രചന: അപ്പു
::::::::::::::::::::
” എന്തൊക്കെ അസംബന്ധമാണ് കുട്ടി നീ വിളിച്ചു പറയുന്നത്..? ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളെക്കാൾ കൂടുതൽ നിന്നെ വിശ്വസിക്കാൻ പറ്റില്ലല്ലോ.. എത്രയോ തവണ നീ പറഞ്ഞതിൽ നിന്ന് വിരുദ്ധമായി ഇവിടെ ഓരോന്നും നടക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.. “
അയൽക്കാരിൽ ഒരാളായ രമണി ചേച്ചി അത് പറഞ്ഞതോടെ നിസ്സഹായയായി വീണ കണ്ണുനീർ ഒഴുക്കി.
അല്ലെങ്കിലും അവൾക്ക് അറിയാമായിരുന്നു അയൽക്കാരുടെ ഒക്കെ പ്രതികരണം ഇങ്ങനെ തന്നെ ആകൂ എന്ന്. കാരണം അവളുടെ അമ്മായിയമ്മയെ അവൾ മനസ്സിലാക്കിയിടത്തോളം മറ്റാരും മനസ്സിലാക്കിയിട്ടില്ലല്ലോ..!
നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ ഒരുപോലെ പ്രിയങ്കരനാണ് നാരായണൻ മാഷ്. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി ടീച്ചറും എല്ലാവർക്കും പ്രിയങ്കരിയാണ്. എല്ലാവരെയും സഹായിക്കുന്ന എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി മാതാപിതാക്കളോട് കയർക്കുന്ന… അങ്ങനെയങ്ങനെ അമ്മിണി ടീച്ചറിന് പോസിറ്റീവായി പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് നാട്ടുകാർക്ക്..!
മാഷിനും ടീച്ചറിനും ഒരേ ഒരു മകനാണ്.. അജയ്… അജി എന്ന് വിളിപ്പേരുള്ള അജയ് നാട്ടുകാർക്ക് മുഴുവൻ പ്രിയങ്കരനാണ്. അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം നാട്ടുകാർ അവനോടു കൂടി കാണിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.
അജിയുടെ ഭാര്യയാണ് വീണ. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകൾ ഒന്നും ആയിട്ടില്ല. ഡിഗ്രി ഒക്കെ കഴിഞ്ഞ് ഒരു ബാങ്ക് ടെസ്റ്റ് എഴുതി ജോലി ആയ സമയത്ത് ആണ് വിവാഹം നടന്നത്. പക്ഷേ പിന്നീട് അവൾ ജോലിക്ക് പോയിട്ടില്ല..!
വീണ തന്റെ കഴിഞ്ഞു പോയ നാളുകളെ കുറിച്ച് വെറുതെയെങ്കിലും ഓർത്തു നോക്കുകയായിരുന്നു.
കല്യാണം കഴിഞ്ഞ് ഇവിടെ വന്നു കയറിയ ദിവസമൊക്കെ അമ്മയ്ക്ക് വലിയ സ്നേഹം ആയിരുന്നു. പക്ഷേ അമ്മയുടെ സ്വഭാവത്തിൽ എന്തൊക്കെയോ വൈരുദ്ധ്യങ്ങൾ അവൾക്ക് തോന്നിയിരുന്നു എന്ന് സത്യം. പക്ഷേ അതൊക്കെ തന്റെ തോന്നൽ ആയിരിക്കുമെന്നും പുതിയൊരു ചുറ്റുപാടിലേക്ക് താൻ ഇഴുകി ചേരുമ്പോൾ ഇതൊന്നും ഒരു പ്രശ്നമാകില്ല എന്നും അവൾക്ക് തോന്നി.
വിവാഹം കഴിഞ്ഞ് പിറ്റേദിവസം ആണ് അവൾക്ക് ചില കാര്യങ്ങളെക്കുറിച്ച് ഒരു ബോധം വന്നത്.
