രചന : അപ്പു
::::::::::::::::::::::::::
” എനിക്ക് ഉറപ്പാ സാർ…എന്റെ മോൾ ആ ത്മഹ ത്യ ചെയ്യില്ല.. ഇവൻ കൊന്നത് തന്നെയായിരിക്കും.. “
കഴിഞ്ഞ ദിവസം ആ ത്മഹ ത്യ ചെയ്ത കാർത്തികയുടെ അമ്മ എസ്ഐക്ക് മുന്നിൽ നിന്ന് അവളുടെ ഭർത്താവിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആക്രോശിച്ചപ്പോൾ എസ്ഐ അവരെ ഒന്ന് നോക്കി. പിന്നെ കാർത്തികയുടെ ഭർത്താവ് വിനോദിനെയും..!
അവർ പറഞ്ഞത് വിശ്വസിക്കില്ല എന്നതു പോലെ തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് താൻ ഒന്നും ചെയ്തിട്ടില്ല എന്നൊരു ഭാവത്തിൽ ആയിരുന്നു വിനോദ്.
” ഒരാളിന് നേരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം വേണം.. നിങ്ങളുടെ മകളെ ഇയാൾ കൊന്നതാണ് എന്ന് പറയാൻ എന്താ കാരണം..?”
എസ് ഐ വളരെ സൗമ്യമായി അവരോട് ചോദിച്ചു.അത് കേട്ടപ്പോൾ അവർക്ക് പറയാൻ ഒരു ആവേശം തോന്നി.
” പലപ്പോഴും മോള് എന്നോട് പറഞ്ഞിട്ടുണ്ട് സാറേ ഇവൻ ഉപദ്രവിക്കാറുണ്ട് എന്ന്. “
അമ്മ അത് പറഞ്ഞപ്പോൾ എസ്ഐ ഒന്ന് പുഞ്ചിരിച്ചു. അത് പരിഹാസം ആയിരുന്നു എന്നു പോലും ആർക്കും മനസ്സിലായില്ല.
“അങ്ങനെ ഉപദ്രവിക്കാൻ എന്താ കാരണം..? നിങ്ങളുടെ മകൾക്ക് എന്തെങ്കിലും സ്വഭാവ ദൂഷ്യം ഉണ്ടായിരുന്നോ..?”
എസ് ഐ ചോദിച്ചപ്പോൾ അമ്മ അയാളെ തുറിച്ചു നോക്കി.
“എന്റെ മോൾക്ക് അങ്ങനത്തെ സ്വഭാവമൊന്നുമില്ല. തനി തങ്കമാണ് എന്റെ മോള്.അവളെക്കുറിച്ച് ഇങ്ങനെ ഇല്ലാവചനം പറഞ്ഞാൽ ദൈവം പോലും ക്ഷമിക്കില്ല സാറേ..”
കണ്ണുനീർ തുടച്ചു കൊണ്ട് അവർ അത് പറഞ്ഞപ്പോൾ മറ്റു പോലീസുകാർക്ക് ഒക്കെ അവരോട് അനുകമ്പ തോന്നി. പക്ഷേ എസ്ഐക്ക് മാത്രം ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.
“ദൈവത്തിനോട് പറയാനുള്ള ക്ഷമയൊക്കെ ഞാൻ പറഞ്ഞേക്കാം.ഇപ്പോൾ തൽക്കാലം ഞാൻ ചോദിച്ചതിനുള്ള മറുപടി തരണം. നിങ്ങളുടെ മകളെ ഇയാൾ ഉപദ്രവിക്കാറുണ്ട് എന്ന് നിങ്ങൾ പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്..? ഇയാൾ നിങ്ങളുടെ മകളെ ഉപദ്രവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അല്ലെങ്കിൽ ഉപദ്രവിച്ചതിന്റെ തെളിവായി എന്തെങ്കിലും പാടുകൾ ശരീരത്തിൽ എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ..?”
എസ് ഐ ചോദിച്ചപ്പോൾ അവർ ഉമിനീർ ഇറക്കി.
” എല്ലാം കാണണം എന്നൊന്നുമില്ലല്ലോ സാറേ.. അവൾ പറഞ്ഞിട്ട് എനിക്കറിയാം..”
അത് പറയുമ്പോൾ അവർക്ക് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു.
” ഇങ്ങനെ പറഞ്ഞാൽ പിന്നെ സംഗതി എളുപ്പമായല്ലോ അല്ലേ..? ആ കുട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആള് ഇപ്പോൾ ജീവനോടെ ഇല്ലല്ലോ.. അപ്പോൾ പിന്നെ അവളുടെ തലയിൽ എല്ലാം കൂടി കെട്ടി വച്ചാൽ സുഖമായി..”
എസ് ഐ പരിഹസിച്ചപ്പോൾ ഇയാൾ എന്തൊരു മനുഷ്യനാണ് എന്നാണ് കൂടെ നിന്നവർക്ക് തോന്നിയത്.
