ശ്രീയേട്ടാ വെറുതെ കളിക്കരുത്. എനിക്ക് വാക്ക് തന്നതാണ് ഇന്ന് എന്നോടൊപ്പം…

രചന: അപ്പു

:::::::::::::::::::::::::

“ശ്രീയേട്ടാ വെറുതെ കളിക്കരുത്. എനിക്ക് വാക്ക് തന്നതാണ് ഇന്ന് എന്നോടൊപ്പം ഷോപ്പിങ്ങിന് വരാമെന്ന്. എന്നിട്ട് വാക്ക് മാറിയാൽ സത്യമായിട്ടും ഞാൻ പിണങ്ങും.”

കട്ടിലിൽ കിടക്കുന്ന ശ്രീജിത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചിണുങ്ങുകയാണ് നീലിമ.

” ഞാൻ നിന്നോട് എപ്പോഴാ പറഞ്ഞത് ഞാൻ ഷോപ്പിങ്ങിനു നിന്നോടൊപ്പം വരാം എന്ന്.. എടി ആകപ്പാടെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്. ഞാൻ സമാധാനമായിട്ട് ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ.. നമുക്ക് പിന്നീട് എപ്പോഴെങ്കിലും പോയാൽ പോരെ ഷോപ്പിങ്ങിന്.. “

ദയനീയമായി അവൻ ചോദിച്ചപ്പോൾ അവൾ മുഖം വീർപ്പിച്ചു.

“പോ അവിടുന്ന്.. അല്ലെങ്കിൽ എനിക്കറിയാം എന്നോട് സ്നേഹമൊന്നുമില്ല എന്ന്. അല്ലെങ്കിൽ പിന്നെ ഞാൻ വിളിക്കുമ്പോൾ എന്റെ കൂടെ വരേണ്ടതല്ലേ..”

അവൾ വീണ്ടും പരിഭവം കൊണ്ട് മുഖം വീർപ്പിച്ച് തന്നെയാണ് പരാതി പറയുന്നത്.

ഒളി കണ്ണിട്ട് അത് കണ്ടപ്പോൾ അവനു ചിരി വന്നു. പക്ഷേ അത് അവൾ കൃത്യമായി കണ്ടു പിടിക്കുക തന്നെ ചെയ്തു.

” കണ്ടോ ഞാൻ പറഞ്ഞില്ലേ എന്നോട് സ്നേഹം ഇല്ല എന്ന് ഞാൻ പറഞ്ഞത് എത്ര സത്യമാണ്.. എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നെ കളിയാക്കി ഇങ്ങനെ ചിരിക്കില്ലായിരുന്നല്ലോ. ഇനി ഞാൻ മിണ്ടാൻ വരില്ല. എനിക്കറിയാം ഒറ്റയ്ക്ക് എവിടെയെങ്കിലും വേണമെങ്കിൽ പോവാൻ.. “

പിണക്കത്തോടെ പറഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. അത് കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

ഈ പോക്ക് പോയാലും 10 മിനിറ്റ് കഴിയുന്നതിനു മുൻപേ ആളു വീണ്ടും ഇവിടേക്ക് തന്നെ വരും എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ട് അവന് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.

അവൾ പോയ വഴിയെ നോക്കിയിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് കടന്നുവന്നത് തന്റെ മുന്നിൽ മുഖം കുനിച്ചു നിന്ന ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു.

അന്ന് തീരെ താല്പര്യമില്ലാതെ ആയിരുന്നു അവളെ പെണ്ണ് കാണാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോയത്. കാരണം മറ്റൊന്നുമായിരുന്നില്ല വളരെ അടുത്ത കാലത്ത് ലഭിച്ച ഒരു തേപ്പ് എന്ന് തന്നെ പറയാം.

പക്ഷേ തന്നെ ഉപേക്ഷിച്ചു പോയ പെൺകുട്ടിയെ ഒരിക്കൽ പോലും കുറ്റം പറയാൻ പറ്റില്ല. തന്റെ ജോലിത്തിരക്കിനിടയിൽ അവളെ ശ്രദ്ധിക്കാനോ അവൾക്ക് ആവശ്യമുള്ള പരിഗണന കൊടുക്കാനോ ചില നേരത്തെങ്കിലും തനിക്ക് കഴിഞ്ഞിരുന്നില്ല.