വീണയും ഭർത്താവും കൂടി എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നുണ്ടെങ്കിൽ കൃത്യമായി അമ്മിണി ടീച്ചർ അവിടെ എത്തും. പിന്നീട് അവരോടൊപ്പം ഇരുന്ന് വർത്തമാനം പറയും.
പുറമേ കാണുന്ന നാട്ടുകാർ മരുമകളോട് അമ്മായിയമ്മയ്ക്ക് എന്തൊരു സ്നേഹമാണെന്ന് അടക്കം പറയും.. പക്ഷേ അതിനിടയിൽ ഭർത്താവുമൊത്ത് അവൾക്ക് ചിലവഴിക്കാനുള്ള സമയം അമ്മായിയമ്മ നഷ്ടപ്പെടുത്തുന്നതാണ് എന്ന് ഒരാളിന് പോലും തോന്നിയിട്ടില്ല.
അവൾക്ക് അതിൽ നഷ്ടബോധം തോന്നിയെങ്കിലും മകന് അതിൽ ഒരു പ്രശ്നവുമില്ല എന്ന് തോന്നിയപ്പോൾ ഇതൊക്കെ തന്റെ മനസ്സിന്റെ പ്രശ്നമായിരിക്കും എന്നാണ് അവൾ ചിന്തിച്ചത്.
വിവാഹത്തിനു ശേഷം വിരുന്നൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വന്ന ആ രാത്രിയിലാണ് ആദ്യമായി അവളോട് ഒരു കാര്യം ആവശ്യപ്പെടുന്നത്.
” നാളെ രാവിലെ 5 മണിക്ക് എഴുന്നേൽക്കണം കേട്ടോ. നാളെ മുതൽ ഇവിടത്തെ ബ്രേക്ക് ഫാസ്റ്റ് താൻ തന്നെ ഉണ്ടാക്കണം.. “
അവൻ പറഞ്ഞപ്പോൾ അവൾ കണ്ണുമിഴിച്ചു.
” അമ്മ പറഞ്ഞു മരുമകളുടെ കൈപ്പുണ്യം എന്താണെന്ന് അമ്മയ്ക്ക് ഒന്ന് അറിയണമെന്ന്.. അതുകൊണ്ടാണ് കേട്ടോ.. “
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു. അമ്മയ്ക്ക് തന്നോട് സ്നേഹം ഉള്ളതു കൊണ്ടായിരിക്കുമല്ലോ തന്റെ കൈപ്പുണ്യം അറിയണം എന്ന് പറഞ്ഞത്…!
അവൻ പറഞ്ഞതു പോലെ പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റ് ആഹാരം ഒക്കെ ഉണ്ടാക്കി. അത് കഴിഞ്ഞതിനു ശേഷം ആണ് അമ്മ അടുക്കളയിലേക്ക് എത്തിയത് പോലും.
“മോളെ രാവിലെ തന്നെ എഴുന്നേറ്റ് പണിയൊക്കെ തീർത്തോ..? അതേതായാലും നന്നായി.. അമ്മയ്ക്ക് ശരീരമാകെ നല്ല വേദനയായിരുന്നു. വയസ്സും പ്രായവും ഒക്കെ ആയില്ലേ..ഇനിയിപ്പോൾ റസ്റ്റ് എടുക്കാൻ ഉള്ള സമയമായി.. കുടുംബത്തിന്റെ ഉത്തരവാദിത്വമൊക്കെ മോളെ ഏൽപ്പിക്കാനുള്ള കാലമാണ് ഇനി.”
അവർ ഓരോന്നും പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമാണ് തോന്നിയത്. അമ്മ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുമ്പോൾ തനിക്ക് ഈ വീട്ടിൽ നല്ലൊരു സ്ഥാനം ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചു.
