രചന: അപ്പു
:::::::::::::::::::::::::::
“കണാരേട്ടാ.. ഒരു പതിവ്..”
ലോട്ടറി വില്പനക്കാരനായ കണാരന്റെ അടുത്തേക്ക് വന്നു കൊണ്ട് പ്രദീപ് വിളിച്ചു പറഞ്ഞു.
” നീ എല്ലാ ദിവസവും ഇങ്ങനെ ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഒരെണ്ണം പോലും അടിക്കുന്നില്ലല്ലോ പ്രദീപേ.. “
തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്ന് നാരായണേട്ടൻ വിളിച്ചു ചോദിച്ചു. അതിനു മറുപടിയായി പ്രദീപ് ഒന്ന് പുഞ്ചിരിച്ചു.
” എന്നെങ്കിലും ഒരിക്കൽ അടിക്കുമായിരിക്കും. ഇങ്ങനെയുള്ള പ്രതീക്ഷകൾ ആണല്ലോ നമുക്ക് ആകെപ്പാടെ ജീവിതത്തിൽ ബാക്കിയുള്ളത്.. “
പ്രദീപ് നെടുവീർപ്പോടെ പറഞ്ഞപ്പോൾ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് നാരായണന് തോന്നി.
” താൻ ഇങ്ങനെ വിഷമിക്കാതെടോ. അധികം വൈകാതെ തന്നെ തേടി ഒരു ഭാഗ്യം എത്തുമെന്ന് എന്റെ മനസ്സ് പറയുന്നു. “
കണാരൻ അവനെ ആശ്വസിപ്പിച്ചു. പ്രദീപ് അതിനു മറുപടി പറയാതെ ലോട്ടറി ടിക്കറ്റ് പണം കണാരനു നേരെ നീട്ടി.
” ദൈവമേ ഇനിയെങ്കിലും ആ ചെറുക്കനെ പരീക്ഷിക്കാതെ ഒരു നല്ല ജീവിതം അവനു കൊടുക്കണം.. “
പ്രദീപ് നടന്നു നീങ്ങിയപ്പോൾ കണാരൻ മൗനമായി പ്രാർത്ഥിച്ചു.
പ്രദീപ് ഒരു സാധാരണക്കാരനാണ്. ഒരു കൂലിപ്പണിക്കാരൻ. കൂലിപ്പണിക്കാരൻ ആയതു കൊണ്ട് തന്നെ, കാലാവസ്ഥ അനുസരിച്ചാണ് ആൾക്ക് പണിയുള്ളത്.
ഇപ്പോഴത്തെ മാറിവരുന്ന കാലാവസ്ഥയിൽ മാസത്തിൽ 15 ദിവസവും മഴയാണല്ലോ.. അതുകൊണ്ടു തന്നെ ആൾക്ക് ഇപ്പോൾ കാര്യമായി ജോലി ഒന്നും കിട്ടാറില്ല. ഓരോ ദിവസവും ജോലിചെയ്ത് അതാത് ദിവസത്തെ ചെലവിന് മാത്രം തികയുന്ന രീതിയിലാണ് പ്രദീപിന്റെ വീട്ടിലെ കാര്യങ്ങൾ.
ഈ അടുത്ത സമയത്താണ് പ്രദീപ് വീട് പുതുക്കിപ്പണിതത്. ലോൺ എടുത്തിട്ടാണ് പണികളൊക്കെ പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെ ഓരോ മാസവും ലോൺ അടവ് വലിയൊരു തുക വരുന്നുണ്ട്.
അതിനു പുറമെ രണ്ടു കുട്ടികളാണ് പ്രദീപിനുള്ളത്. അവരുടെ രണ്ടുപേരുടെയും ഫീസ്, മറ്റ് ആവശ്യങ്ങൾ, വീട്ടിലെ ചെലവുകൾ ആശുപത്രി ചെലവുകൾ എന്നിങ്ങനെ ഒരു മാസം പ്രദീപ് എടുത്താൽ പൊങ്ങാത്ത അത്രയും ബാധ്യതകൾ പ്രദീപിനുണ്ട്.
