ഏട്ടന്റെ അമ്മ ഗൗതമിയമ്മയോട് അന്ന് സ്വകാര്യമായി പറഞ്ഞ ആ വാക്കുകൾ ഓർമയിൽ തെളിഞ്ഞു വന്നു….

രചന: ഗിരീഷ് കാവാലം

:::::::::::::::::::::

“പെണ്ണുങ്ങൾ ആയാൽ കാര്യപ്രാപ്‌തി വേണം അല്ലേൽ ഇങ്ങനെ ഇരിക്കും..അവൾ അവളുടെ ചേട്ടത്തിയെ കണ്ട് പഠിക്കട്ടെ “

അടുത്ത മുറിയിൽ നിന്ന് അമ്മായിയമ്മയുടെ നാവിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്നു കേട്ട ആ വാക്കുകളുടെ കുന്തമുന തനിക്കെതിരെ ആണെന്ന് തിരിച്ചറിഞ്ഞ സ്നേഹ ഒരു നിമിഷം സ്ഥബ്ധയായി നിന്നുപോയി

വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന അമ്മായിയമ്മക്ക് താൻ ഒരു മരുമകൾ മാത്രം അല്ല, എന്തിനും ഏതിനും സ്വന്തം മകളെക്കാൾ തന്നോട് ചേർന്ന് നിൽക്കുന്നവൾ ആണെന്ന് ആവേശത്തോടെ എല്ലാവരോടും പറയാറുള്ള ആ ഗൗതമിയമ്മ തന്നെയാണോ ഈ പറയുന്നത്..

അമ്മയിൽ നിന്നിങ്ങനെ പ്രതീക്ഷിച്ചില്ല.. ഇത്രയും പൊട്ടി തെറിക്കാൻ എന്ത് കാരണം ആണ് ഉണ്ടായത്…തന്റെ ഒരേ ഒരു കൂടപ്പിറപ്പായ ചേച്ചിയും, ചേട്ടനും മക്കളും തങ്ങളുടെ കുടുംബവീട്ടിൽ വന്ന് താമസം തുടങ്ങിയതാണോ..അതുമൂലം വീടും സ്ഥലവും അവർ കൈവശപ്പെടുത്തും എന്ന ചിന്ത കൊണ്ടാണോ ?

കൊറോണയും, സാമ്പത്തിക മാന്ദ്യവും പിന്നെ ഉണ്ടായിരുന്ന ബിസിനസ്സിലെ ചില ലീഗൽ പ്രോബ്ലെംസ് കൂടിയായപ്പോൾ കാനഡയിൽ നിന്ന് പലയാനം ചെയ്തു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിന് തന്റെ അമ്മായിയമ്മ എന്തിനാണ് ഇത്രയും രോഷം കൊള്ളുന്നത് ?

ഏട്ടനോട് ആണ് അമ്മ പറഞ്ഞതെങ്കിലും അത് താൻ കേൾക്കാൻ വേണ്ടി ആണെന്ന് ഉറപ്പാണ്..

ഒരു നിമിഷം തന്റെ അമ്മ, ഏട്ടന്റെ അമ്മ ഗൗതമിയമ്മയോട് അന്ന് സ്വകാര്യമായി പറഞ്ഞ ആ വാക്കുകൾ ഓർമയിൽ തെളിഞ്ഞു വന്നു

“വീടും, വീട് ഇരിക്കുന്ന സ്ഥലവും സ്നേഹക്കാ… മൂത്തവളും കുടുംബവും അവര് കാനഡയിൽ തന്നെ സെറ്റിൽ ആകാൻ പോകുവാ..അവർക്കിതൊന്നും വേണ്ടന്നാ പറഞ്ഞത് “

“എടീ ഞാൻ ഒന്നും തിരിച്ചു പറയാഞ്ഞതിന്റെ കാര്യം അമ്മയുടെ വാശിയെ പറ്റി അറിയാമല്ലോ… സ്വന്തം മകൾ, എന്റെ പെങ്ങൾ അന്യമതക്കാരന്റെ കൂടെ ഇറങ്ങി പോയതിന്റെ പേരിൽ അവളെ പടി അടച്ചു പിണ്ഡം വെച്ചപോലെ സ്വത്ത് മുഴുവൻ എന്റെ പേരിൽ ആക്കാൻ വില്പത്രം എഴുതിയിരിക്കുന്ന ആളാ….നാളെ ആ വില്പത്രത്തിൽ നിന്ന് എന്റെ പേര് വെട്ടികളയാനും മടിക്കാത്ത ആളാ അമ്മ “

