രചന : അപ്പു
:::::::::::::::::::::::::::
” എക്സ്ക്യൂസ് മി.. “
പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് പെട്ടെന്ന് തിരിഞ്ഞു നോക്കി. അവിടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്നതു പോലെ ഒരു തോന്നൽ എന്റെ ഉള്ളിൽ ഉണ്ടായി.
“ഹലോ..”
ഞാൻ പ്രതിവചിച്ചു.
“എന്നെ മനസ്സിലായോ..?”
പുഞ്ചിരി കൈവിടാതെ തന്നെ ആ കുട്ടി ചോദിക്കുന്നുണ്ട്.
” ആക്ച്വലി തന്നെ ഞാൻ എവിടെയോ കണ്ടതു പോലെ ഒരു തോന്നൽ എനിക്കും ഉണ്ട്. പക്ഷേ എവിടെയാണെന്ന്.. “
ജാള്യതയോടെ ഞാൻ പകുതിക്ക് നിർത്തി. അല്ലെങ്കിലും എന്നെ പരിചയമുണ്ട് എന്ന് പറഞ്ഞ് അത്രയും ആത്മാർത്ഥതയോടെ എന്റെ അടുത്തേക്ക് വന്ന ആ കുട്ടിയെ എനിക്ക് പരിചയമില്ല എന്ന് പറയാൻ വല്ലാത്ത ഒരു നാണക്കേട് എനിക്ക് തോന്നി.
“തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങളാകുന്നു. കുറഞ്ഞത് ഒരു 20 വർഷമെങ്കിലും ആയിട്ടുണ്ടാകും.”
ആ കുട്ടി അത് പറഞ്ഞപ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി. 20 വർഷങ്ങൾക്ക് ശേഷവും എന്നെ ഇത്ര കൃത്യമായി ഓർത്തു വയ്ക്കാൻ ആ കുട്ടിക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഞാൻ ഓർത്തു.
” കൺഫ്യൂഷൻ ആയി അല്ലേ.. ഞാൻ മാളുവാണ്. “
പുഞ്ചിരിയോടെ അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. എന്റെ മാളു.. അവളായിരുന്നോ..? എന്നിട്ടും എനിക്കെന്താ ആളെ മനസ്സിലാവാതെ പോയത്..?
എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു. അതിനേക്കാൾ ഏറെ വല്ലാത്തൊരു നാണക്കേടും.
അടുത്തടുത്ത വീടുകളിൽ ഒന്നിച്ച് 10 വർഷത്തോളം താമസിച്ചവരാണ് ഞങ്ങൾ. അതിനേക്കാൾ ഉപരി ജനിച്ചപ്പോൾ മുതലേ ഞങ്ങൾ കൂട്ടുകാരായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല. കാരണം ഞാനും അവളും ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ജനിച്ചവരായിരുന്നു.
നഴ്സറി സ്കൂൾ മുതൽ ഒന്നിച്ചു തന്നെയായിരുന്നു പഠിക്കാൻ പോകലും വരലും ഒക്കെ. ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ മാതാപിതാക്കൾക്കും ഒരു അത്ഭുതം തന്നെയായിരുന്നു. ഞങ്ങൾക്കിടയിലേക്ക് മറ്റാരും കടന്നു വരാത്ത രീതിയിൽ അത്രത്തോളം ദൃഢമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.
എന്നിട്ടും ഞങ്ങൾക്ക് 15 വയസ്സ് പ്രായമുള്ളപ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തം.. അത് നിമിത്തം പരസ്പരം കാണുക പോലും ചെയ്യാത്ത അത്രയും ദൂരത്തേക്ക് ഞങ്ങൾ അകന്നു പോയി. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നത് ഇപ്പോഴാണ്.
എന്നിട്ടും ഒറ്റനോട്ടത്തിൽ അവൾക്ക് എന്നെ മനസ്സിലായി. എനിക്ക് അവളെ മനസ്സിലായതുമില്ല. ഞാൻ അവളെ മറന്നു പോയതാണോ..? എന്റെ ജീവിതത്തിന്റെ തിരക്കുകളിൽ, അവൾ എന്നൊരാളെ ഞാൻ പരിഗണിക്കാതെ പോയതാണോ..?
എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു.
” എടി നീ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. എന്നെ നിനക്ക് കണ്ടാൽ മനസ്സിലാവാത്തതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ഞാൻ പണ്ടത്തെപ്പോലെ ഒന്നുമല്ലല്ലോ ഇപ്പോൾ. “
ചിരിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം അവളെ ശ്രദ്ധിച്ചു. അവൾ പറഞ്ഞത് ശരിയാണ് പണ്ടത്തെ ആ പെൺകുട്ടിയുടെ ഒരു ഛായയും അവളെ അവശേഷിക്കുന്നില്ല എന്ന് തോന്നി.
” പ്രസവം ഒക്കെ കഴിഞ്ഞപ്പോ എന്റെ മുഖഛായ തന്നെ മാറിപ്പോയെടി.”
