രചന : അപ്പു
:::::::::::::::::::::::
” നാളെ ഞാൻ ചത്തെന്നറിഞ്ഞാൽ, എന്റെ മയ്യത്ത് കാണാൻ പോലും നീ എന്റെ മുന്നിലേക്ക് വരരുത്.. അത്രയ്ക്ക് വെറുപ്പാ നിന്നെ എനിക്ക്.. “
ഒഴുകി വന്ന കണ്ണീർ വാശിയോടെ തുടച്ചു കൊണ്ട് ജാസ്മിൻ പറഞ്ഞത് കേട്ടപ്പോൾ അനീഷിൽ നിർവികാരത ആയിരുന്നു.
അവനെ ഒരിക്കൽ കൂടി നോക്കികൊണ്ട് ആ മണൽപ്പരപ്പിൽ നിന്ന് അവൾ നടന്നു നീങ്ങുമ്പോൾ അവന്റെ കണ്ണുകൾ അവളെ പിന്തുടരുകയായിരുന്നു.
അവൾ തന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞ നിമിഷം അവൻ ആ മണൽ പരപ്പിലേക്ക് മുട്ട് കുത്തി ഇരുന്നു കൊണ്ട് അലറി കരഞ്ഞു.
” എനിക്ക് അവളെ നൽകാൻ നിനക്ക് ഉദ്ദേശമില്ലായിരുന്നെങ്കിൽ എന്തിനായിരുന്നു എന്നെ മോഹിപ്പിച്ചത്..? അവളോടൊപ്പം ഉള്ള ഒരു ജീവിതം എന്നെ സ്വപ്നം കാണിച്ചത് എന്തിനായിരുന്നു..? ഞങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ഭാവിക്കു വേണ്ടിയുള്ള എന്റെ സ്വപ്നങ്ങൾ ഓരോന്നും നിന്റെ മുന്നിൽ തമാശകളായി മാറിയിരുന്നു. എന്തിനായിരുന്നു ദൈവമേ അതൊക്കെയും..? “
ഹൃദയം മുറിയുന്ന വേദനയിൽ അലറി കരയുമ്പോൾ അവന്റെ മനസ്സ് ചോദിച്ചതു മുഴുവൻ അങ്ങനെയായിരുന്നു.
” അവൾ.. അവൾ ഇപ്പോൾ എന്നെ വെറുത്തിട്ടുണ്ടാവില്ലേ..? ഒരുപക്ഷേ അവൾ ജീവിതത്തിൽ ഏറ്റവും അധികം വെറുക്കുന്ന ഒരാളായി ഞാൻ ഈ നിമിഷം കൊണ്ട് തന്നെ മാറിയിട്ടുണ്ടാകും.അങ്ങനെയൊരു പ്രവർത്തി ആണല്ലോ ഞാൻ അവളോട് ചെയ്തത്.. ഇനി എന്തെങ്കിലും ഒരിക്കൽ എന്റെ മുഖത്തേക്ക് നോക്കി സന്തോഷത്തോടെ സംസാരിക്കാൻ എങ്കിലും അവൾ തയ്യാറാകുമോ..? “
അങ്ങേയറ്റം വേദനയോടെ അവൻ സ്വയം ചോദിക്കുന്നുണ്ടായിരുന്നു.
ഒഴുകിയിറങ്ങിയ നീർത്തുള്ളികളെ അവൻ ശ്രദ്ധിച്ചത് പോലുമില്ല. അവന്റെ ഹൃദയം മുറിഞ്ഞു രക്തം ഒഴുകുന്നുണ്ടായിരുന്നു.
എന്തിനേക്കാളും ഉപരി അവനെ വേദനിപ്പിച്ചത് തന്റെ മുന്നിൽ നിന്ന് ആർത്തു കരഞ്ഞ ആ പെൺകുട്ടിയുടെ മുഖമായിരുന്നു.
അവന്റെ ഓർമ്മകൾ അവളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.
ജാസ്മിനും അനീഷും ഒന്നിച്ച് കോളേജിൽ പഠിച്ചതാണ്. ഒരേ നാട്ടുകാർ ആയതുകൊണ്ട് തന്നെ കോളേജിൽ ഒരുമിച്ച് ഒരേ ക്ലാസിലായപ്പോൾ അവർ തമ്മിൽ നല്ല രീതിയിലുള്ള സൗഹൃദം ഉണ്ടായി എന്ന് തന്നെ പറയാം.
ഇതിനു മുൻപ് ജാസ്മിൻ ഒരു ഗേൾസ് സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവൾക്ക് ആൺകുട്ടികളുമായി ചങ്ങാത്തം ഉണ്ടായിരുന്നില്ല. അവളെ വുമൺസ് കോളേജിൽ ചേർക്കാം എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ അവളുടെ നിർബന്ധം കൊണ്ടാണ് മിക്സഡ് കോളേജിലേക്ക് അവൾക്ക് അഡ്മിഷൻ എടുക്കാൻ കഴിഞ്ഞത്.
യാഥാസ്ഥിതിക ചിന്താഗതിക്കാരായ വീട്ടുകാർ അന്ന് അവളോട് ഒരു വാക്ക് ചോദിച്ചിരുന്നു.