“ഇന്നത്തെ കാലത്ത് നമ്മൾ ആലോചിച്ചും കണ്ടും നിന്നില്ലെങ്കിൽ നമുക്ക് തന്നെയാ അതിന്റെ നഷ്ടം. അതുകൊണ്ടാ അമ്മ പറഞ്ഞതിന് മറുത്തൊന്നും ഞാൻ പറയാതിരുന്നത് “

കിടക്കയിൽ ഏട്ടനെ, തന്റെ ചേച്ചിയുടെ ഭർത്താവിന്റെ കാനഡയിലെ ബിസിനസ്‌ പ്രോബ്ലെത്തെ കുറച്ചു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ മിഥുൻ അത് പറഞ്ഞപ്പോൾ സ്നേഹക്ക് ഒന്ന് മനസ്സിലായി വിവാഹകമ്പോളത്തിൽ പെണ്ണ് എന്ന ഉരുപ്പടിക്ക് മീതെ ഒളിഞ്ഞിരിക്കുന്ന സമ്പത്തിന്റെ തിളക്കം, അതാണ്‌ കുറഞ്ഞ പക്ഷം ആളുകളുടെയെങ്കിലും ചിന്ത എന്ന്

“ങേ…. അമ്മ ചായ കുടിച്ചില്ലേ “

അടുത്ത ദിവസം രാവിലെ ചായ ഉണ്ടാക്കി അമ്മയ്ക്കായി ടേബിളിൽ വച്ചിരുന്നത് അതേപോലെ തണുത്തിരിക്കുന്നു..

എന്താ അമ്മേ ചായ കുടിക്കാത്തെ എന്ന് ചോദിക്കാനായി തുനിഞ്ഞെങ്കിലും ഗൗതമിയമ്മയുടെ മുഖഭാവം കണ്ട സ്നേഹ തന്റെ നാവിന് പെട്ടന്ന് കടിഞ്ഞാൺ ഇട്ടു

കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലേക്കു കാൽ വച്ചു കയറിയിട്ട് മൂന്ന് വർഷമായി… ഒരു കുഞ്ഞുമായി.. പ്രതീക്ഷിച്ചതിലും സന്തോഷം കിട്ടിയ നാളുകൾക്ക് അന്ത്യമായി എന്ന് സ്നേഹക്ക് തോന്നിയ നിമിഷം..കഴുത്തിൽ താലി ചാർത്തപ്പെട്ട ആ നിമിഷം ഒന്നേ പ്രാർഥന ഉണ്ടായിരുന്നുള്ളൂ എത്ര വേണേലും താഴ്ന്നു കൊടുത്തോളാം മുന്നോട്ടുള്ള ജീവിതത്തിൽ സമാധാനക്കേട് ഉണ്ടാകല്ലേ എന്ന്

അതിന് കാരണം ഉണ്ടായിരുന്നു…കുടുംബ ബന്ധത്തിലെ പൊരുത്തക്കേടുകൾ മൂലം അകന്ന ബന്ധത്തിലെ ഒരു കൂട്ട ആത്മഹത്യ കണ്ട് മനസ്സ് മരവിച്ചവൾ ആയിരുന്നു സ്നേഹ

അമ്മേ അമ്മ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. എന്റെ അച്ഛനും അമ്മയും ഉണ്ടാക്കിയ സ്വത്ത് ഞങ്ങൾ രണ്ട് പെണ്മക്കൾക്കുമുള്ളതല്ലേ “

സ്നേഹ പറയാൻ വിചാരിച്ചതല്ലെങ്കിലും അറിയാതെ നാവിൽ നിന്ന് വീണു പോയി

ഗൗതമിയമ്മ തലയുയർത്തി അവളെ നോക്കി

സ്നേഹയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ ആയിരുന്നു അത് അവർക്ക്

ഗൗതമിയമ്മയുടെ മുഖം ചുവന്നു

അവരുടെ മറുപടി ആ നോട്ടത്തിൽ ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ സ്നേഹ കൂടുതൽ ഒന്നും പറയാൻ നിന്നില്ല എന്നതിലുപരി അവൾക്ക് കഴിഞ്ഞില്ല

അവർ അന്ന് പകൽ മുഴുവൻ സ്നേഹയുമായി സംസാരിച്ചതെ ഇല്ല..

