രചന : അപ്പു
::::::::::::::::::::::::::
“നിങ്ങൾക്കൊക്കെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ.. ഈ കാട്ടുമാക്കാൻ പോലെ ഇരിക്കുന്ന ഇവനും ഞാനും തമ്മിൽ ചേരും എന്ന് പറയാൻ മാത്രം നിങ്ങൾക്ക് അന്ധതയാണോ..?”
കയ്യിലിരിക്കുന്ന ഫോട്ടോ നോക്കിക്കൊണ്ട് മാളു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
” പിന്നെ നിനക്ക് ആരു വരും എന്നാ വിചാരിച്ചു വച്ചിരിക്കുന്നത്..? തുർക്കിയിൽ നിന്ന് രാജകുമാരൻ വരുന്നുണ്ടോ..? “
അമ്മയ്ക്കും ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” അമ്മ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല. എന്നോട് ചേരുന്ന ഒരാളെ കണ്ടെത്താൻ നിങ്ങൾക്ക് പറ്റിയില്ലല്ലോ. ഇതിപ്പോൾ ഞാനും ഇവനും കൂടി നടന്നു പോയാൽ രാത്രിയും പകലും കൂടി ഒന്നിച്ചു പോകുന്നു എന്നല്ലേ ആളുകൾ പറയൂ.. കല്യാണം കഴിഞ്ഞ് ഇങ്ങനെ നാട്ടുകാരുടെ പരിഹാസവും കേട്ട് ജീവിക്കാൻ എനിക്ക് പറ്റില്ല.. “
മാളു ദേഷ്യത്തിൽ തന്നെയാണ്.
” നീ ഇങ്ങനെ ചവിട്ടി തുള്ളി നടക്കാനും മാത്രം ഇവിടെ ഒരു പ്രശ്നവുമില്ല. ഇവൻ വിദ്യാഭ്യാസം ഇല്ലാത്ത പയ്യൻ ഒന്നുമല്ലല്ലോ.. അവൻ എം എ ഫസ്റ്റ് ക്ലാസോടെ പാസായതാണ്. പിന്നെ അവനിപ്പോൾ വളയം പിടിക്കാൻ നടക്കുന്നുണ്ടെങ്കിൽ അത് അവന്റെ ജീവിത സാഹചര്യം കൊണ്ടാണ്. ബസ് ഡ്രൈവർ ആണ് എന്ന് കരുതി അവൻ യാതൊരു തരത്തിലുള്ള സ്വഭാവ വൈകല്യങ്ങളും ഉള്ളതായി ഈ നാട്ടുകാർക്ക് ആർക്കും അറിയില്ല. ഇവൻ ബസ്സിന്റെ വളയം പിടിച്ച് തന്നെയാണ് അവന്റെ പെങ്ങളെ കെട്ടിച്ചു വിട്ടത്. അവന്റെ സ്വഭാവത്തെക്കുറിച്ച് പറയാൻ ഈ നാട്ടുകാർക്ക് 100 നാവാണ്. പിന്നെ നീ പറയുന്നത് പോലെ പുറമേയുള്ള സൗന്ദര്യത്തിന് മാത്രമേ അവനു കുറവുള്ളു. അതും ഒരു കുറവൊന്നുമല്ല. അവന്റെ മനസ്സ് തനി തങ്കമാണ്. “
അമ്മ അവനുവേണ്ടി വാദിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“അമ്മ ഇങ്ങനെ അയാൾക്ക് വേണ്ടി വാദിക്കുകയൊന്നും വേണ്ട.അമ്മ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല.”
തന്റെ ഉറച്ച തീരുമാനം അവൾ അറിയിച്ചു. അതിനു പിന്നാലെ കയ്യിലിരുന്ന് ഫോട്ടോ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
മുറിയിൽ കയറിയിട്ടും അവൾക്ക് ദേഷ്യം മാറുന്നുണ്ടായിരുന്നില്ല.
