നാട്ടിൽ വേറെ ആർക്കും ഭാര്യയും ഇല്ലാത്തതു പോലെയാണ് രാജീവിന്റെ ഓരോരോ കാര്യങ്ങൾ..

രചന: അപ്പു

::::::::::::::::::::::::::

” രാജീവ് ഇന്നലെയും വന്നില്ല അല്ലെ..? “

തന്റെ സീറ്റിലേക്ക് ഇരുന്നു കൊണ്ട് ലത മേടം ചോദിച്ചപ്പോൾ അടുത്തിരുന്ന അനില്‍ അവരെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

” അതെന്ത് ചോദ്യമാണ് മാഡം മാസത്തിലെ ഈ രണ്ടുമൂന്നു ദിവസങ്ങൾ രാജീവ് സാർ ലീവ് ആയിരിക്കുമെന്ന് ഈ ഓഫീസിൽ ആർക്കാണ് അറിയാത്തത്..? “

ഒരു കളിയാക്കലോടെ അനിൽ പറഞ്ഞപ്പോൾ ലത പുഞ്ചിരിച്ചു.

” നാട്ടിൽ വേറെ ആർക്കും ഭാര്യയും ഇല്ലാത്തതു പോലെയാണ് രാജീവിന്റെ ഓരോരോ കാര്യങ്ങൾ.. ഇങ്ങനെയൊക്കെ സ്നേഹിച്ചും ലാളിച്ചും അവളുമാരെ തലയിൽ എടുത്തു വച്ചാൽ അവസാനം അവർക്ക് തന്നെ പണി കിട്ടും..”

വലിയ ഒരു സിദ്ധാന്തം പറയുന്നതു പോലെ രാകേഷ് പറഞ്ഞപ്പോൾ അനിലും അത് ശരി വെച്ചു കൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു.

ആ രംഗം വീക്ഷിച്ചപ്പോൾ ലതയ്ക്ക് അവരോട് സഹതാപമാണ് തോന്നിയത്. എത്രയൊക്കെ പറഞ്ഞാലും അവരുടെ ഭാവത്തിൽ യാതൊരു വ്യത്യാസവും വരില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഒന്നും പറയാൻ പോയില്ല.

ജോലിയിലേക്ക് തിരിയാൻ തുടങ്ങുന്നതിനിടയിലാണ് ഒരു പുഞ്ചിരിയോടെ രാജീവ് അകത്തേക്ക് കയറി വരുന്നത് ലത ശ്രദ്ധിക്കുന്നത്. എത്രയൊക്കെ ദേഷ്യവും വെറുപ്പും ഉള്ളിൽ ഉണ്ടെങ്കിലും, പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്ന രാജീവിനെ കാണുമ്പോൾ തിരികെ ഒരു ചിരി കൊടുക്കാതിരിക്കാൻ ഒരാൾക്കും തോന്നില്ല.

അതുതന്നെയായിരുന്നു ലതയുടെയും പ്രതികരണം.

” ഗുഡ്മോണിങ് മാഡം.. “

അവരെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് രാജീവ് വിഷ് ചെയ്തു.

” ഗുഡ് മോർണിംഗ് രാജീവേ.. ഭാര്യക്ക് സുഖമായോ..? “

സൗഹൃദ സംഭാഷണം എന്നുള്ള നിലയ്ക്ക് അവർ ചോദിച്ചു. അതിനു മറുപടിയായി അവൻ പുഞ്ചിരിയോടെ തലയാട്ടി.

” എല്ലാ മാസവും ഉള്ളതല്ലേ മാഡം .. ഇത്തവണ പക്ഷേ അവൾക്ക് കുറച്ചു ദേഷ്യവും വാശിയും ഒക്കെ കൂടുതലായിരുന്നു എന്ന് മാത്രം.. “

രാജീവ് പറഞ്ഞപ്പോൾ ലതയും ചിരിച്ചു.

