പെട്ടെന്ന് ഓർത്തത് പോലെ അവർ പറഞ്ഞപ്പോൾ, അയാൾ ആകാംഷയോടെ അവളെ നോക്കി.

രചന: അപ്പു

::::::::::::::::::::::::::

” നാണുവേട്ടാ.. ഈ ഗ്രാമത്തിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടല്ലോ.. കണ്ടിട്ടുണ്ടോ അത്..? “

പ്രായത്തിന്റെ അവശതകൾ ഏറെ ഉണ്ടെങ്കിലും അതൊന്നും വക വെക്കാതെ, വല്ലാത്തൊരു കൊതിയോടെയാണ് അവർ അത് ചോദിച്ചത്.

അത് കേട്ടപ്പോൾ അയാൾ ഒന്നു പുഞ്ചിരിച്ചു.

“ഞാൻ എങ്ങനെ കാണാനാ..? നിന്നെപ്പോലെ തന്നെ ജനിച്ചപ്പോൾ മുതൽ ഞാൻ ഈ ഗ്രാമത്തിൽ തന്നെയല്ലേ.. ഇവിടം വിട്ട് ഞാൻ എപ്പോഴെങ്കിലും പുറത്തേക്ക് പോയിട്ടുണ്ടോ..?”

അയാൾ ചോദിച്ചപ്പോൾ അവരും ഒന്ന് പുഞ്ചിരിച്ചു.

” അത് ശരിയാ.. നമ്മുടെ ലോകം തന്നെ ഇവിടെ അല്ലെ..? “

അവർ ഒന്ന് നെടുവീർപ്പിട്ടു.

” ഹ്മ്മ്.. നമ്മുടെ ലോകം ഇവിടെ തന്നെ തളച്ചിട്ടിരിക്കുകയാണല്ലോ.. “

അയാൾക്കും വല്ലാത്ത നിരാശയാണ്.

” എനിക്കൊരു ആഗ്രഹം ഉണ്ട്.. “

പെട്ടെന്ന് ഓർത്തത് പോലെ അവർ പറഞ്ഞപ്പോൾ, അയാൾ ആകാംഷയോടെ അവളെ നോക്കി.

“ഈ വയസ്സുകാലത്ത് തനിക്ക് എന്ത് ആഗ്രഹമാണ് ബാക്കിയുള്ളത്..?”

അയാളുടെ ചോദ്യത്തിൽ ആകാംക്ഷയാണോ അതോ പരിഹാസമാണോ എന്ന് ഒരു നിമിഷം അവർക്ക് സംശയം തോന്നി.എങ്കിലും ചിരിച്ചുകൊണ്ട് തന്നെ അവർ മറുപടി പറയാൻ ആരംഭിച്ചു.

” എനിക്ക് പട്ടണത്തിലേക്ക് ഒന്ന് പോകണം.നമ്മുടെ കല്യാണം കഴിഞ്ഞ സമയത്ത് പട്ടണത്തിലേക്ക് ഒരു സിനിമ കാണാൻ കൊണ്ടുപോകാമെന്ന് നിങ്ങൾ എന്നോട് വാക്ക് പറഞ്ഞതാണ്.പക്ഷേ കാലം മുന്നോട്ടു നീങ്ങിയപ്പോൾ നമുക്ക് അതിന് കഴിയാതെ പോയി.”

മറവിക്ക് വിട്ടു കൊടുക്കാതിരുന്ന ഓർമ്മയെ തപ്പിയെടുത്തു കൊണ്ട് അവർ പറഞ്ഞു.

” മധുവിധു കാലത്ത് അങ്ങനെ പല വാക്കുകളും തന്നു എന്ന് വരും. പക്ഷേ അതൊക്കെ പാലിക്കപ്പെടണം എന്ന് പറഞ്ഞാൽ ഇത്തിരി ബുദ്ധിമുട്ടല്ലേ..!”

വലിയൊരു തമാശ പറഞ്ഞ ലാഘവത്തോടെ അയാൾ പൊട്ടിച്ചിരിച്ചു. പക്ഷേ അത് കണ്ടപ്പോൾ അവരുടെ മുഖം വീർത്തു.

