രചന : അപ്പു
::::::::::::::::::::::::::::
” എനിക്കുറപ്പാണ് ആ പണം എടുത്തത് ഇവൾ തന്നെയാണ്.. അല്ലെങ്കിൽ ഇത്രയും കാലം ഇവിടെ എത്രത്തോളം പണം കൈകാര്യം ചെയ്തിട്ടുള്ളതാണ്..? അപ്പോൾ ഒന്നും കാണാതെ പോകാത്ത പണം ഇപ്പോൾ എങ്ങനെ പോയി..?”
അച്ഛനും അമ്മയും ഭർത്താവും നിൽക്കുന്ന സദസ്സിൽ സഹോദരി അങ്ങനെ വിളിച്ചു പറയുമ്പോൾ കണ്ണ് താഴ്ത്തി നിൽക്കുകയായിരുന്നു അവൾ.. ഇത്രയും വലിയൊരു ആരോപണം അവളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ കേൾക്കേണ്ടി വരുന്നത്.
കെട്ടി കയറി വന്ന വീട് സ്വർഗ്ഗമാണ് എന്ന് പുറമേ നിന്ന് കാണുന്ന പലരും പറയുന്നുണ്ടെങ്കിലും ഈ വീട് തനിക്ക് ഒരു നരകം ആയിട്ട് മാത്രമാണ് തോന്നിയിട്ടുള്ളത്. ഒരിക്കലും ഒരു സ്വാതന്ത്ര്യവും കിട്ടാത്ത ഒരു നരകം..!!
” ചേച്ചി സത്യമായിട്ടും ഞാൻ പൈസ എടുത്തിട്ടില്ല. ആ പൈസ എവിടെയാണ് ചേച്ചി വച്ചതെന്ന് ഞാൻ കണ്ടിട്ട് കൂടിയില്ല.. “
ദയനീയമായി അവൾ ഒരിക്കൽ കൂടി പറഞ്ഞു.
” ഞാൻ ബാങ്കിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ നീ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ വന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നീ അടിച്ചു വാരാൻ എന്നും തുടയ്ക്കാൻ എന്നും പറഞ്ഞു മുറിയിൽ കയറി ഇറങ്ങാൻ തുടങ്ങി. ഞാൻ കുളിക്കാൻ പോയിരുന്ന സമയത്തല്ലേ നീ അവിടെ തുടയ്ക്കാൻ വന്നത്…? ആ സമയത്ത് ഡ്രോയറിൽ വച്ചിട്ടാണ് ഞാൻ പോയത്. തിരികെ വന്നു നോക്കിയപ്പോൾ പണം കാണാനുമില്ല.. അപ്പോൾ പിന്നെ അത് നീ തന്നെയാണ് എടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നത് എന്ത് തെറ്റാണ് ഉള്ളത്..? “
സഹോദരി അത്രയും കാര്യമായി ഓരോന്ന് വിളിച്ച് പറഞ്ഞിട്ടും മൗനം പാലിക്കുന്ന ഭർത്താവിനെ അവൾ ദയനീയമായി നോക്കി. അവളുടെ നോട്ടം അറിഞ്ഞിട്ടും അറിയാത്തതു പോലെ അയാൾ മറ്റ് എങ്ങോ നോക്കി നിൽക്കുകയായിരുന്നു.
” പണം കാണാതെ കിടന്ന വീട്ടിൽ നിന്നൊക്കെ കല്യാണം കഴിച്ചു കൊണ്ടു വന്നാൽ ഇങ്ങനെയിരിക്കും.. അന്നേ ഞാൻ ഇവനോട് പറഞ്ഞതാണ് ആ വീട്ടിൽ നിന്ന് ഒരു ബന്ധവും വേണ്ട. അത്താഴ പട്ടിണിക്കാരായ ഒരു കുടുംബത്ത് ചെന്ന് കയറിയാൽ ഇങ്ങനെയൊക്കെ ആയിരിക്കും അവസ്ഥ.”