എന്നാലും ഇവരൊക്കെ എന്ത് കണ്ടിട്ടാണ് ഈ പ്രൈവറ്റ് ബസ്കാരനെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്..!
അമർഷത്തോടെ അവൾ ചിന്തിച്ചു.
അവൾ പറഞ്ഞ പ്രൈവറ്റ് ബസ് ഡ്രൈവർ ആണ് കണ്ണൻ. അവളുടെ അമ്മ പറഞ്ഞതു പോലെ എം എ വരെ പഠിച്ചിട്ടുണ്ടെങ്കിലും വീട്ടിലെ ജീവിത സാഹചര്യങ്ങൾ കൊണ്ട് ബസ്സിന്റെ വളയം പിടിക്കാൻ വിധിക്കപ്പെട്ടവനാണ് കണ്ണൻ.
അവളുടെ ഫോട്ടോ കണ്ട നിമിഷം തന്നെ കണ്ണന് അവളോട് ഒരു ഇഷ്ടം തോന്നിയിരുന്നു. ഇനിയുള്ള ജീവിതത്തിൽ തനിക്ക് കൂട്ടായി അവൾ ഉണ്ടെങ്കിൽ നന്നായിരുന്നു എന്നൊരു തോന്നൽ അവനും തോന്നിത്തുടങ്ങിയിരുന്നു.
അവൻ അധികം സ്വപ്നം കാണുന്നതിനു മുൻപ് തന്നെ അവളുടെ വീട്ടിൽ നിന്ന് അവളുടെ അമ്മ വിളിച്ചു ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് അറിയിച്ചു.അവർ അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറഞ്ഞില്ലെങ്കിലും എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനം എന്ന് കണ്ണന് ഊഹിക്കാൻ കഴിയുമായിരുന്നു.
ഉള്ളിൽ ഒരല്പം വേദന തോന്നിയെങ്കിലും അതൊക്കെ മറച്ചു വച്ചുകൊണ്ട് അവൻ തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ചു.
ഒരു ദിവസം വൈകുന്നേരം ജോലികഴിഞ്ഞ് അവൻ വീട്ടിലേക്ക് മടങ്ങി പോകുമ്പോഴാണ് റോഡ് സൈഡിൽ ഒരു ആൾക്കൂട്ടം അവൻ കാണുന്നത്. ആളുകൾ കൂടെ നിൽക്കുന്നതു കൊണ്ട് തന്നെ എന്താണ് സംഭവം എന്ന് അറിയാൻ വേണ്ടി അവൻ അവിടേക്ക് നടന്നു.
ആക്സിഡന്റ് സംഭവിച്ച ഒരു യുവതി ആ ആൾക്കൂട്ടത്തിന്റെ മധ്യത്തിൽ തന്നെ കിടപ്പുണ്ട്. പക്ഷേ കൂടി നിൽക്കുന്നവരിൽ ഒരാൾ പോലും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം, വീഡിയോയും ഫോട്ടോയും പകർത്താനാണ് ആവേശം കാണിക്കുന്നത്.
അത് കണ്ടപ്പോൾ കണ്ണന് ദേഷ്യം തോന്നി.
“നിങ്ങൾ ഇങ്ങനെ ഫോട്ടോയും വീഡിയോയും എടുത്ത് രസിക്കുന്ന സമയത്ത് ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചാൽ നാളെ ഒരുപക്ഷേ സന്തോഷത്തോടെ ഈ ഒരു സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് ഓർക്കാൻ കഴിയും. ഇന്നത്തെ തലമുറ ഇങ്ങനെയായി പോകുന്നതിന് ആരെ കുറ്റം പറയാനാണ്..!”
ദേഷ്യത്തോടെ അത്രയും ചോദിച്ചു കൊണ്ട് കണ്ണൻ ആ പെൺകുട്ടിയെ വാരിയെടുത്തു. റോഡിലൂടെ ആ സമയം വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവളെ അഡ്മിറ്റ് ചെയ്തതിനുശേഷം അവളുടെ ബാക്കിൽ നിന്ന് തന്നെ അവളുടെ അഡ്രസ്സും കാര്യങ്ങളും ഒക്കെ തപ്പിയെടുത്ത് അവളുടെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു.