പുഞ്ചിരിച്ചു എന്റെ കൈ കവർന്നു കൊണ്ട് അവൾ പറഞ്ഞു.
അപ്പോഴും കുറ്റബോധം കൊണ്ട് അവളെ നോക്കാൻ പോലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എന്റെ അവസ്ഥ അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു.
“നീ ഇപ്പോഴും പഴയ കാര്യങ്ങളൊക്കെ ഓർത്തിരിക്കുകയാണോ..?”
അനുകമ്പയോടെ അവൾ ചോദിച്ചപ്പോൾ അവളെ നോക്കി ഒന്ന് വിളറി ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.
“നീ അതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞേ.. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ..?”
അവൾ അങ്ങനെ എന്നെ ആശ്വസിപ്പിക്കുമ്പോഴും ഒരു തരിമ്പു പോലും ആശ്വാസം എനിക്ക് തോന്നിയിരുന്നില്ല. അതിനുള്ള കാരണം മറ്റൊന്നുമായിരുന്നില്ല.തെറ്റ് ചെയ്തത് പൂർണ്ണമായും ഞാനാണ് എന്നൊരു ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു.
അന്ന് ഞങ്ങൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയം. ക്ലാസിലെ ചില കുട്ടികൾ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ മുതൽ എനിക്ക് അവരോടൊപ്പം പോവാൻ വല്ലാത്തൊരു ആഗ്രഹം.
ഞാൻ അത് അപ്പോൾ തന്നെ മാളുവിനോട് പറയുകയും ചെയ്തു. പക്ഷെ അവൾ വല്ലാതെ ഭയന്ന് പോയി.
” അത് വേണ്ട മീനു.. അത് ശരിയാവില്ല.. “
അവൾ എന്നെ തടഞ്ഞു.
” അതെന്താ ശരിയാവാത്തെ..? എല്ലാരും പോകുമ്പോൾ നമ്മൾ മാത്രം എന്തിനാടി ഒഴിവാകുന്നെ..? “
ഞാൻ അവളെ നിർബന്ധിച്ചു.
” എന്നാലും.. അത് ശരിയല്ലെടി.. അതൊക്കെ തെറ്റാണ്. നമ്മുടെ വീട്ടുകാർ നമ്മളെ വിശ്വസിച്ചിട്ടാണ് പഠിക്കാനായി ഇങ്ങോട്ടേയ്ക്ക് അയച്ചിരിക്കുന്നത്. നമ്മൾ രാവിലെ ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവർ കരുതുന്നത് നമ്മൾ സ്കൂളിലേക്ക് പോകുന്നു എന്നാണ്. രാവിലെ മുതൽ വൈകുന്നേരം വരെ നമ്മൾ ഇവിടെ തന്നെയാണ് എന്നൊരു വിശ്വാസത്തിലാണ് അവരൊക്കെ വീട്ടിൽ സമാധാനത്തോടെ ഇരിക്കുന്നത്. നമ്മളിങ്ങനെ അവരോട് പറയാതെ ക്ലാസും കട്ട് ചെയ്ത് ഓരോ ഭാഗത്തേക്ക് കറങ്ങി നടക്കുമ്പോൾ അവരുടെ വിശ്വാസത്തെയല്ലേ നമ്മൾ ഇല്ലാതെയാക്കുന്നത്..?അങ്ങനെയൊന്നും നമ്മൾ ചെയ്യാൻ പാടില്ല.”
എന്നെ തടയാൻ കഴിയുന്നതിന്റെ പരമാവധി അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ നിമിഷം എന്നിൽ നിലനിന്നത് വാശി മാത്രമായിരുന്നു.
“അങ്ങനെയൊന്നുമല്ല. ഇതിപ്പോൾ നമ്മൾ ഒരു ദിവസം അങ്ങനെ പോയി എന്ന് കരുതി ആരറിയാനാണ്..? ആരും അറിയാൻ പോകുന്നില്ല.നീ ഇങ്ങനെ പേടിച്ച് വീട്ടിൽ പോയി പറയാതിരുന്നാൽ മതി.”
എത്രയൊക്കെ അവൾ തടസ്സം വന്നിട്ടും അവളുടെ വാക്കുകളെ വിലയ്ക്ക് എടുക്കാതെ ഞാൻ കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോയി. വരുന്നില്ല എന്ന വാശി പിടിച്ച അവളെ നിർബന്ധിച്ച് കൂടെ കൂട്ടുകയും ചെയ്തു.
പക്ഷേ അതൊക്കെ വലിയൊരു അബദ്ധമായി പോയി എന്ന് അറിഞ്ഞത് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഉള്ള അച്ഛന്റെ ചോദ്യം ചെയ്യലിൽ നിന്നായിരുന്നു.അച്ഛന്റെ ഏതോ ഒരു സുഹൃത്ത് എന്നെ തീയറ്ററിൽ വച്ച് കണ്ടിരുന്നു എന്ന് അച്ഛനോട് പറഞ്ഞിരുന്നു.
