യാത്ര
രചന: സജി മാനന്തവാടി
::::::::::::::::::::::::::
ചേച്ചിയുണ്ടായതിന് ശേഷം നീണ്ട പതിനഞ്ച് വർഷം കാത്തിരിപ്പിന് ശേഷമാണ് ഞാനുണ്ടായത്. ഇതിനിടയിൽ ഒരു പാട് നേർച്ചകളും വഴിപ്പാടുകളും അമ്മ നേരുകയുണ്ടായി. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഒരു ആൺകുഞ്ഞുണ്ടാകണമെന്ന്. മാതാപിതാക്കളെ നല്ലവണ്ണം നോക്കുന്നത് പെൺ മക്കളാണെങ്കിലും നമ്മൾ മലയാളികൾക്ക് ആൺപ്രേമം അല്പം കൂടുതലാണന്നുള്ളത് പച്ചപരമാർത്ഥം.
ആൺകുട്ടിയുണ്ടായ ഉടനെ തന്നെ അച്ഛനെ എന്റെ ജാതകം എഴുതിക്കാൻ അമ്മ പറഞ്ഞു വിട്ടു. കണിയാൻ കവിടി നിരത്തി പറഞ്ഞു
“മകനൊരു സഞ്ചാരിയായി മാറും .”
” ജീവിതാവസാനം വരെയാണോ ഈ സഞ്ചാരം?”
അച്ഛൻ അക്ഷമനായി ചോദിച്ചു.
“മുപ്പത്തിമൂന്നാമത്തെ വയസിൽ ഒരു മംഗല്യ ഭാഗ്യം കാണുന്നുണ്ട്. അതു നടന്നാൽ പിന്നെ സൂര്യനെ ചുറ്റുന്ന ഭൂമിയെ പോലെ അവൻ അവളുടെ ചൂറ്റും നടന്നോളും. അതോടെ അവന്റെ സഞ്ചാരവും നിൽക്കും.അതു പോരെ ഭാസ്കരേട്ടാ ?”
അതിന് മറുപടിയൊന്നും പറയാതെ കണിയാനുള്ള കൈമടക്കും കൊടുത്ത് അമ്മയുടെ അടുത്ത് ചെന്ന് മുഖം കാണിച്ച് കാര്യങ്ങളെല്ലാം ഉണർത്തിച്ചു.
“അവൻ മുപ്പത്തിമൂന്ന് വയസ്സുവരെ കറങ്ങി നടക്കുമെന്നല്ലേ പണിക്കർ പറഞ്ഞത്. അതു സാരമില്ല പിന്നെ അവൻ അടങ്ങിയൊതുങ്ങി ജീവിച്ചോളുമല്ലോ. നിങ്ങളും ഉടാടി സഞ്ചരിക്കുന്ന ആളല്ലായിരുന്നോ ? എന്നെ കല്യാണം കഴിച്ചതിനുശേഷമല്ലേ ഒന്നടങ്ങിയൊതുങ്ങി ജീവിക്കാൻ തുടങ്ങിയത്?മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ ? “
ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു
“ശരിയാണ്, നീ എന്നെ അനങ്ങാൻ സമ്മതിക്കുമായിരുന്നോ ?”
എന്റെ കന്നിയാത്ര ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. വൈകുന്നേരം ക്ലാസ് വിട്ടപ്പോൾ എനിക്കൊരു പൂതി നാല് കിലോമീറ്റർ അകലെയുളള ചേച്ചിയുടെ വീട്ടിൽ പോകണം . പിന്നെ ഒന്നും നോക്കിയില്ല. ഞാൻ ചേച്ചിയുടെ വീട്ടിൽ പോയിയെന്ന് അമ്മയോട് പറയാൻ കൂട്ടുകാരൻ നന്ദുവിനെ ചട്ടം കെട്ടി. സ്കൂൾ ബാഗുമായി വിയർത്തൊലിച്ച് വരുന്ന എന്നെ കണ്ടപ്പോൾ അത്ഭുതത്തോടെ ചേച്ചി ചോദിച്ചു
” എന്താ അപ്പു നീ ഒറ്റക്കാണോ വന്നത് ? അമ്മയോട് പറഞ്ഞിട്ടാണോ പോന്നത്?”