” ആ മെൻസസ് അവധിക്കാരൻ എത്തിയോ..? “

പരിഹാസത്തോടെ അനില്‍ ചോദിച്ചപ്പോൾ രാജീവ് അപ്പോഴും ചിരിച്ചതേയുള്ളൂ.

അവന്റെ ചിരി കണ്ടപ്പോൾ രാകേഷിന് വല്ലാതെ ദേഷ്യം വന്നു.

” തനിക്ക് ശരിക്കും നാണമാകുന്നില്ലേ..? ഇങ്ങനെ പെണ്ണുമ്പിള്ളയുടെ സാരിയിൽ തൂങ്ങി നടക്കാൻ..? ഈ മെൻസസൊക്കെ എല്ലാ സ്ത്രീകൾക്കും പറഞ്ഞിട്ടുള്ളതല്ലേ..? എന്ന് കരുതി എല്ലാ ഭർത്താക്കന്മാരും ഭാര്യമാർക്ക് കൂട്ടിയിരിക്കുകയാണോ ചെയ്യുക.? എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഭർത്താവ് ഭാര്യയ്ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ഞാൻ കാണുന്നത്. ഇങ്ങനെ നാട്ടിലുള്ളവരുടെ പരിഹാസവും ഏറ്റുവാങ്ങി നടക്കുന്നതിൽ ഭേദം തനിക്ക് പോയി തൂങ്ങി ചത്തൂടെ..? “

രാകേഷ് പരിഹസിച്ച് ചിരിച്ചപ്പോൾ ആ കൂട്ടത്തിൽ അനിലും കൂടി.

” നിങ്ങളൊക്കെ ഇങ്ങനെ പറയാനും മാത്രം ഞാൻ എന്ത് ചെയ്തു എന്നാണ് എനിക്ക് മനസ്സിലാവാത്തത്..? നേരത്തെ അനിൽ പറഞ്ഞില്ലേ മെൻസസ് അവധിക്കാരൻ എന്ന്.. അതിൽ എനിക്ക് യാതൊരു പരിഭവവും ഇല്ല. കാരണം എന്നെ ഭാര്യക്ക് മെൻസസ് ആവുമ്പോൾ തന്നെയാണ് ഞാൻ അവധി എടുക്കാറ്. അതിന് എനിക്ക് വ്യക്തമായ കാരണവും ഉണ്ട്. നിങ്ങളുടെ ഭാര്യമാരുടെ കാര്യത്തിൽ നിങ്ങൾ അങ്ങനെ ഒരു കെയർ കാണിക്കുന്നില്ലെങ്കിൽ അത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ.. “

ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് രാജീവ് തന്റെ സീറ്റിലേക്ക് ഇരുന്നു.

” ഇങ്ങനെ അവധിയെടുത്ത് നോക്കാനും മാത്രം എന്ത് പ്രശ്നമാണ് തന്റെ ഭാര്യക്ക് ഉള്ളത്..? സാധാരണ എല്ലാ സ്ത്രീകളെയും പോലെ ഈ സമയത്ത് കുറച്ചു രക്തം പോകും എന്നല്ലാതെ മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ തന്റെ ഭാര്യക്ക്..? “

രാകേഷിന് രാജീവിന്റെ മറുപടി തീരെ ഇഷ്ടപ്പെട്ടില്ല. അത് അയാളുടെ സംസാരത്തിൽ പ്രകടമാവുകയും ചെയ്തു.

