രചന: അപ്പു
:::::::::::::::::::::::::::::
“ഞാൻ വേണമെങ്കിൽ നിന്റെ കാലു പിടിക്കാം.. എനിക്ക് ഒരേയൊരു മകനെ ഉള്ളൂ.. അവനെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല.. നിന്നെ വിവാഹം ചെയ്താൽ അവനെ എനിക്ക് നഷ്ടപ്പെടും.. ദയവു ചെയ്ത് അവന്റെ ജീവിതത്തിൽ നിന്ന് നീ ഒഴിഞ്ഞു പോകണം..”
കണ്ണീരോടെ കൈകൂപ്പി കൊണ്ട് ഉണ്ണിയേട്ടന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ ഈ ഭൂമിയിൽ നിന്ന് എവിടേക്കെങ്കിലും മാഞ്ഞു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് തോന്നിയത്..!
പക്ഷേ എന്തു പ്രയോജനം..? ഇതൊക്കെ ഞാൻ അനുഭവിക്കണം എന്നുള്ളത് ദൈവവിധിയായിരിക്കണം.. അതിനെ എതിർത്തു തോൽപ്പിക്കാൻ ആർക്കാണ് ധൈര്യം ഉള്ളത്..?
ചെറുപ്പം മുതൽക്ക് ഭാഗ്യ ദോഷം മാത്രം കൂട്ടായിട്ടുള്ള എനിക്ക് എങ്ങനെയാണ് ഉണ്ണിയേട്ടനെ പോലെ നല്ലൊരു ആളിനെ ഭർത്താവായി കിട്ടുക..?
അവൾ സ്വയം ചോദിച്ചു.
” ഞാൻ പറഞ്ഞതൊക്കെ മോൾക്ക് മനസ്സിലായി എന്നൊരു സമാധാനത്തിലാണ് ഞാൻ ഇവിടെ നിന്നും മടങ്ങി പോകുന്നത്. ഇനി ഒരിക്കലും നിന്റെ പേര് എന്റെ ജീവിതത്തിൽ ഒരിക്കലും കേൾക്കേണ്ടി വരരുത്… “
അപേക്ഷയായും ഭീഷണിയായും ഒക്കെ പറഞ്ഞു കൊണ്ട് ഉണ്ണിയേട്ടന്റെ അമ്മ കടന്ന് പോകുമ്പോൾ ഇനിയുള്ള എന്റെ ജീവിതം എങ്ങനെയായിരിക്കും എന്നൊക്കെ ആകുലപ്പെടുകയായിരുന്നു ഞാൻ.
ഞാൻ ആതിര. ഒരുപക്ഷേ എന്റെ ഇത്രയും മനോഹരമായ പേര് വല്ലപ്പോഴുമെങ്കിലും വിളിച്ചിരുന്നത് എന്റെ ഉണ്ണിയേട്ടൻ മാത്രമായിരുന്നു. മറ്റുള്ളവർക്കൊക്കെയും ഞാൻ ഭാഗ്യദോഷിയാണ്..
അവരൊക്കെ അങ്ങനെ വിളിക്കുന്നതിലും അവരെ തെറ്റ് പറയാൻ പറ്റില്ല കേട്ടോ.. എന്റെ ഇന്ന് വരെയുള്ള അനുഭവങ്ങൾ അങ്ങനെയാണ്..
എന്റെ അച്ഛന്റെയും അമ്മയുടെയും ഒരുപാട് നാളത്തെ പ്രാർത്ഥനയുടെയും വഴിപാടിന്റെയും ഒക്കെ ഫലമായിട്ടാണ് ഞാൻ ജനിച്ചത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അവർ രണ്ടാളും എന്നെ അത്രയും ശ്രദ്ധയോടെയാണ് വളർത്തിയത്. ഒരുപാട് ലാളിച്ചു തന്നെയാണ് എന്റെ ഓരോ ദിവസങ്ങളും മുന്നോട്ടു പോയത്.
