പട്ടങ്ങൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
:::::::::::::::::::::::::::::
സായംകാലം;
ഗോവണിപ്പടികൾ കയറി വീടിനു മുകൾ നിലയിലെത്തിയപ്പോൾ, അമൃത കണ്ടു; അറിയപ്പെടുന്ന എഴുത്തുകാരിയും അധ്യാപികയുമായ അമ്മ, പത്മജ ശേഖർ അവിടെത്തന്നെയുണ്ട്. പതിവായി എഴുതാനിരിക്കുന്നത്, മട്ടുപ്പാവിന്റെ കോണിൽ പ്രതിഷ്ഠിച്ച പഴയ കസേരയിലാണ്. കാലം നിറം കെടുത്തിയ മരമേശയുടെ മേലെ, അനേകം കടലാസു ചീന്തുകൾ ചിതറിക്കിടന്നു. അവയ്ക്കു മീതെ തുറന്നുവച്ച പഴയ ഡയറി. അതിലെ ആദ്യ താളിലെ ലിഖിതങ്ങൾ. കൈകൾ മേശമേൽ മടക്കിവച്ച്, വിദൂരതയിലേക്കു നോട്ടം പായിച്ച്, ധ്യാനത്തിലെന്നോണം പത്മജയിരുന്നു.
“അമ്മ, മിഴി തുറന്നുറങ്ങുകയാണോ? ഇമ ചിമ്മാതെ ആകാശച്ചരുവിലേക്കു നോക്കി ഒരേയിരിപ്പാണല്ലോ; ആകാശത്തു നിന്നും കഥകളുടെ നിറമുള്ള നൂലുകൾ ഊർന്നു വരണുണ്ടോ? ഒന്നിൽ പിടിച്ചുകയറി ഭാവനയുടെ വിഹായസ്സുകൾ തേടിയലയാൻ; എഴുത്തല്ലല്ലോ ഇന്ന്, ധ്യാനമാണല്ലോ. അതും, കഴിഞ്ഞ കാലത്തെ ഡയറിക്കുറിപ്പുകളുമായി. ഇന്നെന്താണ് ?”
പത്മജ മുഖമുയർത്തി. നേർത്തൊരു പുഞ്ചിരി ചുണ്ടിൽ വിടർന്നു. നെറ്റിത്തടത്തിലെ ചന്ദനക്കുറി പാതി മാഞ്ഞുപോയിരിക്കുന്നു. അമ്മയുടെ മിഴികൾക്ക്, ഇപ്പോഴും എന്തു തിളക്കമാണ്. ഇടതൂർന്ന പീലികളാൽ സമൃദ്ധമായ കണ്ണുകൾ. കാഴ്ച്ചകളേക്കാൾ അമ്മ കാണുന്നത്, കാണാക്കാഴ്ച്ചകളാണ്. മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞുയർന്ന്, ദ്യുതി ചിതറുന്ന ഭാവനയുടെ കാഴ്ച്ചകൾ. ആ കാഴ്ച്ചകളുടെ ചേതോഹാരിത പൂർണ്ണമായി വിരത്തുമ്പിലൂടെ അക്ഷരങ്ങളുടെ കൂട്ടങ്ങളായി കടലാസ്സു താളുകളിൽ നിറയുന്നു. വായനക്കാരെ മുഴുവൻ തരളഹൃദയരാക്കുന്ന രചനകൾ. മുഖപുസ്തകത്തിൽ അമ്മയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അവരിൽ മികച്ച എഴുത്തുകാരുണ്ട്. മറ്റു കലാപ്രതിഭകളും.
“ഇന്നെന്താണാവോ കടലാസിൽ നിറയുന്നത്? കടുംനിറങ്ങളോ, ചുവന്ന സന്ധ്യകളോ, അതോ, വഴിയോരത്തു ചിതറിയ വാകപ്പൂക്കളോ, ഒറ്റമൈനയോ; ചിറകു പൊയ്പ്പോയ ശലഭമോ, എന്താണമ്മയേ ഇവിടെയെത്തിച്ചത്?”
കൈനീട്ടി ഡയറിയെടുത്തു കൊണ്ട്, അമൃത അമ്മയ്ക്കരികിലിരുന്നു. നിറം മങ്ങിയ ഡയറിയിലെ ആദ്യതാളിൽ, കുനുകുനേ ഏതാനും വരികൾ ചിതറിക്കിടന്നു.
