രചന : അപ്പു
::::::::::::::::::::::
” ശരിക്കും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. എന്നെ ഇഷ്ടമായിട്ടു തന്നെയാണോ വിവാഹ ആലോചന..? “
എന്നിൽ അപ്പോഴും നിറഞ്ഞു നിന്നത് ആ സംശയം മാത്രമായിരുന്നു. അതിന്റെ അടിസ്ഥാനം ചെറുപ്പത്തിലെ കേട്ട് വളർന്നു വന്ന എന്റെ വർണ്ണവിവേചനം തന്നെയായിരുന്നു.
ഞാനും എന്റെ അനിയത്തിയും.. അനിയത്തി എന്ന് പറയാൻ പറ്റില്ല. ഞങ്ങൾ രണ്ടും ഇരട്ടക്കുട്ടികളാണ്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അവൾ എനിക്ക് അനിയത്തി ആവുന്നത്.
അങ്ങനെയാണെങ്കിൽ പോലും ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവവും രൂപവും തമ്മിൽ യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. അവൾ വെളുത്തു തുടുത്ത ഒരു സുന്ദരി ആയിരുന്നെങ്കിൽ, ഞാൻ അതിനു നേരെ വിപരീതമായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഞങ്ങൾ രണ്ടാളും ഒരു അച്ഛനെയും അമ്മയുടെയും മക്കളാണ് എന്ന് പറഞ്ഞാൽ കൂട്ടുകാർ ആരും വിശ്വസിക്കാറുണ്ടായിരുന്നില്ല.
എന്തിന് അധികം പറയുന്നു അധ്യാപകർ പോലും പലപ്പോഴും ആശ്ചര്യത്തോടെ ചോദിച്ചിട്ടുണ്ട് നിങ്ങൾ രണ്ടാളും ഇരട്ട കുട്ടികൾ തന്നെയാണോ എന്ന്..
അതൊന്നും എനിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.കാരണം എന്നെ സ്നേഹിക്കാൻ എന്റെ അച്ഛനും അമ്മയും ഉണ്ടല്ലോ..
പലപ്പോഴും പല വേദികളിലും നിറം കുറഞ്ഞതിന്റെ പേരിൽ ഞാൻ അപമാനിക്കപ്പെടുമ്പോൾ എന്നോടൊപ്പം കരയുന്ന അമ്മയെയും അച്ഛനെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അതേസമയം എന്റെ അനിയത്തി അവരെ ആശ്വസിപ്പിക്കുന്നതും ഞാൻ കാണാറുണ്ട്.
അപ്പോഴൊക്കെയും അത് എന്നോടുള്ള സ്നേഹം കൊണ്ട് അവൾ ചെയ്യുന്നതാണ് എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതൊക്കെ അവളുടെ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നുവെന്ന് കാലങ്ങൾ കഴിഞ്ഞു പോയപ്പോഴാണ് മനസ്സിലായത്.
ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ അവളും ഞാനും നല്ല കൂട്ടുകാർ ആയിരുന്നെങ്കിലും കാലം കടന്നു പോകുംതോറും അവൾ എന്റെ ശത്രുവായി മാറുകയായിരുന്നു. അവളെ ഞാൻ ഉപദ്രവിച്ചിട്ടോ എന്തെങ്കിലും മോശമായി പറഞ്ഞിട്ടോ അല്ല അവൾ എന്നോട് ദേഷ്യം കാണിച്ചത്.
അവളുടെ കൂട്ടുകാരിൽ ആരോ അവളോട് പറഞ്ഞത്രേ കറുമ്പിയായ എന്നെ കൂടെ കൊണ്ട് നടക്കുന്നതു കൊണ്ട് അവൾക്ക് ആശുഭം ആണെന്ന്. അത് വിശ്വസിച്ചത് കൊണ്ടായിരിക്കാം അവൾ കൂടുതൽ അടുപ്പത്തിന് ശ്രമിക്കാത്തത്.