ദൈവങ്ങളുടെ വരദാനമാണ് ഞാൻ എന്നാണ് അച്ഛന്റെയും അമ്മയുടെയും അഭിപ്രായം. അതുകൊണ്ടു തന്നെ എന്നെ സംബന്ധിക്കുന്ന ഏത് ആഘോഷങ്ങൾക്കും ഈശ്വരസന്നിധിയിൽ പോവുക എന്നുള്ളത് അവരുടെ വിശ്വാസമായിരുന്നു.
എന്റെ മൂന്നാം പിറന്നാളിന് അങ്ങനെ ക്ഷേത്രദർശനം നടത്തിയതായിരുന്നു അന്നേ ദിവസം.. എന്റെ എല്ലാ പിറന്നാളുകളെയും പോലെ സന്തോഷത്തോടെ ആ ദിവസവും ഓർത്തുവയ്ക്കാം എന്ന് കരുതിയ എന്റെ ജീവിതത്തിലെ ഏറ്റവും കരിനിഴൽ വീഴ്ത്തിയ ദിവസമായിരുന്നു അന്ന്.
അന്ന് ക്ഷേത്രദർശനം കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഒരു ആക്സിഡന്റ്. അവിടെ വച്ച് തന്നെ അച്ഛനും അമ്മയും മരണപ്പെട്ടു. എന്തൊക്കെയോ പരിക്കുകളോടെ എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെൺകുഞ്ഞിനെ ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക..? ആ ചിന്തകൾ കൊണ്ട് തന്നെയായിരിക്കണം ദിവസങ്ങളൊളം ഞാൻ ആശുപത്രിയിൽ കിടക്കയിൽ കിടന്നത്.
ഒടുവിൽ എന്നോടുള്ള അലിവു കൊണ്ടാണോ അതോ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ എന്നറിയില്ല, അച്ചാച്ചനും അച്ഛമ്മയും എന്നെ ഏറ്റെടുത്തു. അവരുടെ കീഴിലായിരുന്നു ഞാൻ വളർന്നതും പഠിച്ചതും ഒക്കെ.
അവിടെ അവരുടെ കൂടെ ചെറിയച്ഛനും കുടുംബവും ഒക്കെ ഉണ്ടായിരുന്നു. ചെറിയമ്മയ്ക്ക് എന്നെ ആദ്യം മുതൽക്കേ ഇഷ്ടമല്ല എന്ന് ഓർമ്മ വച്ച കാലം മുതലേ എനിക്ക് അറിയാം.
അതിന് മുൻപുള്ള കഥകൾ ഒക്കെ അച്ഛച്ചനും അച്ഛമ്മയും ഒക്കെ പറഞ്ഞുള്ള അറിവാണ് എനിക്ക് ഉള്ളത്. വീട്ടിൽ ചെറിയമ്മയ്ക്ക് മാത്രമായിരുന്നു എന്റെ കാര്യത്തിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നത്.
മറ്റെല്ലാവരും എന്നെ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി എന്നുള്ള നിലയ്ക്ക് ഒരുപാട് പരിഗണന നൽകി തന്നെയാണ് വളർത്തിയത്. പക്ഷേ അതിനൊക്കെ ആയുസ്സ് വളരെ കുറവാണ് എന്നുള്ള കാര്യം അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഞാൻ ആ വീട്ടിലെത്തി കൃത്യം ഒന്നര വർഷം കഴിഞ്ഞപ്പോൾ അച്ചാച്ചൻ മരണപ്പെട്ടു. ഒരു രാത്രിയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം പിറ്റേ ദിവസം രാവിലെ കണ്ണ് തുറന്നില്ല. നിർഭാഗ്യവശാൽ അന്നേ രാത്രി അദ്ദേഹത്തിനോടൊപ്പം ഞാനായിരുന്നു ഉറങ്ങിക്കിടന്നത്.
ഒരുപക്ഷേ രാത്രിയിൽ എപ്പോഴെങ്കിലും ഉണ്ടായ ഹൃദയസ്തംഭനം ആയിരിക്കാം മരണ കാരണം. പക്ഷേ അത് നാട്ടുകാർക്ക് ഉള്ളിൽ വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു രീതിയിലായിരുന്നു.
