രചന: അപ്പു
:::::::::::::::::::::::
” നീയൊന്നും ജീവിച്ചിരിക്കാൻ പാടില്ല. അത് സമൂഹത്തിന് തന്നെ മോശമാണ്.. “
സ്വന്തം സഹോദരന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് അത് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മാനസിക വിഷമവും തോന്നിയിരുന്നില്ല.
അവൻ ചെയ്ത പ്രവർത്തി അത്രത്തോളം തളർത്തി കളഞ്ഞിരുന്നു..
എന്നെക്കാൾ 5 വയസ്സിന് ഇളയതാണ് എന്റെ അനിയൻ.. ചെറുപ്പം മുതലേ അവന്റെ കുറുമ്പും കുസൃതിയും വാശിയും മുഴുവൻ നന്നായി അറിയുന്നത് എനിക്ക് മാത്രമായിരുന്നു.
ഞങ്ങളുടെ ബന്ധുക്കൾ പലരും പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
“ശാലു അവനെ പ്രസവിച്ചു എന്നേയുള്ളൂ. അവനെ വളർത്തിയത് മുഴുവൻ മാളു ആണ്. അവന്റെ അമ്മ എന്ന് തന്നെ പറയാം..”
അതൊക്കെ കേട്ട് എത്രയോ ദിവസങ്ങളിൽ ഞാൻ അഭിമാനം കൊണ്ടിട്ടുണ്ട്.. ഒരുപക്ഷേ എന്നെ കൊണ്ട് മാത്രമേ അത് സാധിക്കൂ എന്ന് എന്റെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു..
ഓരോ തവണയും അവനെ നെഞ്ചോട് ചേർക്കുമ്പോഴും താരാട്ട് പാടുമ്പോഴും ഞാൻ എന്റെ സ്വന്തം കുഞ്ഞിനെയാണ് പാടി ഉറക്കുന്നത് എന്ന് മാത്രമാണ് കരുതിയിരുന്നത്.
അങ്ങനെ എന്റെ സ്നേഹവും വാത്സല്യവും കൊടുത്ത് ഞാൻ വളർത്തിക്കൊണ്ടുവന്ന എന്റെ മകൻ ഇങ്ങനെയൊരു തെറ്റ് ചെയ്യുമ്പോൾ എങ്ങനെ അവനെ ന്യായീകരിക്കും..?
ഒരിക്കലും ഒരു ന്യായീകരണവും അർഹിക്കുന്ന തെറ്റല്ല അവൻ ചെയ്തത്. ഒരു സ്ത്രീയെന്ന നിലയിലോ ഒരു സഹോദരി എന്ന നിലയിലോ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു തെറ്റ്..!!
അവന് പ്രായപൂർത്തിയായതിനു ശേഷം ഞങ്ങൾ ആരും അവന്റെ മുറിയിലേക്ക് അനാവശ്യമായി കയറി വരാറില്ല. മുറി വൃത്തിയാക്കാനും മറ്റുമായി മാത്രമാണ് ഞങ്ങൾ ഈ മുറിയിലേക്ക് കയറി വരുന്നത്.
പക്ഷേ ഇന്ന് ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോ എന്നറിയില്ല.. എന്റെ ഫോണിന്റെ ചാർജർ കേടായപ്പോൾ അവന്റെ ചാർജർ ഉപയോഗിക്കാം എന്ന് കരുതി അവന്റെ മുറിയിലേക്ക് വന്നതായിരുന്നു ഞാൻ.
ഞാൻ വരുമ്പോൾ ഡോർ ലോക്ക് അല്ലായിരുന്നു. അവൻ ഉള്ളിലുണ്ട് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ വാതിലിൽ തട്ടി വിളിച്ചു.
പ്രായം കൊണ്ടും സ്ഥാനം കൊണ്ടും എന്റെ അനിയൻ ആണെങ്കിലും മുതിർന്ന ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ അവന്റെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ടല്ലോ..!
എന്നെ പ്രതീക്ഷിക്കാതെ അവിടെ കണ്ടതിന്റെ അമ്പരപ്പോടെയാണ് അവൻ വാതിൽ തുറന്നത്.
