എന്തോ അവളെ കാണുമ്പോൾ ഒരു സഹാനുഭൂതി.ഞാനും ഭാര്യയും വിവാഹ മോചനത്തിന്റെ….

ഏകാകിനി

രചന : നിഷ പിള്ള

:::::::::::::::::::::::::::

അപർണയും ഗണേശും രവി സാറിനെ കാണാൻ വീട്ടിലെത്തിയിട്ടും അദ്ദേഹം ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല.അപർണ അക്ഷമയായി .അവൾ വീടിന്റെ സിറ്റ് ഔട്ടിൽ കയറിയിരുന്നു മാസികകൾ മറിച്ചു നോക്കി .

“എന്നതാ ഗണേശേ ,ഇത്ര വലിയ കാര്യം?.എന്നെ വിളിച്ചു വരുത്താൻ .”

“നീ ഒന്ന് സമാധാനിക്കെടി ,രവി സാറും ഞാനുമായുള്ള അടുപ്പം നിനക്കറിയില്ലേ ,അദ്ദേഹം വിളിച്ചാൽ വന്നല്ലേ പറ്റൂ.അദ്ദേഹം എനിക്ക് അത്ര വേണ്ടപ്പെട്ടയാളാ.സർവീസിൽ കയറിയ അന്ന് തൊട്ട് എനിക്ക് സാറിനെ അറിയാം.വളരെ സത്യസന്ധനായ മനുഷ്യൻ.ഒറ്റയാൻ.ഭാര്യ ഉപേക്ഷിച്ച് പോയി .അതിന്റെ ഉള്ളുകള്ളിയൊന്നും എനിക്കറിയില്ല .ഏതോ വനിതാ തടവുകാരിയുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് നിന്നെ ഇപ്പോൾ വിളിപ്പിച്ചത്.നിങ്ങളുടെ സ്ത്രീ സംഘടനകളൊക്കെ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയല്ലേ പ്രവർത്തിക്കേണ്ടത് .നീ കുറച്ച് നേരം ക്ഷമിക്കൂ.”

ഗേറ്റ് കടന്ന് ഒരു പോലീസ് ജീപ്പ് വന്നു .അതിൽ നിന്നും നാല്പതുകളിൽ എത്തിയ സുമുഖനായ ഒരു ഇരുനിറക്കാരൻ ഇറങ്ങി .ഗണേശിന്റെ നേരെ അയാൾ കൈ നീട്ടി.

“വന്നിട്ട് കുറെ നേരമായോ ഗണേശേ .സോറി ഇന്നിത്തിരി വൈകി .അപർണ സുഖമാണോ ?”

അയാൾ വാതിൽ തുറന്ന് അകത്ത് കയറുകയും അവർക്കിരിക്കാൻ ഇരിപ്പിടം കാട്ടി കൊടുക്കുകയും ചെയ്തു .പെട്ടെന്ന് വേഷം മാറി അടുക്കളയിലേയ്ക്ക് നടക്കുകയും അവർക്കു കുടിക്കാനുള്ള കൂൾ ഡ്രിങ്ക്സ് ഒരു ട്രേയിൽ കൊണ്ട് വരുകയും ചെയ്തു .അപർണയ്ക്കു പണ്ടേ പൊലീസുകാരെ അത്ര ഇഷ്ടമല്ല.പക്ഷെ ഗണേശ് പറഞ്ഞിട്ട് ചെയ്യാതിരിക്കാനും വയ്യ,പരസ്പരം എല്ലാം പങ്ക് വയ്ക്കുന്ന മാതൃകാ ദമ്പതികളാണവർ.അതിന്റെ ഒരു വിഷമത്തോടെയാണ് അവൾ രവിശങ്കറുടെ കയ്യിൽ നിന്നും ഡ്രിങ്ക്സ് നിറച്ച ഗ്ലാസ് വാങ്ങിയത്.