ചേച്ചിയുടെ വീട്ടിൽ എന്നുമുണ്ടാക്കുന്ന ഇല അടയെ കുറിച്ചു ചിന്തിച്ചു നിൽക്കുന്ന എനിക്ക് ചേച്ചിയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ താല്പര്യമുണ്ടായിരുന്നില്ല.
ചായയും അടയും കഴിച്ചു തീർന്നപ്പോഴേക്കും അച്ഛനും അമ്മയും എന്നെ അന്വേഷിച്ച് ചേച്ചിയുടെ വീട്ടിൽ എത്തിയിരുന്നു. അച്ഛന്റെ ആദ്യഅടിയിൽ തന്നെ ഇല അടയുടെ മധുരം പമ്പ കടന്നിരുന്നു.
ഡിഗ്രി കഴിഞ്ഞപ്പോഴേക്കും ഒട്ടുമിക്ക സംസ്ഥാനങ്ങളെല്ലാം കണ്ടുകഴിഞ്ഞിരുന്നു.
“എടാ നിന്റെ ഭ്രാന്തിന് ചിലവാക്കാൻ ഇനി പറ്റില്ല. അപ്പു ,നിനക്ക് കറങ്ങി നടക്കാൻ ഈ വീട്ടിൽ നിന്ന് ഒരു നയാപൈസ കിട്ടില്ല. നിനക്ക് വേണ്ട പണം നീ തന്നെ കണ്ടെത്തണം. “
അച്ഛന്റെ കട്ടായം പറഞ്ഞപ്പോഴാണ് ഒരു സർക്കാർ ജോലി കണ്ടെത്തേണ്ടതിനെ ആവശ്യം മനസിലായത് . രണ്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം വ്യവസായ വകുപ്പിൽ ഗുമസ്ത പണി ശരിയായി. പിന്നിടങ്ങോട് ലീവെടുത്തും ലീവെടുക്കാതെയും സഞ്ചാരം തുടർന്നു.
അങ്ങിനെയിരിക്കെ വീരപ്പൻ വാണരുളിയ കാട്ടിൽ ട്രെക്കിംഗിനുള്ള അനുമതി കിട്ടിയതിന്റെ സന്തോഷത്തിൽ പത്ത് ദിവസത്തിന്റെ ലീവെടുക്കുമ്പോൾ തെല്ല് അസൂയയോടെ സഹപ്രവർത്തകർ പറയുന്നത് കേൾക്കാമായിരുന്നു.
” അവനെന്താ കറങ്ങി നടക്കാമല്ലോ പെണ്ണും പിടിക്കോഴിയുമില്ലല്ലോ!”
ഇത് കേട്ടാൽ തോന്നും അവരെല്ലാം കല്യാണം കഴിച്ചത് ഞാൻ നിർബന്ധിച്ചിട്ടാണെന്ന്.
സേലത്തേക്കുള്ള യാത്ര വിരസമായിരുന്നു. പാലക്കാട് കഴിഞ്ഞതും ബസിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു. ഈ സമയത്താണ് ഒരു പർദ്ദ ധരിച്ച സുന്ദരി ബസിൽ കയറിയത് . ടൈറ്റ് ഫിറ്റായ പർദ്ദയിൽ നിമ്ന്നോന തകൾ അടയാളപ്പെടുത്തിയിരുന്നു. ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിരുന്നിട്ടും അവൾ എന്റെ സീറ്റിൽ ഇരുന്നത് മറ്റ് ആൺ യാത്രക്കാരിൽ അസൂയയുടെ വിത്തുകൾ പാകി.
ബസ് അടുത്ത സ്റ്റാൻഡിൽ നിർത്തിയ ഉടനെ ഒടുപാട് യാത്രക്കാർ കയറി വന്നു. അടുത്ത അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് വന്നവരായിരുന്നു അവർ. നേരം രാത്രി എഴുമണി.ഇതിനിടയിൽ പർദ്ദ ധാരിണി എന്റെ കൈയുടെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നത് ഞാൻ അറിഞ്ഞു. മറ്റ് യാത്രക്കാർ ശ്രദ്ധിക്കുന്നില്ലായിരുന്നെങ്കിൽ അതൊരു ആഘോഷമാക്കി എടുക്കാമായിരുന്നു. ഇതിനിടയിലാണ് ബസ്സിൽ ഒരു അലർച്ച കേട്ടത്.