” അപ്പോൾ എന്നെ പറ്റിക്കാൻ വേണ്ടിയായിരുന്നു അന്ന് അങ്ങനെ പറഞ്ഞത് അല്ലേ..?”

പരിഭവത്തോടെ അവർ ചോദിച്ചു. അത് കണ്ടപ്പോൾ അയാൾക്ക് രസം തോന്നി.

” ഞങ്ങൾ ആണുങ്ങൾക്കിടയിൽ പറയപ്പെടുന്ന ഒരു കാര്യമുണ്ട്, ഈ പെണ്ണുങ്ങളെ പറ്റിക്കാൻ എളുപ്പമാണെന്ന്. പ്രത്യേകിച്ച് ഭാര്യമാരെ..! എന്തെങ്കിലും രണ്ട് പഞ്ചാര വാക്കു പറഞ്ഞു എന്തെങ്കിലുമൊക്കെ ആഹ്വാനം ചെയ്തു കഴിയുമ്പോൾ അവരുടെ മനസ്സ് അലിയും. എത്ര വലിയ പ്രശ്നമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് എങ്കിലും അവർ പെട്ടെന്ന് തന്നെ ആ പ്രശ്നം കോംപ്രമൈസ് ചെയ്യും. ഇപ്പോഴും എല്ലാ ഭർത്താക്കന്മാരും പയറ്റുന്ന അടവ് തന്നെയല്ലേ ഇത്.. “

അയാൾ അത് പറഞ്ഞപ്പോൾ സ്ത്രീത്വത്തിന് ഏൽക്കുന്ന അപമാനം പോലെയാണ് അവർക്ക് തോന്നിയത്.

” അത് നിങ്ങൾ പറഞ്ഞത് ശരി തന്നെയാണ് നാണുവേട്ടാ.. ഞങ്ങൾ സ്ത്രീകൾ ആരെയെങ്കിലും സ്നേഹിച്ചാൽ ഹൃദയം കൊടുത്ത് സ്നേഹിക്കും. നിങ്ങൾ പറഞ്ഞതു പോലെ ഭർത്താക്കന്മാരോട് അധികകാലം പിണങ്ങി നടക്കാൻ ഭാര്യമാർക്ക് കഴിയാറില്ല. അത് നിങ്ങൾ തരുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കുന്നത് കൊണ്ടല്ല. ആത്മാർത്ഥമായി സ്നേഹിക്കുന്നതു കൊണ്ടാണ്.പക്ഷേ ആ അവസരം നിങ്ങൾ നന്നായി മുതലെടുക്കുക തന്നെ ചെയ്യും. “

അവർ ഒരു വാഗ്വാദത്തിന് തയ്യാറെടുക്കുകയാണ് എന്ന് കണ്ടപ്പോൾ അയാൾ ഒന്ന് പരുങ്ങി .

അത് പണ്ടു മുതൽക്കേ അങ്ങനെ തന്നെയാണ്. അവരോട് അധികം പിണങ്ങി ഇരിക്കാനോ വഴക്കു കൂടാനോ അയാൾക്ക് കഴിയാറില്ല.

അവർ ഒരു വഴക്കിന് തയ്യാറെടുക്കുകയാണെങ്കിൽ അയാൾ സ്വയം പിൻവലിയുകയാണ് പതിവ്. ഇത്തവണയും അതുതന്നെയായിരുന്നു സംഭവിച്ചത്.

” എനിക്ക് നിന്നോട് തർക്കിക്കാൻ സമയമില്ല. നിനക്ക് എന്തൊക്കെയാ ആഗ്രഹം എന്ന് പറയു.. ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിനക്ക് നല്ല ബോധം ഉണ്ടല്ലോ അല്ലേ..? അപ്പോൾ അതിന് തകന്ന കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ.. “

അയാൾ ഓർമ്മപ്പെടുത്തിയപ്പോൾ അവർ ചിരിച്ചു.

” നിങ്ങൾ ഇങ്ങനെ തന്നെയായിരിക്കും പറയുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് അതിന് അധികം പ്രായമൊന്നും ആയിട്ടില്ല. ഞാനിപ്പോഴും ചെറുപ്പം തന്നെയാണ്. “

അവർ കളിയായി പറഞ്ഞു.

