ഏട്ടത്തി
രചന: സജി തൈപറമ്പ്
:::::::::::::::::::::::::
മുണ്ടും നേര്യതും ധരിച്ച് ,കൈയ്യിൽ പാൽ ഗ്ളാസ്സുമായി ഉണ്ണിമായ ,അലങ്കരിച്ച ബെഡ്റൂമിലേക്ക് കയറുമ്പോൾ ,അവൾക്ക് ,കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു.
സിനിമയിലും സീരിയലിലുമൊക്കെ കണ്ട് മാത്രം അറിവുള്ള ആദ്യരാത്രിയെ കുറിച്ച് നല്ല ഉത്ക്കണ്ഠയുണ്ടായിരുന്നു.
തലകുനിച്ച് പിടിച്ച് അകത്തേക്ക് കയറിയ ഉണ്ണിമായ, പതിയെ തല ഉയർത്തി നോക്കി.
ങ്ഹേ, ആള് ഇത്രവേഗം ഉറക്കമായോ?
പുറംതിരിഞ്ഞ് കിടക്കുന്ന ,സന്ദീപിനെ കണ്ടപ്പോൾ ഉണ്ണിമായ വല്ലാതെയായി.
താൻ വന്നത് ഒരു പാട് താമസിച്ച് പോയോ ?
ബന്ധുക്കളും ,അയൽക്കാരും ചേർന്ന് തന്നെ പൊതിഞ്ഞിരിക്കുകയാ യിരുന്നു ഇത്ര നേരം.
അതിനിടയിൽ നിന്ന് എട്ടത്തിയാ, തന്നെ രക്ഷിച്ച്, കയ്യിൽ പാൽ ഗ്ളാസ്സ് തന്ന് ഇങ്ങോട്ടയച്ചത്.
പാവം, കല്യാണത്തിന്റെ തിരക്കും, ഓട്ടവും ഒക്കെയായി കുറെ അലഞ്ഞിട്ടുണ്ടാവും.
ഉത്തരവാദിത്വത്തോടെ എല്ലാം ചെയ്യാനായി ,ആകെ അദ്ദേഹത്തിന് അച്ഛനും ഏട്ടനുമാണ് ഉള്ളത്.
അച്ഛൻ പ്രായമായത് കൊണ്ട് ഒന്നിനും കഴിയില്ല.
പിന്നെ, ഏട്ടൻ പട്ടാളത്തിലാണ് . അവിടുന്ന് ലീവെടുത്ത് ഒരു മാസമായി നാട്ടിലുണ്ടായിരുന്നയാളാണ്.
പക്ഷേ, അതിർത്തിയിൽ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ ,ഏട്ടനുൾപ്പെടെയുള്ളവരെ ,എമർജൻസിയായി, സൈന്യം ഇന്നലെ രാവിലെ തിരികെ വിളിക്കുകയായിരുന്നു.
ഇന്നലെ, അച്ഛൻ അമ്മയോട് പറയുന്നത് കേട്ടതാ.
കട്ടിലിന്റെ സിംഹഭാഗവും കവർന്നെടുത്തുള്ള കിടപ്പായിരുന്നു ,സന്ദീപിന്റേത്.
അത് കൊണ്ട് ഉണ്ണിമായ, ആ വലിയ ബെഡ്റൂമിന്റെ വശത്തായി കിടന്നിരുന്ന , ദിവാൻ കോട്ടിൽ കയറി കിടന്നു.
പകൽ മുഴുവൻ ഉടുത്തൊരുങ്ങി ,ക്യാമറമാൻമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചും ,അവർ പറയുന്നത് പോലെ അഭിനയിച്ചുമൊക്കെ ഉണ്ണിമായയും ആകെ ടയേർഡ് ആയിരുന്നു.
അത് കൊണ്ട് തന്നെ, കിടന്ന ഉടനെ അവൾ ഉറങ്ങി പോയി.