” ഞങ്ങൾ കണ്ടെത്തുന്ന ഒരുവനെ അല്ലാതെ മറ്റാരെയും നീ നിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ പാടില്ല. “
അന്ന് അവർ പറഞ്ഞ വാക്കിന്, സമ്മതം നൽകാൻ അല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിയില്ലായിരുന്നു. കാരണം മിക്സഡ് കോളേജിൽ പഠിക്കണം എന്നുള്ളത് അവളുടെ അത്രത്തോളം വലിയ ആഗ്രഹമായിരുന്നു.
അവർക്ക് നൽകിയ വാക്കിന് പുറത്ത് അവൾക്ക് മിക്സഡ് കോളേജിൽ അഡ്മിഷൻ എടുക്കാൻ കഴിഞ്ഞു. അവരോട് അങ്ങനെ ഒരു വാക്ക് കൊടുത്തതു കൊണ്ട് തന്നെ ആൺകുട്ടികളോടൊക്കെ വളരെ പരിമിതമായി മാത്രമേ അവൾ സംസാരിച്ചിരുന്നുള്ളൂ.
ആരെങ്കിലും അവളെ നോക്കി ചിരിച്ചാൽ തന്നെ അവൾക്ക് ഭയമായിരുന്നു. അവരുടെ മുഖത്ത് നോക്കി ചിരിക്കാനോ എന്തെങ്കിലും സന്തോഷത്തോടെ ഇടപെടാനോ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല.
അനീഷിനോടും അവൾ ആദ്യം അങ്ങനെ ഒരു മനോഭാവം തന്നെയാണ് വച്ചു പുലർത്തിയിരുന്നത്. പക്ഷേ സാഹചര്യമാണ് അവരെ തമ്മിൽ സുഹൃത്തുക്കൾ ആക്കിയത്.
അവരുടെ വീട്ടിൽ നിന്ന് ഒരുപാട് ദൂരെയാണ് പഠിക്കുന്ന കോളേജ്. ഒരിക്കൽ അവർ കോളേജിൽ ആയിരിക്കുന്ന സമയത്ത് ടൗണിൽ എന്തോ ഹർത്താൽ പ്രഖ്യാപിച്ചു. ആ സമയത്ത് തന്നെ വിവരം കോളേജിൽ അറിഞ്ഞിട്ട് ക്ലാസ് വിടുകയും ചെയ്തു.
പക്ഷേ ജാസ്മിനും കൂട്ടരും പുറത്തേക്ക് വരുമ്പോൾ അവരുടെ വീടിന്റെ ഭാഗത്തേക്കുള്ള ബസ് പോയിക്കഴിഞ്ഞിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ജാസ്മിൻ ആകെ പരിഭ്രമിച്ചു.
അവളുടെ കൂട്ടുകാരികളുടെ ബസ് വന്നപ്പോൾ അവർ കയറി പോവുകയും ചെയ്തു. അതോടെ ആ ബസ്റ്റോപ്പിൽ അവൾ ഒറ്റപ്പെട്ടു പോയി എന്ന് തന്നെ പറയാം.
തനിക്ക് പരിചയമുള്ള ആരെങ്കിലും ആ വഴിയിലൂടെ വരണേ എന്ന് അവൾ പ്രാർത്ഥിച്ചു നിൽക്കുന്ന സമയത്താണ് അനീഷ് അവിടേക്ക് വരുന്നത്. അവനെ കണ്ട നിമിഷം അവളുടെ കണ്ണുകൾ വിടർന്നു.
മറ്റൊന്നും ചിന്തിക്കാതെ ആ നിമിഷം അവൾ അവനിലേക്ക് ഓടിയടുക്കുകയായിരുന്നു.
“അനീഷ്.. നമ്മുടെ അവിടേക്കുള്ള ബസ് പോയല്ലോ.. ഇനിയെങ്ങനെ പോകും..?”
അവനോട് താൻ ആദ്യമായിട്ടാണ് ഇത്രയും സംസാരിക്കുന്നത് എന്നൊരു ചമ്മൽ പോലും ഇല്ലാതെയാണ് ആ നിമിഷം അവൾ അത് ചോദിച്ചത്. എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടു പോകണം എന്നൊരു ചിന്താ മാത്രമാണ് അവൾക്കുണ്ടായിരുന്നത്.
അവളുടെ പെട്ടെന്നുള്ള ഈ ഭാവത്തിൽ അവൻ ഒന്നു പകച്ചു പോയെങ്കിലും അവളുടെ അവസ്ഥ മനസ്സിലായപ്പോൾ അവനും അവളെ നോക്കി പുഞ്ചിരിച്ചു.
” ഇനിയിപ്പോൾ നമ്മുടെ അവിടേക്ക് ബസ് ഒന്നുമില്ല.ഞാൻ ബൈക്കിലാണ് വന്നത്.താൻ ഇവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഇങ്ങോട്ട് വന്നു എന്നേയുള്ളൂ.. “
അവൻ പറഞ്ഞപ്പോൾ അവൾക്ക് ആ സമയം തോന്നിയ ആശ്വാസം മുഴുവൻ ആവിയായിപ്പോയി. ഇനി എന്ത് ചെയ്യും എന്നൊരു ഭയം അവളെ മൂടാൻ തുടങ്ങി.
“തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ ബൈക്കിൽ വരാം. തന്റെ വീട്ടിൽ ഞാൻ വിളിച്ചു പറയാം.”
അവളുടെ മുഖം കണ്ടപ്പോൾ അവന് അങ്ങനെ പറയാനാണ് തോന്നിയത്. ആദ്യം അവൾക്കൊരു മടി തോന്നിയെങ്കിലും, ഇപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും മുന്നിലില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അവൾ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് അനുവാദം ചോദിച്ചത്.
വീട്ടിൽ നിന്ന് അനുമതി കിട്ടിയതോടെ അവൾ അല്പം മടിയോടെയാണെങ്കിലും അനീഷിന്റെ ബൈക്കിൽ കയറി.
ആ യാത്രയോടെ അവർ പരസ്പരം അടുത്തു എന്ന് തന്നെ പറയാം. രണ്ടാളും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു.
പലപ്പോഴും സൗഹൃദത്തിന് അപ്പുറം ഒരു ഭാവം രണ്ടുപേരുടെയും കണ്ണിൽ മിന്നി മറയുന്നത് അവർക്ക് രണ്ടുപേർക്കും പരസ്പരം അറിയാമായിരുന്നു. പക്ഷേ തുറന്നു പറയാൻ ഇരുവരും മടിച്ചു.
ഒരുപാട് കാലമൊന്നും അത് രഹസ്യമായി വയ്ക്കാൻ പറ്റില്ലല്ലോ. അനീഷിന്റെ മനസ്സിലെ രഹസ്യം അവൾ കണ്ടുപിടിക്കുക തന്നെ ചെയ്തു. അവൾക്കും അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നതു കൊണ്ട് തന്നെ പിന്നീട് അവരുടെ പ്രണയ നാളുകൾ ആയിരുന്നു. അതിനിടയിൽ വീട്ടുകാർക്ക് കൊടുത്ത വാക്കിന്റെ കാര്യം അവൾ മറന്നു പോയിരുന്നു.
അവർ ഫൈനലിൽ പഠിക്കുന്ന സമയത്താണ് അവരുടെ ആ രഹസ്യം വീട്ടിൽ അറിയുന്നത്. മകളുടെ മാറ്റം അവളുടെ ഉമ്മ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ മകളുടെ നാവിൽ നിന്ന് തന്നെ അനീഷുമായുള്ള പ്രണയം അവർ കേട്ടറിഞ്ഞു. അത് കേട്ട അവർ ആകെ തകർന്നു പോയി.
ആ നിമിഷം അവർ ചിന്തിച്ചത് കുടുംബത്തിന്റെ അന്തസ്സും അഭിമാനവും മാത്രമല്ല, കൊല്ലാനും തല്ലാനും മടിയില്ലാത്ത അവളുടെ വാപ്പയെയും സഹോദരന്മാരെയും കൂടിയായിരുന്നു.
അതിനൊടുവിൽ അവർ ഒരു തീരുമാനമെടുത്തു. ആ തീരുമാനം നടപ്പിലാക്കാൻ അവർ അനീഷിനെ ചെന്ന് കണ്ടു.
” അവൾ ജീവനോടെ ഇരിക്കണം എന്ന് നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, ഇനിയൊരിക്കലും നീ അവളോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കരുത്. അവളെ പറഞ്ഞു മനസ്സിലാക്കണം. അവൾക്കിപ്പോൾ നല്ലൊരു വിവാഹാലോചന വന്നിട്ടുണ്ട്. ദയവു ചെയ്ത് നീ അതിനൊന്നും തടസ്സം നിൽക്കരുത്. വേണമെങ്കിൽ ഉമ്മ നിന്റെ കാലു പിടിക്കാം. “
ആ നിമിഷം അവന്റെ കാൽക്കൽ വീഴാനും അവർ തയ്യാറായിരുന്നു. ആ അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ അവനു കഴിഞ്ഞില്ല.
അതുകൊണ്ടു തന്നെയാണ് ഇന്ന് ജാസ്മിൻ മുന്നിൽ വന്നതെന്ന് കരഞ്ഞപ്പോൾ തനിക്കെല്ലാം തമാശയായിരുന്നു എന്ന് ഹൃദയം കല്ലാക്കിക്കൊണ്ട് ജാസ്മിനോട് അനീഷ് പറഞ്ഞത്.
ആ രംഗങ്ങൾ ഒരിക്കൽ കൂടി ഓർക്കുമ്പോൾ അനീഷിന് തന്റെ ഹൃദയം മുറിയുന്നതു പോലെ തോന്നി.
ഇനി ഏതെങ്കിലും ഒരു ജന്മത്തിൽ അവളെ തനിക്കായി ദൈവം നൽകും എന്നൊരു പ്രതീക്ഷ മാത്രമായി അവനും മുന്നോട്ടു നടന്നു.
✍️അപ്പു