വൈകുന്നേരം മിഥുൻ ഓഫീസ് കഴിഞ്ഞു വരുമ്പോഴേക്കും എന്നത്തേയും പോലെ തന്റെ കുഞ്ഞിനെ മടിയിൽ ഇരുത്തി തന്നെയും നോക്കി കസേരയിൽ ഇരിക്കാറുള്ള അമ്മയെ കാണാൻ ഇല്ലായിരുന്നു

ആ ശൂന്യത പ്രതീക്ഷിച്ച്‌ തന്നെയാണ് മിഥുൻ വന്നതും

കുഞ്ഞിന്റെ കളിയും ചിരിയും ഒഴിച്ചാൽ ആ വീട് മൂകമയം ആയിരുന്നു അന്ന് രാത്രി

അടുത്ത ദിവസം രാവിലെ ബാഗുമായി ഒരു സ്ത്രീ കടന്നു വരുന്നത് കണ്ട് സംശയഭാവത്തോടെ നിന്ന സ്നേഹയോടായി ഗൗതമിയമ്മ പറഞ്ഞു

“ഇവിടെ എന്നെ നോക്കാൻ ആയി ഞാൻ ഏർപ്പെടുത്തിയ പെണ്ണാ “

“നീയും കുഞ്ഞുമായി ഇനി കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി നിൽക്ക്.. ഒറ്റയ്ക്ക് പോകണ്ട മിഥുൻ കൊണ്ട് വിടും.. ചേച്ചിയും കുടുംബവും വന്നിട്ട് കാണാൻ വന്നതാണെന്ന് പറഞ്ഞു അവിടെ അങ്ങ് നിന്നോണം… നിങ്ങൾക്കുള്ളതാണ് ആ വീടെന്ന് അവർക്ക് തോന്നുന്ന രീതിയിൽ ആയിരിക്കണം നിന്റെ പ്രവൃത്തി “

സ്നേഹ മറുപടിയായി ഒന്നും പറഞ്ഞില്ല മിഥുനും അത് അംഗീകരിച്ച നിലയിൽ ആയിരുന്നു

അടുത്ത ദിവസം സ്നേഹയെയും കുഞ്ഞിനേയും കൂട്ടി മിഥുൻ അവളുടെ വീട്ടിലേക്ക് തിരിച്ചു

ആഹ്ലാദകരമായ ദിനം ആയിരുന്നു അന്ന്

ഓഫീസിൽ പോകേണ്ടതിനാൽ സ്നേഹ യെയും കുഞ്ഞിനേയും അവിടെ നിർത്തിയിട്ട് അടുത്ത ദിവസം തന്നെ മിഥുൻ തന്റെ വീട്ടിലേക്കു തിരിച്ചു

രണ്ടു ദിവസത്തിനു ശേഷം ഓട്ടോയിൽ വന്നിറങ്ങിയ സ്നേഹയെയും കുഞ്ഞിനെയും കണ്ട ഗൗതമിയമ്മയുടെ മുഖത്ത് പലവിധ ചോദ്യങ്ങൾ ഉയർന്നു വന്നു

സ്നേഹയുടെ മുഖം പ്രസന്നമായിരുന്നു

സന്തോഷത്തോടെ അകത്തേക്ക് കയറിയ അവൾ അമ്മയോടായി പറഞ്ഞു

“അമ്മേ ചേച്ചിയുടെ ഏട്ടന്റെ കാനഡയിലെ ബിസിനസ്‌ കോംപ്ലിക്കേഷൻ സെറ്റിൽ ആയി “

“അവർ താമസിയാതെ കാനഡക്കു പോകും “

ഗൗതമിയമ്മയുടെ മുഖം തെളിഞ്ഞു.. അവരുടെ മനസ്സിന്റെ പിരിമുറുക്കം അയഞ്ഞു

അന്ന് തന്നെ അവർ വീട്ടു സഹായത്തിനു വന്ന സ്ത്രീയെ സന്തോഷത്തോടെ തിരികെ പറഞ്ഞയച്ചു

അടുത്ത ദിവസം അപ്രതീക്ഷിതമായാണ് സ്നേഹയുടെ ചേച്ചിയും കുടുംബവും കാറിൽ വന്നിറങ്ങിയത്

സന്തോഷത്തോടൊപ്പം വല്ലാത്തൊരു ആധിയും സ്നേഹയുടെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു

“എടീ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ചേട്ടൻ പറഞ്ഞു ഞാനും വിചാരിച്ചു അങ്ങനെ ആയിക്കോട്ടെ എന്ന്.. പക്ഷേ വന്ന വഴിയിൽ ഞങ്ങക്കാ സർപ്രൈസ് ഉണ്ടായത്.. ങാ..അത് പറയാം “

ചേച്ചിയുടെ ശ്രദ്ധ ഗൗതമിയമ്മയിലേക്ക് പോയി

ഗൗതമിയമ്മയോട് വിശേഷ വിവരങ്ങൾ ചോദിച്ചറിയാൻ മത്സരിക്കുകയായിരുന്നു സ്നേഹയുടെ ചേച്ചിയും അവളുടെ ഭർത്താവും