പിറ്റേന്ന് ഉറക്കമുണർന്ന് നോക്കുമ്പോൾ സൂര്യപ്രകാശം ജനലിൽ കൂടി മുഖത്ത് പതിക്കുന്നുണ്ടായിരുന്നു.
കട്ടിലിൽ നോക്കിയപ്പോൾ , സന്ദീപിനെ കാണാനില്ല.
അവൾ വേഗം ചാടിയെഴുന്നേറ്റു.
ബാത്റൂമിൽ കയറി ബ്രഷ് ചെയ്ത്, മുഖം കഴുകി, വേഗം അടുക്കളയിലേക്ക് ചെന്നു.
“ങ്ഹാ ,താനുണർന്നോ? ഏട്ടത്തിയാ പറഞ്ഞേ, ഇപ്പോഴേ വിളിക്കണ്ടാ കുറച്ച് കൂടി ഉറങ്ങിക്കോട്ടെ എന്ന് “
അടുക്കളയിലെ ,ഗ്യാസ് സ്റ്റൗ വച്ചിരിക്കുന്ന മാർബിൾ തട്ടിന് മുകളിലിരുന്ന്, ചൂട് ചായ മൊത്തിക്കുടിച്ച് കൊണ്ട് സന്ദീപ് അവളോട് ചോദിച്ചു.
സ്റ്റൗവ്വിൽ വച്ചിരിക്കുന്ന ഇടിയപ്പച്ചെമ്പിലേക്ക് ,തട്ടുകൾ ഓരോന്നായി ഇറക്കി വയ്ക്കുകയാണ് ഏട്ടത്തി.
അവിടെ വേറെ ആരെയും കണ്ടില്ല.
അപ്പോൾ ബന്ധുക്കളൊക്കെ ഇന്നലെ തന്നെ പോയിട്ടുണ്ടാവും.
ഉണ്ണിമായ മനസ്സിൽ ഓർത്തു,
“ഇതെന്നാ ..മായേ, എന്നതാ ആലോചിക്കുന്നത് ,പോയി കുളിച്ചിട്ട് വരൂ ദാണ്ടെ, ഇവിടെ ഒരുത്തനോട് ഞാൻ കുളിക്കാൻ പറഞ്ഞിട്ട് മടി പിടിച്ചിരിക്കുവാ”
ഏട്ടത്തി കോട്ടയം കാരിയാ.
നാല്പതിനടുത്ത് പ്രായം.
പക്ഷേ, നല്ല വെളുത്ത സുന്ദരിയാണാള്.
തഴച്ച് വളർന്ന് കിടക്കുന്ന നീണ്ട മുടി നി തം ബത്തെ മറച്ച് താഴേക്ക് കിടക്കുന്നു.
ഉണ്ണിമായയ്ക്ക് അത് കണ്ടിട്ട് അവരോട് അസൂയ തോന്നി.
“നീ ആദ്യം പോയി കുളിച്ചിട്ട് വാ ,ഞാനത് വരെയൊന്ന് എട്ടത്തിയെ സഹായിക്കട്ടെ “
സന്ദീപ് അതും പറഞ്ഞ് ഏട്ടത്തിയുടെ കൈയ്യിൽ നിന്നും അച്ച് വാങ്ങി ഇടിയപ്പം ,പീച്ചാൻ തുടങ്ങി.
ഷവറിന്റെ താഴേ, ശരീരംനനഞ്ഞ് കുതിരുമ്പോഴും, ഉണ്ണിമായയുടെ ഉള്ളിൽ എന്തോ ഒന്ന് പുകഞ്ഞ് കൊണ്ടിരുന്നു.
സന്ദീപിന്റെ ഏട്ടത്തിയോടുള്ള പെരുമാറ്റത്തിൽ എന്തോ അപാകതയുള്ളത് പോലെ.
“മായേ കഴിഞ്ഞില്ലേ? എനിക്ക് കുളിച്ചിട്ട് പുറത്ത് പോകാനുള്ള താ..ആ കലവറക്കാർക്കും ,പിന്നെ വണ്ടിക്കാർക്കുമൊക്കെ ബാക്കി ഉള്ളത്, കണക്ക് പറഞ്ഞ് കൊടുക്കാനുണ്ട്.