പലപ്പോഴും റോളിംഗ് ആണ് പ്രദീപിന്റെ കാര്യത്തിൽ നടക്കാറുള്ളത്. ഓരോ ആവശ്യങ്ങൾ നടത്താൻ ഒരാളിൽ നിന്ന് കടം വാങ്ങുക അതു കൊടുക്കാനായി മറ്റൊരാളിൽ നിന്ന് വാങ്ങുക അങ്ങനെ..!
എത്രയൊക്കെ ബുദ്ധിമുട്ടിലാണെങ്കിലും ജോലിയുള്ള ദിവസങ്ങളിൽ പ്രദീപ് ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ട്. അവന് ആകെയുള്ള പ്രതീക്ഷ ആ ലോട്ടറി ടിക്കറ്റുകൾ ആണ്. എന്നെങ്കിലും ഒരിക്കൽ അതുവഴി തന്നെ തേടി ഭാഗ്യം എത്തുമെന്ന് പ്രദീപ് വിശ്വസിക്കുന്നുണ്ട്.
ലോട്ടറി ടിക്കറ്റ് എടുത്തിരുന്നെങ്കിൽ അതിന്റെ ഫലം നോക്കാൻ പ്രദീപ് മെനക്കെട്ടില്ല. കാരണം മറ്റൊന്നുമല്ല, ലോട്ടറി അടിക്കില്ല എന്ന് അവന് ഉറപ്പുള്ളത് തന്നെയാണ്.
ലോട്ടറി അടിക്കില്ല എന്ന് അറിയാമെങ്കിലും എല്ലാ ദിവസത്തെയും ശീലം പോലെ ലോട്ടറി എടുക്കുന്നു എന്ന് മാത്രം.
വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഒക്കെ പ്രദീപ് വാങ്ങാറ്.
ചെറിയൊരു കവലയാണ് അവരുടെ നാട്ടിലുള്ളത്. അവിടെ അത്യാവശ്യം പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും ഒക്കെ കിട്ടും. പ്രദീപ് ജോലി കഴിഞ്ഞ് നേരെ പലവ്യഞ്ജന കടയിലേക്ക് ആണ് പോയത്.
” ഇന്ന് നേരത്തെ എത്തിയോ പ്രദീപേ.. “
കടക്കാരൻ കുശലം ചോദിച്ചു.ആ നാട്ടിൽ പരസ്പരം അറിയാത്തതായി ആരും ഉണ്ടായിരുന്നില്ല.
” ഇന്ന് നേരത്തെ കഴിഞ്ഞു നാണുവേട്ടാ. “
ചിരിച്ചു കൊണ്ട് പ്രദീപ് പറഞ്ഞു. പിന്നെ തനിക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞു കേൾപ്പിച്ചു.
അവൻ പറഞ്ഞത് അനുസരിച്ചുള്ള സാധനങ്ങളൊക്കെ കടക്കാരൻ എടുത്തു വച്ചു.പൈസയും കൊടുത്തു സാധനങ്ങളും എടുത്ത് പ്രദീപ് കടയിൽ നിന്നിറങ്ങി.
പിന്നെ പച്ചക്കറി കടയിൽ കയറി കുറച്ച് പച്ചക്കറികൾ കൂടി വാങ്ങിയപ്പോൾ തന്നെ അന്നേദിവസം കിട്ടിയ കൂലിയിൽ കുറെയൊക്കെ ചെലവായി കഴിഞ്ഞിരുന്നു.
പിന്നീടാണ് അവൻ നാരായണേട്ടന്റെ ചായക്കട കണ്ടത്. വല്ലപ്പോഴും ചായക്കടയിൽ നിന്ന് എന്തെങ്കിലും പലഹാരങ്ങൾ മക്കൾക്ക് വാങ്ങിക്കൊണ്ട് കൊടുക്കുന്ന പതിവ് പ്രദീപിനുണ്ട്.
അങ്ങനെയല്ലാതെ എല്ലാ ദിവസവും സമൃദ്ധമായി ജീവിക്കാനുള്ള ചുറ്റുപാട് ഒന്നും പ്രദീപിന് ഉണ്ടായിരുന്നില്ല.
വീട്ടിലിരിക്കുന്ന മക്കളെ കുറിച്ച് ഓർത്തപ്പോൾ അവന്റെ കാലുകൾ അറിയാതെ തന്നെ ചായക്കടയിലേക്ക് തിരിഞ്ഞു.
