ദൈവമേ കേട്ടത് ഒരു നുണയായിരുന്നെങ്കിൽ..ഇന്ന് ഇങ്ങനെ ഒരു ദിവസം പിറവിയെടുത്തില്ലായിരുന്നെങ്കിൽ..

രചന: അപ്പു

:::::::::::::::::::

ദൈവമേ കേട്ടത് ഒരു നുണയായിരുന്നെങ്കിൽ.. ഇന്ന് ഇങ്ങനെ ഒരു ദിവസം പിറവിയെടുത്തില്ലായിരുന്നെങ്കിൽ..!

ഞാൻ വേദനയോടെ തൊട്ടപ്പുറത്തെ കടയിൽ ഇരിക്കുന്ന അലക്സിനെ നോക്കി.. അവൻ തകൃതിയായി ഓരോ ജോലികൾ ചെയ്തു തീർക്കുകയാണ്.

എത്രയും വേഗം നാട്ടിലേക്ക് പോകണം എന്ന് മാത്രമാണ് അവന്റെ ആഗ്രഹം. ആ ആഗ്രഹത്തിന് വേണ്ടിയാണ് വീട്ടിലേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞു ഷോപ്പിങ്ങിനായി തന്നെയും കൊണ്ട് വന്നിരിക്കുന്നത്.

അതിനിടയിൽ ഇങ്ങനെയൊരു വാർത്ത.. അവൻ ഇതെങ്ങനെ സഹിക്കും..?

ചിന്തകൾക്ക് ചൂട് പിടിച്ചു.

അലക്സ് വീട്ടിലേക്ക് ഓരോന്നും എത്ര ശ്രദ്ധയോടെയാണ് വാങ്ങിക്കൂട്ടുന്നത്..? അവൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ഒക്കെ ചെയ്ത ഭാര്യ ഇപ്പോൾ അവന്റെ വീട്ടിൽ ഇല്ല എന്ന് അവനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്..?

എന്റെ ചിന്തകൾ അതു മാത്രമായിരുന്നു.

“എടാ.. ഈ വള എങ്ങനെയുണ്ട്..? ഭംഗിയുണ്ടോ..? മെറിന് ഇത് ചേരുമായിരിക്കും അല്ലേ..?”

അത്യധികം ആഹ്ലാദത്തോടെ ഒരു വളയുമായി മുന്നിൽ വന്നു നിന്ന് ചോദിക്കുന്നത് അവനാണ്. അവൻ ആർക്കു വേണ്ടിയാണോ ഇതൊക്കെ വാങ്ങിക്കൂട്ടുന്നത് അവൾ അവനെ ആവശ്യമില്ലാതെ അവന്റെ സുഖസൗകര്യങ്ങൾ വേണ്ടാതെ മറ്റൊരാളുടെ ചൂടു തേടി പോയി എന്ന് ഇവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?

ആകെ പ്രതിസന്ധിയിൽ ആയത് ഞാനായിരുന്നു.

നാട്ടിൽ നിന്ന് വിവരമറിയിച്ചത് എന്നെ ആയിരുന്നു. അവനോട് വിവരം വിളിച്ചു പറയാനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.

എന്റെ മുഖം കണ്ടപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൻ ഊഹിച്ചിട്ടുണ്ടാവണം. അതുകൊണ്ടാണ് എന്റെ മുഖത്തേക്ക് തന്നെ അവൻ നോക്കി നിന്നത്.

“നിന്റെ മുഖം എന്താടാ ആകെ വല്ലാതെ ഇരിക്കുന്നത്..? എന്തെങ്കിലും പ്രശ്നമുണ്ടോ..?”

അവൻ ചോദിച്ചപ്പോൾ അവന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു പോകുമോ എന്ന് പോലും എനിക്ക് സംശയമായിരുന്നു.

” ഒന്നുമില്ല.. നിനക്ക് എന്തൊക്കെയാണ് വാങ്ങാനുള്ളത് എന്ന് വെച്ചാൽ വാങ്ങിയിട്ട് വേഗം വായോ.. നിനക്ക് നാട്ടിലേക്ക് പോകാനുള്ള ദിവസം അടുക്കുംതോറും എനിക്ക് നിന്നെ പിരിയാൻ പറ്റുന്നില്ല. അതിന്റെ വിഷമമാണ്.. “

ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ കുറച്ചുനേരം അവൻ എന്റെ മുഖത്ത് നോക്കി നിന്നു. പിന്നെ പൊട്ടിച്ചിരിയായിരുന്നു.