വീടിനു പുറത്തിറങ്ങുമ്പോൾ മാത്രമാണ് അവൾ എന്റെ ശത്രുവായി പെരുമാറുന്നത്. വീട്ടിനുള്ളിൽ വച്ച് നല്ലൊരു സഹോദരിയെ പോലെ അച്ഛനും അമ്മയ്ക്കും മുന്നിൽ അവൾ അഭിനയിക്കാറുണ്ടായിരുന്നു. എന്റെ കാര്യങ്ങൾക്കെല്ലാം സപ്പോർട്ട് ചെയ്യുന്നതു പോലെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിൽക്കുന്നത് അവളുടെ ശീലമായിരുന്നു.
പത്താം ക്ലാസ് വരെ ഒന്നിച്ച് ഒരേ ക്ലാസിൽ തന്നെയായിരുന്നു ഞങ്ങൾ പഠിച്ചത്. എന്നാൽ പ്ലസ് വണ്ണിലേക്ക് എത്തിയപ്പോൾ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിക്കാൻ താല്പര്യം ഇല്ല എന്ന് അവൾ എന്നോട് പറഞ്ഞു. എന്നാൽ ആ കാര്യം അച്ഛനോടോ അമ്മയോടോ തുറന്നു പറയാൻ അവൾ തയ്യാറായിരുന്നതുമില്ല.
ഒടുവിൽ ആ ദൗത്യം ഞാൻ തന്നെ ഏറ്റെടുത്തു. എനിക്ക് മറ്റൊരു ഗ്രൂപ്പ് പഠിക്കാനാണ് താല്പര്യം എന്ന് പറഞ്ഞു കൊണ്ട്, അവൾ തെരഞ്ഞെടുത്തതിൽ നിന്നും വ്യത്യസ്തമായ വിഷയമാണ് ഉപരി പഠനത്തിനായി ഞാൻ തിരഞ്ഞെടുത്തത്.
അത് അവൾക്ക് വല്ലാത്ത സന്തോഷമായിരുന്നു എന്ന് പിന്നീടുള്ള അവളുടെ പ്രവർത്തികളിൽ നിന്ന് ഞാൻ മനസ്സിലാക്കി. ക്ലാസുകൾ വേറെ ആയതുകൊണ്ട് തന്നെ പലപ്പോഴും എക്സ്ട്രാ ക്ലാസിന്റെയും സ്പെഷ്യൽ ക്ലാസിന്റെയും ഒക്കെ പേരും പറഞ്ഞ് അവൾ വീട്ടിൽ നിന്ന് നേരത്തെ പോവുകയും വൈകി വരികയും ചെയ്തു കൊണ്ടിരുന്നു.
എന്നോടൊപ്പം ഉള്ള യാത്രകൾ പോലും ഒഴിവാക്കാൻ ആണ് അവൾ അങ്ങനെ പെരുമാറുന്നത് എന്ന് അധികം വൈകാതെ തന്നെ എനിക്ക് മനസ്സിലായി. എന്നാൽ അതൊന്നും എനിക്കൊരു വിഷയമേ ആയിരുന്നില്ല.
ഞാൻ കാരണം ഒരിക്കലും എന്റെ വീട്ടുകാർ ആരുടെയും മുന്നിൽ തലകുനിക്കരുത് എന്നൊരു ആഗ്രഹമാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കഴിയുന്നതും സ്കൂളിൽ വച്ച് പോലും അവളുടെ മുന്നിൽ പെടാതെ ഒഴിഞ്ഞു നടക്കുകയാണ് പതിവ്.
ഡിഗ്രിക്ക് ചേരുന്ന സമയത്ത് രണ്ടാൾക്കും രണ്ട് കോളേജിൽ അഡ്മിഷൻ വേണമെന്ന് അച്ഛനോട് വാശി പിടിച്ചതും ഞാൻ തന്നെയായിരുന്നു. അവളോടൊപ്പം ഇനി ഒരു കോളേജിൽ പരസ്പരം മിണ്ടാതെയും അറിയാതെയും മാറിമാറി നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്നാൽ രണ്ടു മക്കളെയും രണ്ടിടത്ത് ആക്കാൻ അച്ഛനും അമ്മയ്ക്കും തീരെ താല്പര്യമുണ്ടായിരുന്നില്ല. അവരുടെ ഉള്ളിലെ ആഗ്രഹം അനുസരിച്ച് എന്നും രണ്ടുമക്കളും ഒന്നിച്ച് സ്നേഹത്തോടെ കഴിയണം എന്നാണ് അവർ ആഗ്രഹിച്ചത്. ഒരിക്കലും അത് നടക്കില്ല എന്ന് എനിക്ക് ആ സമയത്ത് തന്നെ ബോധ്യമുണ്ടായിരുന്നു.
