രചന: സജി തൈപറമ്പ്
::::::::::::::::::::::::::
കുഞ്ഞിന് പാല് കൊടുത്ത്, തൊട്ടിലിൽ കിടത്തിയുറക്കിയിട്ട് ,ഫാരിസിന്റെ അരികിലേക്ക് ചേർന്ന് കിടക്കുമ്പോൾ, രണ്ട്മൂന്ന് മാസമായി, അകന്ന് നിന്നതിന്റെ, നഷ്ടം നികത്താനുള്ള, വ്യഗ്രതയിലായിരുന്നു, അവരുടെ മനസ്സ് .
ആവേശം കെട്ടടങ്ങി ,ആലസ്യത്തിൽ മയങ്ങുമ്പോൾ ,ഫസീലയുടെ ചെവിയിൽ ഫാരിസ് പറഞ്ഞ കാര്യം ,അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു.
വിവാഹം കഴിഞ്ഞ്, വർഷം പന്ത്രണ്ട് കഴിഞ്ഞിട്ടും,മക്കളില്ലാതെ കഴിയുന്ന ഫാരിസിന്റെ ചേട്ടൻ ഫൈസലിന് ,മൂന്ന് മാസം പ്രായമുള്ള അവരുടെ സൈറ മോളേ വളർത്താൻ കൊടുക്കണമെന്ന്.
പാല് കുടി മാറുന്നത് വരെ മാത്രം, സൈറ മോൾ അവർക്ക് സ്വന്തമായിരിക്കും അത് കഴിഞ്ഞാൽ ഫൈസലിക്കയും സഫീനത്തായും കൂടി കുഞ്ഞിനെയുo കൊണ്ട് ദുബായിലേക്ക് പോകും .
പിന്നെ അവൾ, അവരുടെ കുഞ്ഞായിട്ടായിരിക്കും ജീവിക്കുക.
സ്വന്തം ഉമ്മയ്ക്കും ,വാപ്പയ്ക്കും പിന്നെ , അവളുടെ മേൽ യാതൊരവകാശവുമുണ്ടായിരിക്കില്ല.
മൂത്തവൾ, നൂറക്ക്, ഒന്നര വയസ്സുള്ളപ്പോഴാണ് , ഫസീല , സൈറയെ ഗർഭം ധരിക്കുന്നത്.
അന്നേ, ഫൈസൽ , അവരോട് ചോദിച്ചിരുന്നതാ ,രണ്ടാമത്തെ കുട്ടിയും പെണ്ണാണെങ്കിൽ അവർക്ക് കൊടുക്കുമോയെന്ന് .
അന്ന് അതൊരു തമാശ ചോദ്യമായിട്ടേ തോന്നിയിരുന്നുള്ളു.
പക്ഷേ ,ഇപ്പോഴാണ് അതിന്റെ സീരിയസ്നസ്സ് ബോധ്യമായത്.
ഫാരിസ്, അത് പറഞ്ഞപ്പോൾ മുതൽ, ഫസീലയ്ക്ക് നെഞ്ചിനകത്തൊരു ഭാരം കയറ്റി വച്ചത് പോലൊരു തോന്നൽ.
ഫാരിസിന്റെ സ്വന്തം കൂടപ്പിറപ്പാണ് ചോദിച്ചിരിക്കുന്നത് ,ചോദ്യമല്ലത് യാചനയാണ് ,ഇനിയൊരു അച്ഛനാകാനുള്ള സാധ്യത കുറവാണെന്ന സത്യം, ഡോക്ടർ പറഞ്ഞപ്പോഴാണ്, ആ ചോദ്യത്തിലെ ദൈന്യത ബോധ്യമായത്.
“നമുക്കിനിയും ഒരുപാട് കുട്ടികളെ കിട്ടും. പക്ഷേ ഫൈസലിക്കായുടെ കാര്യം അങ്ങനല്ലല്ലോ? നമ്മുടെ മോൾ അവരുടെ കൈയ്യിൽ ഒരു രാജകുമാരിയെ പോലെ വളരും,പിന്നെന്തിനാ നീ വിഷമിക്കുന്നത്?”
ഫസീലയുടെ, നിറഞ്ഞ കണ്ണുകൾ ഫാരിസ് തുടച്ച് കൊണ്ട് ഫാരിസ് ചോദിച്ചു.