” ഇന്നെന്താ പ്രദീപേ വേണ്ടത്.. പഴംപൊരി ആണോ ബോണ്ട ആണോ.. “
സാധാരണ അവൻ അങ്ങനെയാണ് വാങ്ങാറുള്ളത്. അതുകൊണ്ടു തന്നെ അവനെ കണ്ടപ്പോൾ നാരായണേട്ടൻ അങ്ങനെയാണ് ചോദിച്ചത്.
” പഴംപൊരി ആയിക്കോട്ടെ നാരായണേട്ടാ.. “
അവൻ പറഞ്ഞപ്പോൾ ഈ മറുപടി പ്രതീക്ഷിച്ചിരുന്നു എന്നപോലെ നാരായണൻ പഴംപൊരിയെടുത്ത് പൊതിയാൻ തുടങ്ങി.
” ലോട്ടറി റിസൾട്ട് വന്നിട്ടുണ്ടെടോ..താൻ നോക്കുന്നില്ലേ..? “
അവൻ ചായക്കടയിൽ തന്നെ ചുറ്റിത്തിരിയുന്നത് കണ്ടു നാരായണൻ അന്വേഷിച്ചു.
” നോക്കിയിട്ട് വലിയ പ്രയോജനമൊന്നുമില്ലല്ലോ നാരായണേട്ടാ.. എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്നു എന്നല്ലാതെ ഒരു 100 രൂപ പോലും എനിക്ക് ഇന്നു വരെയും അടിച്ചിട്ടില്ല.”
പ്രദീപ് നിരാശയോടെ പറഞ്ഞു.
” എന്നാലും താൻ ഒന്ന് നോക്ക്. ഏതു സമയത്താണ് ഭാഗ്യം വന്ന് തലയിൽ കയറുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ.. “
നാരായണൻ നിർബന്ധിച്ചപ്പോൾ മനസില്ലാ മനസ്സോടെ പ്രദീപ് റിസൾട്ട് നോക്കാനായി പുറത്തേക്കിറങ്ങി.
10000 ന് താഴോട്ടുള്ള സമ്മാനങ്ങളിൽ അവൻ തന്റെ നമ്പർ തിരഞ്ഞു. അത് കാണാതെയായപ്പോൾ അവന് വല്ലാത്ത നിരാശ തോന്നി.
ആ ടിക്കറ്റ് ചുരുട്ടിക്കൂട്ടി പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ കടയിലേക്ക് കയറി.
” ഞാൻ പറഞ്ഞില്ലേ നാരായണേട്ടാ ഒന്നും ഉണ്ടാവില്ല എന്ന്..”
നിരാശയോടെ പ്രദീപ് അതും പറഞ്ഞ് നാരായണന്റെ കയ്യിൽ നിന്ന് പൊതി വാങ്ങി പണവും കൊടുത്ത് വീട്ടിലേക്ക് നടന്നു.
കവലയിൽ നിന്ന് കുറച്ചു ദൂരം നടക്കേണ്ടതുണ്ട് പ്രദീപിന്റെ വീട്ടിൽ എത്താൻ. അവൻ അങ്ങനെ നടക്കുന്ന വഴിയിലാണ് അവന് എതിരായി ഒരു ചെറുപ്പക്കാരൻ വരുന്നത് അവൻ കാണുന്നത്.
ഇതിനു മുൻപൊരിക്കലും ആ നാട്ടിൽ കണ്ടിട്ടില്ലാത്ത ആളായതുകൊണ്ട് തന്നെ പ്രദീപ് അവനെ ശ്രദ്ധിച്ചു. പക്ഷേ ആ ചെറുപ്പക്കാരൻ പ്രദീപിനെ നോക്കി വളരെ മനോഹരമായി ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് തന്നെ വരികയായിരുന്നു.
” ചേട്ടാ അറിഞ്ഞോ.. നമ്മുടെ കണാരേട്ടന്റെ കയ്യിൽ നിന്ന് വിട്ടുപോയ ടിക്കറ്റ് ഇത്തവണ സമ്മാനം ഉണ്ട് കേട്ടോ.. “
ആ ചെറുപ്പക്കാരൻ ആരാണ് എന്നതിനേക്കാൾ അയാൾ പറഞ്ഞ വാർത്തയാണ് പ്രദീപിനെ ആകർഷിച്ചത്.
