രചന : അപ്പു
:::::::::::::::::
” ഹോ.. ഇത് എന്തൊരു കഷ്ടമാണ് ഈ കൊച്ചിനെ കൊണ്ട്.. ഒരു നേരം മനുഷ്യന് ചെവിതല കേൾപ്പിക്കില്ല.. “.ഉച്ചത്തിൽ കരയുന്ന കുഞ്ഞിനെ നോക്കി ദേഷ്യപ്പെടുകയാണ് അമ്മു.
” നീ ഒന്ന് വായടക്ക് കൊച്ചേ.. നേരം വെളുത്തപ്പോൾ തുടങ്ങിയതാണ് കാ കീ എന്ന് പറഞ്ഞു കരച്ചിൽ.. “
എന്തൊക്കെ ചെയ്തിട്ടും അവൾക്ക് ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല.
” നീ എന്തിനാ അമ്മു അവിടെ ഇങ്ങനെ ഒച്ച വയ്ക്കുന്നത്.??”
പുറത്തു നിന്ന് അമ്മ വിളിച്ചു ചോദിച്ചപ്പോൾ അവൾക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.
” എന്തിനാ അമ്മു ഇങ്ങനെ ഒച്ച വയ്ക്കുന്നത് എന്നുള്ള ചോദ്യത്തിൽ നിങ്ങളുടെയൊക്കെ പ്രശ്നങ്ങൾ കഴിഞ്ഞു. ഇന്ന് നേരം വെളുത്തപ്പോൾ മുതൽ ഈ കൊച്ചു ഇവിടെ ഇങ്ങനെ കരച്ചിലാണ്. ഒരു വക പണി ചെയ്യാൻ എന്നെ സമ്മതിച്ചിട്ടില്ല . എപ്പോഴും കരച്ചിൽ തന്നെ കരച്ചിൽ.. ഇതൊക്കെ കേൾക്കാനും കാണാനും ഇവിടെ ആളില്ലല്ലോ.. കൊച്ചു കരഞ്ഞാലും ചിരിച്ചാലും എന്തൊക്കെ സംഭവിച്ചാലും അതിനെയും ഒക്കത്ത് എടുത്തു കൊണ്ട് പണികൾ മുഴുവൻ ഞാൻ ചെയ്യണം. എന്റെ കഷ്ടപ്പാട് കാണാൻ മാത്രം ഈ ഭൂമിയിൽ ആരുമില്ല.. “
വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ട് അമ്മു ജോലിയിലേക്ക് തിരിഞ്ഞപ്പോൾ പുറത്തു നിന്ന അമ്മ മൗനത്തിൽ ആയി.
” എന്റെ കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ മോളെ.. അല്ലെങ്കിൽ നിന്നെ അടുക്കളയിൽ ഞാൻ സഹായിക്കാറുണ്ടല്ലോ.. നിന്നെക്കൊണ്ട് ഇങ്ങനെ പണികൾ ഒന്നും ഞാൻ ചെയ്യിക്കാറില്ലല്ലോ.. “
കുറച്ചു നിമിഷത്തിനു ശേഷം ഒടിഞ്ഞ കയ്യിലേക്ക് നോക്കിക്കൊണ്ട് അവർ പതിയെ പറഞ്ഞു.അത് കേട്ടപ്പോൾ അമ്മുവിന് ഒരു വിഷമം തോന്നി.
കാര്യം അമ്മ പറഞ്ഞത് ശരിയാണ്. താൻ വന്ന കയറിയ നാൾ മുതൽ ഇതുവരെയും തന്നെ കൊണ്ട് അങ്ങനെ ജോലികൾ ഒന്നും ചെയ്യിച്ചിട്ടില്ല. എല്ലാം അമ്മ തന്നെ ചെയ്തോളും. തൊട്ടും പിടിച്ചും ഒക്കെ അടുത്തു നിൽക്കണം എന്ന് മാത്രം.
ആൾക്ക് പാചകം ചെയ്യുന്നതിനിടയിൽ സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ വലിയ ഉത്സാഹമാണ്. പിന്നെ പണികളൊക്കെ വേഗം വേഗം ചെയ്തോളും.
അമ്മ കുറച്ചു ദിവസം മുൻപ് മഴ കഴിഞ്ഞപ്പോൾ ഒന്നു തൊടിയിലേക്ക് ഇറങ്ങിയതാണ്. ആ വഴിക്ക് ഒന്ന് തെന്നി വീണു. ആദ്യം പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും കൈയുടെ വേദന കലശലായപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. അവിടെ ചെന്നപ്പോഴാണ് കൈയൊടിഞ്ഞിട്ടുണ്ട് എന്ന് അറിയുന്നത്.
അതും വലതു കൈ തന്നെ. അമ്മയ്ക്ക് ആഹാരം പോലും വാരി കൊടുക്കേണ്ട അവസ്ഥയാണ്. അതൊന്നും ചെയ്തു കൊടുക്കാൻ തനിക്ക് യാതൊരു മടിയും ഉണ്ടായിട്ടല്ല.പക്ഷേ..
കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ വീട്ടിലെ പണികളൊക്കെ താൻ തന്നെയാണ് ചെയ്തിരുന്നത്. അപ്പോഴൊക്കെ ഇത്തിരി പ്രശ്നം ഉണ്ടാക്കുമെങ്കിലും മോൻ സാഹചര്യവുമായി പൊരുത്തപ്പെട്ട് എവിടെയെങ്കിലും അടങ്ങിയിരിക്കുകയാണ് പതിവ്. പക്ഷേ ഇന്ന് പതിവില്ലാതെ രാവിലെ എഴുന്നേറ്റത് മുതൽ ആകെ ബഹളമാണ്.
താൻ തന്നെ എടുത്തു കൊണ്ട് നടക്കണം, തന്നോടൊപ്പം എപ്പോഴും ഇരിക്കണം എന്നൊക്കെയുള്ള വാശി. മറ്റൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഈ വാശി മുഴുവൻ താൻ സാധിച്ചു കൊടുത്തേനെ. കാരണം വീട്ടിൽ മറ്റൊരു പണിയും ഇല്ലാത്തതു കൊണ്ട് തന്നെ അവന്റെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ തനിക്ക് കഴിയാറുണ്ട്.
പക്ഷേ ഇത് അങ്ങനെയല്ല. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നതു കൊണ്ട് തന്നെ ജോലികളൊക്കെ താൻ ഒറ്റയ്ക്ക് ചെയ്യണം. ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ അവന്റെ അച്ഛൻ വരികയും ചെയ്യും. അതിനു മുൻപ് എല്ലാം ഉണ്ടാക്കിയെടുത്താൽ അല്ലേ പറ്റൂ..!
ചിന്തിച്ചു നിൽക്കുന്നതിനിടയിൽ അവൻ വീണ്ടും വാശി തുടങ്ങി.
” മോളെ നീ കുഞ്ഞിനെ ഇങ്ങനെ കരയിക്കണ്ട ചിലപ്പോൾ എന്തെങ്കിലും അസുഖം വരും. തൽക്കാലം ചെയ്തതൊക്കെ മതി.. നീ പോയി അവനു എന്താന്ന് വച്ചാൽ ചെയ്തു കൊടുക്കു.. “
കുഞ്ഞിന്റെ ബഹളവും അവളുടെ അവസ്ഥയും ഒക്കെ ആലോചിച്ചപ്പോൾ അങ്ങനെ പറയാതിരിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല.
അമ്മ അത് പറഞ്ഞത് കേട്ടപ്പോൾ അവൾ വിഷമത്തോടെ അടുപ്പിലേക്ക് നോക്കി.
ആകെ തോരനും ചോറും മാത്രമേ റെഡിയാക്കിയിട്ടുള്ളൂ. സാമ്പാറിനുള്ളത് അരിഞ്ഞെടുത്തതേയുള്ളൂ. എന്തായാലും സാമ്പാർ ഉള്ളത് അടുപ്പിലാക്കിയതിനു ശേഷം അവനോടൊപ്പം ഇത്തിരി നേരം ഇരിക്കാം.
അവൾ ഓർത്തു കൊണ്ട് മറ്റു പണികളിലേക്ക് കടന്നു.അപ്പോഴും കുഞ്ഞു ബഹളം തന്നെയായിരുന്നു. അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ടെങ്കിലും പണികൾ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് അവൾ അതിലായിരുന്നു ശ്രദ്ധ ചെലുത്തിയത്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അടുക്കളയിൽ കൊണ്ടു വച്ചിരുന്ന ഒരു കലം നിറയെ ഇരുന്ന വെള്ളം കുഞ്ഞ് തട്ടി കമഴ്ത്തിയിട്ടിട്ടുണ്ട്.
അത് കണ്ടപ്പോൾ അവൾക്ക് എവിടെ നിന്ന് ദേഷ്യം കയറി വന്നു എന്ന് പോലും അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല.
ഈ തിരക്കു പിടിച്ച പണികൾക്കിടയിലാണ് മോട്ടോർ കേടായത്.അത് നന്നാക്കാൻ ആളിനെ വിളിച്ചിട്ടേ ഉള്ളൂ. രാവിലെ തന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് ആവശ്യമായ വെള്ളം മുഴുവൻ കോരി വെച്ചിട്ടാണ് പണികളിലേക്ക് കടന്നത്. ആ ഒരു ജോലി അധികം വന്നതു കൊണ്ടാണ് ആഹാരമൊക്കെ ഉണ്ടാക്കിയെടുക്കാൻ ഇത്രയും വൈകിയത്.
അത്രയും കഷ്ടപ്പെട്ട് കൊണ്ടു വച്ച വെള്ളമാണ് അവൻ ഒറ്റ തട്ടിന് താഴെ തള്ളി ഇട്ടിരിക്കുന്നത്.