പുറത്ത് സന്ദീപിന്റെ ശബ്ദം കേട്ട് ,ഉണ്ണിമായ പെട്ടെന്ന് കുളി മതിയാക്കി, തലതുവർത്തി.
കളിമുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയതും സന്ദീപ്, അവളെ കയറിവട്ടം പിടിച്ചു.
“അയ്യേ ! എന്താ ഇത് ,സന്ദീപേ .. ആരേലും കാണും “
അവൾ കുതറാൻ ശ്രമിച്ചു.
പക്ഷേ, ഈർപ്പമുള്ള സുതാര്യ വസ്ത്രത്തിനുളളിലെ തളിർ മേനിയെ വിട്ടുകളയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
അവളുടെ എതിർപ്പിനെ മറികടന്ന് ,അവനവളെ കൂടുതൽ ഇറുകെ പുണർന്നു.
തന്റെ ശരീരം ഏതോ പുതിയ ലോകത്തേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് പോകുന്നതായി, അവൾക്ക് തോന്നി.
***********************
പുറത്ത് പോയിരുന്ന സന്ദീപ്, ഉച്ചയൂണിന്റെ സമയമായപ്പോൾ തിരിച്ച് വന്നു.
“മായേ… നീയും അവരോടൊപ്പം ഇരുന്നോളു ,ഞാൻ വിളമ്പാം “
ഏട്ടത്തി, അവളെ നിർബന്ധിച്ച്, സന്ദീപിനും ,അച്ഛനോടുമൊപ്പം ടേബിളിൽ ഇരുത്തി.
വിളമ്പിക്കഴിഞ്ഞ് ഏട്ടത്തിയും, സന്ദീപിന്റെ വലത് വശത്തായി ഇരുന്നു .
അവരുടെ, സന്ദീപിനോടുള്ള അടുപ്പം, കുറച്ച് ഓവറല്ലേ എന്ന് ഉണ്ണിമായയ്ക്ക് തോന്നി.
എരിവ് നെറുകയിൽ കയറി ,സന്ദീപ് ചുമച്ചപ്പോൾ, ഉണ്ണിമായ ഗ്ളാസ്സിൽ വെള്ളമൊഴിച്ചു എടുത്തു.
അപ്പോഴേക്കും, ഏട്ടത്തി അവന്റെ നെറുകയിൽ തട്ടിക്കൊടുത്ത്, ഉണ്ണി മായയുടെ കൈയ്യിൽ നിന്നും വെള്ളം വാങ്ങി അവനെ കൊണ്ട് കുടിപ്പിച്ചു.
എന്നിട്ട്, ഏട്ടത്തിയുടെ സാരിയുടെ മുന്താണി വലിച്ചെടുടുത്ത്, സന്ദീപിന്റെ മുഖവും, കഴുത്തുമൊക്കെ തുടച്ച് കൊടുത്തു.
സാരിത്തുമ്പ് വലിച്ചെടുക്കുമ്പോൾ അവരുടെ നിറഞ്ഞ മാറിടവും വെളുത്ത വയറുമൊക്കെ പുറത്ത് കാണാമായിരുന്നു.
ഛെ ! ഒരനുജന്റെ മുമ്പിലിങ്ങനെ അർദ്ധനഗ്നയായി നില്ക്കാൻ ഇവർക്ക് ലജ്ജയില്ലേ?
ഉണ്ണിമായയ്ക്ക് ആ കാഴ്ച വല്ലാത്ത അസ്വസ്ഥത ഉളവാക്കി.
തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഏട്ടത്തിയായ ഇവർക്കെന്താ ഇത്ര ഉത്കണ്ഠ താൻ ചെയ്യില്ലേ, ഇതൊക്കെ.
കുഴച്ച ചോറ് മതിയാക്കി ,അവൾ എഴുന്നേറ്റു.