“അപർണ,ഞാൻ കുറെ കേട്ടിട്ടുണ്ട് നിങ്ങളുടെ സ്ത്രീപക്ഷ പ്രവർത്തനങ്ങളെക്കുറിച്ച്.നമ്മൾ തമ്മിൽ നേർക്കുനേർ കാണുന്നത് ആദ്യമായിട്ടാണ് ,പല ടി വി പരിപാടികളിലും അപർണയെ കണ്ടിട്ടുണ്ട്.വളച്ചു കെട്ടുന്നില്ല ,ഞാൻ കാര്യത്തിലേക്ക് വരാം.വനിതാ ജയിലിൽ ശിക്ഷ അനുഭവിയ്ക്കുന്ന അരുന്ധതീ സെൻഗുപ്തയെ അറിയാമോ? ഒരു ബംഗാളി യുവതി.ജീവപര്യന്തമാണ്‌ കേസ്.പലരും സമീപിച്ചു കേസ് വാദിക്കാമെന്നും രക്ഷപെടുത്താമെന്നും പറഞ്ഞു.വാദിയുടെ വീട്ടുകാർ നല്ല പണക്കാരാണ് .മലയാളിയെ കേരള മണ്ണിൽ വന്നു കൊല ചെയ്ത ബംഗാളി യുവതി. കൊല നടത്തി അവൾ നേരെ പോലീസ് സ്റ്റേഷനിൽ വന്നു ഹാജരായി.ആരെന്തു ചോദിച്ചിട്ടും അവൾ വാ തുറന്നില്ല.വനിതാ പോലീസുകാർ പറ്റുന്ന വിധത്തിലൊക്കെ ഭേദ്യമൊക്കെ ചെയ്തു.പിന്നെ ചത്തവനും വീട്ടുകാരും സമൂഹത്തിനൊരു ശല്യമായതു കൊണ്ട് എല്ലാവരും പതിയെ പത്തി താഴ്ത്തി .അവളുടെ മൗനസമ്മതം കുറ്റസമ്മതമായി പരിഗണിച്ചു.ഇപ്പോൾ ആറു വർഷമായി ജയിലിൽ.അപ്പീൽ പോകാനോ മേൽക്കോടതിയിൽ കേസ് നടത്താനോ ആരുമില്ല.ജയിലിൽ നല്ല നടപ്പുകാരിയാണ്.എല്ലാവർക്കും ഇഷ്ടമാണവളെ .ചത്തവന്റെ ആൾക്കാരുടെ ഒരു കൊട്ടേഷൻ ജയിലിൽ കിട്ടി ,അത് നടത്താൻ വന്നവളുമാരെ ബാക്കി ജയിൽ പുള്ളികൾ എല്ലാം കൂടെ എടുത്ത് പെരുമാറി.അരുന്ധതിയുടെ കേസ് ഒന്ന് പഠിക്കാനാണ് ഞാൻ അപർണയെ ക്ഷണിച്ചത്.”

“ഞാനെന്ത് ചെയ്യണം സർ.”

“ഞാൻ എന്റെ കുറെ സുഹൃത്തുക്കൾ വഴി കൊൽക്കത്തയിൽ അന്വേഷിച്ചു.സുദീപ്‌ത സെൻഗുപ്ത എന്ന ഒരു ഓഫീസ് ക്ലർക്കിന്റെ മകളാണ്.അയാൾ മാവോയിസ്റ് ബന്ധത്തിൽ ജയിലിലായിരുന്നു.അവിടെ വച്ച് മരണപ്പെടുകയാണ് ഉണ്ടായത്.ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കുട്ടിയാണ് അരുന്ധതി.ഒരു സാഹിത്യ പ്രസിദ്ധീകരണത്തിൽ ജോലി നോക്കിയിരുന്നു.അവളും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായത്.അവൾ കൊലപാതകം ചെയ്തതിന് ശേഷം, അനാഥയായ അമ്മയെ അവളുടെ ഒരു ബന്ധു ഏറ്റെടുത്തു.വേറെ ഒരറിവും കിട്ടിയില്ല.ഒരു ജയിൽ ഓഫീസർ എന്ന നിലയിൽ ഞാൻ ഇതിലൊന്നും താല്പര്യം കാണിച്ചുകൂടല്ലോ.എന്തോ അവളെ കാണുമ്പോൾ ഒരു സഹാനുഭൂതി.ഞാനും ഭാര്യയും വിവാഹ മോചനത്തിന്റെ അവസാനഘട്ടത്തിലാണ്.ഞാൻ ഇതിലെങ്ങാനും ഇടപെട്ടെന്നറിഞ്ഞാൽ അതാകും അവൾ അടുത്ത സിറ്റിങ്ങിന് കുടുംബ കോടതിയിൽ വിളിച്ചു കൂവുന്നത്.കാരണം ഈ അരുന്ധതി കാണാൻ അതീവസുന്ദരിയാണ്.ജയിക്കാൻ ഒരു മാർഗം തേടി നടക്കുകയാണവൾ, എൻ്റെ ഭാര്യ.ഇതിൽ വേറെയൊന്നുമില്ല .വെറും മനുഷ്യത്വം മാത്രം.”

അയാളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അപർണ ഗണേശിനോട് പറഞ്ഞു.

” പിന്നെ !!! മനുഷ്യത്വം.അങ്ങനെയാണെങ്കിൽ ഇതിനേക്കാൾ ദയ അർഹിക്കുന്ന മലയാളി പെൺകുട്ടികൾ ഉണ്ടാകില്ലേ .”

“താൻ ഇപ്പോൾ കാട് കയറി ചിന്തിക്കണ്ട.താൻ ആ വക്കീൽ മാലിനിയെയും കൂട്ടി ആ പെൺകുട്ടിയോട് ഒന്ന് സംസാരിക്ക്‌.നിങ്ങളുടെ ഒരു സാധാരണ ജയിൽ സന്ദർശനം, അങ്ങനെ മതി. പിന്നെ രവി സാറിനോട് സംസാരിക്കാനോ പരിചയം നടിക്കാനോ പോകണ്ട.”

പിറ്റേന്ന് തന്നെ അപർണ ജയിൽ ചെന്നു .അരുന്ധതിയെ കണ്ട് സംസാരിക്കാൻ പെർമിഷൻ വാങ്ങി.മാലിനിയും അപർണയും അരുന്ധതിയെ കണ്ടു .കുറെ നേരം സംസാരിച്ചിട്ടും അവളൊന്നും തുറന്നു പറഞ്ഞില്ല.അവസാനം ക്ഷമ കെട്ടാണ് അവർ ജയിലിന് പുറത്തിറങ്ങിയത്.അപ്പോഴാണ് അപർണയുടെ ഫോണിലേക്കു രവിശങ്കറുടെ ടെക്സ്റ്റ് മെസ്സേജ് വന്നത്.

“തടവുകാരിൽ അന്നമ്മചേടത്തിയെന്ന സ്ത്രീയെ കാണുക.അവർ പറഞ്ഞാൽ അരുന്ധതി കേൾക്കും.”

മാലിനിയുടെ വഴക്കും കേട്ട് കൊണ്ടാണ് അപർണ ജയിലിലേക്ക് തിരികെ വന്നത്.രവി സാറിന്റെ പെർമിഷൻ വാങ്ങാനായിരുന്നു ആദ്യ നിർദേശം.അന്നമ്മചേടത്തി ഒരു മിടുക്കത്തിയായിരുന്നു.സ്വന്തം ഭർത്താവിന്റെ കൊലപാതകി.രസികത്തിയായിരുന്നു ചേടത്തി

“ഇവിടെയാകുമ്പോൾ തല്ലും കൊള്ളണ്ട.എൻ്റെ കൊച്ചിന് സമാധാനമായി ജീവിയ്ക്കാം.നല്ല മട്ടനും ചിക്കനുമൊക്കെ കൂട്ടി നല്ല ഭക്ഷണം കിട്ടുകയും ചെയ്യും.”

ക ള്ളുകുടിച്ച് മകളെ പ്രാപിയ്ക്കാൻ വന്ന ഭർത്താവിനെ അരിവാൾ കൊണ്ട് വെട്ടി കൊ ലപ്പെടുത്തിയതായിരുന്നു കുറ്റം.ജീവപര്യന്തം തീരാൻ രണ്ട് വർഷം ബാക്കിയുണ്ട്.മകളുടെ പ്രായമുള്ള അരുന്ധതിയോട് അന്നമ്മ ചേടത്തിയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.അരുന്ധതിയെ പറഞ്ഞ് സമ്മതിപ്പിക്കുന്ന ദൗത്യം അന്നമ്മചേടത്തി ഏറ്റെടുത്തു.