പ്രണയിക്കുമ്പോൾ ഏതൊരാളും ആഗ്രഹിക്കുന്നത് തങ്ങൾ സ്നേഹിക്കുന്ന ആള് എല്ലായിപ്പോഴും തങ്ങളോടൊപ്പം ഉണ്ടാവണം എന്നാണല്ലോ. പക്ഷേ അവൾ ആഗ്രഹിച്ച സ്നേഹവും പരിഗണനയും കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

അതുകൊണ്ടു തന്നെ അവൾ യാത്ര പറഞ്ഞു പോയപ്പോൾ വല്ലാത്ത ഒരു കുറ്റബോധമാണ് തോന്നിയത്. ഒരിക്കൽ പോലും അവളെ കുറ്റപ്പെടുത്താൻ തനിക്ക് കഴിഞ്ഞിരുന്നില്ല. തെറ്റു മുഴുവൻ തന്റേതാണ് എന്ന് ഉറപ്പുള്ള സമയത്ത് എങ്ങനെയാണ് അവളെ കുറ്റം പറയുക..

ആ വേദനയിൽ ഇരിക്കുന്ന സമയത്താണ് വീട്ടിൽ കല്യാണ ആലോചനകൾ മുറുകുന്നത്. എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അമ്മയുടെ നിരന്തരമായ നിർബന്ധം നിമിത്തമാണ് നീലിമയെ കാണാൻ പോകുന്നത്. എന്തെങ്കിലും പറഞ്ഞ് കല്യാണം മുടക്കാം എന്നൊരു തോന്നലിൽ തന്നെയാണ് അന്ന് അവിടേക്ക് പോയത്.

തീരെ താല്പര്യമില്ലാതെ ചെന്നതു കൊണ്ട് തന്നെ ചായ കൊണ്ടു വന്നപ്പോൾ പോലും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല. പിന്നീട് രണ്ടു പേർക്കും മാത്രമായി സംസാരിക്കാൻ ഒരു അവസരം കിട്ടിയപ്പോഴാണ് അവളോട് മനസ്സ് തുറക്കാം എന്ന് ഒരു തോന്നൽ ഉണ്ടായത്.

അവൾ മുറ്റത്തേക്ക് ഇറങ്ങി ഒരു മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് താൻ അവിടേക്ക് ചെല്ലുന്നത്. തന്നെ കണ്ടപ്പോൾ തലതാഴ്ത്തി നിൽക്കുന്ന പെൺകുട്ടി വല്ലാത്തൊരു കൗതുകമായിരുന്നു.

” എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. ഇപ്പോൾ ഒരു വിവാഹത്തിന് മാനസികമായി ഞാൻ തയ്യാറല്ല. അതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ. പക്ഷേ അതൊന്നും ഒരിക്കലും എനിക്ക് വീട്ടിൽ തുറന്നു പറയാൻ പറ്റില്ല. പറഞ്ഞാൽ തന്നെയും എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും അവർ ചിലപ്പോൾ സമ്മതിച്ചു തരണം എന്നുമില്ല. അതുകൊണ്ട് തനിക്ക് പറ്റുമെങ്കിൽ താൻ എനിക്ക് ഒരു ഉപകാരം ചെയ്തു തരണം. തനിക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് തന്റെ വീട്ടിൽ പറയണം. അപ്പോൾ ഈ ആലോചന ഇവിടെ വച്ച് നിന്നോളും.”

അവളോട് കൂടുതൽ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ എന്റെ ആവശ്യം അവളെ അറിയിക്കുകയാണ് അന്ന് ചെയ്തത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി എന്നെ നോക്കി.

” ഞാൻ അങ്ങനെ പറഞ്ഞാൽ ഒരു പക്ഷേ ഈ വിവാഹം മുടങ്ങുമായിരിക്കും. എന്ന് കരുതി ചേട്ടന് ഇനിയും ആലോചനകൾ വരുമല്ലോ. അപ്പോഴൊക്കെയും കാണാൻ പോകുന്ന പെൺകുട്ടികളോട് ചേട്ടൻ ഈ കാര്യം തന്നെയാണോ പറയാൻ പോകുന്നത്?”