പക്ഷേ അതൊക്കെയും അമ്മിണിയമ്മയുടെ അടവായിരുന്നു എന്ന് അവൾ മനസ്സിലാക്കാൻ പിന്നെയും നാളുകൾ വേണ്ടി വന്നു. അവളെക്കൊണ്ട് അവർ ഓരോ പണികൾ ചെയ്യിപ്പിക്കുമ്പോഴും എല്ലാം അവളുടെ സ്വന്തം ഇഷ്ടത്തിന് അവൾ ചെയ്യുന്നതു പോലെയാണ് അവർ ഭർത്താവിന്റെയും മകന്റെയും മുന്നിൽ അവതരിപ്പിച്ചത്.
അതോടെ വീണ നല്ലൊരു മരുമകൾ ആണെന്ന് നാരായണൻ മാഷും അറിഞ്ഞു.
ടെസ്റ്റ് എഴുതി പാസായ ജോലി പോലും വേണ്ടെന്നു വച്ച് അവൾ വീട്ടിലെ കാര്യങ്ങൾ നോക്കിയിരിക്കുമ്പോൾ നാട്ടുകാർ മുഴുവൻ അടക്കം പറഞ്ഞു ഇങ്ങനെ ഒരു മരുമകളെ കിട്ടാൻ പുണ്യം ചെയ്യണമെന്ന്..!
പക്ഷേ അതിനു പിന്നിൽ അമ്മിണിയമ്മയുടെ കറുത്ത കരങ്ങൾ ഉണ്ടായിരുന്നു എന്ന് ആരും മനസ്സിലാക്കിയില്ല.
“ഇതിപ്പോൾ അജിക്ക് നല്ലൊരു ജോലി ഉണ്ടല്ലോ മോളെ.. അവൻ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ നീ ഇവിടെ തന്നെ ഉണ്ടാകണമെന്ന് അവൻ ആഗ്രഹിച്ചാൽ അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ.. ഭർത്താവ് വീട്ടിലെത്തുമ്പോൾ ഒരു ഗ്ലാസ് ചായയുമായി ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുക..”
പുഞ്ചിരിച്ചു കൊണ്ട് അവർ അത് പറഞ്ഞത് തന്റെ ജോലി ഉപേക്ഷിക്കാൻ ആണ് എന്ന് അവൾക്ക് മനസ്സിലാക്കി എടുക്കാൻ അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോഴും അങ്ങനെയാണെങ്കിൽ അമ്മ എന്തിന് ജോലിക്ക് പോകുന്നു എന്നൊരു ചോദ്യം അവളുടെ തൊണ്ടയിൽ കുടുങ്ങി.
വന്നു കയറുമ്പോൾ തന്നെ അഹങ്കാരി എന്നൊരു പേര് നേടിയെടുക്കാൻ പറ്റില്ലല്ലോ.. ആദ്യം ഒന്നും ശിക്ഷാരീതികൾ നടപ്പിലാക്കാൻ അമ്മിണിയമ്മ തീരുമാനിച്ചിരുന്നില്ല.
പക്ഷേ ഒന്നുരണ്ടു മാസങ്ങൾ കടന്നു പോയപ്പോൾ മുതൽ അവളുടെ ഭാഗത്തു നിന്ന് വരുന്ന ചെറിയ ചെറിയ തെറ്റുകൾക്ക് പോലും അവർ കഠിനമായ ശിക്ഷകൾ വിധിച്ചിരുന്നു. അതിന്റെ ഭാഗമായി ഉണ്ടായ ഒരു ശിക്ഷയായിരുന്നു ഇത്തവണയും.
രണ്ടു ദിവസം മുൻപ് വീണ അവളുടെ വീട്ടിലേക്ക് പോയിരുന്നു. പോയിട്ട് പിറ്റേന്ന് തന്നെ മടങ്ങി വരണം എന്ന് അവളോട് അമ്മിണിയമ്മ പറഞ്ഞിരുന്നു. പക്ഷേ അവളുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ആയപ്പോൾ പിന്നെയും ഒരു ദിവസം കൂടി കഴിഞ്ഞിട്ടാണ് അവൾ വീട്ടിലേക്ക് വന്നത്. ഇന്നലെ വൈകുന്നേരം അവൾ വീട്ടിലേക്ക് വന്നിട്ടും അവൾ വന്നതായി പോലും അവർ ആരോടും പറഞ്ഞില്ല.