ഒടുവിൽ എന്റെ വാശിക്കും അവളുടെ സപ്പോർട്ടിനും ഒടുവിൽ രണ്ടു കോളേജുകളിലായി ഞങ്ങൾക്ക് അഡ്മിഷൻ എടുക്കാൻ തീരുമാനമായി. അവൾക്ക് വല്ലാത്ത സന്തോഷമായിരുന്നു.
പിന്നീട് ഒരിക്കൽ ഒരു ദിവസം അവൾ എന്നോട് വന്നു പറഞ്ഞു അവളുടെ കോളേജിൽ നിന്ന് കുറച്ചു കൂട്ടുകാരികൾ വീട്ടിലേക്ക് വരുന്നുണ്ട് എന്ന്. അത് കേട്ടപ്പോൾ എന്റെ ഉള്ളവും സന്തോഷിക്കുന്നുണ്ടായിരുന്നു . എന്നാൽ അതിനു ശേഷം അവൾ പറഞ്ഞ വാചകം എന്നെ പൂർണമായും തകർത്തു കളഞ്ഞു.
” അവർ വരുമ്പോൾ നീ പുറത്തേക്ക് ഒന്നും വരണ്ട. ഞാൻ ഒറ്റ മോളാണ് എന്നാണ് കോളേജിൽ പറഞ്ഞിരിക്കുന്നത്. എനിക്ക് ഒരു സഹോദരിയുണ്ട് എന്ന് പറഞ്ഞാൽ പിന്നെ ഫോട്ടോ കാണിച്ചു കൊടുക്കേണ്ടി വരും പരിചയപ്പെടുത്തേണ്ടി വരും അങ്ങനെ നൂറുനൂറ് കാര്യങ്ങളുണ്ട്. നിന്നെ അവർക്ക് മുന്നിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ എനിക്ക് നാണക്കേടാണ്. അതുകൊണ്ട് തൽക്കാലം നീ മുറിയിൽ തന്നെ ഇരുന്നാൽ മതി. അല്ലെങ്കിൽ നിനക്ക് എവിടേക്കെങ്കിലും പോകാൻ ഉണ്ടെങ്കിൽ പൊക്കോ.. “
നിർദാഷിണ്യം അവൾ മുഖത്തു നോക്കി പറഞ്ഞപ്പോൾ എന്റെ സഹോദരി തന്നെയാണോ അത് എന്നൊരു ആശ്ചര്യമാണ് എനിക്ക് ഉണ്ടായത്. അവളുടെ മനസ്സിലെ ആഗ്രഹം പോലെ തന്നെ അവളുടെ കൂട്ടുകാരികൾ വന്നു പോകുന്നത് വരെയും ഇല്ലാത്ത അസുഖത്തിന്റെ പേരും പറഞ്ഞ് ഞാൻ മുറിയിൽ അടച്ചിരിക്കുകയായിരുന്നു.
പിന്നീടുള്ള പ്രതിസന്ധികൾ ആരംഭിക്കുന്നത് വിവാഹം ആലോചിച്ചു തുടങ്ങിയ സമയത്താണ്. രണ്ടു മക്കളും ഒരേ പന്തലിൽ വിവാഹം കഴിക്കണം എന്നുള്ള അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് രണ്ടാൾക്കും വിവാഹം ആലോചിച്ചു തുടങ്ങിയത്.
എന്നാൽ എനിക്ക് എന്ന് പറഞ്ഞു വരുന്ന ആലോചനകൾ പോലും അവളെയാണ് ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞു മുടങ്ങി പോകുമ്പോൾ, അവളുടെ മുഖത്തെ ദേഷ്യവും സങ്കടവും ഒക്കെ ഞാൻ വായിച്ചെടുക്കുന്നുണ്ടായിരുന്നു.
അവളെ സങ്കടപ്പെടുത്താൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്, ഇപ്പോൾ അവളുടെ വിവാഹം നടക്കട്ടെ എനിക്ക് പഠിച്ച് ഒരു ജോലി കിട്ടിയതിനു ശേഷം മതി വിവാഹം എന്ന് അച്ഛനോട് പറഞ്ഞത്.