കുസൃതിയോടെ അവൾ ചോദിച്ചപ്പോൾ എനിക്ക് ആ സമയത്ത് ദേഷ്യമാണ് തോന്നിയത്. ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടി എന്നെ കളിയാക്കുന്നു എന്നൊരു തോന്നൽ ആയിരുന്നു ആ നിമിഷം എന്നിലുണ്ടായിരുന്നത്.

” അത് ഞാൻ എന്തെങ്കിലും ചെയ്തോളാം. ഇപ്പോൾ ഞാൻ പറഞ്ഞ കാര്യം താൻ ഒന്ന് ചെയ്തു തന്നാൽ മതി. “

എന്റെ ശബ്ദത്തിലെ ശാന്തത ഇല്ലാതായതു കൊണ്ടായിരിക്കാം അവൾ പകച്ചു കൊണ്ട് എന്നെ നോക്കിയത്.

” സത്യം പറഞ്ഞാൽ ചേട്ടനോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടണം എന്ന് കരുതിയാണ് ഞാൻ നിന്നത്. ചേട്ടൻ പറഞ്ഞതുപോലെ ഒരു വിവാഹത്തിന് ഞാനും ഇപ്പോൾ തയ്യാറല്ല. ചേട്ടന് അറിയാമോ എന്ന് അറിയില്ല ഞാൻ ഒരു ഡിഗ്രി സ്റ്റുഡന്റാണ്. എനിക്ക് എന്റെ സ്റ്റഡീസ് കംപ്ലീറ്റ് ചെയ്യണമെന്നുണ്ട്. എന്നുമാത്രമല്ല നല്ലൊരു ജോലി കണ്ടുപിടിച്ച് ജോലിക്ക് പോകണം എന്നും നല്ല ആഗ്രഹമുണ്ട്. അതിനൊക്കെ ശേഷം വിവാഹം കഴിക്കാം എന്നൊരു തീരുമാനമായിരുന്നു എന്റെത്. പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ഉടനെ വിവാഹം വേണം എന്നൊക്കെ പറഞ്ഞു ഇവിടെ ഇപ്പോൾ പെണ്ണുകാണലിന്റെ ചാകരയാണ്. ഇതുവരെ പ്രശ്നങ്ങളൊന്നും ഇല്ലാതെ എങ്ങനെയൊക്കെയോ ഒരു വിധം ഒഴിവായി പോയതാണ്. പക്ഷേ ചേട്ടന്റെ കാര്യത്തിൽ അത് നടക്കും എന്ന് തോന്നുന്നില്ല. ഇവിടെ ജാതകം നോക്കിയപ്പോൾ നമ്മുടെ ജാതകങ്ങൾ തമ്മിൽ പത്തിൽ പത്ത് പൊരുത്തം എന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. ആ സ്ഥിതിക്ക് ഈ വിവാഹം നടത്താനായിരിക്കും വീട്ടുകാർ തീരുമാനിക്കുക. അപ്പോൾ എന്നെ ഹെല്പ് ചെയ്യാൻ ചേട്ടന് മാത്രമേ പറ്റൂ. “

അവൾ പറഞ്ഞത് കേട്ടപ്പോൾ ആദ്യം ഒരു അമ്പരപ്പായിരുന്നു. അവൾ പറഞ്ഞതുപോലെ ജാതകത്തിൽ ഇങ്ങനെയൊക്കെ ഉണ്ടെങ്കിൽ എന്റെ വീട്ടുകാർ ഒരിക്കലും വിവാഹം മുടക്കാൻ സമ്മതിക്കില്ല. എങ്ങനെയും ഇവളെ തന്നെ എന്റെ ഭാര്യയാക്കാൻ മാത്രമേ അവർ ശ്രമിക്കൂ.