എന്റെ പിറന്നാൾ ദിവസം അച്ഛനും അമ്മയും മരണപ്പെട്ടപ്പോൾ തന്നെ ഞാൻ ഒരു ഭാഗ്യദോഷിയാണ് എന്നുള്ള പേരിൽ നാട്ടുകാർ പലതും പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷേ ഒരു ചെറിയ കുഞ്ഞിനെ ഇങ്ങനെ അധിക്ഷേപിക്കാൻ പാടില്ല എന്നുള്ള അഭിപ്രായമുള്ളവരും നാട്ടിൽ ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഭാഗ്യദോഷി എന്നുള്ള വിളി ആ സമയത്തൊന്നും ചെവിയിൽ എത്തിയിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായിട്ടുണ്ടായ അച്ചാച്ചന്റെ മരണം ആ വിളിയെ ഊട്ടിയുറപ്പിച്ചു.
” ഈ പെൺകൊച്ച് നടക്കാൻ തുടങ്ങിയപ്പോൾ അതിന്റെ അച്ഛനും അമ്മയും ഈ ലോകം തന്നെ വിട്ടു പോകേണ്ടി വന്നു. ഇപ്പോൾ ദേ അച്ചാച്ചനും പോയി.. ഇവളുടെ ജീവിതത്തിൽ ഇവൾ ഓരോ പടവുകളും മുന്നോട്ടു പോകുമ്പോൾ, ഇവളോടൊപ്പം ഉള്ളവർക്ക് ആപത്ത് തന്നെയാണ്. ഭാഗ്യം കെട്ട ജന്മം..”
പരസ്യമായും രഹസ്യമായും നാട്ടുകാർ അത് പറഞ്ഞു തുടങ്ങി.
അതിൽ എത്രത്തോളം സത്യമുണ്ട് എന്നൊന്നും ആർക്കും അറിയില്ല. പക്ഷേ ഒന്നു മാത്രം അറിയാം. അന്ന് വരെ എന്നെ താലോലിച്ചു വളർത്തിയിരുന്ന അച്ഛമ്മ അന്നു മുതൽ എന്നെ ഒരു ശത്രുവായി കാണാൻ തുടങ്ങി.
പ്രത്യക്ഷത്തിൽ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും അച്ഛമ്മയ്ക്ക് എന്നോട് ഉണ്ടായ സ്നേഹക്കുറവ് ചെറിയമ്മയ്ക്ക് വളരെ വേഗം മനസ്സിലാക്കാൻ സാധിച്ചു.
അന്നോളം അച്ഛമ്മയെ പേടിച്ച് ചെറിയമ്മ എന്നെ വലിയ രീതിയിൽ ഉപദ്രവിക്കുക ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അച്ഛമ്മയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെ ചെറിയമ്മയ്ക്ക് ഒരു ലൈസൻസ് കിട്ടിയ ഭാവമായി.
വീട്ടിലെ പണികൾ മുഴുവൻ എടുപ്പിക്കുന്നത് തുടങ്ങി ഒരുപാട് ഉപദ്രവങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നു.
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛമ്മയുടെ മരണം. ആ സമയത്തൊന്നും എനിക്ക് കൂട്ടുകാർ പോലും ഉണ്ടായിരുന്നില്ല. എന്നോട് കൂട്ടുകൂടുന്നവർക്കൊക്കെ ദ്രോഹമാണ് എന്നുള്ള ഒരു സംസാരം ആ കാലഘട്ടത്തിൽ കൂട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു.അതിനൊരിക്കലും അവരെ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
മുൻകാല അനുഭവങ്ങൾ കൊണ്ട് അവരുടെ വീട്ടുകാർ പറഞ്ഞു കൊടുക്കുന്ന അറിവ് മാത്രമാണല്ലോ അവർക്കുള്ളത്..!!
അച്ചമ്മ കൂടി മരണപ്പെട്ടതോടെ വീടിന്റെ ഭരണം മുഴുവൻ ചെറിയമ്മയ്ക്കായി. അന്നോളം ഞാൻ അനുഭവിച്ചതിനേക്കാൾ ഇരട്ടി അന്നു മുതൽ ഞാൻ അനുഭവിക്കേണ്ടി വന്നു.