അതിനു പകരം അവളെ പുറത്തുള്ള ചായിപ്പിൽ കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു..
” എന്നോട് അനുസരണക്കേട് കാണിക്കരുതെന്ന് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിനുള്ള ശിക്ഷയായി കണക്കാക്കിയാൽ മതി.. “
തലേന്ന് പൂട്ടിയിട്ടിട്ടും പിറ്റേന്ന് രാവിലെ പോലും അവർ അവിടെ വന്ന് അത് തുറന്നു കൊടുത്തില്ല. അതിനേക്കാൾ അവളെ നോവിച്ചത് അവളുടെ ഭർത്താവ് അവളെ ഒന്ന് അന്വേഷിച്ചത് പോലുമില്ല.
ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം കൊണ്ടാകണം അവൾ അവിടെ തളർന്നുറങ്ങി. പിറ്റേന്ന് നേരം വെളുക്കുമ്പോഴെങ്കിലും അമ്മിണി അമ്മ വന്ന് വാതിൽ തുറന്നു കൊടുക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ അതിനു വിപരീതമായി വീട്ടിലുള്ള എല്ലാവരും അടച്ചു പൂട്ടി ജോലിക്കും പല പല സ്ഥലങ്ങളിലും ആയിപ്പോയി.
വിശപ്പും തളർച്ചയും ക്ഷീണവും ഒക്കെ കൊണ്ട് അവൾ ആകെ വല്ലാതെ ആയിരുന്നു. ഉച്ച ആകുമ്പോഴെങ്കിലും അവരൊക്കെ മടങ്ങി വരും എന്ന് പ്രതീക്ഷിച്ചെങ്കിലും വൈകുന്നേരം ആയിട്ടും അവരെ ആരെയും കാണാൻ കഴിഞ്ഞില്ല.
ആകെ തളർന്നു നിൽക്കുന്ന സമയത്താണ് മുന്നിൽ ആരൊക്കെയോ വർത്തമാനം പറയുന്നത് അവൾ കേൾക്കുന്നത്. ആ സമയത്ത് തോന്നിയ ഒരു ഉപായം എന്നതു പോലെയാണ് അവൾ വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയത്.
അകത്ത് ആളുണ്ട് എന്ന് ഉറപ്പായപ്പോൾ കൂടി നിന്നവർ ഒരു കല്ലെടുത്ത് ലോക്ക് തല്ലിപ്പൊളിച്ച് അകത്തേക്ക് കയറുമ്പോൾ, ബോധം മറയുന്നതിന്റെ വക്കിലായിരുന്നു വീണ..!
അവളുടെ അവസ്ഥ കണ്ട് അയൽവക്കത്ത് നിന്ന് അവൾക്ക് ആഹാരം കൊണ്ടുവന്നു കൊടുക്കുകയും വെള്ളം കൊടുക്കുകയും ഒക്കെ ചെയ്തു. അതിനുശേഷം അവൾ എങ്ങനെ അതിനകത്ത് എത്തി എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവൾ.
സംഭവിച്ചതൊക്കെ വിശദമായി പറഞ്ഞിട്ടും, ആരും അത് വിശ്വസിച്ചില്ല..! കാരണം അവർക്കു മുന്നിൽ അമ്മിണി അമ്മ നല്ലൊരു അമ്മയും ഭാര്യയും ഒക്കെയായിരുന്നു..!
താൻ എത്രയൊക്കെ പറഞ്ഞിട്ടും അവരാരും വിശ്വസിക്കാതെ ആയപ്പോൾ ഇനിയും ആരും തന്നെ വിശ്വസിക്കാൻ പോകുന്നില്ല എന്ന് അവൾക്ക് ഉറപ്പായി. അതോടെ അവൾ നിശബ്ദം നല്ലൊരു ‘മരുമകൾ’ പട്ടം തലയിൽ ചൂടി.
✍️ അപ്പു