തന്റെ കുടുംബത്തെ അടച്ചാക്ഷേപിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” ചേച്ചി എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ..അത് ഞാൻ ഈ വീട്ടിൽ വന്നു കയറിയതിന്റെ ശിക്ഷയായി ഞാൻ അനുഭവിച്ചോളാം. പക്ഷേ ആവശ്യമില്ലാതെ ഓരോരോ കാര്യങ്ങൾക്ക് എന്റെ വീട്ടുകാരെ ഇതിലേക്ക് വലിച്ചു വയ്ക്കരുത്.. “
അത്രയും നേരം സഹിച്ച അപമാനത്തിന്റെ ഫലം കൊണ്ടായിരിക്കണം അവളുടെ ശബ്ദം അല്പം ഉയർന്നു പോയിരുന്നു.
” അവളുടെ വീട്ടുകാരെ പറഞ്ഞപ്പോൾ അവൾക്ക് പൊള്ളിയത് കണ്ടോ..? തെറ്റ് ചെയ്യുമ്പോൾ വീട്ടുകാർ കൂടി അതിന്റെ പഴി കേൾക്കേണ്ടി വരും എന്ന് നീ മറന്നു പോകരുത്. “
ഒരു വിജയം ലഭിച്ചതു പോലെ ചേച്ചി നിൽക്കുമ്പോൾ,തന്റെ അഭിമാനത്തിന് ഏറ്റ ക്ഷതം കൊണ്ട് തലയുയർത്തി നോക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.
” പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ അവനോട് ചോദിച്ചാൽ പോരായിരുന്നോ..? അവൻ തരുമായിരുന്നല്ലോ.. നീ എന്തിനാ അവളുടെ കയ്യിൽ നിന്ന് മോഷ്ടിക്കാൻ പോയത്..? ഇതിപ്പോൾ അവനും നമ്മുടെ കുടുംബത്തിനും മുഴുവൻ ഒരു പേരുദോഷം ആയില്ലേ..?”
ഭർത്താവിന്റെ അമ്മ അത് ചോദിക്കുമ്പോൾ അവൾ കണ്ണീരോടെ അവരെ നോക്കി. അവർ അത് കണ്ടില്ലെന്ന് നടിച്ചു.
പിന്നെയും ചുറ്റും കൂടി നിന്ന് അമ്മയും സഹോദരിയും അച്ഛനും ഒക്കെ കൂടി അവളെ കളിയാക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും അവളുടെ ഭർത്താവ് മൗനം പാലിക്കുകയായിരുന്നു.
അവളുടെ കണ്ണുനീരോ അവൾ പറയുന്നത് ശ്രദ്ധിക്കാനോ ഒരാളും അവിടെ തയ്യാറായില്ല. കണ്ണീരോടെ മുറിയിൽ എത്തിയ അവൾ ആദ്യം ചെയ്തത് വീട്ടിൽ അവളുടെ അച്ഛനെ വിളിക്കുകയായിരുന്നു.
അദ്ദേഹത്തോട് കണ്ണീരോടെ തന്നെ വിവരങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ സമാധാനിപ്പിച്ചു കൊണ്ട് ഫോൺ വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
അന്ന് തന്റെ കല്യാണം കഴിയുമ്പോൾ, പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ പറഞ്ഞത് ഇത്രയും നല്ലൊരു വീട്ടിലേക്ക് കല്യാണം കഴിച്ച് ചെന്ന് കയറാൻ കഴിഞ്ഞത് നിന്റെ ഭാഗ്യം എന്നു മാത്രമാണ്. പക്ഷേ ഈ വീട് ഇത്രയും അധപ്പതിച്ചു പോയ ഒരിടമാണ് എന്ന് മനസ്സിലാക്കാൻ, പുറമേ നിന്ന് നോക്കിയ ഒരാളിനും കഴിഞ്ഞിട്ടില്ല.
സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെങ്കിലും ബന്ധം വേർപെടുത്തി അവർ ഈ വീട്ടിൽ തന്നെയാണ് താമസം. അച്ഛനും അമ്മയും ഭർത്താവും സഹോദരിയും അടങ്ങുന്നതാണ് കുടുംബം എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഒറ്റ മകളായി വളർന്നത് കൊണ്ട് തന്നെ ഒരു സഹോദരിയുടെ സ്നേഹവും ലാളനയും ഇവിടെ നിന്ന് കിട്ടുമെന്ന് കല്യാണത്തിന് മുൻപ് അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ കല്യാണം കഴിഞ്ഞ് വന്നു കയറിയപ്പോൾ മുതൽ അതിൽ എല്ലാത്തിലും മാറ്റം വന്നു. അച്ഛനെക്കാളും അമ്മയെക്കാളും പവർ ഈ വീട്ടിൽ സഹോദരിക്കാണ് എന്ന് അവൾ തിരിച്ചറിഞ്ഞു. ഒരിക്കൽ അമ്മ അതിന് ഒരു ന്യായീകരണം പോലും പറയുന്നത് കേട്ടു.
” നല്ല പ്രായത്തിൽ കല്യാണം കഴിപ്പിച്ചു വിട്ടതാണ് അവളെ. അവിടെ അവൾ ഒരുപാട് സഹിക്കേണ്ടി വന്നതാണ്. തിരികെ ഇവിടെ വന്നു കഴിഞ്ഞപ്പോൾ അവളുടെ മനസ്സ് ഒന്ന് ശരിയാകാൻ വേണ്ടിയാണ് അവളെ എല്ലാ കാര്യത്തിലും ഇടപെടുത്തി തുടങ്ങിയത്. അവൾ പറയുന്ന കാര്യങ്ങളിൽ ഒന്നും ആരും ഇവിടെ എതിര് പറയാറില്ല. മോളും അങ്ങനെ തന്നെ ചെയ്താൽ മതി… “
കല്യാണം കഴിഞ്ഞ് പിറ്റേദിവസം ചേർത്തു നിർത്തിക്കൊണ്ട് അമ്മായിയമ്മ പറഞ്ഞത് നാത്തൂനെ സ്നേഹിക്കാനാണ്.താനും അത് അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്.
പക്ഷേ വിവാഹം കഴിഞ്ഞ് നവ ദമ്പതികളായ ഞങ്ങൾ ഒരിടത്തിരിക്കുന്നതു പോലും സഹോദരിക്ക് വിഷമമാണ് എന്ന പേര് പറഞ്ഞ് അമ്മ ഞങ്ങളെ രണ്ടാളെയും രണ്ടു വഴിക്ക് പറഞ്ഞു വിടുമ്പോൾ വിഷമം തോന്നിയിരുന്നു. ഞങ്ങൾ രണ്ടാളും കൂടി ഒന്നിച്ച് എവിടെയെങ്കിലും പോകാം എന്ന് പറഞ്ഞാൽ ആ കൂട്ടത്തിൽ സഹോദരിയെയും കൂടി പറഞ്ഞു വിടുന്നത് അമ്മയുടെ പതിവായിരുന്നു.
ഞങ്ങൾക്ക് ഞങ്ങളുടെതായ ഒരു പ്രൈവസിയും ഇല്ലാത്ത അവസ്ഥ..! അതിനിടയിൽ ഓരോന്നും പറഞ്ഞ് നാത്തൂൻ ഇടയ്ക്കിടെ കളിയാക്കലും കൂത്തുവാക്ക് പറയലും പതിവായിരുന്നു.
ഇപ്പോൾ വിവാഹം കഴിഞ്ഞ് ഏഴു മാസത്തോളം ആയിരിക്കുന്നു. മൂന്നുമാസം ഗർഭിണിയുമാണ്. എന്തൊക്കെ പറഞ്ഞാലും ഈ വീട്ടിലെ പണികളൊക്കെ താൻ തന്നെ ചെയ്യണം എന്നുള്ളത് വിവാഹം കഴിഞ്ഞ് വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മനസ്സിലായ കാര്യമാണ്. സഹോദരിക്ക് എല്ലായിപ്പോഴും റസ്റ്റ് ആണെങ്കിൽ തനിക്ക് എല്ലായിപ്പോഴും പണിയാണ്.