“സാർ ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത്.. മരിച്ചു പോയ പെൺകുട്ടി സാറിന്റെ ആരുമല്ലായിരിക്കും. പക്ഷേ ഇവരെ സംബന്ധിച്ച് ഇവരുടെ മകളാണ് മരണപ്പെട്ടത്. അങ്ങനെയുള്ള ഒരു സ്ത്രീയോട് സംസാരിക്കുമ്പോൾ കുറച്ചു കൂടി ബഹുമാനം കാണിക്കണം സർ..”
അവരോടൊപ്പം വന്ന ജനപ്രതിനിധിയാണ് അത് പറഞ്ഞത്.
” അതൊക്കെ നമുക്ക് സംസാരിച്ചു കഴിയുമ്പോൾ തീരുമാനിക്കാം.. “
ഗൗരവമായ ഭാഷയിൽ എസ് ഐ അത് പറഞ്ഞപ്പോൾ പിന്നീട് അയാൾക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
” നിങ്ങൾ പറഞ്ഞല്ലോ ഇയാൾ ആ പെൺകുട്ടിയെ ഉപദ്രവിക്കാറുണ്ട് എന്ന്.. എന്ത് കാരണം കൊണ്ടാണ് ഇയാൾ ആ കുട്ടിയെ ഉപദ്രവിക്കുന്നത് എന്നറിയാമോ..? “
ഇത്തവണ എസ് ഐയുടെ ശബ്ദം ശാന്തമായിരുന്നു.
” സാറേ.. ഞങ്ങൾ പാവങ്ങളാണ്. അധികം സ്വത്തും പണവും സമ്പാദ്യവും ഒന്നുമില്ല. വളരെ കഷ്ടപ്പെട്ടാണ് മോളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിച്ചത്. ആ സമയത്താണ് ഇവന്റെ വിവാഹാലോചന വരുന്നതും. പെൺകുട്ടിയെ മാത്രം മതി മറ്റൊന്നും വേണ്ട എന്ന് പറഞ്ഞിട്ടാണ് ആലോചന വന്നത്. അതു കേട്ടപ്പോൾ ഞങ്ങൾക്കും ഒരു സമാധാനം തോന്നി. കാരണം ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥയിൽ സ്ത്രീധനം കൊടുത്ത് കെട്ടിച്ച് അയക്കാൻ ഒന്നും വകയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവനുമായുള്ള വിവാഹം നടത്തി. അവിടെ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കവും.. “
അവർ പറഞ്ഞത് എസ് ഐ വ്യക്തമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” അങ്ങനെ ഒരാൾ കല്യാണം ആലോചിച്ചു വന്നാൽ ഉടനെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം അയാളുടെ സ്വഭാവത്തിനെ കുറിച്ച് അന്വേഷിക്കാമായിരുന്നില്ലേ..? നിങ്ങൾ അങ്ങനെ ഒരു അന്വേഷണം നടത്തിയിരുന്നോ..? “
എസ് ഐ ചോദിച്ചപ്പോൾ അവർ തലയാട്ടി.
“ഉവ്വ് സാറേ.. ഞങ്ങൾ ചില പരിചയക്കാരെ ഒക്കെ വച്ച് അന്വേഷിച്ചതാണ്. അന്വേഷിച്ചപ്പോൾ ചെറുക്കന് യാതൊരു തരത്തിലുള്ള ദുസ്വഭാവങ്ങളും ഇല്ലെന്നും നല്ലൊരു പയ്യനാണ് എന്നുമൊക്കെയാണ് ഞങ്ങൾ അറിഞ്ഞത്. നല്ലൊരു ജോലിയും കാര്യവും ഒക്കെ ഉള്ളതുകൊണ്ട് ഞങ്ങളുടെ മകളുടെ ഭാഗ്യമാണ് എന്ന് കരുതി.”
അതും പറഞ്ഞു കൊണ്ട് അവർ വിനോദിനെ ഒന്ന് നോക്കി. അപ്പോഴും അവർ പറയുന്നതൊക്കെ അണുവിട തെറ്റാതെ കേട്ട് നിൽക്കുകയായിരുന്നു അവൻ.
” വിവാഹം കഴിഞ്ഞ് ആദ്യം ഒന്നും വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവളോട് സ്വത്തും പണവും ഒക്കെ ചോദിച്ച് ഇവൻ പ്രശ്നം ഉണ്ടാക്കുന്നുണ്ട് എന്ന് അവൾ വിളിച്ചു പറഞ്ഞിരുന്നു. “
അതു പറഞ്ഞപ്പോൾ എസ് ഐ ഒന്ന് തലയാട്ടി.
“ശരി.. ഇയാൾ സ്ത്രീധനത്തിനു വേണ്ടിയാണ് ആ പെൺകുട്ടിയെ ഉപദ്രവിക്കാറുള്ളത് എന്നാണ് നിങ്ങൾ പറയുന്നത്. നിങ്ങളുടെ മകൾ വിളിച്ച് ഇയാൾ അവളെ ഉപദ്രവിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്തു പറഞ്ഞു..?”
അത് ചോദിച്ചപ്പോൾ അവർ തലകുനിച്ചു.
