രചന: അപ്പു
::::::::::::::::::::::::::
“എനിക്ക് കല്യാണം കഴിക്കണം..”
വൈകുന്നേരം ചായയ്ക്കുള്ള പഴംപൊരി ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ, അടുത്ത് വന്നു നിന്നുകൊണ്ട് 21 വയസ്സുള്ള മകൻ പറയുന്നത് കേട്ടപ്പോൾ ആകെ ഒരു പകപ്പായിരുന്നു.
അവൻ തമാശ പറയുന്നതായിരിക്കും എന്ന് കരുതി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി. പക്ഷേ അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തമാശയല്ല സംഗതി സീരിയസാണ് എന്ന് ഏകദേശം ഉറപ്പായി.
” അല്ല ഇപ്പോൾ കല്യാണം കഴിക്കണം എന്ന് എന്താ ഇത്ര വലിയ ആഗ്രഹം..? സ്നേഹയുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..? “
അങ്ങനെ ചോദിക്കാനാണ് തോന്നിയത്. കാരണം അവൻ കുറച്ചു ദിവസം മുൻപ് സ്നേഹ എന്നൊരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. അവൻ സ്നേഹിക്കുന്ന കുട്ടിയാണ് എന്ന് പറഞ്ഞു ആ കുട്ടിയുടെ ഫോട്ടോയും കാണിച്ചു തന്നിരുന്നു.
ആ ഒരു സംഭവത്തിന്റെ ബലത്തിലാണ് അവളെ കുറിച്ച് ചോദിച്ചത്. പക്ഷേ അവന്റെ മുഖം കണ്ടപ്പോൾ അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
” സ്നേഹയുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അവളോട് പോയി ചോദിക്കണം. അല്ലാതെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യം. “
അവൻ അത് പറഞ്ഞപ്പോൾ ആകെ അമ്പരന്നു പോയി.
” പിന്നെ നീ ആരെ കല്യാണം കഴിക്കണം എന്നാ പറഞ്ഞത്..?”
അങ്ങനെയൊരു ചോദ്യമാണ് നാവിൻ തുമ്പത്തേക്ക് വന്നു നിന്നത്.
” അത് മീനുവിനെ.. അമ്മയ്ക്ക് അറിയാമായിരിക്കും നമ്മുടെ സ്കൂളിന്റെ തൊട്ടപ്പുറത്തെ വീട്ടിലെ പ്രകാശൻ മാമന്റെ..”
അവൻ പറഞ്ഞത് കേട്ടപ്പോൾ നെഞ്ചത്ത് കൈവച്ച് നിൽക്കാൻ മാത്രമാണ് തനിക്ക് തോന്നിയത്.
” കഴിഞ്ഞ മാസം അല്ലേടാ സ്നേഹയെ ആണെന്ന് സ്നേഹിക്കുന്നത് എന്നു പറഞ്ഞ് എന്നോട് ഫോട്ടോയൊക്കെ കാണിച്ചു തന്നത്.. എന്നിട്ട് ഇപ്പോൾ ഈ മീനു എവിടെ നിന്ന് വന്നു..? “
അത് ചോദിച്ചപ്പോൾ അവന് ചെറിയൊരു ചമ്മൽ ഉണ്ട് എന്ന് തോന്നി.
” സ്നേഹക്ക് എന്നെ ഭയങ്കര ഡൗട്ട് ആണ്. ഞാൻ എങ്ങോട്ട് തിരിഞ്ഞാലും അവൾക്ക് ഓരോരോ സംശയങ്ങൾ. ആരെ വിളിച്ചാലും മിണ്ടിയാലും എല്ലാം എന്റെ കണക്ഷൻസ് ആണ് എന്നാണ് അവൾ പറയുന്നത്. എത്രയെന്ന് വച്ചാ എല്ലാം സഹിച്ചു നിൽക്കുന്നത്.. അതുകൊണ്ട് അവളെ നൈസായിട്ട് ഒഴിവാക്കി. അതിന്റെ സങ്കടത്തിൽ നടന്നപ്പോഴാണ് മീനു എന്റെ കൂട്ടുകാരി ആകുന്നത്. പിന്നെ പതിയെ പതിയെ ഞങ്ങൾ അങ്ങ് അടുത്തു. ഇപ്പോൾ പരസ്പരം പിരിയാൻ പറ്റാത്ത അത്രയും ഇഷ്ടമാണ് ഞങ്ങൾക്ക്.എത്രയും പെട്ടെന്ന് ഞങ്ങളുടെ കല്യാണം നടത്താൻ അമ്മ അച്ഛനോട് പറയണം.. “
അവൻ പറഞ്ഞു നിർത്തിയപ്പോൾ ഒരു ഉടുപ്പ് മാറുന്നത് പോലെയാണോ ഇവനൊക്കെ പെൺകുട്ടികളെ സ്നേഹിക്കുന്നത് എന്നാണ് തോന്നിയത്.
സംഗതി എന്റെ മകൻ തന്നെയാണെങ്കിലും ഇങ്ങനെയുള്ള കയ്യിലിരിപ്പുകൾ എത്രയെന്ന് വെച്ച് സഹിക്കും..!