“നീ ചെറുപ്പക്കാരിയാണെന്ന് എനിക്കറിയാം. നിനക്ക് എവിടെ പോണം എന്നാണ് ആഗ്രഹം..? സിനിമ കാണാനോ..?”

അയാൾ ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു.അതിൽ നിന്നു തന്നെ അവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

“നിന്നെ സിനിമയ്ക്ക് കൊണ്ടുപോകണം എന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ നീയൊന്ന് ഓർത്തു നോക്കിയെ… നമുക്ക് രണ്ടുപേർക്കും പ്രായമായി. ഇത്രയും ദൂരം ഒക്കെ യാത്ര ചെയ്തു കഴിയുമ്പോൾ എന്തെങ്കിലും വയ്യായ്ക വന്നാൽ എന്തു ചെയ്യും..?”

അയാൾ അവരെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

“അങ്ങനെ വയ്യായ്കയൊന്നും വരില്ല.അഥവാ വന്നാലും നമുക്ക് അങ്ങ് സഹിക്കാം. എന്തായാലും എനിക്ക് പട്ടണത്തിൽ പോയി സിനിമ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. സിനിമ കാണുന്നത് മാത്രമല്ല എനിക്ക് അവിടെ മുഴുവൻ കാണണം. കടല് കാണണം. അപ്പുറത്തെ സുരേഷിന്റെ മക്കൾ പറയുന്നത് കേട്ടിട്ടുണ്ട് പട്ടണത്തിൽ മുഴുവൻ വലിയ വലിയ കെട്ടിടങ്ങൾ ആണെന്ന്. അതൊക്കെ കാണാൻ എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. ഇപ്പോൾ എന്തായാലും നമ്മൾ കിടപ്പുരോഗികൾ ഒന്നുമല്ലല്ലോ.. അപ്പോൾ പോയി വരാം. ഇനി അഥവാ കിടപ്പുരോഗി ആയിപ്പോയാലോ.. അന്ന് മനസ്സിലെ ആഗ്രഹം ബാക്കി വെച്ചുകൊണ്ട് മരണത്തിന് കീഴടങ്ങേണ്ടി വരില്ലേ..? അതിനെക്കാൾ നല്ലതല്ലേ ഇപ്പോൾ നമ്മൾ ഒരു യാത്രയ്ക്ക് തയ്യാറാവുന്നത്..?”

അവർ അയാളെ പ്രോത്സാഹിപ്പിക്കാൻ പലതും പറയുന്നുണ്ടായിരുന്നു.

പക്ഷേ അപ്പോഴൊക്കെ അയാൾ ചിന്തിച്ചത് അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആയിരുന്നു. പട്ടണത്തിലേക്ക് ഇവിടെ നിന്ന് ഒരുപാട് ദൂരം ഉണ്ട്.അവിടേക്ക് നേരിട്ട് ബസ് ഒന്നുമില്ല. രണ്ടു ബസ് മാറി കയറിേണ്ടി വരും. അതുമാത്രമല്ല അവിടെ എത്തിക്കഴിഞ്ഞാൽ എങ്ങോട്ട് പോകണമെന്നോ സിനിമ തീയറ്റർ എവിടെയാണെന്നോ ഒന്നും അറിയില്ല.

അയാൾ ചിന്താവിഷ്ടനായി ഇരിക്കുന്നത് കണ്ടപ്പോൾ അവർക്ക് നിരാശയായി.

” നിങ്ങൾക്ക് എന്നെ കൊണ്ടുപോകാൻ ഉദ്ദേശം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനെ വേണം. അല്ലെങ്കിൽ ഒരു പക്ഷേ ആ ആഗ്രഹം ബാക്കി വെച്ചുകൊണ്ട് ഞാൻ മടങ്ങിപ്പോയെന്ന് വരും. “

അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത് അയാളുടെ ഉള്ളുലുക്കുക തന്നെ ചെയ്തു.