“ഒക്കെ ശരിയാണ്,പക്ഷേ, ഞാൻ നൊന്തു പെറ്റ എന്റെ പൊന്നുമോളെ, താലോലിച്ച് കൊതി തീരുംമുമ്പേ, വിട്ട് കൊടുക്കുക എന്ന് പറയുന്നത്, എനിക്ക് ചിന്തിക്കാൻ പോലുമാവുന്നില്ലിക്കാ “
ഫസീല ,പൊട്ടിക്കരഞ്ഞു.
“പക്ഷേ, ഇനി ഞാനെങ്ങനെ ഇക്കയോട് പറയും, കുഞ്ഞിനെ തരില്ലെന്ന് ,എനിക്ക് വയ്യ അവരുടെ സങ്കടം കാണാൻ”
ഫാരിസ് നിസ്സഹായതയോടെ പറഞ്ഞു.
“ഞാൻ പറഞ്ഞോളാം അവരോട് ,എന്നെ അവര് ശപിച്ചാലും വേണ്ടില്ല, എന്റെ മക്കളെ എനിക്ക് വേണം, എന്റെ മരണം വരെ,എന്റെ സ്വന്തമായിട്ട് തന്നെ “
തൊട്ടിലിൽ കിടന്ന് കരഞ്ഞ സൈറ മോളെ, കൈയ്യിലെടുത്ത് മു ലകൊടുത്ത് കൊണ്ട്, ഫസീല പുലമ്പി.
രണ്ട് മാസം കഴിഞ്ഞപ്പോൾ ഫൈസലിന്റെ ഫോൺ കാൾ കണ്ട് ,ഫാരിസ് നേരെ അടുക്കളയിൽ ചെന്ന് ഫോൺ,ഫസീലയെ എല്പിച്ചു.
“നീ തന്നെ അവർക്കൊരു മറുപടി കൊടുക്ക്”
ഫാരിസ് കൈയൊഴിഞ്ഞെന്ന് അവൾക്ക് മനസ്സിലായി.
നെഞ്ചിടിപ്പോടെ ഫോണിന്റെ പച്ച ബട്ടണിൽ ഞെക്കി ഫസീല ചെവിയിൽ വച്ചു.
“ഹലോ “
അവളുടെ ശബ്ദത്തിന് വിറയലുണ്ടായിരുന്നു.
“ങ്ഹാ.. ഫസീല, സൈറ മോളെവിടെ?ഉറക്കമാണോ?പിന്നെ.. ഫാരിസ് എവിടെ പോയതാ?
അപ്പുറത്ത് ഫൈസലിക്കാ ഭയങ്കര സന്തോഷത്തിലാണെന്ന്, ആ സംസാരത്തിൽ അവൾക്ക് ബോധ്യമായി.
റബ്ബേ.. എന്റെ മനസ്സിന് ധൈര്യം തരണേ?
അവൾ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചിട്ട് ഫൈസലിനോട് രണ്ടും കല്പിച്ച്, പറയാൻ തന്നെ തീരുമാനിച്ചു .
“അതെ, ഫൈസലിക്കാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”
അവൾ വിക്കി വിക്കി പറഞ്ഞു .
“ങ്ഹാ …അതിന് മുൻപ് ഞാനൊരു സന്തോഷ വാർത്ത പറയാം, സഫീനായ്ക്ക് കുളി തെറ്റി ,യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവാണെന്നറിഞ്ഞു ,ആ സന്തോഷ വാർത്ത അറിരിക്കാനാ ഞാൻ രാവിലെ തന്നെ വിളിച്ചത് ,നീ ഫാരിസിനോട് ഒന്ന് പറഞ്ഞേക്ക് അപ്പോൾ ശരി, പിന്നെ വിളിക്കാം, ഞാൻ സഫീനാടെ അടുത്തേക്ക് ചെല്ലട്ടെ “
ഫൈസലിക്കാ ഫോൺ കട്ട് ചെയ്തപ്പോൾ ഫസീലയുടെ കണ്ണുകൾ തുളുമ്പി പോയി.
മലപോലെ വന്നത് എലി പോലെ പോയതിന്റെ ആശ്വാസത്തിൽ അവൾ മുകളിലേക്ക് നോക്കി ദൈവത്തെ സ്തുതിച്ചു.