” അവസാനം അത് നിന്റെ നാവിൽ നിന്ന് പുറത്തു വന്നല്ലോ..? പലപ്പോഴും ഞാൻ ഇതേ കാര്യം തന്നെ പറയുമ്പോൾ നീയൊക്കെ എന്നെ കളിയാക്കിയിട്ടുള്ളതാണ്. ഞാനിവിടെ നിന്റെ കൂടെ ഇല്ലെങ്കിലും നിനക്ക് സുഖമാണ് എന്ന് എത്ര പ്രാവശ്യം നീ പറഞ്ഞിട്ടുണ്ട്.. നമ്മൾ തമ്മിൽ എത്ര വർഷത്തെ പരിചയമുള്ളതാണ്.. അതുപോലും കണക്കിലെടുക്കാതെ അല്ലേ നീ സാധാരണ എന്നെ കളിയാക്കി വിടാറ്..? ഇപ്പോൾ ഞാൻ നാട്ടിലേക്ക് പോകുന്നതിനു മുൻപ് തന്നെ എന്നെ മിസ്സ് ചെയ്യും എന്ന് നീ പറഞ്ഞില്ലേ..? അതാണ് ഫ്രണ്ട്ഷിപ്പ്.. “

എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ഇതൊക്കെയും പറയുമ്പോഴും അവന്റെ മുന്നിൽ കരയാതിരിക്കാൻ പാടുപെടുകയായിരുന്നു ഞാൻ.

” എന്തായാലും വാങ്ങാനുള്ള സാധനങ്ങൾ വേഗം വാങ്ങി കൊണ്ട് ഞാൻ വരാം. ഇന്ന് കുക്കിംഗ് എന്റെ വക.. “

ഉത്സാഹത്തോടെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും കടയുടെ ഉള്ളിലേക്ക് തന്നെ പോയി.

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഇങ്ങനെ ഒരുത്തനെ വിട്ടിട്ട് അവൾ ആരുടെ ചൂട് തേടി പോയതാണോ ആവോ..!

അവളെ ഓർത്ത് അതിശയം തോന്നുന്നു..

മെറിന്റെയും അലക്സിന്റെയും ബന്ധം കോളേജിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ്. ഒന്നിച്ച് ഒരേ ക്ലാസിൽ പഠിച്ചതായിരുന്നു രണ്ടുപേരും.

പരസ്പരമുള്ള സംസാരവും സൗഹൃദവും ഒക്കെ പതിയെ അവരെ പ്രണയത്തിലേക്ക് എത്തിച്ചു എന്ന് പറയാം. പഠനം കഴിഞ്ഞതോടെ അലക്സ് ഒരു ജോലി കണ്ടുപിടിച്ചത് അവളെ ജീവിതത്തിലേക്ക് കൂട്ടുക എന്നൊരു ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടായിരുന്നു.

അവരുടെ കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രണ്ട് വീട്ടിലും എതിർപ്പുണ്ടായിരുന്നു. രണ്ടുപേർക്കും ഒരേ പ്രായമാണ് എന്നതായിരുന്നു അവർ പറഞ്ഞ ഒരു കുറവ്.

ഒരേ പ്രായത്തിൽപ്പെട്ട രണ്ടുപേർക്കും ഒരു പക്വതയും ഉണ്ടാകില്ല. ജീവിതത്തെ സീരിയസായി കാണാൻ രണ്ടാൾക്കും കഴിയില്ല. ചിലപ്പോൾ എന്തെങ്കിലും ചെറിയ വാശികൾക്കും പിണക്കങ്ങൾക്കും പരസ്പരം വിട്ടുകൊടുക്കാതെ രണ്ടാളും പോരാടും.ഇതൊക്കെയായിരുന്നു വീട്ടുകാർ പറഞ്ഞ ന്യായീകരണങ്ങൾ.

പക്ഷേ അവർക്ക് രണ്ടാൾക്കും അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

” ഞങ്ങളുടെ വിവാഹം നിങ്ങൾ നടത്തി തരണം. അതിനു ശേഷം ഞങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങളെ ആരെയും ഞങ്ങൾ ആരും കുറ്റപ്പെടുത്തില്ല. എന്തൊക്കെ വഴക്കുകളും പിണക്കങ്ങളും ഉണ്ടെങ്കിലും അതൊക്കെ പറഞ്ഞ് കോംപ്രമൈസ് ചെയ്തു മുന്നോട്ടു പോകുമ്പോഴാണല്ലോ കുടുംബജീവിതം നന്നാവുക.. പ്രായത്തിൽ എത്രയൊക്കെ വ്യത്യാസമുണ്ടായാലും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കുടുംബജീവിതത്തിൽ സ്വാഭാവികമാണ്. അതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങൾ ആരും തലപുകയ്ക്കണ്ട..”