ആഗ്രഹങ്ങൾ ബാക്കി വെച്ചു കൊണ്ട് അവൾ ഈ മണ്ണിൽ നിന്ന് യാത്രയാകാൻ പാടില്ല. എത്രയൊക്കെ പ്രയാസങ്ങൾ നേരിട്ടിട്ടാണെങ്കിലും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

അങ്ങോട്ടേക്കുള്ള ബസ് ഏതാണെന്നും സിനിമ തിയേറ്റർ എവിടെയാണ് എന്ന് ഒക്കെ അപ്പുറത്തെ സുരേഷിന്റെ മക്കളോട് ചോദിക്കാം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

അവരോട് കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം ഭാര്യയോട് വിവരം പറഞ്ഞാൽ മതി എന്നുകൂടി അയാൾ തീരുമാനിച്ചു. അത് കേൾക്കുമ്പോൾ അവൾക്ക് നല്ല സന്തോഷമായിരിക്കും. അയാൾ ഓർത്തു.

അന്ന് വൈകുന്നേരം തന്നെ അയാൾ സുരേഷിന്റെ മകനെ പോയി കണ്ടിരുന്നു. പട്ടണത്തിലേക്ക് പോകാനുള്ള കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവൻ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

” നീ ഇങ്ങനെ നോക്കണ്ട ചെക്കാ.. അവൾക്ക് പട്ടണത്തിൽ പോയി സിനിമ കാണണമെന്ന് വല്ലാത്തൊരു ആഗ്രഹം. ആഗ്രഹം നടത്തി കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ അവളുടെ ഭർത്താവാണ് എന്ന് പറയുന്നതിൽ എന്താണ് അർത്ഥം..? “

ഗർവ്വോടെ അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു.

” അപ്പൂപ്പനും അമ്മൂമ്മയ്ക്കും അവിടെ ആ തിരക്കിനിടയിൽ ഒറ്റയ്ക്ക് പോകാൻ ബുദ്ധിമുട്ടായിരിക്കും. വേണമെങ്കിൽ ഞാനും കൂടി വരാം. അമ്മൂമ്മയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ നമ്മൾ സാധിച്ചു കൊടുക്കണമല്ലോ.. “

അവൻ അത് പറഞ്ഞപ്പോൾ അയാൾക്ക് ചെറിയൊരു സന്തോഷം തോന്നി.

“അത് നല്ല കാര്യമാണ്.പണ്ടത്തെപ്പോലെ ഒന്നുമല്ലല്ലോ പട്ടണത്തിൽ ഒക്കെ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കാണും. അവിടെ എങ്ങോട്ട് പോകണമെന്ന് പോലും അറിയാതെ ഞങ്ങൾ ഏതെങ്കിലും വഴി വക്കിൽ നിന്നു പോകും.നീയും കൂടി വന്നാൽ അത്രയും സന്തോഷം..!”

അയാൾ സന്തോഷത്തോടെ പറഞ്ഞപ്പോൾ കാര്യങ്ങൾ അങ്ങനെ തന്നെ തീരുമാനിക്കപ്പെട്ടു.പിറ്റേന്ന് തന്നെ പട്ടണത്തിൽ പോയി സിനിമ കാണാം എന്നുള്ള കാര്യത്തിൽ തീരുമാനമായി.

ആ സന്തോഷ വാർത്തയും കൊണ്ടാണ് അയാൾ ആ രാത്രിയിൽ വീട്ടിലേക്ക് കയറി വന്നത്.

അയാൾ വീട്ടിലെത്തുമ്പോൾ അവർ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.

” എടിയേ…നിന്റെ ആഗ്രഹം സാധിക്കാൻ പോവുകയാണ് കേട്ടോ.. നമുക്ക് നാളെ തന്നെ പട്ടണത്തിലേക്ക് പോകാം… “

അയാൾ അത് പറഞ്ഞിട്ടും ചലനമില്ലാതെ അവർ കിടക്കുമ്പോൾ അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.അവരെ തൊട്ടു വിളിച്ചപ്പോൾ തണുത്ത മരവിച്ച ശരീരം അയാളെ പേടിപ്പെടുത്തി.

അവരുടെ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിക്കൊണ്ട് അവർ ഈ മണ്ണിൽ നിന്ന് വിട പറഞ്ഞിരുന്നു…! അത് തന്നെ കൊണ്ട് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള കുറ്റബോധത്തിൽ അയാളും..!

✍️ അപ്പു