രചന: അപ്പു
:::::::::::::::::::::
” എന്നാലും ഇങ്ങനെയൊരു ചതി നീ ഞങ്ങളോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇനി ഞങ്ങൾ എന്തു വേണമെന്ന് കൂടി നീ ഞങ്ങൾക്ക് പറഞ്ഞു താ.. “
മുന്നിൽ നിന്ന് പറയുന്ന അമ്മാവന്റെ മുഖത്ത് നിസ്സഹായതയാണോ ദേഷ്യമാണോ എന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല.
പക്ഷേ എനിക്ക് ഒരിക്കലും അമ്മാവന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ല.
” അമ്മാവൻ എന്തൊക്കെ പറഞ്ഞാലും ശരി. എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല.”
അത് പറയുമ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല.കാരണം പണ്ടുമുതലേ മുതിർന്നവരുടെ കണ്ണ് നിറയുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല.
” നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ.. അതെങ്ങനെ ശരിയാവും..? നിന്റെ അച്ഛൻ എനിക്ക് തന്ന വാക്കിന് ഒരു വിലയുമില്ല എന്നാണോ നീ പറയുന്നത്..? മരിച്ച് മണ്ണോട് ചേർന്ന ഒരാളുടെ വാക്കിന് ഒരു വിലയും കൽപ്പിക്കാതെ നീ ഇങ്ങനെ ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ, അതിനോടൊപ്പം വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് മറക്കരുത്.”
അമ്മാവൻ ഭീഷണിപ്പെടുത്തിയതാണോ എന്നറിയില്ല. എങ്കിലും അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് അച്ഛനമ്മമാരെ കുറ്റപ്പെടുത്തുന്നത് ഒരു സാധാരണ രീതിയാണെങ്കിലും എന്റെ അച്ഛനെയോ അമ്മയെയോ അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ എനിക്ക് അത് സഹിക്കാൻ കഴിയില്ല.
അത് ഒരുപക്ഷേ അവർക്ക് ഞാൻ ഒറ്റ മകനായതു കൊണ്ടായിരിക്കാം. ആവോളം സ്നേഹവും വാത്സല്യവും തന്നു തന്നെയാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു ദിവസം നെഞ്ചുവേദനയുടെ രൂപത്തിൽ ദൈവം അച്ഛനെ തിരിച്ചു വിളിക്കുന്നത്. ആ വേർപാടിൽ നിന്ന് ഇതുവരെയും ഞങ്ങൾ പൂർണ്ണമായും പുറത്തു വന്നിട്ടില്ല എന്ന് തന്നെ പറയാം.
ഞങ്ങൾ തറവാട്ട് വീട്ടിലാണ് താമസം. തറവാട് എന്ന് പറഞ്ഞാൽ അമ്മയുടെ തറവാട്. അച്ഛനും അമ്മയും സ്നേഹിച്ച കല്യാണം കഴിച്ചത് ആയതുകൊണ്ട് തന്നെ അച്ഛന്റെ വീട്ടുകാർക്ക് അമ്മയെ വലിയ താല്പര്യമില്ല.
അതുകൊണ്ടു തന്നെ വീട്ടിൽ പോയി നിൽക്കാനോ അവിടെയുള്ളവരുമായി ബന്ധം നിലനിർത്താനോ തനിക്കും കഴിഞ്ഞിട്ടില്ല. അച്ഛൻ ഉള്ള സമയത്ത് ഇടയ്ക്ക് എപ്പോഴെങ്കിലും ആരെങ്കിലും ഒന്ന് വന്നുപോകും എന്നല്ലാതെ ഒരിക്കലും ഊഷ്മളമായ ഒരു ബന്ധം അച്ഛന്റെ വീട്ടുകാരുമായി ഞങ്ങൾക്കുണ്ടായിരുന്നില്ല.
എന്നാൽ അമ്മയുടെ വീട്ടുകാർ അങ്ങനെ ആയിരുന്നില്ല. അമ്മയുടെ ഇഷ്ടത്തിന് വില കൽപ്പിക്കുന്ന ആളുകൾ തന്നെയായിരുന്നു അവർ. അതുകൊണ്ടു തന്നെ അച്ഛനേയും അമ്മയെയും തറവാട്ടിൽ നിർത്തണം എന്നുള്ള തീരുമാനം അമ്മാവന്റേതായിരുന്നു.
തന്റെ പെങ്ങളും കുടുംബവും എല്ലായിപ്പോഴും ഒന്നിച്ച് വേണമെന്ന് അദ്ദേഹം ആശിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ തറവാട്ടിൽ ആയിരുന്നു താമസം.
അമ്മാവന്റെ വിവാഹം കഴിഞ്ഞ് അമ്മായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നിട്ട് പോലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു വ്യത്യാസവും വന്നില്ല. അധികം വൈകാതെ അവർക്ക് ഒരു മകളും ജനിച്ചു. രേവതി..
സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് അവൾ സ്വന്തം സഹോദരി തന്നെയായിരുന്നു. എന്റെ കുഞ്ഞ് അനിയത്തിയെ പോലെ തന്നെയാണ് അവളെ ഞാൻ ഇത്രകാലവും കൊണ്ടു നടന്നത്.