” ജീവിതം അല്ലേ സാറേ.. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ അല്ലേ അത് മുന്നോട്ടു പോകു.. ഞാൻ അവളോട് അതു തന്നെയാണ് പറഞ്ഞത്. അവൻ അങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിലും കുറച്ചു നാൾ കഴിയുമ്പോൾ അവൻ മാറും എന്ന് ഞാൻ പറഞ്ഞു. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തു നിൽക്കാനും.. “
അത് കേട്ടപ്പോൾ എസ് ഐ അവരെ രൂക്ഷമായി നോക്കി.
” നിങ്ങളുടെ മകൾ ആത്മഹത്യ ചെയ്തെങ്കിൽ അതിന്റെ ഉത്തരവാദി നിങ്ങൾ മാത്രമാണെന്ന് ഇപ്പോൾ എനിക്ക് പറയാൻ പറ്റും. കാരണം എന്താണെന്ന് അറിയാമോ..? ആ കുട്ടി ഇയാൾ അവളെ ഉപദ്രവിക്കുന്നുണ്ട് എന്ന് നിങ്ങളോട് പറയണമെങ്കിൽ അത്രത്തോളം അനുഭവിച്ചതിനു ശേഷം അവസാന പ്രതീക്ഷ എന്നുള്ള നിലയ്ക്ക് ആയിരിക്കും നിങ്ങളോട് പറഞ്ഞത്.അതിനെക്കൊണ്ട് സഹിക്കാൻ പറ്റുന്നതൊക്കെ അത് സഹിച്ചിട്ടുണ്ടായിരിക്കും. ഒന്നും പറ്റാതെ ആയപ്പോൾ ആയിരിക്കും ഒരു ആശ്രയം പോലെ നിങ്ങളുടെ അടുത്തേക്ക് അവൾ ഓടി വന്നത്. അപ്പോൾ നിങ്ങൾ പല സെന്റിമെന്റ്സും പറഞ്ഞ് ആ കുട്ടിയെ ഇയാളുടെ അടുത്തേക്ക് തന്നെ മടക്കി അയച്ചു. അവിടെ ചെന്ന് അതിനു തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ആയപ്പോൾ മറ്റ് ആരും ആശ്രയമില്ല എന്ന് അതിന് ബോധ്യമായപ്പോൾ ആ കുട്ടി തെരഞ്ഞെടുത്ത വഴിയായിരുന്നു ആത്മഹത്യ. ഒരിക്കലും ആത്മഹത്യ ഒരു പരിഹാരമാണ് എന്നല്ല ഞാൻ പറയുന്നത്. ഈ സമൂഹത്തിന് പൊതുവേ ഒരു പ്രശ്നമുണ്ട്. ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്താൽ അത് ഭർത്താവിന്റെയും വീട്ടുകാരുടെയും മാത്രം കുറ്റം കൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ചുറ്റുമുള്ളവർക്ക് വല്ലാത്ത ഒരു വ്യഗ്രതയാണ്. പക്ഷേ അങ്ങനെയല്ല അതിൽ ആ കുട്ടിയുടെ വീട്ടുകാർക്കും വ്യക്തമായ പങ്കുണ്ട്. ഏതൊരു പെൺകുട്ടിയും ഭർത്താവിനെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് സ്വന്തം വീട്ടിൽ അറിയിക്കും. അവസാന ഘട്ടത്തിൽ ആയിരിക്കും എന്ന് മാത്രം. അങ്ങനെ അറിയിക്കുമ്പോൾ നീ അവിടെ അഡ്ജസ്റ്റ് ചെയ്തു നിൽക്കൂ.. ജീവിതം ഇനി അവിടെയാണ് എന്നൊക്കെയാണ് മിക്കവാറും എല്ലാ മാതാപിതാക്കളും ഉപദേശിച്ചു വിടുന്നത്.ആ ഒരു മറുപടിയോടു കൂടി ആ കുട്ടികളുടെ പ്രതീക്ഷ മുഴുവൻ തെറ്റും. ഇതേ സ്ഥാനത്ത് എന്താണ് പ്രശ്നം എന്ന് മരുമകനോടും,വീട്ടുകാരോടും വ്യക്തമായി അന്വേഷിച്ച് അതിന് പരിഹാരം കണ്ടുപിടിച്ചാൽ ഒരുപക്ഷേ മക്കളുടെ ജീവിതം ഇങ്ങനെയൊന്നും ആയി പോകില്ല. ആ കുട്ടിക്ക് ഇപ്പോൾ ഇങ്ങനെ സംഭവിച്ചിട്ട് നിങ്ങൾ ഇങ്ങനെ കിടന്നു നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? “
എസ് ഐ ചോദിച്ചപ്പോൾ അതിനൊന്നും മറുപടിയില്ലാതെ അവർ തലകുനിച്ചു നിൽക്കുകയായിരുന്നു. അപ്പോഴും അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.
തന്റെ ഭാഗത്തും തെറ്റുകൾ ഉണ്ട് എന്ന് അവർ ആ നിമിഷം തിരിച്ചറിഞ്ഞു. പക്ഷേ വൈകി വന്ന തിരിച്ചറിവിന് എപ്പോഴും ഫലമുണ്ടാകണമെന്നില്ലല്ലോ..!!!
✍️ അപ്പു