അവളുടെ വീട്ടിൽ നിന്ന് അമ്മയും അച്ഛനും ഒക്കെ എത്തിയതിനു ശേഷം ആണ് കണ്ണൻ യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയത്.
പിന്നീട് ആ ഒരു സംഭവത്തിനെ കുറിച്ച് അവൻ ഓർത്തത് പോലുമില്ല.
എന്നാൽ മാളുവിന്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല.
ആ ആക്സിഡന്റ് ക്ഷീണത്തിൽ നിന്ന് അവൾ പുറത്തു വരാൻ മൂന്നാഴ്ച സമയം എടുത്തു. അപ്പോഴും അവളുടെ കൈയുടെയും കാലിന്റെയും പ്ലാസ്റ്റർ ഒന്നും അഴിച്ചു മാറ്റിയിരുന്നില്ല.
” ആരാ അമ്മേ എന്നെ രക്ഷിച്ചത്..? “
സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ആദ്യം അന്വേഷിച്ചത് അതായിരുന്നു.
“നിനക്ക് തീരെ താല്പര്യമില്ലാത്ത ഒരാളാണ്. കണ്ണൻ..”
അമ്മ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത നാണക്കേട് തോന്നി.
ഒരിക്കൽ താനായി അവഗണിച്ചവനും അധിക്ഷേപിച്ചവനുമാണ് കണ്ണൻ. ഒടുവിൽ തന്റെ രക്ഷയ്ക്ക് അയാൾ തന്നെ വേണ്ടി വന്നു.
പിന്നെയും കുറച്ചു ദിവസത്തെ റസ്റ്റിന് ശേഷമാണ് അവൾക്ക് പഠിക്കാൻ പോകാൻ കഴിഞ്ഞത്.
അവൾ പഠിക്കാൻ പോകാൻ തുടങ്ങിയതിനു ശേഷം ഒരു ദിവസം അവൾ അവളുടെ അടുത്ത് സുഹൃത്തിനെയും കൂട്ടി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോയിരുന്നു. കണ്ണനെ കണ്ടുപിടിച്ചു നന്ദി പറയുക എന്നുള്ളതായിരുന്നു അവളുടെ ഉദ്ദേശം.
സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കുറച്ചു സമയത്തിനുള്ളിൽ കണ്ണൻ അവിടേക്ക് എത്തിച്ചേരും എന്ന് അറിയാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ അവനു വേണ്ടി അവൾ അവിടെ കാത്തു നിന്നു.
പ്രതീക്ഷിച്ചതുപോലെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കണ്ണൻ തന്റെ ബസ്സുമായി അവിടെ എത്തിക്കഴിഞ്ഞു. ബസ് പാർക്ക് ചെയ്തു കഴിഞ്ഞ് അവൻ പുറത്തേക്കിറങ്ങിയപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചെന്നു.
അവളെ അടുത്ത് കണ്ടപ്പോഴാണ് താൻ കണ്ട ഫോട്ടോയിലുള്ള പെൺകുട്ടിയാണ് അത് എന്ന് അവന് ബോധ്യമാകുന്നത്.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..”
അവൻ അവളെ കടന്നു പോകാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് തന്നെ അവൾ പറഞ്ഞു. അതുകേട്ട് അവൻ ഒരു നിമിഷം നിശ്ചലമായി.
“എന്നെ രക്ഷിച്ചത് ചേട്ടനാണ് എന്ന് അമ്മ പറഞ്ഞു. എന്റെ ജീവൻ രക്ഷിച്ച ആളിനോട് നന്ദി പറയാതെ പോകുന്നത് ശരിയല്ലല്ലോ. താങ്ക്സ്..”
അവൾ പറഞ്ഞപ്പോൾ അവൻ തലയാട്ടി.