അന്ന് അവൾക്ക് അനുകൂലമായ മറുപടികൾ ഒന്നും കൊടുക്കാതെയാണ് ആ വീട്ടിൽ നിന്ന് ഇറങ്ങി പോന്നത്. പക്ഷേ പിന്നീട് ഓർത്തപ്പോൾ, അവൾ അല്ലെങ്കിൽ മറ്റൊരാൾ ഉറപ്പായും എന്റെ ജീവിതത്തിലേക്ക് കടന്നുവരും. ഒരുപക്ഷേ ഇനി വരുന്ന പെൺകുട്ടിക്ക് ഞാൻ പറയുന്ന കാര്യങ്ങൾ അതേ സെൻസിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല.

അവൾ ആകുമ്പോൾ, ഇപ്പോൾ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തത് കൊണ്ട് തന്നെ എന്റെ പ്രണയം മറക്കാൻ എനിക്ക് സമയം കിട്ടും. പറയുന്ന കാര്യങ്ങൾ, അതിന്റെ സെൻസിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാണ് അവൾ എന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലായിട്ടുണ്ട്.

അങ്ങനെയുള്ള ചിന്തകൾ ആണ് അവളെ വിവാഹം കഴിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ എന്റെ ജീവിതത്തിലേക്ക് കയറി വന്നിട്ടും അവൾ ഒരിക്കൽ പോലും എന്നിലേക്ക് ഒരു കടന്നുകയറ്റത്തിന് ശ്രമിച്ചിട്ടില്ല. ഭാര്യ ഭർത്താക്കന്മാർ എന്നതിലുപരി, നല്ല സുഹൃത്തുക്കൾ ആയിട്ടാണ് തങ്ങൾ ജീവിച്ചത്.

ഇപ്പോഴും അതുതന്നെയാണ് തുടർന്നു പോകുന്നത്. അവളുടെ സ്റ്റഡീസ് ഏകദേശം കമ്പ്ലീറ്റ് ആയിട്ടുണ്ട് . ഒരു ജോലിക്ക് വേണ്ടി അവൾ ആത്മാർത്ഥമായി ശ്രമിക്കുന്നുമുണ്ട്.

അവൾ അവളുടെ സ്വപ്നത്തിലേക്ക് എത്തിക്കഴിയുന്ന നിമിഷം, ഞാൻ എന്റെ ഉള്ളിൽ അവൾക്കായി മൊട്ടിട്ട പ്രണയം അവളോട് വെളിപ്പെടുത്തും…!

അതോർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. അതും കണ്ടുകൊണ്ടാണ് അവൾ മുറിയിലേക്ക് കയറി വന്നത്.

“ഇപ്പോൾ എങ്ങനെയുണ്ട്.. എന്റെ കൂടെ എവിടെയെങ്കിലും വരാൻ പറഞ്ഞാൽ മാത്രമാണ് നിങ്ങൾക്ക് ക്ഷീണവും ഉറക്കവും ഒക്കെ. ഇപ്പോൾ എഴുന്നേറ്റിരുന്ന് പകൽ സ്വപ്നം കണ്ടിരിക്കുന്നത് കണ്ടില്ലേ.. ഒന്ന് എഴുന്നേറ്റ് വരുന്നുണ്ടോ ശ്രീയേട്ടാ..”

അവൾ കൊഞ്ചലോടെ ചോദിച്ചപ്പോൾ, മറ്റൊന്നും പറയാതെ അവൻ പെട്ടെന്ന് ബെഡിൽ നിന്ന് എഴുന്നേറ്റു.

അവളോടൊപ്പം ഷോപ്പിങ്ങിന് പോകാൻ തയ്യാറാകുമ്പോഴും തന്റെ പ്രണയം എത്രയും വേഗം അവളെ അറിയിക്കണം എന്നൊരു തോന്നൽ ആയിരുന്നു അവൻ. അവളുടെ ഉള്ളിലും അവൻ കുടിയേറി പാർത്തിട്ടുണ്ട് എന്ന് ഓരോ നോട്ടത്തിലും ഭാവത്തിലും അവന് മനസ്സിലാകുന്നുണ്ടായിരുന്നു.

പരസ്പരം തുറന്നു പറയാതെ, എന്നാൽ ഉള്ളു കൊണ്ട് തൊട്ടറിഞ്ഞ്, അവർ അവരുടെ ജീവിതം മനോഹരമാക്കുകയാണ്…!!

✍️ അപ്പു