” എന്താടി..? “
അവൻ ചോദിച്ചു.
” എന്റെ ചാർജർ കംപ്ലൈന്റ്റ് ആണ്.. നിന്റെ ചാർജർ എടുക്കാൻ വേണ്ടിയാണ്.”
അവനെ സംശയത്തോടെ നോക്കി കൊണ്ടാണ് മറുപടി പറഞ്ഞത്. എന്റെ ആവശ്യം കേട്ടു കഴിഞ്ഞപ്പോൾ അവൻ എന്നെ ദഹിപ്പിക്കുന്നതു പോലെ ഒന്ന് നോക്കി.
“നീ ഇവിടെ നിൽക്ക്.. ഞാൻ പോയി എടുത്തിട്ട് വരാം..”
അവൻ അതും പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി. പുറത്തു നിന്നു കൊണ്ട് തന്നെ ഞാൻ മുറിയിലേക്ക് എത്തി നോക്കിയപ്പോൾ അവൻ വേഗം വന്ന് വാതിൽ ചാരി.
ഇവൻ ഇങ്ങനെ ചെയ്യാനും മാത്രം എന്ത് നിധിയാണ് ഇതിന്റെ അകത്തുള്ളത്..?
ആ നിമിഷം ഉള്ളിൽ സംശയത്തിന്റെ കരട് വീണു..
ഞാൻ അധികം അവിടെ നിൽക്കുന്നത് നല്ലതല്ല എന്ന് തോന്നിയതു കൊണ്ട് ആയിരിക്കണം അവൻ വേഗം തന്നെ ചാർജർ കൊണ്ടു വന്നു തന്നത്.
” ഇനി നിനക്ക് വേറെ ഒന്നും വേണ്ടല്ലോ.. “
അവൻ ചോദിച്ചപ്പോൾ വേണ്ടെന്ന് ഞാൻ തലയാട്ടി. പിന്നെ ചാർജറും കൊണ്ട് മുറിയിലേക്ക് പോന്നു.
എന്റെ ഫോൺ ചാർജിൽ ഇട്ടു കഴിഞ്ഞിട്ടും എന്റെ ആലോചന അവന്റെ പ്രവർത്തികൾ തന്നെയായിരുന്നു.
ഇത്രത്തോളം രഹസ്യം സൂക്ഷിക്കാൻ അവന്റെ മുറിയിൽ എന്താണ് ഉള്ളത്. ഞങ്ങളാരും അറിയാൻ പാടില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ അവൻ ചെയ്യുന്നുണ്ട് എന്ന് തന്നെയല്ലേ അതിന്റെ അർത്ഥം..? അതെന്തായാലും കണ്ടുപിടിച്ചേ മതിയാകൂ. അല്ലെങ്കിൽ നശിച്ചു പോകുന്നത് സ്വന്തം സഹോദരന്റെ ജീവിതം തന്നെയായിരിക്കും.
നെടുവീർപ്പോടെ അതും ചിന്തിച്ചു കൊണ്ട് മുറിയിൽ ഇരുന്നെങ്കിലും അവന്റെ മുറിയിൽ എന്താണ് ഉള്ളത് എന്ന് എങ്ങനെ കണ്ടുപിടിക്കും എന്ന് എനിക്ക് കൺഫ്യൂഷൻ തന്നെയായിരുന്നു.
അതിനുള്ള അവസരം ഒത്തു കിട്ടിയത് അവൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയപ്പോഴായിരുന്നു. പോയിക്കഴിഞ്ഞാൽ അവൻ ഉടനെ ഒന്നും മടങ്ങി വരില്ല എന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് ആ അവസരം ഞാൻ മുതലെടുക്കാൻ തീരുമാനിച്ചത്.
അമ്മയും അച്ഛനും ഒക്കെ ജോലിക്ക് പോയതാണ് .അവരൊക്കെ വരാൻ എന്തായാലും വൈകും.ആ സമയം കൊണ്ട് അവന്റെ മുറിയിലുള്ളത് കണ്ടുപിടിക്കണം.