“ഡാ.. പിള്ളേരായാൽ അനുസരണ വേണം..എന്താടാ ഇവിടെ കാണിച്ചേക്കുന്നത്..? നിന്നോടൊക്കെ എത്ര പറഞ്ഞാലും ഒരു വക അനുസരിക്കില്ല. എന്തൊരു കഷ്ടമാണ് എന്തോ..”
അതും പറഞ്ഞു കൊണ്ട് അവൾ ചെന്ന് ആ കലം എടുത്തു നിവർത്തി വെച്ചു. പക്ഷേ അവൾ പറഞ്ഞതൊന്നും ആ രണ്ടര വയസ്സുകാരന് ഒരു കാര്യമേ ആയിരുന്നില്ല.
അവൾ അവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെ നിലത്ത് വീണു കിടക്കുന്ന വെള്ളത്തിൽ അവൻ കയ്യിട്ട് അടിച്ചു കളിക്കാൻ തുടങ്ങി. അതുകൂടി കണ്ടതോടെ അവളുടെ പിടി വിട്ടു പോയി.
“ഒരു വക പറഞ്ഞാൽ അനുസരിക്കാത്ത സാധനം… നിന്നെക്കൊണ്ട് ഞാൻ തോറ്റു..”
അതും പറഞ്ഞു കൊണ്ട് അവൾ കുഞ്ഞിനെ പിടിച്ചു എഴുന്നേൽപ്പിച്ച് അതിനെ തല്ലുകയും ചെയ്തു.അതോടെ അവൻ കരച്ചിൽ ആരംഭിച്ചു. അത് കണ്ടിട്ടും അവൾക്ക് ഒരു മനസ്സലിവും തോന്നിയില്ല.
” മര്യാദയ്ക്ക് നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല.. എന്നെ എങ്ങനെയൊക്കെ കഷ്ടപ്പെടുത്തണം എന്ന് മാത്രമാണ് അവന്റെ ചിന്ത. കുറച്ചുനേരം അവിടെ നിന്ന് കരയു.. “
അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി മോപ്പ് എടുത്തു കൊണ്ടു വന്നു അവിടെ തുടയ്ക്കാൻ തുടങ്ങി. അപ്പോഴും കുഞ്ഞ് അവളെ നോക്കി കരയുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവന്റെ അലറി കരച്ചിൽ ഏങ്ങലടികളായി മാറി.
” അമ്മേ.. എന്നെ എടുക്ക്… “
അതും പറഞ്ഞു പിന്നെയുള്ള കരച്ചിൽ..
” മോളെ.. നിന്റെ ദേഷ്യം എനിക്ക് മനസ്സിലാവും. പക്ഷെ അതൊരിക്കലും ആ കുഞ്ഞിന് മനസ്സിലാവില്ല..കാരണം അവന്റെ പ്രായം അതാണ്. ഇന്നലെ വരെ അവനോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന അമ്മയെ ഇന്നിപ്പോ അവനു കൂടെ കളിക്കാൻ കിട്ടുന്നില്ല.. അതുകൊണ്ടുള്ള പ്രശ്നമാണ് അവന്റെ വാശി.ഇപ്പോൾ നീ അവനെ തല്ലി. അത് എന്തിനാണെന്ന് പോലും ചിലപ്പോൾ അവനു മനസ്സിലാകുന്നുണ്ടാവില്ല. ഇപ്പോൾ തന്നെ കണ്ടില്ലേ.. അവനു വിഷമം വന്നപ്പോൾ അമ്മേ എടുക്ക് എന്നാണ് അവൻ പറയുന്നത്..! അല്ലാതെ അവൻ മറ്റാരെയും ആഗ്രഹിക്കുന്നില്ല.. അതിന്റെ അർഥം എന്താ..? അവനു നീ അല്ലാതെ മറ്റാരും ആശ്രയം ഇല്ലാ.. “
അമ്മ പറഞ്ഞത് ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞു.
“നമുക്ക് ചിലപ്പോ ഒരു നിമിഷത്തെ ദേഷ്യം ആയിരിക്കും. അത് അടങ്ങി കഴിയുമ്പോൾ ആ ദേഷ്യം പ്രകടിപ്പിച്ച രീതിയെ കുറിച്ച് ഓർത്തു നമ്മൾ വേദനിക്കും. ഇപ്പൊ നീ ഇവനെ തല്ലി. കുറച്ചു കഴിഞ്ഞു ഓർക്കുമ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് നിനക്ക് തോന്നും. അപ്പൊ പിന്നെ നീ അതിനെ ഓർത്തു വേദനിച്ചിട്ട് കാര്യമുണ്ടോ..? “
അവൾക്ക് ആ നിമിഷം കുറ്റബോധം തോന്നി. തന്റെ എടുത്തു ചാട്ടം കാരണം ഇതിപ്പോ തന്റെ കുഞ്ഞിന് വേദനിച്ചില്ലേ..!
അവൾ വേഗം തന്നെ മോനെ കൈയിലെടുത്തു ഉമ്മ കൊണ്ട് മൂടി. അപ്പോഴും അവൾ തന്റെ പ്രവർത്തി ഓർത്തു ഉള്ളിൽ കരയുകയായിരുന്നു..!!