ഇന്ന് അവർ ബാങ്കിൽ നിന്ന് എടുത്തു കൊണ്ടുവന്ന പണം കാണാനില്ല എന്ന് പറഞ്ഞാണ് തന്നോട് യുദ്ധത്തിന് വരുന്നത്. തന്നെ ഇത്രത്തോളം അപമാനിച്ചിട്ടും ഒരു വാക്കു കൊണ്ടു പോലും ഭർത്താവ് എതിർത്ത് സംസാരിച്ചില്ല എന്നുള്ളത് അവളുടെ കണ്ണുനീരിന്റെ ശക്തി കൂട്ടുകയായിരുന്നു.
പിറ്റേന്ന് പതിവു പോലെ എഴുന്നേറ്റ് അവൾ ഓരോ പണികൾ തീർക്കുമ്പോഴും അവളുടെ മനസ്സ് അവളുടെ കൈപ്പിടിയിൽ ഉണ്ടായിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത താൻ എന്തിന് ഇത്രയും അനുഭവിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.
” ഇന്നിനി എന്തു മോഷ്ടിക്കാം എന്ന് കരുതി നിൽക്കുകയാണോ..? “
അടുക്കളയിൽ നിൽക്കുന്നത് കണ്ടപ്പോൾ നാത്തൂൻ പിന്നാലെ വന്നു ചോദിച്ചതാണ്. മറുപടിയൊന്നും പറയാതെ ജോലികൾ തീർക്കാനുള്ള തിരക്കിലായിരുന്നു അവൾ. അവൾക്ക് മറുപടി കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ നാത്തൂൻ കൈപിടിച്ച് വലിച്ചു. അന്നേരം എങ്ങനെ ദേഷ്യം വന്നു എന്ന് തന്നെ അറിയില്ല.
“ദേ… നിങ്ങളെപ്പോലെ ഒരു പണിയുമില്ലാതെ ഇവിടെ തിന്നും കുടിച്ചു ഇരിക്കുകയല്ല ഞാൻ. എനിക്ക് ഇവിടെ ചെയ്തു തീർക്കാൻ ഇഷ്ടം പോലെ ജോലിയുണ്ട്. ഇപ്പോൾ തൽക്കാലം നിങ്ങളോട് കൊമ്പുകോർക്കാൻ എനിക്ക് വയ്യ.”
ദേഷ്യത്തോടെ അവർക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് അത്രയും പറയുമ്പോൾ, ഇനിയുള്ള അനുഭവം നല്ലതായിരിക്കില്ല എന്ന് മനസ്സിൽ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
സംഭവിച്ചതും അങ്ങനെ തന്നെയായിരുന്നു. അച്ഛനോടും അമ്മയോടും കണ്ണീരോടെ പരാതി പറഞ്ഞുകൊണ്ട് മകൾ വീട്ടിൽ ഒരു കോടതി വിളിച്ചു ചേർത്തു. പ്രതി ഞാനും വാദി അവളും.
എന്തുകൊണ്ട് അവളോട് അങ്ങനെ ചെയ്തു എന്ന് എല്ലാവരും മാറിമാറി ചോദിച്ചപ്പോൾ എനിക്ക് പറയാൻ വ്യക്തമായ മറുപടി ഉണ്ടായിരുന്നു.