” നീ എന്തു ഉദ്ദേശത്തിലാണ് ഇപ്പോൾ കല്യാണം കഴിക്കണം എന്ന് പറയുന്നത്.. പഠനം കഴിഞ്ഞ് ജോലി പോലും ആവാത്ത നിനക്ക് ഇനി കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെൺകുട്ടിക്ക് കൂടി നിന്റെ അച്ഛൻ ചെലവിന് കൊടുക്കണം ആയിരിക്കും അല്ലേ.. അതെന്തായാലും ഇവിടെ നടപ്പില്ല. സ്വന്തമായി വല്ല ജോലിയും വരുമാനവും ഒക്കെ ആയി കഴിഞ്ഞിട്ട് കല്യാണത്തിനെ കുറിച്ച് ചിന്തിച്ചാൽ മതി. “
ഞാൻ കർശനമായി അങ്ങനെ പറയുമെന്ന് ഒരുപക്ഷേ മകൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കണം ദേഷ്യത്തോടെ എന്നെ തുറിച്ചു നോക്കിയത്.
” അമ്മ എന്തൊക്കെ പറഞ്ഞാലും ഇത്രയും പെട്ടെന്ന് ഞങ്ങളുടെ കല്യാണം നടത്തി തന്നാലേ പറ്റൂ. ജോലിയൊക്കെ ഞാൻ ശരിയാക്കി കൊള്ളാം. ഉടനെ തന്നെ എനിക്ക് ഒരു ജോലിയിൽ കയറാൻ പറ്റും.”
അവൻ വാശിപിടിച്ചു നിന്നെങ്കിലും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
ഈ ചർച്ച അവന്റെ അച്ഛനും സഹോദരിയും ഒക്കെ അറിഞ്ഞു കഴിഞ്ഞു. പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഇതേ പോലെ തന്നെയായിരുന്നു വീട്ടിലുള്ള സമാധാനക്കേട്.
എന്തു പറഞ്ഞു തുടങ്ങിയാലും അതിന്റെ അവസാനം എന്റെ കല്യാണം നടത്തി തരണം എന്ന് മാത്രമാണ് അവൻ പറയാറ്.
കുറച്ചു ദിവസങ്ങൾക്കപ്പുറം ഒരിക്കൽ അവൻ വീട്ടിലേക്ക് കയറി വന്നപ്പോൾ അവനോടൊപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവളുടെ തോളിൽ ആണെങ്കിൽ എടുത്താൽ പൊങ്ങാത്ത അത്ര വലിപ്പമുള്ള ഒരു ബാഗും. അത് കണ്ടപ്പോൾ തന്നെ സംഗതി എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു.
” അമ്മേ ഇതാണ് മീനു.ഞങ്ങൾക്ക് ഇനി പിരിഞ്ഞു ജീവിക്കാൻ ഒന്നും പറ്റില്ല. അതുകൊണ്ട് ഞാൻ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നു.”
അവൻ അത് പറഞ്ഞപ്പോൾ ഞാൻ നോക്കിയത് അവന്റെ അച്ഛന്റെ മുഖത്തേക്ക് ആയിരുന്നു. പരാജയപ്പെട്ടുപോയ ഒരു അച്ഛന്റെ ഭാവമായിരുന്നു ആ നിമിഷം അയാളിൽ ഉണ്ടായിരുന്നത്.
അവനെ വിശ്വസിച്ചു കയറി വന്ന പെൺകുട്ടിയെ ഇറക്കി വിടാൻ തോന്നിയില്ല. ഒരുപക്ഷേ എനിക്ക് സ്വന്തമായി ഒരു മകൾ ഉള്ളതുകൊണ്ട് ആയിരിക്കാം.
അവളുടെ വീട്ടുകാർ ചർച്ചയ്ക്ക് വന്നപ്പോൾ അവനോടൊപ്പം അല്ലാതെ മറ്റൊരു ജീവിതം അവൾക്കില്ലെന്നും ഈ വീട്ടിൽ നിന്ന് അവൾ ഒരിക്കലും പോകില്ലെന്ന് ഒക്കെ അവൾ വാശിയോടെ പറയുമ്പോൾ ഇവർ ഇത്രത്തോളം സ്നേഹിച്ചിരുന്നോ എന്ന് ഞങ്ങൾക്കെല്ലാവർക്കും അതിശയം ആയിരുന്നു.
എന്തുതന്നെയായാലും അവരുടെ വാശി തന്നെ ജയിച്ചു.അധികം വൈകാതെ ഒരു രജിസ്ട്രാർ ഓഫീസിൽ വച്ച് അവരുടെ വിവാഹം നടത്തി.
പക്ഷേ വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ പോലെ ആയിരുന്നില്ല പിന്നീടുള്ള ദിവസങ്ങൾ. ആദ്യ നാളുകളിൽ പരിസരബോധം പോലുമില്ലാതെ അവർ പലതരത്തിലുള്ള സ്നേഹത്തിൽ ഏർപ്പെടുമ്പോൾ, വീട്ടിൽ മറ്റുള്ള ആളുകൾ ഉണ്ടെന്നുള്ള ബോധം പോലും അവർക്കുണ്ടായിരുന്നില്ല.