“ആരു പറഞ്ഞു..?”
പ്രദീപ് സംശയം ചോദിച്ചു.
” ഞാനിപ്പോ കവലയിൽ പോയിട്ട് വന്നപ്പോൾ അറിഞ്ഞതാണല്ലോ.. ചേട്ടൻ ഇപ്പോൾ അവിടെ നിന്നല്ലേ വരുന്നത് എന്നിട്ട് ചേട്ടനോട് ആരും പറഞ്ഞില്ലേ..? “
ആ ചെറുപ്പക്കാരൻ ചോദിച്ചപ്പോൾ പ്രദീപ് ഇല്ലെന്ന് തലയാട്ടി.
” എന്തായാലും ലോട്ടറി അടിച്ചവന്റെ ഭാഗ്യം. രണ്ടാം സമ്മാനമാണ് അടിച്ചിരിക്കുന്നത്. ആരാണോ ആവോ ആ ഭാഗ്യവാൻ.. “
ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ പ്രദീപും അത് ശരിവെച്ചു.
“അല്ല ഏത് ടിക്കറ്റിനാ സമ്മാനം അടിച്ചത്..?”
പ്രദീപ് കുശലം ചോദിച്ചു.
“KZ 615432”
ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ പ്രദീപ് തലകുലുക്കി സമ്മതിച്ചു. പിന്നീട് കൂടുതൽ എന്തെങ്കിലും ചോദിക്കാനോ പറയാനോ അവസരം കൊടുക്കാതെ ആ ചെറുപ്പക്കാരൻ നടന്നു നീങ്ങുകയും ചെയ്തു.
അയാൾ പോയി കഴിഞ്ഞതും ലോട്ടറി അടിച്ചത് ആരായിരിക്കും എന്ന് ഓർത്തുകൊണ്ടാണ് പ്രദീപ് വീട്ടിലേക്ക് നടന്നത്.
പക്ഷേ അതിനിടയിലാണ് പെട്ടെന്ന് അവന്റെ മനസ്സിലേക്ക് മറ്റൊരു ചിന്ത കടന്നു വന്നത്.
“എന്റെ ലോട്ടറിയുടെ നമ്പറും ഈ സീരീസ് തന്നെ ആയിരുന്നില്ലേ..?”
പ്രദീപിന് സംശയം തോന്നി.
ഉടൻ തന്നെ സംശയ നിവാരണത്തിനായി കൈയിലുണ്ടായിരുന്ന കവറുകളൊക്കെ നിലത്തേക്ക് വച്ചുകൊണ്ട് പ്രദീപ് പോക്കറ്റിൽ തപ്പി.
നേരത്തെ ടിക്കറ്റ് ചുരുട്ടിക്കൂട്ടി പോക്കറ്റിൽ ഇട്ടത് ആയിട്ട് അവന് ഓർമ്മയുണ്ട്. പോക്കറ്റിൽ നിന്ന് ആ ടിക്കറ്റ് കണ്ടെടുത്തപ്പോൾ അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
വളരെയധികം പ്രതീക്ഷയോടെ അവൻ ആ ടിക്കറ്റ് തുറന്നു നോക്കി.
ആ നമ്പറിന്റെ തുടക്കം കണ്ടപ്പോൾ തന്നെ പ്രദീപിന് വല്ലാത്ത ആകാംക്ഷയായിരുന്നു. ഒടുവിൽ തന്റെ ടിക്കറ്റ് നമ്പർ ആണ് നേരത്തെ ആ ചെറുപ്പക്കാരൻ പറഞ്ഞിട്ട് പോയത് എന്നൊരു തോന്നൽ വന്നപ്പോൾ പ്രദീപിന് എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയായി പോയി.
അവന്റെ കണ്ണുകൾ നിറയുന്നതിനോടൊപ്പം കൈകൾ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
തന്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന് ഫലം ഉണ്ടായി എന്ന് അവന് തോന്നി.
ആ സന്തോഷം പങ്കുവയ്ക്കാനായി അവൻ അതിവേഗത്തിൽ വീട്ടിലേക്ക് ഓടുകയായിരുന്നു.
✍️ അപ്പു