“അമ്മേ, ഞാനിതു വായിച്ചോട്ടേ”
അവൾ, അമ്മയുടെ കവിളിൽ കവിൾ ചേർത്തുരസി. ചെന്നിയിലെ നര വീഴാൻ തുടങ്ങിയ മുടിയിഴകളിൽ വിരലോടിച്ചു. അമ്മയുടെ മൂക്കുത്തിയ്ക്ക് എന്തു തിളക്കമാണ്. നാൽപ്പത്തിയഞ്ചിന്റെ യൗവ്വനം എത്ര സുന്ദരമാണ്.
“മോളു വായിച്ചോളൂ, മോളേക്കാൾ ചെറുപ്പമായിരുന്ന ഒരു കാലമാണ്, ഈ ഡയറിയുടെ പ്രായം. പത്തൊൻപതു വയസ്സിലുള്ള കുറിപ്പുകളാണ്. മോളുടെ അച്ഛൻ, ഒരിയ്ക്കലും എന്റെ ഡയറികളോ, നോട്ടുകളോ വായിക്കാൻ മുതിർന്നിട്ടില്ല. അമ്മ, ഒരിക്കലും എഴുത്തുമേശ പൂട്ടാറില്ല. അച്ഛന്, അക്ഷരങ്ങളേക്കാൾ പ്രിയം ബാങ്കിലെ അക്കങ്ങളോടായിരുന്നില്ലേ, അച്ഛനേ, മോളോർക്കുന്നില്ലേ? ഏഴുവയസ്സിലേ ഓർമ്മകൾ പിന്നെ മായുകയില്ല. അമ്മയ്ക്ക്, അമ്മ അഞ്ചാംവയസ്സിൽ സ്കൂളിൽ പോയതൊക്കെ ഇപ്പഴും നല്ല തിട്ടമാണ്.”
“എനിക്ക്, ഓർമ്മയുണ്ടമ്മേ; എങ്കിലും, കുറേയോർക്കുമ്പോൾ അച്ഛന്റെ ഓർമ്മച്ചിത്രത്തിൽ മങ്ങൽ പുരളുന്നപോലെ തോന്നുന്നു. ആശുപത്രീല് ഞാനും അമ്മയും പകച്ചുനിന്നതും, അമ്മ ആർത്തലച്ചതും ഇപ്പോഴും ഹൃദയത്തിലുണ്ട്. അച്ഛനെ പുറത്തേക്കു കൊണ്ടുവരുന്നത്, മരിച്ചുകിടക്കുകയാണെന്നു തോന്നിയിരുന്നില്ല. ഹൃദയാഘാതം, ഒരു ലാഞ്ചന പോലും തരാതെ കടന്നുവന്ന്, അച്ഛനേ കൊണ്ടുപോയത്. അച്ഛനെത്ര സുന്ദരനായിരുന്നു. നീണ്ട പതിനാലു വർഷങ്ങൾ, കാലമെത്ര വേഗം കടന്നുപോകുന്നു.”
അമൃത, ഒന്നു നിശ്വസിച്ചു. വീണ്ടും, നോട്ടം ഡയറിയുടെ ആദ്യ പേജിലേക്കു ചേക്കേറി. അക്ഷരങ്ങൾ തുടരുകയാണ്.
“പ്രിയപ്പെട്ട പത്മജ, എന്തെഴുതുന്നു എന്നതല്ല, എങ്ങനെ എഴുതുന്നു എന്നതാണു കാര്യം. രചനയ്ക്ക്, എന്തും വിഷയമാക്കാം. എഴുതുമ്പോൾ, പരമാവധി കാച്ചിക്കുറുക്കി എഴുതുക. ധാരാളം വായിക്കുക. പരന്ന വായന, എഴുത്തിന് ഏറെ ഗുണം ചെയ്യും. ദൈവദത്തമായ ഈ കഴിവ്, ഒരിക്കലും നാശം വന്നുപോകാതിരിക്കാൻ പ്രാർത്ഥന. സ്നേഹത്തോടെ, സ്വന്തം ശിവപ്രസാദ്.”
സുന്ദരമല്ലാത്ത കൈപ്പടയിൽ, അതിസുന്ദരമായ നിരീക്ഷണങ്ങൾ. അമൃത, ഡയറി മടക്കി അമ്മയ്ക്കരികിൽ വച്ചു. അമ്മയുടെ ശോണിമ മായാൻ തുടങ്ങിയ കവിൾത്തടങ്ങളിൽ വിരലോടിച്ച്, പതിഞ്ഞ ശബ്ദത്തിൽ തുടർന്നു.