ആ മുറിയിലേക്ക് കയറി ചെല്ലുമ്പോഴും അഹിതമായത് ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യരുത് എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. പക്ഷേ ആ പ്രാർത്ഥനകളെ മുഴുവൻ വിഫലമാക്കിക്കൊണ്ട് ഒരിക്കലും കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത പലതും ഞാൻ അവന്റെ മുറിയിൽ കണ്ടു.
ആദ്യ കാഴ്ചയിൽ എനിക്ക് അവിടെയൊന്നും ഒരു പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ പ്രശ്നമില്ലാത്ത ഒരു മുറിയിലേക്ക് മറ്റൊരാൾ കയറി വരുമ്പോൾ അവൻ അത്രത്തോളം ഭയക്കേണ്ട കാര്യമില്ലല്ലോ.. ആ സ്ഥിതിക്ക് എന്തൊക്കെയോ അവൻ ഇവിടെ ഒളിച്ചു വച്ചിട്ടുണ്ട്.
സാധാരണ എല്ലാവരും ചെയ്യുന്നതു പോലെ ആദ്യം തന്നെ കട്ടിലിന്റെ അടിയിലാണ് ഞാൻ നോക്കിയത്. പക്ഷേ അവിടെ അങ്ങനെ സംശയിക്കത്തതായി ഒന്നും ഉണ്ടായിരുന്നില്ല. മേശയുടെ പുറത്ത് അലമാരയുടെ പുറത്തും ഒന്നും കാണാനുണ്ടായിരുന്നില്ല.
മേശ തുറന്നു നോക്കിയപ്പോൾ അതിന്റെ ഉള്ളിൽ കണ്ട സാധനങ്ങൾ എന്നെ അമ്പരപ്പിച്ചു എന്ന് തന്നെ പറയാം.
കുറെയേറെ ഫോട്ടോസ് ആണ് എനിക്ക് അതിന്റെ ഉള്ളിൽ നിന്ന് കിട്ടിയത്. പല സിനിമാ നടികളുടെയും ന്യൂഡ് ഫോട്ടോസ് ഉൾപ്പെടെ പലതും അതിനുള്ളിൽ ഉണ്ടായിരുന്നു.
അത് കണ്ടപ്പോൾ തന്നെ അറപ്പ് തോന്നി.
” ച്ചേ.. ഇവൻ ഇത് എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്..? “
ആ ഫോട്ടോസ് തിരികെ അതിനുള്ളിൽ തന്നെ വയ്ക്കാൻ നോക്കിയെങ്കിലും പിന്നെ അത് കത്തിച്ചു കളയാം എന്നൊരു തീരുമാനത്തിലേക്ക് ഞാൻ എത്തി.
അലമാരയുടെ ഉള്ളിലും ഇതുപോലെ എന്തെങ്കിലും ഒക്കെ അവൻ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്. അതും കൂടി നോക്കുക തന്നെ..
പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ അലമാര പൂട്ടിയിട്ടുണ്ടായിരുന്നു. അവന്റെ താക്കോൽ എവിടെയായിരിക്കും എന്നുള്ള അന്വേഷണങ്ങൾ കൊണ്ടു ചെന്ന് എത്തിച്ചത് മെത്തയുടെ അടിയിൽ ആയിരുന്നു.
പക്ഷേ അവിടെ എന്നെ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ച കൂടി ഉണ്ടായിരുന്നു. എന്റെയും അമ്മയുടെയും കാണാതായ അടിവസ്ത്രങ്ങൾ മുഴുവൻ ആ മെത്തയുടെ അടിയിൽ ഉണ്ടായിരുന്നു.
ദേഷ്യവും സങ്കടവും ഒക്കെ കൊണ്ട് എന്റെ ശരീരം വിറയ്ക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
” അവന്റെ സഹോദരി അല്ലേ ഞാൻ..? അവന്റെ അമ്മയല്ലേ..? ഞങ്ങളുടെ അടി വസ്ത്രത്തിൽ വരെ കാമം കണ്ടെത്താൻ അവന് എങ്ങനെ കഴിയുന്നു..? “
അവനെ ഓർക്കുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുന്നുണ്ടായിരുന്നു.
കയ്യിൽ തടഞ്ഞ താക്കോലും കൊണ്ട് അലമാര തുറക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും കാണാൻ ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിച്ചത്.