ഗൗതമിയമ്മക്കും അവരുടെ സ്നേഹ പ്രകടനത്തിൽ സന്തോഷം തോന്നി

“സ്നേഹ ഭാഗ്യവതിയാ അമ്മയെപോലെ ഒരു അമ്മായിയമ്മയെ കിട്ടിയതിനു.. അമ്മയുടെ കൂടെ എപ്പോഴും സഹായത്തിനു ഒരാൾ വേണമെന്നിരിക്കെ അമ്മയുടെ വലിയ മനസ്സുകൊണ്ടല്ലേ വീട്ടിൽ ഞങ്ങൾക്കൊപ്പം കുറച്ചു ദിവസം നിന്നോളാൻ പറഞ്ഞത്”

ചേച്ചിയുടെ ഭർത്താവ് ആണ് അത് പറഞ്ഞത്

“അമ്മയുടെ കാര്യം പറഞ്ഞാൽ നൂറു നാവാ ഇവൾക്ക് “

സ്നേഹയുടെ ചേച്ചി കൂട്ടിച്ചേർത്തു

അപ്പോഴും സ്നേഹ ശ്വാസം പിടിച്ചു നിൽക്കുകയായിരുന്നു.. ഇവർ ഇപ്പോൾ പറഞ്ഞതെല്ലാം ശരി തന്നെയാണ്, ഞാൻ അങ്ങനെ തന്നെയാണ് ഇവരോട് പറഞ്ഞത് പക്ഷേ…..

അവൾക്കറിയാമായിരുന്നു താൻ പറഞ്ഞ ആ കള്ളം ഇപ്പോൾ പൊളിയും എന്ന് അവർ അത് പറയും .ആ നിമിഷം മുതൽ അമ്മയുടെ സ്വഭാവം മാറും

അപ്പോഴേക്കും സ്നേഹയുടെ ചേച്ചി തുടർന്നു

“പിന്നെ ഇങ്ങോട്ട് തിരിച്ചു പാതി വഴിയിലാ ഒരു ഗുഡ് ന്യൂസ്‌ കിട്ടിയത് “

“ഞങ്ങളുടെ കാനഡയിലെ ബിസിനസ്സിന്റെ ലീഗൽ പ്രോബ്ലെം എല്ലാം മാറി… കമ്പനി പഴയ രീതിയിൽ തന്നെ നടന്നു പോകാൻ ധാരണയായി…അതും അമ്മയുടെയൊക്കെ അനുഗ്രഹമായി തന്നെ ഞങ്ങൾ കാണുവാ..”

ചേച്ചിയുടെ ഏട്ടൻ അത് പറയുമ്പോൾ

സ്നേഹയുടെ മുഖം പെയ്തൊഴിഞ്ഞ മാനത്ത് ഉദിച്ച തിളങ്ങുന്ന നക്ഷത്രം പോലെ ആയി..അവൾക്ക് വിശ്വസിക്കാനാവുന്നില്ല.. അവൾ സർവ്വ ദൈവത്തെയും വിളിച്ചു ചേച്ചിയെ കെട്ടിപിടിച്ചു..

ഗൗതമിയമ്മയും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു… അപ്പോഴും അവരുടെ കണ്ണുകൾ ഒരു കുസൃതിചിരിയോടെ സ്നേഹയിൽ ഉടക്കി നിന്നു

എന്തോ ആലോചിച്ച ശേഷം ഗൗതമിയമ്മ ഒരു ദീർഘനിശ്വാസം വിട്ടു

ചേച്ചിയും കുടുംബവും തിരികെ പോയ അന്ന് തന്നെ ഗൗതമിയമ്മ വില്പത്രം എഴുതിയത് എടുത്ത് രണ്ട് പേരുടെയും മുന്നിൽ വച്ച് കീറി കളഞ്ഞു..

എന്റെ മകൾക്ക് കൂടി തുല്യമായി വീതിക്കേണ്ടത് തന്നെ എന്ന് പറയുമ്പോഴും ഗൗതമിയമ്മ സ്നേഹയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അപ്പോൾ അവളുടെ മുഖം മുൻപത്തെക്കാളും തെളിഞ്ഞു വരുന്നത് ആ അമ്മ ശ്രദ്ധിച്ചു… അത് ഒരിറ്റ് കണ്ണുനീർ ഒഴുകാൻ പാകത്തിന് ചാല് വെട്ടുകയായിരുന്നു അവരുടെ മുഖത്ത്……..