” ഇപ്പോൾ ഒരു പുച്ഛത്തോടെ നിങ്ങൾ പറഞ്ഞില്ലേ കുറച്ചു രക്തം പോകുമെന്നല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന്..? ഈ ആർത്തവം എന്ന് പറയുന്നത് ഓരോ സ്ത്രീകളും എത്രത്തോളം കഷ്ടപ്പെട്ട് കടത്തിവിടുന്ന സിറ്റുവേഷൻ ആണെന്നറിയാമോ. ഈ ആർത്തവ വേദന എന്നൊക്കെ പറയുന്നത് നമുക്ക് പുരുഷന്മാർക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യമല്ല.. സ്ത്രീകളുടെ ശരീരം ശുദ്ധമാക്കപ്പെടുന്നത് ഈ ഒരു പ്രക്രിയയിലൂടെ ആണ് എന്നാണ് പറയപ്പെടുന്നത്. പിന്നെ താൻ പരിഹസിച്ച ഈ ഒരു പ്രവർത്തി ഉണ്ടല്ലോ.. ഇത് ഉള്ളതുകൊണ്ട് മാത്രമാണ് ഓരോ പുരുഷനും അച്ഛനാവാൻ കഴിയുന്നത്.. അല്ലെങ്കിൽ ഒരിക്കലും നമുക്കൊന്നും അടുത്ത തലമുറ പോലും ഉണ്ടാവില്ല.. ശരിക്കും ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളെ നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ പരിചരിക്കുന്നത് നമ്മൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാണ്. നമ്മുടെ ജീവിതത്തിൽ അവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ് അത്.. ആരൊക്കെ എന്നെ എങ്ങനെയൊക്കെ കളിയാക്കിയാലും ഇതൊന്നും എന്നെ ബാധിക്കില്ല. കാരണം ഞാൻ കൂട്ടിരിക്കുന്നതും സംരക്ഷിക്കുന്നതും എന്റെ ഭാര്യയെയാണ്. ഞാൻ താലികെട്ടി സ്വന്തമാക്കിയപ്പോൾ അവളുടെ ഏത് പ്രതിസന്ധിയിലും അവളോടൊപ്പം ഞാൻ ഉണ്ടാകും എന്ന് അവൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. ആ വാക്ക് ഞാൻ പാലിക്കുക തന്നെ ചെയ്യും.. “

രാജീവ് ഒരു നിമിഷം നിർത്തി. എല്ലാവരും അവന്റെ വാക്കുകളെ തന്നെ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു.