പലപ്പോഴും അവന്റെ പെങ്ങൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാറായി. അതൊന്നും അവനോ അവളോ ശ്രദ്ധിച്ചിരുന്നത് പോലുമില്ല.
പക്ഷേ അധികം വൈകാതെ ഒരു ദിവസം, അവൾ പച്ചമാങ്ങയ്ക്ക് കൊതി കുറഞ്ഞപ്പോഴാണ് സംഗതി കൈവിട്ടുപോയി എന്ന് അവനു പോലും ബോധം വന്നത്.
അവനോട് സന്തോഷത്തോടെ ഈ വിവരം പറഞ്ഞ അവളോട് ഇപ്പോൾ നമുക്ക് ഒരു കുഞ്ഞിനെ ആവശ്യമുണ്ടോ എന്ന് നിർദാഷിണ്യം അവൻ അന്വേഷിച്ചു. അതിന് അവൾ മറുപടി കൊടുത്തത് അവന്റെ കരണം അടിച്ചുപൊകച്ചു കൊണ്ടായിരുന്നു.
സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞ് അവളെ മാറോട് ചേർക്കുമ്പോൾ സ്വന്തം മകളാണ് എന്നൊരു തോന്നൽ മാത്രമാണ് തനിക്കുണ്ടായിരുന്നത്. സ്വന്തം ചോരയെ ഇല്ലാതാക്കി കളയാം എന്നു പറഞ്ഞ മകൻ എന്റേതു തന്നെയാണോ എന്നൊരു സംശയം ആയിരുന്നു ആ നിമിഷം.
എന്തായാലും അവളുടെ ആ ഒരു അടിയോടു കൂടി അവൻ നന്നായി എന്ന് തന്നെ പറയാം. അധികം വൈകാതെ നല്ലൊരു ജോലി അവൻ കണ്ടുപിടിച്ചു. സ്ഥിരമായി ജോലിക്ക് പോയി തുടങ്ങി. അവൾ കൊതി പറയുന്ന സാധനങ്ങളൊക്കെയും അവളുടെ മുന്നിലെത്തിക്കാൻ അവൻ മത്സരിക്കുകയായിരുന്നു.
ഇന്നലെ വരെ യാതൊരു ഉത്തരവാദിത്വബോധവും ഇല്ലാതെ നടന്ന മകൻ ഇന്ന് ഇത്രയും കാര്യപ്രാപ്തിയോടെ ഓരോന്ന് ചെയ്യുന്നത് കാണുമ്പോൾ അവന്റെ അച്ഛനമ്മമാർ എന്ന നിലയ്ക്ക് ഞങ്ങൾക്ക് സന്തോഷമായിരുന്നു.
കാത്തിരിപ്പിനൊടുവിൽ അവന് ഒരു ആൺകുഞ്ഞ് പിറന്നപ്പോൾ അവന്റെ കണ്ണിൽ അഭിമാനവും സന്തോഷവും ഞങ്ങൾ കണ്ടു. വർഷങ്ങൾക്കു മുമ്പ് അവന്റെ അച്ഛനും ഇതേ ഭാവം തന്നെയായിരുന്നു.
സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് അവനെ മാറോട് ചേർക്കുമ്പോൾ അവന്റെ അച്ഛൻ ഒന്നു മാത്രമേ പറഞ്ഞുള്ളൂ.
” ഇന്ന് നിന്റെ മകനെ കണ്ടപ്പോൾ നിനക്ക് സന്തോഷം തോന്നിയില്ലേ.. വർഷങ്ങൾക്കു മുമ്പ് നിന്നെ എന്റെ കയ്യിൽ കിട്ടുമ്പോൾ എനിക്കും ഇതേ ഭാവം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഒരുപാട് ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് നിന്നെ ഞങ്ങൾ വളർത്തി വലുതാക്കിയത്. വലുതാകുമ്പോൾ ഞങ്ങൾക്ക് താങ്ങും തണലുമായി നീ ഉണ്ടാകും എന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതിനുമേൽ വെള്ളമൊഴിച്ചു കൊണ്ടാണ് 21 വയസ്സ് പൂർത്തിയായപ്പോൾ നീയൊരു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്. വിവാഹവും പ്രണയവും ഒക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്ന് അറിയുന്നതു കൊണ്ട് മാത്രമാണ് ഞങ്ങൾ ആ കാര്യത്തിൽ ഇടപെടാതിരുന്നത്. നിന്റെ മകനിലൂടെ ഇനി നീ പഠിക്കും നീ ചെയ്ത തെറ്റുകൾ എന്തൊക്കെയായിരുന്നു എന്ന്… “
അതൊരിക്കലും ശാപവാക്കുകൾ ആയിരുന്നില്ല.. മറിച്ച് മകന്റെ പലതരത്തിലുള്ള പ്രവർത്തികൾ കൊണ്ട് വേദനിച്ച ഒരു അച്ഛന്റെ ശബ്ദമായിരുന്നു…!
✍️ അപ്പു