അരുന്ധതി അവളുടെ കഥ പറഞ്ഞു.സ്വാർത്ഥനായ അച്ഛൻ, ഒരിക്കലും അവളേയും അമ്മയേയും പരിഗണിച്ചിരുന്നില്ല.അമ്മയുടെ സഹോദരങ്ങളുടെ കാരുണ്യം കൊണ്ട് പഠിച്ചു.കൽക്കത്തയിലെ ചെറിയ പബ്ലിക്കേഷനിലെ ജോലി വഴി കിട്ടുന്ന വരുമാനം കൊണ്ട് റിസർച്ച് ചെയ്തു.പലർക്കു വേണ്ടിയും കൂലിയ്ക്ക് എഴുത്ത്കാരിയായി.എഴുത്തിലെ വരുമാനം രോഗിയായ അമ്മയുടെ ചികിത്സ നടത്തി.ആ സമയത്ത് ട്രാമിലെ സ്ഥിരം യാത്രക്കാരിയായിരുന്നവൾ.അതിൽ വച്ചാണ് അവിനാശിനെ പരിചയപ്പെടുന്നത്.മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.

ആദ്യകാഴ്ചയിൽ തന്നെ അവൾക്കവനെ ഒത്തിരി ഇഷ്ടമായി.ഇങ്ങോട്ട് കാണിച്ച സ്നേഹം ആത്മാർത്ഥമാണെന്നവൾ തെറ്റിദ്ധരിച്ചു.അവനോടുള്ള പ്രണയം കൊണ്ട് അവൻ സ്വന്തം ജീവൻ പോലും പണയം വച്ചേനെ.അവൾ അമ്മയെ ബന്ധു വീട്ടിലാക്കി അവിനാശുമായി “ലിവിംഗ് റ്റുഗെതർ ” തുടങ്ങി.അവളവനെ കൺകണ്ട ദൈവത്തെ പോലെ കരുതിയപ്പോൾ അവനവൾ കേവലമൊരു സെക്ഷ്വൽ പാർട്ട്ണറായിരുന്നു.അവൻ്റെ വീട് നോക്കാനും ഭക്ഷണം പാകം ചെയ്യാനും തുണിയലക്കാനും ,കൂടെ കിടക്കാനുമുള്ള കളിപ്പാട്ടം.

അതിനിടയിൽ അരുന്ധതി ഗർഭിണിയാകുകയും അവിനാശ് അവളുടെ ഗർഭം നിർബന്ധിച്ച് അലസിപ്പിക്കുകയും ചെയ്തു.അവൻ്റെ ആഗ്രഹത്തിനൊന്നും അവൾ എതിര് നിന്നില്ല.പക്ഷേ അവൻ അവളെ ചതിക്കുകയായിരുന്നു.നാട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയ അവൻ മടങ്ങി വന്നില്ല.അവനെ ഒരു മാസമായിട്ടും കാണാതിരുന്നപ്പോൾ ഓഫീസിൽ തിരക്കി എത്തിയപ്പോഴാണ് അവൻ്റെ ചതി അവൾക്ക് മനസ്സിലായത്.

അവൾ നേരെ കേരളത്തിൽ വന്നു.അവൻ്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.അവൾ നേരെ അവൻ്റെ വീട്ടിൽ ചെന്നു.അവനവളെ അറിയില്ലെന്ന് പറഞ്ഞു.പിന്നെയവൾ അവിനാശിൻ്റെ പ്രതിശ്രുത വധു അനാമികയെ കണ്ടു.അനാമികയോട് അവൾ സോനാഗച്ചിയിലെ വെറുമൊരു വേശ്യയാണെന്നവൻ പറഞ്ഞു.പണം വാങ്ങി ജീവിതമാസ്വദിക്കുന്നവൾ.

“അരുന്ധതി വേശ്യ ആയിക്കോട്ടെ,നീയെന്തിന് സോനാഗച്ചിയിലെ തെരുവോരങ്ങളിൽ ശരീരം തേടി അലഞ്ഞു.ഞാനീ കല്യാണത്തിൽ നിന്നും പിൻവാങ്ങുന്നു.”