എന്റെ മനസ്സിൽ കോളേജിൽ പഠിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടി കൂടിയേറി പാർത്തിരുന്നു. ഇപ്പോൾ എനിക്ക് വിവാഹം ആലോചിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവളെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ വീട്ടിൽ തുറന്നു പറഞ്ഞു. അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ നടക്കുന്ന ബഹളങ്ങൾ.
“അമ്മാവാ.. എനിക്കോ അവൾക്കോ അറിവില്ലാത്ത പ്രായത്തിൽ അച്ഛനും അമ്മാവനും കൂടി എന്തെങ്കിലും തീരുമാനിച്ചു എന്ന് കരുതി അത് നടപ്പിലാക്കാൻ പറ്റുമോ..? വിവാഹ ജീവിതം ഒരിക്കലും മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി ഉണ്ടാകുന്ന ഒന്ന് ആവരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ പൂർണ്ണമായ ഇഷ്ടവും ആഗ്രഹവും കൊണ്ട് നമ്മുടെ ജീവിതത്തിലേക്ക് വരുന്ന പങ്കാളിയായിരിക്കണം നമ്മോടൊപ്പം ഉള്ളത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ രണ്ടാളും കൂടി പണ്ടെപ്പോഴോ ഞങ്ങളെ രണ്ടുപേരെയും തമ്മിൽ വിവാഹം കഴിപ്പിക്കാം എന്ന് വാക്ക് പറഞ്ഞു എന്ന് പറയുന്നു. നിങ്ങളുടെയൊക്കെ ഇഷ്ടം നോക്കി ഞാൻ അവളെ വിവാഹം കഴിച്ചാലും ഒരിക്കലും അവളെ എന്റെ ഭാര്യയായി സങ്കൽപ്പിക്കാൻ എനിക്ക് പറ്റില്ല. കാരണം എന്റെ മനസ്സിൽ അവൾക്ക് ഒരു കുഞ്ഞു പെങ്ങളുടെ സ്ഥാനമാണ്. അത് ഒരിക്കലും മാറില്ല.”
കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. ഒരിക്കലും ഇങ്ങനെ ഒരു കാര്യത്തിന്റെ പേരിൽ കുടുംബബന്ധം ഇല്ലാതെ ആകരുത് എന്ന് അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. കാരണം ബന്ധം എന്ന് പറയാൻ എനിക്ക് ആകെയുള്ളത് അമ്മ വീട്ടുകാർ മാത്രമാണ്. അവരെ കൂടി ഇല്ലാതാക്കിയാൽ ഈ ഭൂമിയിൽ അനാഥനായി പോകും എന്നൊരു തോന്നൽ..
” പെങ്ങൾ എന്ന് പറയാൻ നിന്റെ സ്വന്തം പെങ്ങൾ ഒന്നുമല്ലല്ലോ അവൾ.. മുറപ്പെണ്ണ് അല്ലേ.. നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് തന്നെയാണ് നാട്ടുനടപ്പ്. നീ അവളെ ഇപ്പോൾ പെങ്ങളായി കണ്ടാലും, കല്യാണം കഴിയുമ്പോൾ നിന്റെ ആ തോന്നൽ ഒക്കെ മാറിക്കോളും… “
അമ്മാവൻ വാശിയോടെ അത് പറയുമ്പോൾ അദ്ദേഹത്തെ എന്തു പറഞ്ഞു മനസ്സിലാക്കണം എന്നുള്ള ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാനും.
“അമ്മാവാ.. അമ്മാവനോട് ഇതൊക്കെ തുറന്നു പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. എങ്കിലും പറയാതെ പറ്റില്ല. ഒരേ വീട്ടിൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ഞാനും രേവുവും.അവളെ ആദ്യമായി കണ്ട നിമിഷം മുതൽ എന്റെ കുഞ്ഞു പെങ്ങളായി മാത്രമാണ് അവൾ എന്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചത്. ഈ നിമിഷം വരെയും ആ ബന്ധത്തിൽ യാതൊരു തരത്തിലുള്ള വിള്ളലുകളും സൃഷ്ടിക്കാതെ ഞാൻ മുന്നോട്ടു പോയിട്ടുണ്ട്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. നിങ്ങളൊക്കെ പറയുന്നതു പോലെ ഞാൻ അവളെ വിവാഹം കഴിച്ചാൽ ഒരിക്കലും സന്തോഷത്തോടെയുള്ള ഒരു കുടുംബജീവിതം എനിക്കോ അവൾക്കോ ഉണ്ടാവില്ല. ഒരിക്കലും അവളെ ഭാര്യയായി സങ്കൽപ്പിക്കാൻ എനിക്ക് പറ്റില്ല.”
ഞാൻ അതുതന്നെ ആവർത്തിക്കുമ്പോൾ, ഒരിക്കലും അവരുടെ ആഗ്രഹം നടക്കില്ല എന്ന് അമ്മാവന് മനസ്സിലായിട്ടുണ്ടാവണം.