” എന്റെ ജോലി എന്താണെന്ന് അറിയാമല്ലോ. അതുകൊണ്ടുതന്നെ മിക്കവാറും സമയങ്ങളിൽ ഞാൻ റോഡിലാണ്. അതിനിടയിൽ ദിനംപ്രതി ഇങ്ങനെ പല അനുഭവങ്ങളും എനിക്ക് ഉണ്ടാകാറുണ്ട്. എന്നെക്കൊണ്ട് കഴിയുന്ന സാഹചര്യത്തിൽ അവരെയൊക്കെ രക്ഷപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒന്നായി മാത്രമേ ഞാൻ ഇതും കാണുന്നുള്ളൂ. “
അവൻ അത് പറയുമ്പോൾ അവൾക്ക് നാണക്കേട് തോന്നി.
തന്നെ കാണുമ്പോൾ തന്നെ അവൻ സന്തോഷത്തോടെ തന്നോട് സംസാരിക്കും എന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. എന്നാൽ അതിനെ അപ്പാടെ മാറ്റി മറിച്ചുകൊണ്ട് അവന് അവളെ യാതൊരു പരിചയവും ഇല്ലാത്തതു പോലെയാണ് അവൻ പെരുമാറിയത്.
“ഞാൻ വീട്ടിൽ പറയാം.. എനിക്ക് ഇയാളെ ഇഷ്ടമാണെന്ന്..”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞപ്പോൾ കാര്യം മനസ്സിലാകാത്തതു പോലെ അവൻ അവളെ തുറിച്ച് നോക്കി.
” ഈ കഴിഞ്ഞ നാളുകൾക്കിടയിലാണ് ചേട്ടനെ എനിക്ക് ഇഷ്ടമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടത്. “
അവൾ വിശദമാക്കി.അത് കേട്ടപ്പോൾ അവൻ ചിരിക്കുക മാത്രം ചെയ്തു. അവന്റെ ആ ഭാവം മനസ്സിലാവാത്തത് പോലെ അവൾ അവനെ നോക്കി.
” തനിക്ക് ഇപ്പോൾ എന്നോട് തോന്നുന്നത് ആത്മാർത്ഥമായ ഇഷ്ടം ഒന്നുമല്ല. തന്നെ ഞാനാണ് രക്ഷിച്ചത് എന്നറിഞ്ഞപ്പോൾ ഉള്ള ഒരു സോഫ്റ്റ് കോർണർ മാത്രമാണ് ഈ ഇഷ്ടം. ഇതിന് അധികകാലം ആയുസ്സ് ഉണ്ടാവില്ല. തന്റെ ഇപ്പോഴത്തെ തോന്നലിൽ നമ്മുടെ വിവാഹം നടന്നാലും കുറച്ചുനാൾ കഴിയുമ്പോൾ എന്നോടൊപ്പം ഉള്ള ജീവിതം തനിക്ക് ഒരു മടുപ്പായി തോന്നും. അന്ന് രണ്ടു വഴിക്ക് പിരിയുന്നതിനേക്കാൾ നല്ലത് ഇന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാതിരിക്കുന്നതാണ്.. “
അവൻ പറഞ്ഞപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
” ഇനി അങ്ങനെയല്ല തനിക്ക് ആത്മാർത്ഥമായി ഇഷ്ടമുണ്ട് എന്നാണെങ്കിൽ, നമുക്ക് കുറച്ചുകാലം കാത്തിരിക്കാം. ഇതിനിടയിൽ തനിക്ക് എന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എങ്കിൽ നമുക്ക് ബാക്കി കാര്യം അപ്പോൾ നോക്കാം.. “
അതും പറഞ്ഞ് അവൻ നടന്നു നീങ്ങിയപ്പോൾ അത് ഒരു വെല്ലുവിളിയായി അവളുടെ മനസ്സ് ഏറ്റെടുക്കുകയായിരുന്നു. അവനല്ലാതെ മറ്റൊരു പാതിയും തനിക്ക് ഉണ്ടാവില്ല എന്ന് അവൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.
✍️ അപ്പു