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അതിനുള്ളിൽ ലഹരി പദാർത്ഥങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു.
എല്ലാം കൊണ്ടും സ്വന്തം സഹോദരൻ വഴി പിഴച്ചുപോയി എന്ന് മനസ്സിൽ ഉറപ്പിച്ച സമയം തന്നെയായിരുന്നു അത്.
കയ്യിൽ കിട്ടിയതെല്ലാം വാരിക്കൂട്ടി ചവർ കത്തിക്കാനായി കൊണ്ടു പോകുമ്പോൾ,അതിന്റെ പേരിൽ ഇവിടെ ഒരുപാട് ചോദ്യവും പറച്ചിലുകളും ഉണ്ടാകും എന്ന് ഉറപ്പാണ്.
പ്രതീക്ഷിച്ചതു പോലെ വൈകുന്നേരം കളി കഴിഞ്ഞു വന്ന അവൻ മുറിയിലേക്ക് കയറി പോകുന്നതും അവിടെ എന്തൊക്കെയോ തപ്പുന്നതിന്റെ ശബ്ദം കേൾക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഒന്നും കിട്ടാതെ വന്നതോടെ ദേഷ്യത്തോടെ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
” നീയാണോ മുറിയിൽ കയറിയത്..? അവിടെയിരുന്ന സാധനങ്ങളൊക്കെ നീയാണോ എടുത്തു കളഞ്ഞത്..? “
ദേഷ്യത്തോടെ അവൻ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നുണ്ട്.
” നീ ഈ സാധനങ്ങൾ എന്ന് നിസ്സാരമായി പറയാതെ എന്തൊക്കെ സാധനങ്ങളാണെന്ന് വ്യക്തമായി പറയൂ.. എന്നാലല്ലേ എനിക്ക് മനസ്സിലാവൂ.. “
അവൻ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
” നിനക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ പറയാം. എന്റെയും അമ്മയുടെയും അടിവസ്ത്രങ്ങൾ, കുറേ ലഹരി വസ്തുക്കൾ, ഏതൊക്കെയോ സിനിമ നടിമാരുടെ കുറെ ന്യൂഡ് ഫോട്ടോസ്.. ഇത്രയും തന്നെയല്ലേ നിനക്ക് കാണാതായത്..? നാണമാവുന്നില്ലടാ നിനക്ക്..? നിന്റെ അമ്മയും പെങ്ങളും ഒക്കെ തന്നെയല്ലേ ഞങ്ങൾ..? ഞങ്ങളോട് പോലും കാമം തോന്നുന്നുണ്ടെങ്കിൽ നിന്റെ മാനസികനില എങ്ങനെയാണ് എന്നോർത്ത് എനിക്ക് നിന്നോട് അറപ്പ് തോന്നുന്നു.നീയൊന്നും ജീവിച്ചിരിക്കാൻ പാടില്ല. അത് സമൂഹത്തിന് തന്നെ മോശമാണ്.. “
സ്വന്തം സഹോദരന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് അത് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മാനസിക വിഷമവും തോന്നിയിരുന്നില്ല.
ബഹളം കേട്ടു കൊണ്ടുവന്ന അച്ഛനോടും അമ്മയോടും കാര്യങ്ങൾ മുഴുവൻ പറയുമ്പോൾ അവർക്കും അമ്പരപ്പായിരുന്നു. പക്ഷേ കുറ്റം ചെയ്തതു പോലെയുള്ള അവന്റെ നിൽപ്പും എന്റെ സംസാരവും ഒക്കെ അവർക്ക് വിശ്വസിക്കാൻ പാകത്തിന് ഉള്ളതായിരുന്നു.
കുറെയേറെ നേരത്തെ ചർച്ചയ്ക്ക് ഒടുവിലാണ് അവനെ ഒരു ഡോക്ടറിനെ കാണിക്കാൻ തീരുമാനമായത്. ഒരുപക്ഷേ കുറച്ച് കൗൺസിലിംഗ് സെക്ഷനുകളിലൂടെ അവനെ തിരികെ കിട്ടിയാലോ..?
✍️ അപ്പു