സിനിമയ്ക്ക് പോകാനുള്ള പണം എവിടെ നിന്ന് കിട്ടി എന്നുള്ള ചോദ്യത്തിന് മാളു അവളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണ് എന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ആ നിമിഷം അച്ഛന്റെ ചൂരൽ കഷായത്തിൽ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമാണ് ഞാൻ ഓർത്തത്.
പക്ഷേ ഞാൻ പറഞ്ഞ ആ ഒരു വാചകത്തിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. മാളു മനപ്പൂർവ്വം എന്നെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുകയാണെന്നും എന്റെ ഭാവി ഇല്ലാതാക്കുന്നത് അവളാണെന്നും ഒക്കെ പറഞ്ഞ് അവളുടെ വീട്ടിൽ അച്ഛനും അമ്മയും ഒക്കെ പോയി പ്രശ്നം ഉണ്ടാക്കി.
അവളുടെ നിരപരാധിത്വം പറയാൻ അവൾ ശ്രമിച്ചിട്ടും അവരാരും ചെവി കൊണ്ടില്ല. അവളുടെ വീട്ടുകാരെ പോലും അച്ഛനും അമ്മയും അധിക്ഷേപിച്ചു.
ഇനിമേലിൽ അവളെ കാണുകയോ മിണ്ടുകയോ ചെയ്യരുത് എന്ന് എന്നോട് താക്കീത് ചെയ്തു കൊണ്ട് എന്നെ മുറിയിൽ അടച്ചിട്ടു. ദിവസങ്ങൾക്കുള്ളിൽ അച്ഛൻ സ്ഥലംമാറ്റം വാങ്ങി ഞങ്ങളെയും കൊണ്ട് ആ നാടുവിട്ടു പോകുകയും ചെയ്തു.
അന്നത്തെ ആ സംഭവത്തിനു ശേഷം ഞാൻ ഒരിക്കൽ പോലും മാളുവിനെ കണ്ടിട്ടില്ല. പലപ്പോഴും അതിനെക്കുറിച്ച് ഓർക്കുമ്പോൾ അവളോട് മാപ്പു പറയണമെന്നും ചെയ്തുപോയ തെറ്റുകൾക്ക് അവളുടെ കാല് തൊട്ട് അപേക്ഷിക്കണമെന്നും വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിനുള്ള അവസരം എനിക്ക് കിട്ടിയിരുന്നില്ല എന്ന് മാത്രം.
” എടീ ഞാൻ ഇവിടെ അടുത്തു തന്നെയാണ് ഇപ്പോൾ താമസം. നീ വാ നമുക്ക് വീട്ടിൽ കയറിയിട്ട് പോകാം. അമ്മ ഇപ്പോൾ ഇവിടെ എന്റെ കൂടെയുണ്ട്. അച്ഛൻ മരിച്ചിട്ട് വർഷങ്ങളാകുന്നു. ഞാനും ഭർത്താവും മക്കളും കൂടി ആണ് താമസം. അമ്മ അവിടെ ഒറ്റയ്ക്ക് ആയതുകൊണ്ട് അമ്മയെയും കൂടി ഞാൻ കൂടെ കൂട്ടിയതാണ്. “
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു ഭയം തോന്നി.
“ഞാൻ വരുന്നില്ല. അമ്മ.. അമ്മയ്ക്ക് എന്നെ കണ്ടാൽ ക്ഷമിക്കാൻ കഴിഞ്ഞു എന്ന് വരില്ല.നീ അന്ന് അപമാനത്തോടെ നിൽക്കേണ്ടി വന്നത് ഞാൻ കാരണമാണല്ലോ. നീ മാത്രമല്ല നിന്റെ കുടുംബം മുഴുവൻ ഞാൻ കാരണം നാണംകെട്ടു.”
സങ്കടത്തോടെ തലകുനിച്ചു കൊണ്ട് ഞാൻ അത് പറയുമ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
” ഞങ്ങളൊക്കെ അന്ന് തന്നെ അതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞതാണ്. പ്രായത്തിന്റെ കുസൃതിയിൽ തോന്നുന്നത് അല്ലേ അതൊക്കെ.. അമ്മ അതൊക്കെ അന്നേ മറന്നു. ഈ അടുത്തു കൂടി പറയുന്നുണ്ടായിരുന്നു നീ ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ല എന്ന്. നിന്നെ കാണാൻ അമ്മയ്ക്ക് നല്ല ആഗ്രഹമുണ്ട്.”
അവൾ നിർബന്ധം പിടിച്ചപ്പോൾ അവളോടൊപ്പം വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
അപ്പോഴും ഉള്ളുകൊണ്ട് ഞാൻ അവളോട് മാപ്പ് പറയുന്നുണ്ടായിരുന്നു. ചെയ്തു പോയ തെറ്റ് ക്ഷമിച്ചു കൂടെ കൂട്ടുന്നതിൽ അവളോട് വല്ലാത്തൊരു നന്ദി തോന്നുന്നുണ്ടായിരുന്നു.
✍️ അപ്പു