” എന്റെ ഭാര്യയെ സംബന്ധിച്ച് ഈയൊരു സമയത്ത് അവൾക്ക് ദേഷ്യവും വാശിയും ടെൻഷനും ഒക്കെ കൂടുതലായിരിക്കും. അതൊന്നും പോരാഞ്ഞിട്ട് ശരീരവേദന, വയറുവേദന എന്നൊക്കെ പറഞ്ഞിട്ട് കുറേയേറെ വേദനകളും.. ശരിക്കും പറഞ്ഞാൽ അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത രണ്ടുമൂന്നു ദിവസങ്ങൾ ആണ് അവളുടെ ആർത്തവ കാലം.. അവൾ അത്രയും കഷ്ടത അനുഭവിക്കുന്ന സമയത്ത് അവൾക്ക് റസ്റ്റ് കൊടുക്കുന്നതാണ് ഞാൻ അവളോട് ചെയ്യുന്ന ഒരേയൊരു കാര്യം. എനിക്ക് ഓഫീസിലേക്ക് പോകണം എന്ന് പറഞ്ഞാൽ അവളുടെ വേദനകളും അവളുടെ കഷ്ടപ്പാടും ഒക്കെ മറന്നു അവൾ വെളുപ്പിനെ തന്നെ എഴുന്നേറ്റ് എനിക്ക് കൊണ്ടുവരാനുള്ള ചോറും കറികളും ഒക്കെ റെഡിയാക്കും. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി കഴിയുമ്പോൾ അവൾ വേദന സഹിക്കാനാവാതെ കിടന്നാൽ പിന്നീട് ഒരുപക്ഷേ എഴുന്നേൽക്കുക ഞാൻ തിരികെ വീട്ടിലെത്തുമ്പോൾ ആയിരിക്കും. അതിനിടയിൽ അവൾ ആഹാരം പോലും കഴിക്കില്ല. ഒന്ന് രണ്ട് തവണ ഈ കാര്യത്തിൽ എനിക്ക് അനുഭവം ഉള്ളതാണ്.അത് മനസ്സിലാക്കിയതിനു ശേഷം ആണ് എന്തൊക്കെ സംഭവിച്ചാലും അവളുടെ ഈ കാലഘട്ടത്തിൽ ഞാൻ അവളോടൊപ്പം ഉണ്ടാകും എന്ന് ഞാൻ വാശി പിടിക്കുന്നത്. ഒട്ടും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് ഞാൻ അവളോടൊപ്പം നിൽക്കാത്തത്. പക്ഷേ ആ സമയത്ത് അവളോടൊപ്പം നിൽക്കാൻ അവളുടെ അമ്മയെയും ഞാൻ വീട്ടിൽ കൊണ്ടു വന്നു നിർത്തും.. എന്റെ ഭാര്യക്ക് പ്രത്യേകത ഉള്ളതുകൊണ്ട് അല്ല ഞാൻ അവളെ ഇങ്ങനെ നോക്കുന്നത്. അവളിലെ സ്ത്രീ ഏറ്റവും കഷ്ടത അനുഭവിക്കുന്ന കാലഘട്ടത്തിൽ, അവൾക്ക് താങ്ങായി നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. നാളെ എന്റെ മകളും ഇതുപോലെ ഒരു പൂർണ്ണ സ്ത്രീയാകും. എന്റെ മകനും കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായത്തിലേക്ക് എത്തിത്തുടങ്ങി. തീർച്ചയായും അവർ രണ്ടാളും കണ്ടു വളരേണ്ടത് അമ്മയെ അച്ഛൻ എങ്ങനെ സ്നേഹിക്കുന്നു എന്നാണ്. അത് കണ്ടുവരുന്ന എന്റെ മകൻ അവന്റെ ജീവിതത്തിലേക്ക് കയറി വരുന്ന പെൺകുട്ടിയെയും അവന്റെ സഹോദരിയെയും അവന്റെ അമ്മയെയും ഒക്കെ നന്നായി തന്നെ പരിചരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. മക്കളെ തല്ലി വളർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമ്മൾ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുന്നത്..”

രാജീവ് പറഞ്ഞു നിർത്തിയപ്പോൾ രാകേഷോ അനിലോ സംസാരിക്കുന്നുണ്ടായിരുന്നില്ല. അയാൾ പറഞ്ഞതിൽ എവിടെയൊക്കെയോ ഒരു ശരിയുണ്ട് എന്ന് മനസ്സാൽ അംഗീകരിക്കുകയായിരുന്നു അവർ രണ്ടാളും.

” രാജീവ് ഇപ്പോൾ പറഞ്ഞ കാര്യത്തിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ പലപ്പോഴും എന്റെ ഭർത്താവിൽ നിന്ന് ആഗ്രഹിച്ചിട്ടുള്ളതാണ് ഇങ്ങനെ ഒരു പരിചരണം. ഒരിക്കൽപോലും കിട്ടിയിട്ടില്ല എങ്കിലും ഇനി ഒരിക്കലും കിട്ടില്ലെന്ന് അറിയാമെങ്കിലും പല സ്ത്രീകളും രഹസ്യമായിട്ടെങ്കിലും കൊതിക്കുന്നത് ഇങ്ങനെ ഒരു പരിചരണത്തിനു വേണ്ടിയാണ്. രാജീവ് ഭാര്യയെ സ്നേഹിക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ കൊതി തോന്നുന്നുണ്ട്..”

അത് പറയുമ്പോൾ ലതയുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.

“കണ്ണ് വയ്ക്കല്ലേ മാഡം.. ജീവിച്ചു പൊക്കോട്ടെ..”

അവരോട് കൈകൂപ്പി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ ആ സിറ്റുവേഷൻ പെട്ടെന്ന് തന്നെ കൈപ്പിടിയിൽ ഒതുക്കി…

✍️ അപ്പു