“ശിവപ്രസാദ് മാഷുടെ പുതിയ പുസ്തകങ്ങളൊന്നും ഈയടുത്ത് പ്രസിദ്ധീകരിച്ചിട്ടില്ലല്ലോ? മുഖപുസ്തകത്തിലും, ബ്ലോഗിലുമൊക്കെ എഴുത്ത് ധാരാളമുണ്ട്. അമ്മേടെ കഥകൾക്ക്, മാഷുടെ കമന്റ് തീർച്ചായും ഉണ്ടാകും. ഒരുപക്ഷേ, പോസ്റ്റിനേക്കാൾ ആർദ്രമായ കമന്റുകൾ. ഞാൻ വായിച്ചു നോക്കാറുണ്ട്. മാഷിപ്പഴും, അമ്മയോടുള്ള ആ പ്രണയകാലത്തു തന്നെയാണ്, തീർച്ച.”
പത്മജയുടെ നോട്ടം, ആകാശനീലമയിലേക്കു നീണ്ടു. അന്തിവെയിലു പൊന്നുതിർക്കുന്ന സായന്തനം.
“മാഷിപ്പോൾ, അമ്പത്തിയാറു വയസ്സിലെത്തി നിൽക്കുകയാണ്. രണ്ടുവർഷം കൂടി സർവ്വീസുണ്ട്. എത്ര പേരാണ്, ഫോളോ ചെയ്യുന്നതെന്നോ? മാഷ്, പ്രണയത്തിലൊന്നുമല്ല കുട്ടി, അന്നത്തേ കാലത്ത്, എഴുത്തുകാരന്റെ സർഗ്ഗസമ്പത്തിന് വിലയില്ലായിരുന്നു. അല്ലെങ്കിൽ, ഞങ്ങളടെ ഗ്രഹനില മറ്റൊന്നായാനേ. ഇരുപത്തിമൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, പ്രണയം പോയ് മറഞ്ഞിട്ട്. സൗഹൃദം ഞങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്. പിന്നെ, നീ വലിയ കുട്ടിയായപ്പോഴാണ് ഞാൻ എന്റെ ഇന്നലെകളെക്കുറിച്ച് നിന്നോടു തുറന്നുപറഞ്ഞത്. നിനക്ക്, എന്നെ മനസ്സിലാവുമെന്ന തീർച്ചയിലാണത്. അച്ഛനും അറിയാമായിരുന്നു. അദ്ദേഹം, അതിനേച്ചൊല്ലി ഒരിക്കലും പതിതപിച്ചിട്ടില്ല.”
“അമ്മയ്ക്ക്, സർവ്വീസ് ഇനിയും ഏറെ വർഷങ്ങളുണ്ട്. വീടും, ബാങ്കു ബാലൻസുമെല്ലാമുണ്ട്. മാഷ്, വിവാഹം കഴിച്ചതേയില്ല. അമ്മയ്ക്ക് , മാഷെ ജീവിതത്തിലെ കൂട്ടായി ചേർത്തുകൂടേ?എനിക്കും ജോലി ലഭിയ്ക്കാൻ പോകുന്നു. ഞാൻ, വിവാഹം കഴിഞ്ഞു ദൂരെപ്പോയാലും അമ്മയ്ക്കു കൂട്ടിനൊരാളായി, അതും, അമ്മയ്ക്ക് കൃത്യമായി അറിയാവുന്നൊരാൾ; ആരാണ്, ആ തീരുമാനത്തേ എതിർക്കുക?”
പത്മജ, പതിയേ എഴുന്നേറ്റു. ടെറസ്സിന്റെ കോണിൽ ചെന്നു തെല്ലിട മൗനമായി നിന്നു. പതിയെ പറഞ്ഞു.
“ഇനി, വേറൊരു ഗാർഹിക ജീവിതം, അത് അപ്രസക്തമാണ്. അക്ഷരങ്ങളിൽ ഞങ്ങളെ ബന്ധിച്ചിടുന്ന കാണാനൂലുകളുണ്ട്. പവിത്രമായൊരു പൂർവ്വബന്ധത്തിന്റെ അദൃശ്യമായ പൊൻ ചരടുകൾ. അവയാൽ ബന്ധിയ്ക്കപ്പെട്ടു, രണ്ടു പട്ടങ്ങൾ കണക്കേ ഞങ്ങൾ ആരും കാണാത്ത ആകാശങ്ങളിൽ വിഹരിച്ചോട്ടെ, അതിൽപ്പരം ആനന്ദം, മറ്റെന്തുണ്ട്? എനിക്കു മോളുണ്ട്, മോൾക്കു ഞാനും. പരസ്പരം ബഹുമാനിയ്ക്കുന്ന വിശാലമനസ്സുണ്ട്. നമുക്കതു മതി. അതു മാത്രം”
പത്മജ, സാവധാനം ഗോവണിപ്പടികളിറങ്ങി. പിന്നാലെ, അമൃതയും. നിറസന്ധ്യയുടെ ചാരുതയിലേക്ക്; അന്തിച്ചുവപ്പിലേക്ക്…