എത്രയൊക്കെ വാശി പിടിച്ചിട്ടും ഈയൊരു കാര്യത്തിൽ മാത്രം അച്ഛൻ എനിക്ക് ഒപ്പം നിന്നില്ല. രണ്ടാളെയും ഒരേ മുഹൂർത്തത്തിൽ തന്നെ വിവാഹം കഴിപ്പിക്കണം എന്നുള്ളത് അച്ഛന്റെ വാശി തന്നെയായി മാറി.
കുറെ പെണ്ണുകാണലുകൾക്ക് ഒടുവിലാണ് ഇന്ന് ഇങ്ങനെയൊരു ആലോചന വന്നിരിക്കുന്നത്. അതും എന്നെ എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട് വന്ന ആലോചന. കാണാൻ വന്ന ചെറുക്കൻ ആവട്ടെ നല്ലൊരു സുന്ദരനും..!അതുകൊണ്ടു തന്നെയാണ് എനിക്ക് ഇത്തരം സംശയങ്ങൾ ഒക്കെ.
” എടോ തന്നെ ഇഷ്ടം ആയിട്ട് തന്നെയാണ് ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത് എന്ന് പറഞ്ഞില്ലേ?പിന്നെന്താ തന്റെ പ്രശ്നം..? “
പയ്യൻ ചോദിക്കുന്നുണ്ട്.
” അങ്ങനെ കണ്ട് ഇഷ്ടപ്പെടാനും മാത്രമുള്ള സൗന്ദര്യം ഒന്നും എനിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ സ്വന്തം കൂടപ്പിറപ്പിന് പോലും എന്റെ ഈ കളർ ഒരു അപമാനമാണ്. അങ്ങനെയുള്ളപ്പോൾ നിങ്ങളെപ്പോലെ വെളുത്തു തുടുത്ത ഒരു സുന്ദരൻ എന്നെ കണ്ട് ഇഷ്ടപ്പെട്ട ആലോചനയുമായി വന്നു എന്നൊക്കെ പറയുന്നത് ഫാന്റസി കഥ പോലെ തോന്നുന്നില്ലേ..?”
എന്റെ ചോദ്യത്തിൽ പരിഹാസം ആയിരുന്നു എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്. പക്ഷേ അതിനു മറുപടിയായി അയാൾ മനോഹരമായി പുഞ്ചിരിക്കുക യാണ് ചെയ്തത്.
” ബാഹ്യ സൗന്ദര്യത്തിൽ വിശ്വസിക്കാത്ത ഒരാളാണ് ഞാൻ. തന്നെ എനിക്കിഷ്ടപ്പെട്ടു എന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ മനസ്സിൽ നിന്നും വന്ന വാക്കുകൾ തന്നെയാണ്. തന്നെ പലയിടത്തും വച്ച് ഞാൻ കണ്ടിട്ടുണ്ട്. തന്റെ മനസ്സിന്റെ നന്മ കൊണ്ട് തന്നെയാണ് തന്നെ ഞാൻ സ്നേഹിക്കുന്നത്. അത് ഇപ്പോൾ മനസ്സിലായില്ലെങ്കിലും തനിക്ക് ഭാവിയിൽ എപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിക്കും.. അതുവരെ കാത്തിരിക്കാൻ ഒന്നും എനിക്ക് പറ്റില്ല. നമുക്ക് കല്യാണം കഴിഞ്ഞിട്ട് ഒരുമിച്ച് ആ ദിവസത്തിന് വേണ്ടി കാത്തിരിക്കാം.. “
കുസൃതിയോടെ ഒറ്റ കണ്ണടച്ച് പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയവനെ സ്വപ്നത്തിൽ എന്ന പോലെയാണ് നോക്കി നിന്നത്.
ആ വാക്കുകളിലെ ആത്മാർത്ഥത ഉള്ളിൽ തൊട്ടതു കൊണ്ടായിരിക്കാം ഉള്ളിൽ ഒരു കല്യാണമേളം ഉയർന്നു തുടങ്ങിയത്.
✍️അപ്പു