ഗവ: ആശുപത്രിയിൽ പോയാൽ മതി ,എന്നാലും ഇത് കളയാൻ പറയല്ലേ ശ്രീയേട്ടാ ,ചിലപ്പോൾ നമുക്കൊരു മോളെ കൂടി ദൈവം തന്നതാണെങ്കിലോ”
“ആഹ് ,അന്നാൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്, എന്നെ ഒന്നിനും കൂട്ട് വിളിക്കരുത്”
ശ്രീഹരി, കയ്യൊഴിഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങി പോയി.
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി.
ഇതിനിടക്ക് പല പ്രാവശ്യം രേവതിക്ക്, ശാരീരിക ബുദ്ധിമുട്ടുകൾ പലത് മുണ്ടായെങ്കിലും ശ്രീഹരിയെ പേടിച്ച് അവൾ എല്ലാം സഹിച്ചു.
തനിക്ക് പിറക്കാൻ പോകുന്ന രാജകുമാരിയെ സ്വപ്നം കണ്ടവൾ ദിവസങ്ങൾ തള്ളി നീക്കി.
ഒടുവിൽ ഒൻപത് മാസം തികയുന്നതിന് ദിവസങ്ങൾ ബാക്കി നില്ക്കേ വേദന കലശലായവൾ ബോധംകെട്ട് വീണപ്പോൾ അയൽക്കാരെല്ലാവരും ചേർന്ന് അവളെ, മെഡിക്കൽ കോളേജിലെത്തിച്ചു.
വിവരമറിഞ്ഞ് ശ്രീഹരിയും ഹോസ്പിറ്റലിലെത്തി.
മണിക്കൂറുകളുടെ കാത്തിരിപ്പന് ശേഷം ഒരു കൗതുക വാർത്തയുമായിട്ടാണ് , ഡോക്ടർ ഇറണ്ടി വന്നത്.
“രേവതിയുടെ ബന്ധുക്കളാരാ?
“ഞാനാ ഡോക്ടർ, അവളുടെ ഹസ്ബന്റാണ്, പേര് ശ്രീഹരി “.
“കൺഗ്രാജുലേഷൻസ് മിസ്റ്റർ, ശ്രീഹരി, നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു, നിങ്ങൾക്ക് ഒന്നല്ല’ മൂന്ന് മാലാഖമാരെ പോലുള്ള പെൺകുഞ്ഞുങ്ങളെയാ,നിങ്ങളുടെ ഭാര്യ പ്രസവിച്ചിരിക്കുന്നത്.”
അത് കേട്ട് വെള്ളിടി വെട്ടിയവനെ പോലെ, അയാൾ നിന്നു.
ഈശ്വരാ..കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെ ആയല്ലോ?
“ആഹാ, ശ്രീഹരി.. ചിലവുണ്ട് കെട്ടോ”
അയലത്തെ അമ്മിണി ചേച്ചിയാണ് അത് പറഞ്ഞത്.
“ങ്ഹാ, കുട്ടികൾക്ക് തൂക്കകുറവ് ഉള്ളത് കൊണ്ട് ഇൻക്യുബേറ്ററിലാണ് ,തത്ക്കാലം ,ശ്രീഹരി വന്ന് കണ്ടോളു”
അതും പറഞ്ഞ് ഡോക്ടർ, അകത്തേക്ക് തന്നെ പോയി
“ശ്രീഹരി,ഞാനീ കാപ്പി ,അവൾക്ക് കൊടുത്തിട്ട് വരാം”
അമ്മിണി ചേച്ചി ഫ്ലാസ്കുമായി അകത്തേക്ക് പോയി.
ശ്രീഹരിക്ക് തല പെരുകുന്നത്, പോലെ തോന്നി.
എന്ത് ചെയ്യണമെന്നറിയാതെ അയാൾ ആശുപത്രിക്ക് പുറത്തേക്ക് നടന്നു.
പുറത്തെ വാകമരത്തിന്റെ ചുവട്ടിൽ ടൈൽസിട്ട സിമൻറ് ബെഞ്ചിൽ ആലോചനയോടെ അയാൾ ഇരുന്നു.
പെട്ടെന്ന് അയാളുടെ തോളിൽ ഒരു കൈതലം അമരുന്നതറിഞ്ഞ് തിരിഞ്ഞ് നോക്കി.
“നിങ്ങളിവിടെ വന്നിരിക്കുവാണോ ഞാനെവിടെല്ലാം നോക്കി”
ലോട്ടറി വില്ക്കുന്ന ,ശാന്തപ്പനായിരുന്നു അത്.
“ഒന്നും വേണ്ട ശാന്തപ്പാ, എന്റെ കയ്യിലൊന്നുമില്ല”
ശ്രീഹരി അയാളെ ഒഴിവാക്കാൻ നോക്കി.
“അതിനാര് പറഞ്ഞു നിങ്ങളോട് ടിക്കറ്റെടുക്കാൻ, നിങ്ങളിനിജീവിതത്തിലൊരിക്കലും ടിക്കറ്റെടുക്കണ്ട ഞാനും ഈ കച്ചവടം നിർത്തുവാ”
“നിനക്കെന്താ, ശാന്തപ്പാ ഭ്രാന്തായാ?
“അതേ ഹരിയേട്ടാ …എനിക്ക് മാത്രമല്ല ഇത് കേൾക്കുമ്പോൾ നിങ്ങൾക്കും ഭ്രാന്താകും”
“ഓഹ് മനുഷ്യനെ ടെൻഷനടിപ്പിക്കാതെ ഒന്ന് പറഞ്ഞ് തൊലക്കടാ”
“എന്റെ ശ്രീയേട്ടാ..നിങ്ങക്കാണ് ഇക്കൊല്ലത്തെ വിഷു ബംബർ അടിച്ചിരിക്കുന്നത് ഞാനിപ്പോൾ ഏജൻസിന്ന്, അറിഞ്ഞിട്ട് വരുവാ “
“ങ്ഹേ,സത്യമാണോ നീ പറയുന്നത്”
ശ്രീഹരി ബെഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു.
“അതേ ഹരിയേട്ടാ ഞാനെന്തിനാ കള്ളം പറയുന്നത്”
“എന്റെ കൃഷ്ണാ നീ എന്നെ ഒടുവിൽ കടാക്ഷിച്ചല്ലോ? എന്റെ മാലാഖ കുട്ടികളാണ് എനിക്കീ ഭാഗ്യം കൊണ്ട് വന്നത് “
രേവതിയേം കുട്ടികളെയും കാണാൻ അയാളുടെ മനസ്സ് തിടുക്കം കൂട്ടി.
അയാൾ ആശുപത്രിയിലെ ലേബർ റൂമിനെ ലക്ഷ്യമാക്കി ഓടി.