ഒരുപക്ഷേ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആയിരിക്കണം എന്നെ അവർ പഠിക്കാൻ അയച്ചിരുന്നത്. പക്ഷേ പഠിക്കാൻ പോകുന്നതിനും ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പഠിക്കാൻ പോകണമെങ്കിൽ ആ വീട്ടിലുള്ള പണികളിൽ എല്ലാം ഞാൻ ചെറിയമ്മയെ സഹായിക്കണം.
രാവിലെ എല്ലാവർക്കും ആഹാരം ഉണ്ടാക്കുന്നത് തുടങ്ങി ഒരുപാട് ജോലികൾ എനിക്ക് അവിടെ ഉണ്ടായിരുന്നു. ജോലികളൊക്കെ ഒതുക്കി സ്കൂളിലേക്ക് എത്തുമ്പോൾ മിക്കപ്പോഴും ലേറ്റ് ആകാറുണ്ട്.
വൈകുന്നേരം വീട്ടിലേക്ക് ഓടിയാണ് വരാറ്. ആരോടും സംസാരിച്ചു നിൽക്കാൻ പോലും അവസരം ഉണ്ടായിരുന്നില്ല.
പക്ഷേ എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല ഉണ്ണിയേട്ടൻ എന്നോട് സൗഹൃദം സ്ഥാപിച്ചത്. എന്നോടുള്ള താല്പര്യം സൗഹൃദം എന്നതിൽ കവിഞ്ഞ് പ്രണയത്തിലേക്ക് എത്തിയത് ഞങ്ങൾ ഇരുവരും അറിഞ്ഞിരുന്നു.
അദ്ദേഹം അത് എന്നോട് തുറന്നു പറയുമ്പോൾ ഒരു കാര്യം മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ.
” എന്നോടൊപ്പം കൂടുന്നവർക്ക് ഒക്കെ ദോഷമാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് അത് ശരിയാണെന്ന് എനിക്ക് പോലും തോന്നിയിട്ടുണ്ട്. അതുകൊണ്ട് എന്നെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനം ഒരുപാട് ആലോചിച്ചതിനു ശേഷം മാത്രം എടുത്താൽ മതി.. “
അങ്ങനെ പറഞ്ഞെങ്കിലും ഒരിക്കലും എന്നെ തള്ളിക്കളയരുത് എന്ന് മാത്രമാണ് മനസ്സിൽ പ്രാർത്ഥിച്ചത്. എന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ടായിരിക്കാം അദ്ദേഹം എന്നേ ചേർത്ത് പിടിച്ചത്.
അന്നുമുതൽ കളങ്കമില്ലാത്ത സ്നേഹം എന്താണെന്ന് അറിയുകയായിരുന്നു ഞാൻ. ഇത്രയും വർഷങ്ങൾ ആരും അറിയാതെ ഞങ്ങൾ പ്രണയിച്ചു.
ഇപ്പോൾ ഉണ്ണിയേട്ടന് വീട്ടിൽ വിവാഹം ആലോചനകൾ തുടങ്ങിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹം തന്നെയാണ് വീട്ടിൽ തുറന്നു പറയാം എന്നൊരു തീരുമാനമെടുത്തത്. അപ്പോഴും എനിക്ക് ഭയമുണ്ടായിരുന്നു.
ഇപ്പോൾ എന്റെ ഭയമെല്ലാം സത്യമായതു പോലെ..!
വീട്ടുകാർക്ക് വേണ്ടി ഉണ്ണിയേട്ടനെ വിട്ടുകൊടുക്കണോ..? അതോ ഇന്നുവരെ അറിയാത്ത സ്നേഹവും വാൽസല്യവും തന്ന് എന്റെ ജീവിതം മനോഹരമാക്കാം എന്ന വാക്ക് തന്ന ഉണ്ണിയേട്ടനെ സ്വീകരിക്കണോ..?
ചിന്തകളുടെ അതിപ്രസരം കൊണ്ടായിരിക്കാം അവൾ തളർന്നു വീണത്.. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൾ വഴുതി വീണത്..!
✍️അപ്പു