ചങ്കാണ് ചങ്ങാതിമാർ
രചന: ദേവ ഷിജു
::::::::::::::::::::::::::
എല്ലാവർഷത്തേയും പോലെയല്ല, ഇത്തവണ വേനൽ വല്ലാതെ കടുത്തിരിക്കുന്നു. ഭൂമി വരണ്ടുണങ്ങി. കുടിക്കാനും കുളിക്കാനും മറ്റു വീട്ടാവശ്യങ്ങൾക്കും വെള്ളം ശേഖരിച്ചു കൊണ്ടിരുന്ന കിണർ വറ്റി വരണ്ടു.
ഗ്രാമത്തിലെ എല്ലാ കിണറുകളുടെയും അവസ്ഥ ഏതാണ്ട് അതുപോലെ തന്നെയായിരുന്നു. ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥ. കഴിഞ്ഞ കുറേ വർഷങ്ങളായി കിണറ്റിൽ വെള്ളം കുറഞ്ഞു കുറഞ്ഞു വന്നിരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. പക്ഷേ വെള്ളം മുഴുവനായും വറ്റുന്നത് ഇതാദ്യമായിരുന്നു. വർഷങ്ങൾക്കു മുൻപ് വെള്ളം കുറയാൻ തുടങ്ങിയപ്പോൾത്തന്നെ ഭാര്യ ഓർമ്മിപ്പിച്ചതാണ്, കിണറ്റിൽ ചെളി അടിയുന്നുണ്ട്, ചെളി കയറി ഉറവക്കണ്ണുകൾ അടഞ്ഞു പോയി വെള്ളം വരുന്നത് നിലച്ചു പോകും, ചെളി വാരി മാറ്റണം എന്ന്.
‘ഇത്രയും വെള്ളമുള്ള കിണറ് വറ്റിപ്പോകാനോ? ഇന്നാട്ടിലെ എല്ലാ കിണറുകളും വറ്റിയാലും എന്റെ കിണറ്റിൽ വെള്ളമുണ്ടാവും. അത്രമാത്രം ഉറവകളുണ്ട് അതിൽ ‘ അങ്ങനെയായിരുന്നു അന്ന് പരിഹാസത്തോടെ അവളോടു മറുപടി പറഞ്ഞത്..അയാൾ മൺവെട്ടിയും മണ്ണു കോരി മാറ്റാനുള്ള കുട്ടയുമായി കിണറ്റിലേക്കിറങ്ങി.
നല്ല ആഴമുള്ള കിണറായിരുന്നു അത്. കുറച്ചു മണ്ണു കോരി മാറ്റിയാൽ നീരുറവകൾ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ അയാൾ അതിൽ അടിഞ്ഞിരുന്ന ചെളിമണ്ണു കോരി മാറ്റാൻ തുടങ്ങി.
കിണറിന്റെ വശങ്ങളിൽ ധാരാളം ഉറവകൾ ഉണ്ടായിരുന്നു. ഒരു കാലത്ത് ആ ഉറവകളിൽ നിന്നെല്ലാം ജലം ഒഴുകിവന്നാണ് കിണർ നിറഞ്ഞിരുന്നത്. അയാൾ ശ്രദ്ധാപൂർവ്വം ഓരോ ഉറവയും വൃത്തിയാക്കാൻ തുടങ്ങി. പക്ഷേ അവയെല്ലാം എപ്പോഴോ ചെളി തിങ്ങിനിറഞ്ഞ് ജലം പുറത്തേക്കു തള്ളുവാൻ കഴിയാതെ വീർപ്പുമുട്ടി മറ്റു നീർച്ചാലുകൾത്തേടി പൊയ്ക്കഴിഞ്ഞിരുന്നു. ഓരോ അടിയും താഴേക്കു കുഴിച്ചു ചെല്ലുന്തോറും അയാളുടെ പ്രതീക്ഷകൾ മങ്ങിക്കൊണ്ടിരുന്നു.
പക്ഷേ ഇനിയുമിനിയും ആഴത്തിൽ കുഴിച്ച് ഏതെങ്കിലും ഒരുറവ ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയല്ലാതെ ദാഹജലത്തിന് അയാളുടെ മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.
വേനൽ പിന്നെയും കടുത്തുവന്നു. അയാൾ പിന്നെയും പിന്നെയും ആഴത്തിലേക്കു കുഴിച്ച് ഓരോ ഉറവയുടെയും വഴിതെളിച്ച് യാചിച്ചു കൊണ്ടേയിരുന്നു തിരിച്ചു വരാൻ, അല്പം ജലമെങ്കിലും ഇറ്റിച്ചു തരാൻ.
കൂട്ടുകാരെ, നമ്മുടെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ആരോഗ്യവും യവ്വനവും സമ്പത്തും കയ്യിലുള്ളപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് നീരുറവകൾ പോലെ ധാരാളം ബന്ധങ്ങൾ കടന്നു വരും.
പക്ഷേ കാലം ചെല്ലുന്തോറും ഈ ബന്ധങ്ങളോരോന്നും പഴകി, സംസാരമില്ലാതെ, കണ്ടുമുട്ടലുകളില്ലാതെ നമ്മളാൽ അവഗണിക്കപ്പെട്ടു മറ്റുള്ളവരെത്തേടിപ്പോകും. ഒടുവിൽ എപ്പോഴെങ്കിലും നാം ഒറ്റക്കായിക്കഴിയുമ്പോൾ, ഓർമകളും ഏകാന്തതയും വേട്ടയാടാൻ തുടങ്ങുമ്പോഴാവും നാം നഷ്ടപ്പെടുത്തിക്കളഞ്ഞ ബന്ധങ്ങളുടെ വിലയറിയുന്നത്.
കടുത്ത വേനലിൽ കിണറ്റിലെ ചെളി കോരി മാറ്റാനിറങ്ങിയ ആ മനുഷ്യനെപ്പോലെ പഴയ സൗഹൃദങ്ങൾ ആരെയെങ്കിലും തിരഞ്ഞുപിടിച്ച് ഏകാന്തതയിൽ നിന്നും രക്ഷപെടാൻവേണ്ടി നാം അലയാൻ തുടങ്ങും.
നല്ല സുഹൃത്തുക്കളെയും സ്നേഹമുള്ള ബന്ധുക്കളെയും ഒരിക്കലും നഷ്ടപ്പെടുത്തരുത്. നിറയെ വെള്ളമുള്ള കിണറ്റിലടിയുന്ന ചെളി നീക്കം ചെയ്യുമ്പോലെ, ഇടയ്ക്കൊക്കെ ഒന്നു റിഫ്രഷ് ചെയ്തു പുതുക്കി വയ്ക്കണം ഓരോന്നും.
ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫോൺ കോൾ, ഒരു മെസേജ്, സുഖമാണോയെന്ന ഒരു ചോദ്യം… അത്രയൊക്കെ മതി ഓരോ ബന്ധങ്ങളും ജീവനോടെ നിലനിർത്താൻ. മറവിയുടെ ആഴങ്ങളിലേക്കു പോയി മണ്ണിട്ടു മൂടി മറ്റു നീർച്ചാലുകൾ തേടിപ്പോകാൻ വിട്ടുകൊടുക്കരുത്, സൗഹൃദത്തിന്റെ ഒരു ഉറവയെപ്പോലും.
ഏകാന്തതയുടെ വരണ്ട വേനൽക്കാലമില്ലാത്ത ഒരു പുതിയ വർഷം എല്ലാവർക്കും ആശംസിക്കുന്നു.
– ഷിജു കല്ലുങ്കൻ