“എന്താ ..മായേ .. മതിയാക്കിയോ?
സന്ദീപ് ,അവളോടാരാഞ്ഞു.
“ഉം, വിശപ്പില്ല”
മറുപടി പറഞ്ഞിട്ടവൾ ബെഡ് റൂമിലേക്ക് പോയി .
രാവിലെ മുതൽ ഏട്ടത്തിയും ,സന്ദീപും തമ്മിലുള്ള പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത ഉള്ളത് പോലെ അവൾക്ക് തോന്നി.
ഏട്ടൻ പട്ടാളത്തിലായത് കൊണ്ട് ഇനി ഏട്ടത്തിക്ക്, അനുജനോടാണോ അടുപ്പം.
ഇവിടെ എന്ത് നടന്നാലും, ആര് അറിയാനാ?
അച്ഛൻ ഒരാൾ ഉള്ളത് ,ഏത് നേരവും പുസ്തകവായനയുമായി വരാന്തയിലെ ചാരുകസേരയിൽ കിടപ്പാ .
ഉണ്ണിമായയുടെ മനസ്സിൽ അശുഭ ചിന്തകൾ ചേക്കേറി.
ഹും, ഇപ്പോൾ തീറ്റി കഴിഞ്ഞ് ഇങ്ങോട്ട് വരുമല്ലോ, ചോദിക്കണം, അവർ നിങ്ങടെ ആരാണെന്ന്.
അവൾ മനസ്സിൽ കണക്ക് കൂട്ടി.
മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും, സന്ദീപിനെ കാണാതിരുന്നത് കൊണ്ട് ഉണ്ണിമായ ,കട്ടിലിൽ നിന്നെഴുന്നേറ്റ് ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു.
അവിടെ അവൾ കണ്ട കാഴ്ച ,അവളുടെ ഉള്ളിൽ, തീക്കനൽ കോരിയിടുന്ന അനുഭവം ഉണ്ടാക്കി.
അവിടെ, ഏട്ടത്തിയുടെ ഇടതൂർന്ന മുടിയെ ഭംഗിയായി ചീകി, സന്ദീപ് , പിന്നികെട്ടി കൊടുക്കുന്നു .
വാതിൽക്കൽ വന്ന് നിന്ന, ഉണ്ണി മായയെ കണ്ടപ്പോൾ, അവന്റെ മുഖത്തൊരു ജാള്യത ഉണ്ടായതായി അവൾക്ക് തോന്നി.
അവൾ ,ഒന്നും മിണ്ടാതെ മുഖം കറുപ്പിച്ച് ,തിരിച്ച് പോകുന്നത് കണ്ടപ്പോൾ സന്ദീപിന് എന്തോ പന്തികേട് തോന്നി.
അയാൾ ,ജോലി മതിയാക്കി, വേഗം ഉണ്ണിമായയുടെ പുറകെ മുറിയിലേക്ക് ചെന്നു.
“നീയെന്താ അവിടെ വന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചിങ്ങ് വന്നത്. “
സന്ദീപ്, ജനൽക്കമ്പിയിൽ പിടിച്ച് വെളിയിലേക്ക് നോക്കി നില്ക്കുന്ന, ഉണ്ണിമായയോട് ചോദിച്ചു.
“ഓഹ് നിങ്ങളുടെ ഇടയിൽ ഒരു കട്ടുറുമ്പാകേണ്ടെന്ന് ഞാൻ കരുതി “
അവൾ പുച്ഛഭാവത്തിൽ പറഞ്ഞു .
“നീയെന്താ, പറഞ്ഞ് വരുന്നത് “
സന്ദീപിന്റെ മുഖം വലിഞ്ഞ് മുറുകി.
“ഇനിയും ഞാൻ തെളിച്ച് പറയണോ? ഞാൻ വെറുമൊരു മണ്ടിയാണെന്ന് കരുതരുത്.”
അവളുടെ കണ്ണുകളിലെ വെറുപ്പ് അവൻ കണ്ടു.