“അയ്യോ എന്റെ മാല ആരോ പൊട്ടിച്ചു. “
എന്റെ അരികെ ഇരുന്ന പർദ്ദയിട്ട പെണ്ണാണ് മാല പൊട്ടിച്ചതെന്ന് പറഞ്ഞത് എനിക്ക് വിശ്വാസം വന്നില്ല.
“ബസ് പോലീസ് സ്റ്റേഷനിലേക്ക് വിട്ടോ”
യാത്രക്കാരിൽ ഒരാൾ വിളിച്ചു പറഞ്ഞു.
മാല നഷ്ടപ്പെട്ട സ്ത്രീയുടെ ഭർത്താവ് എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിന് മുമ്പ് എന്റെ മുഖമടച്ച് ഒരു കുർബാനതന്നിട്ട് ആക്രോശിച്ചു ,
“ഭാര്യയും ഭർത്താവും കൂടി മോഷണത്തിന് ഇറങ്ങിയിരിക്കുകയാണല്ലേടാ ?”
“ഞാൻ ഇവളുടെ ഭർത്താവല്ല. ഞാനും നിങ്ങളെ പോലെ ഒരു യാത്രക്കാരൻ “
എന്റെ വാദങ്ങൾ വെറും വനരോദനങ്ങൾ മാത്രമായി.
അപ്പോഴേക്കും ഒരാൾ അവളുടെ തട്ടം പിടിച്ചു വലിച്ചു. അതുവരെ സുന്ദരിയെന്ന് വിചാരിച്ചിരുന്നവൾ ഒരു സുന്ദരനാണെന്ന് കണ്ട് ഞാനടകമുള്ള എല്ലാവരുടെയും കിളി പോയി. ഇതിനിടയിൽ ഒരാൾ എന്റെ കഴുത്തിന് പിടിച്ച് അടുത്ത പഞ്ചിന് വട്ടം കൂട്ടുന്നതിനിടയിലാണ് ഒരു പെൺശബ്ദം മുഴങ്ങിയത്.
“സാറിനെ വെറുതെ വിടു. അയാളുമായി സാറിനൊരു ബന്ധവുമില്ല. “
ആണുങ്ങളുടെ ഉച്ചത്തിലുള്ള വാദമുഖങ്ങളെക്കാൾ ആളുകൾ വില കൊടുക്കുന്നത് സ്ത്രീകളുടെ കിളിമൊഴിയ്ക്കായിരിക്കുമല്ലോ. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു സുന്ദരി .
“സാറിന് എന്നെ മനസ്സിലായോ ?ഞാൻ സാറിന്റെ ഓഫിസിന്റെ ഓപ്പോസിറ്റുള്ള സിവിൽ സപ്ലൈസ് ഓഫീസിൽ വർക്കു ചെയ്യുന്നു,പേര് സുഷമ. “
അപ്പോഴേക്കും ബസിലേ യാത്രക്കാരിൽ ഒരാൾ ബസിൽ അവിഹിതം നടക്കുന്നുവെന്ന് വിളിച്ചുപറഞ്ഞതുകൊണ്ട് പോലീസ് പാഞ്ഞെത്തി.
പോലീസ് വന്ന് കള്ളനുമായി പോയപ്പോഴാണ് ശ്വാസം വീടാൻ പറ്റിയത്.
ആവശ്യസമയത്ത് സഹായിക്കുന്നവനാണല്ലോ യഥാർത്ഥ സുഹൃത്ത്. ആ സുഹൃത്തിന് ചുറ്റും ഭൂമിയെ പോലെ ഭ്രമണം ചെയ്യുകയാണ് ഞാൻ . എന്റെ ഭ്രമണം തെറ്റുന്നുണ്ടോ എന്നറിയാൻ അവളുടെ ഒരു കണ്ണല്ല രണ്ട് കണ്ണും സി സി ടി വി പോലെ എനിക്ക് നേരെ തുറന്നു വെച്ചിരിക്കുകയാണ് അവളിപ്പോൾ.