അനാമിക പോയപ്പോൾ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുകയും, അവൻ വീണ്ടും അരുന്ധതിയെ കാണാനും അടുക്കാനും ശ്രമിയ്ക്കുകയും ചെയ്തു.അവൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അരുന്ധതി അവൻ കൊടുത്ത മദ്യം കഴിക്കുന്നതായി അഭിനയിച്ചു.അവൾ മദ്യലഹരിയിലായി എന്ന് തോന്നിയപ്പോൾ അവനവളെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.ഗത്യന്തരമില്ലാതെയാണ് അവൻ ആപ്പിൾ മുറിക്കാനായി മേശപ്പുറത്ത് കരുതിയ കത്തിയെടുത്തവനെ കുത്തിയത്.കൽക്കത്തയിലെ കാളിക്ഷേത്രത്തിലെ കാളിമാ തൻ്റെ കൂടെയപ്പോൾ ഉണ്ടായിരുന്നു എന്നാണവൾക്ക് തോന്നിയത്.ചതിയ്ക്കുള്ള ശിക്ഷ അവന് കിട്ടിയെന്നു കരുതി.പക്ഷേ ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചവൻ്റെ ചേതനയറ്റ ശരീരം,ആ കാഴ്ച അവളെയെന്നന്നേക്കുമായി തളർത്തി കഴിഞ്ഞിരുന്നു.

ആദ്യമായിട്ട് അവളിതൊക്കെ തുറന്ന് പറയുന്നത് അപർണയോടും മല്ലികയോടുമാണ്.പക്ഷേ തെളിവുകൾ അവൾക്കെതിരായിരുന്നു..അവരവളുടെ കേസ് ഏറ്റെടുക്കാമെന്നും ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിയ്ക്കാമെന്നും പറഞ്ഞു.

ആ പരിചയപ്പെടലിന് ശേഷം അപർണയുടെ സ്വഭാവത്തിൽ നല്ല മാറ്റം വന്നു.അവൾ എല്ലാവരുമായി ഇടപഴകാൻ തുടങ്ങി.അവളുടെ കേസിന്റെ കാര്യത്തിൽ കൂടുതൽ ഉത്കണ്ഠ കാണിച്ചത് രവിശങ്കർ ആയിരുന്നു.

“നിങ്ങളുടെ രവിശങ്കർ സാറിന് അരുന്ധതിയോട് എന്തോ ഉണ്ട്.”

“ആദ്യം ആ കുട്ടി പുറത്ത് വരട്ടെ.അതിനുമൊരു ജീവിതം വേണ്ടേ.അവര് തമ്മിൽ നല്ല മാച്ചാണ് കാണാൻ.”

“സാറിന് ഒഫീഷ്യലി പ്രശ്നമുണ്ടാകില്ലേ.പിന്നെ അരുന്ധതിയ്ക്ക് ഇഷ്ടമാകുമോ?”

“അരുന്ധതിയോട് സാർ സംസാരിച്ചിരുന്നു.അവൾക്ക് സമ്മതമാണെന്ന്.സാറിന് ഈ ജോലി മടുത്തെന്ന്.കൽക്കത്തയിലെ എൻ്റെ സുഹൃത്തിന്റെ സ്കൂളിൽ രണ്ട് പേർക്കും ഓരോ ജോലി ശരിയാക്കണമെന്ന് പറഞ്ഞിരുന്നു.അവരുടെ ജീവിതം അവർ ആസ്വദിക്കട്ടെ.സന്തോഷിക്കട്ടെ.സാറിപ്പോൾ എൻ്റെ കൂടെ ജിമ്മിലൊക്കെ വരുന്നുണ്ട്.കുടി നിർത്തി.ആരോഗ്യമൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി.ഇതൊന്നും മാലിനിയോട് പറയണ്ട.ആദ്യം വിവാഹമോചനം കിട്ടട്ടെ.”

അരുന്ധതിയുടെ ഏകാന്തതയിലേയ്ക്ക് അവളെ വളരെ അധികം ഇഷ്ടപ്പെടുന്ന രവിശങ്കറിൻ്റെ വരവ് അവളെ സന്തോഷവതിയാക്കി.ശുഭപ്രതീക്ഷകൾ ഒരാളിൽ വരുത്തുന്ന മാറ്റങ്ങളുടെ താളം അവളിൽ ദൃശ്യമായി.