” ഇന്നലെ ഒരു കാര്യവുമില്ലാത്ത കാര്യത്തിന് നിങ്ങളുടെ മകൾ എന്നെ ഇവിടെ അപമാനിച്ചു നിർത്തിയപ്പോൾ നിങ്ങൾക്ക് ആർക്കും അതിന്റെ ആധാരം എന്താണെന്ന് അന്വേഷിക്കാൻ സമയമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ അവളോട് ഞാൻ സത്യമായ ഒരു കാര്യം പറഞ്ഞതിന് നിങ്ങളെല്ലാവരും കൂടി എന്റെ മെക്കിട്ട് കയറാൻ നിൽക്കുന്നു. ഇതിൽ എന്തു ന്യായമാണുള്ളത്..? നിങ്ങളോട് ഓരോരുത്തരോടും ഇന്നലെ ഞാൻ കഴിയുന്നതും പറഞ്ഞതാണ് ഞാൻ ആ പണം എടുത്തിട്ടില്ല എന്ന്. ആ വാക്ക് വിശ്വസിക്കാൻ പോലും നിങ്ങൾ ആരും തയ്യാറായില്ല. എന്നെ അപമാനിക്കാനും എത്രത്തോളം കുറ്റപ്പെടുത്താൻ പറ്റുമോ അത്രത്തോളം ചെയ്തുതീർക്കാനും മാത്രമാണ് നിങ്ങൾ ശ്രമിച്ചത്. എന്തിന് എന്റെ ഭർത്താവ് പോലും മൗനം പാലിക്കുകയായിരുന്നു.. ഇത്രത്തോളം അനുഭവിക്കാൻ വേണ്ട ഒരു പാതകവും ഞാൻ ചെയ്തിട്ടുള്ളതായി എനിക്കറിയില്ല. വിവാഹം കഴിഞ്ഞ് ഇവിടെ വന്നു കയറിയ നാൾ മുതൽ ഞാനും എന്റെ ഭർത്താവും എവിടെ പോകുന്നുണ്ടെങ്കിലും അതിന്റെ വാലായി വന്നു ഞങ്ങളെ എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന ഒരുവളാണ് ഇവൾ. എനിക്കും എന്റെ ഭർത്താവിനും പ്രൈവസി എന്നു പറയുന്ന ഒരു സാധനം ഇവൾ തന്നിട്ടില്ല. ഇവളുടെ വിവാഹ ജീവിതം ഇല്ലാതായി പോയതിന് ഉത്തരവാദി ഞാനല്ലല്ലോ.. അവളുടെ ഫ്രസ്ട്രഷൻ തീർക്കാൻ ഒരു ഉപകരണവും അല്ല ഞാൻ…”
അത്രയും പറഞ്ഞപ്പോൾ അവൾ കിതച്ചു പോയിരുന്നു.
“എന്തായാലും ഒരു തീരുമാനം ഞാൻ എടുത്തിട്ടുണ്ട്.എന്നെ കള്ളിയാണ് എന്ന് പറഞ്ഞ് അപമാനിച്ച ഈ വീട്ടിൽ ഞാൻ ഒരു നിമിഷം പോലും ഇനി നിൽക്കില്ല. ഇവിടുന്ന് ഇറങ്ങാൻ തന്നെയാണ് എന്റെ തീരുമാനം. ഇനി ഞാൻ എന്നെങ്കിലും ഇവിടേക്ക് മടങ്ങി വരണമെങ്കിൽ ആ പണം ആര് എടുത്തു എന്നും അത് ഏത് വഴിക്ക് പോയി എന്നും എനിക്കറിഞ്ഞേ പറ്റൂ.”
ഉറച്ച ശബ്ദത്തിൽ അത്രയും പറഞ്ഞുകൊണ്ട് അവൾ നോക്കുമ്പോൾ അവളുടെ അച്ഛൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
” നിന്നെ കൂട്ടിക്കൊണ്ടു പോകാൻ ആണ് ഞാൻ വന്നത്. എടുക്കാനുള്ളത് എന്താണെന്ന് വെച്ചാൽ ഇപ്പോൾ എടുത്തു കൊണ്ടിറങ്ങണം. അഭിമാനം പണയം വെച്ച് ജീവിക്കാൻ എന്റെ മകളോടു ഞാൻ ഒരിക്കലും പറയില്ല. “
അച്ഛന്റെ ആ വാക്കിന്റെ ബലത്തിൽ അച്ഛനോടൊപ്പം ആ പടിയിറങ്ങുമ്പോൾ, മനസ്സിൽ നോവായി നിന്നത് ഭർത്താവിന്റെ മുഖം മാത്രമായിരുന്നു…!
✍️ അപ്പു