” എന്റെ മോളോട് ഞാൻ ഇനി എന്തു പറയണം എന്നുകൂടി നീ എനിക്കൊന്നു പറഞ്ഞു താ.. അവൾ അറിവായ പ്രായം മുതൽ നിന്നെ സ്വപ്നം കാണാൻ തുടങ്ങിയതാണ്. അത് നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ അത് നിന്റെ പരാജയം എന്ന് തന്നെയാണ് പറയാനുള്ളത്. “
അമ്മാവൻ അത് പറയുമ്പോൾ ഓർമ്മയിൽ എവിടെയെങ്കിലും അവൾ അത്തരത്തിൽ ഒരു അടുപ്പം കാണിച്ചിട്ടുണ്ടോ എന്ന് പരതുകയായിരുന്നു ഞാൻ. എന്നാൽ നിരാശയായിരുന്നു ഫലം.
“അമ്മാവാ.. അവൾക്ക് ഇപ്പോൾ വിഷമമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ഞാനല്ല. ഞങ്ങൾക്ക് അറിവാകുന്ന പ്രായത്തിനു മുൻപ് തന്നെ ഞങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കാം എന്ന് പരസ്പരം വാക്ക് പറഞ്ഞ നിങ്ങളാണ് അതിനു ഉത്തരവാദികൾ.പിന്നെ അവൾക്ക് ഇപ്പോൾ എന്നോടുള്ള ഇഷ്ടം.. ഒരുപക്ഷേ അവൾക്ക് അറിവായ പ്രായം മുതൽ അവൾ എന്റെതാണ് എന്ന് പറഞ്ഞു കൊടുത്തിട്ടായിരിക്കണം നിങ്ങൾ അവളെ വളർത്തി വലുതാക്കിയത്. അതുകൊണ്ടുതന്നെ അവളുടെ മനസ്സിൽ അവളുടെ പുരുഷൻ എന്നുള്ള രൂപത്തിൽ എന്നെ അവൾ സങ്കൽപ്പിച്ചു വെച്ചതാണ്. ഒരിക്കലും അതൊരു ആത്മാർത്ഥതയോടെയുള്ള ഇഷ്ടം ആയിരിക്കില്ല. അവളുടെ ജീവിതം എന്നോടൊപ്പം ആണ് എന്ന് നിങ്ങൾ പറഞ്ഞതനുസരിച്ച് അവൾ എന്നെ ഇഷ്ടപ്പെടാൻ ശ്രമിച്ചതാണ് എന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴുള്ള അവളുടെ വിഷമം കണ്ടിട്ട് അവളെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചാൽ അതായിരിക്കും ഞാൻ അവൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ. വിവാഹശേഷം ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി അവൾ വേദനിക്കുന്നത് നിങ്ങളൊക്കെ കാണേണ്ടി വരും.പെങ്ങളായി കണ്ടവളെ ഒരിക്കലും ഭാര്യയായി സങ്കൽപ്പിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ദയവു ചെയ്ത് നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാക്കണം.”
അവരുടെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ അറിയാതെ തന്നെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. എന്റെ അവസ്ഥ പൂർണ്ണമായും മനസ്സിലാക്കിയിട്ടാണോ അതോ എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയാണോ എന്നറിയില്ല, തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അമ്മാവൻ പടിയിറങ്ങി എവിടേക്കോ പോയത്.
എന്റെ കണ്ണുകൾ ആ സമയം തിരഞ്ഞത് അത്രയും കേട്ടുനിന്ന രേവുവിനെ ആയിരുന്നു.
” മാപ്പ്.. നിന്നെ ഞാൻ മോഹിപ്പിച്ചിട്ടുണ്ടെങ്കിൽ, നീ എന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ, അതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു.. “
കൈകൂപ്പി കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവൾ അത് തടഞ്ഞു.
“വേണ്ട.. ഏട്ടൻ എന്നോട് മാപ്പ് ഒന്നും പറയണ്ട. എനിക്കറിയാം ഏട്ടൻ ഒരിക്കലും എന്നോട് അത്തരത്തിലുള്ള ഒരു അടുപ്പം കാണിച്ചിട്ടില്ല. ആവശ്യമില്ലാത്തതൊക്കെ ആഗ്രഹിച്ചതും മനസ്സിൽ മോഹങ്ങൾ കൂട്ടിവച്ചതും ഞാനാണ്. ഇതൊക്കെ മറക്കാൻ എനിക്ക് സമയമെടുക്കും. പക്ഷേ ഏട്ടൻ പറഞ്ഞതു പോലെ ഒരു ജീവിതം മുഴുവൻ വേദനിച്ചു കഴിയുന്നതിനേക്കാൾ ഭേദം അതുതന്നെയാണ്..”
അത്രയും പറഞ്ഞു അവൾ തന്റെ മുറിയിലേക്ക് കയറി വാതിൽ അടയ്ക്കുമ്പോൾ അവൾക്കെങ്കിലും തന്റെ അവസ്ഥ മനസ്സിലായല്ലോ എന്നൊരു ആശ്വാസമായിരുന്നു എനിക്ക്…!
✍️ അപ്പു