“ദേ ഉണ്ണിമായേ …മനസ്സിൽ ,ഉള്ളതെന്താന്ന് വച്ചാൽ തുറന്ന് പറ, അല്ലാതെ ഒരു മാതിരി പൊട്ടൻ കളിക്കാതെ “
സന്ദീപിന്റെ ക്ഷമ നശിച്ചിരുന്നു.
“നിങ്ങളല്ലേ എന്നെ പൊട്ടി ആക്കിയത് ,അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ ഏട്ടത്തിയും ,അനുജനും കൂടിയങ്ങ് പൊറുത്താൽ പോരായിരുന്നോ? എന്നെ എന്തിന് ഇതിനിടയിലേക്ക് വലിച്ചിട്ടു.”
ചോദ്യം മുഴുമിക്കുന്നതിന് മുമ്പ്, അവന്റെ കൈത്തലം, അവളുടെ കരണത്ത് വീണു .
“ഇനി ഒരക്ഷരം മിണ്ടിപോകരുത് നീ”
ക്രുദ്ധനായിക്കൊണ്ട് അവൻ അലറി.
“സന്തുട്ടാ, എന്തായിത് നീയെന്തിനാ അവളെ തല്ലിയത് “
അപ്പോഴേക്കും ഏട്ടത്തി അങ്ങോട്ട് കയറി വന്നു.
“ഏടത്തി അവൾ പറഞ്ഞത് കേട്ടില്ലേ “
“കേട്ടു എല്ലാം ഞാൻ കേട്ടു ,മോളേ മായേ.. നിനക്കറിയുമോ ,ഇവന് അഞ്ച് വയസ്സുള്ളപ്പോഴാ, ഇവന്റെ ഏട്ടന്റെ കൈ പിടിച്ച് ഞാനീ വീട്ടിലേക്ക് കയറി വന്നത്.
അന്ന് എന്റെ ഏട്ടൻ, എന്നോടൊരു കാര്യം പറഞ്ഞു.
ഇവനെ പ്രസവിച്ചതോടെ, ഇവരുടെ അമ്മ മരിച്ചതാണെന്നും, അമ്മയുടെ സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഇവനെ, നീ സ്വന്തം മകനെ പോലെ സ്നേഹിക്കണമെന്നും
അന്ന് മുതൽ ഞാനറിയാതെ തന്നെ ഇവനെന്റെ മകനാകുകയായിരുന്നു.
ഒരു പക്ഷേ, ഇവന് കിട്ടേണ്ട ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ കുറഞ്ഞ് പോകാതിരിക്കാനായിരിക്കും, ദൈവം ഞങ്ങൾക്ക് മറ്റൊരു കുഞ്ഞിനെ തരാതിരുന്നത്. “
അത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഉണ്ണിമായ കണ്ടു.
“നിനക്ക് എല്ലാം മനസ്സിലാകുമെന്നാ കരുതിയത്.”
“അല്ലെങ്കിൽ ഈ പൊട്ടൻ ഇതൊക്കെ ഇന്നലെ നിന്നോട് പറഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. “
“ങ്ഹാ സാരമില്ല കഴിഞ്ഞത് കഴിഞ്ഞു. ഒരു കാര്യം ചെയ്യ് ,രണ്ട് പേരും കൂടി വൈകിട്ട് ബീച്ചിലും പാർക്കിലുമൊക്കെ പോയി ഒരു സിനിമയൊക്കെ കണ്ടിട്ട് വന്നാൽ മതി, അപ്പോഴേക്കും നിങ്ങൾ എല്ലാം മറന്ന് ഒന്നായിരിക്കും മനസ്സിലായോ”
അത് കേൾക്കുമ്പോൾ സ്നേഹനിധിയായ ഒരു അമ്മായി അമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു, ഉണ്ണിമായ.
എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിച്ച് കൊണ്ട് അവൾ ഏട്ടത്തിയെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഉമ്മ വച്ചു.