അന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ വീട്ടുകാരോട് ആവശ്യപ്പെട്ടത് അതു മാത്രമായിരുന്നു. രണ്ടാൾക്കും പരസ്പരമുള്ള സ്നേഹവും വിശ്വാസവും ഒക്കെ മനസ്സിലാക്കിയത് കൊണ്ടാകണം വീട്ടുകാർ വിവാഹം നടത്തി കൊടുത്തത്.

വിവാഹം കഴിഞ്ഞ ശേഷവും രണ്ടാളും തമ്മിൽ നല്ല സ്നേഹത്തിൽ തന്നെയായിരുന്നു മുന്നോട്ടു പോയത്. അതിനിടയിൽ അലക്സിന് ഇവിടെ ഒരു ഓഫർ വന്നപ്പോൾ അവൻ നേരെ ഇങ്ങോട്ടേക്ക് കയറി പോന്നു. രണ്ടുവർഷം ഇവിടെ നിന്ന് തിരികെ നാട്ടിൽ ചെന്നശേഷം അവിടെ സെറ്റിൽ ആവാം എന്നായിരുന്നു തീരുമാനം.

നാളെ അവന് നാട്ടിലേക്ക് പോകേണ്ടതാണ്.. രണ്ടുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് അവൻ നാട്ടിൽ അവരുടെ ഭാര്യയോടൊപ്പം സുഖജീവിതം നയിക്കാം എന്നൊരു പ്രതീക്ഷയിലാണ്.ഇങ്ങനെയുള്ള ഈ ചെറുപ്പക്കാരനെ ചതിച്ചു കൊണ്ടു പോകാൻ അവൾക്ക് എങ്ങനെ കഴിഞ്ഞു.?

ചിന്തിച്ചു നിൽക്കുന്നതിനിടയിൽ അവൻ മടങ്ങി വന്നിരുന്നു. എനിക്ക് എന്തു പറ്റിയെന്ന് അവൻ പലവട്ടം ചോദിച്ചിട്ടും വ്യക്തമായി ഒരു മറുപടിയും അവന് കൊടുത്തില്ല.

തിരികെ ഫ്ലാറ്റിൽ എത്തിയതിനു ശേഷം ആണ് അവനോട് അതിനെക്കുറിച്ച് സംസാരിച്ചത്.

“അനാവശ്യം പറയരുത്. എന്റെ പെണ്ണ് എങ്ങനെയാണെന്ന് നീ പറഞ്ഞിട്ട് വേണമല്ലോ ഞാൻ അറിയാൻ.. അവൾ ഒരിക്കലും എന്നെ മറന്ന് മറ്റൊരു ജീവിതം തെരഞ്ഞെടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നലെ കൂടി ഞാൻ വിളിച്ചപ്പോൾ എപ്പോഴാ വരിക എന്ന് ചോദിച്ചു പ്രതീക്ഷയോടെ ഇരുന്നതാണ് അവൾ. അങ്ങനെ ഒരു പെണ്ണ് ഇന്ന് എന്നെ ഉപേക്ഷിച്ച് മറ്റൊരാളിനോടൊപ്പം പോയി എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.”

അവൻ തർക്കിക്കുന്നുണ്ടായിരുന്നു.

അവനോട് കൂടുതൽ തർക്കിക്കാൻ നിൽക്കാതെ നാട്ടിൽനിന്ന് അയച്ചുതന്ന ഫോട്ടോകളും വീഡിയോകളും വോയിസ് ക്ലിപ്പുകളും മാത്രമാണ് അവനെ കാണിച്ചത്.

എല്ലാം കണ്ടു കഴിഞ്ഞപ്പോൾ തകർന്നു പോയതുപോലെ പൊട്ടിക്കരഞ്ഞ് അവൻ നിലത്തേക്ക് ഊർന്നിരുന്നു. ആ കാഴ്ച കാണാൻ ആവാതെ താൻ കണ്ണ് പൊത്തി.

“അവളെ ഞാൻ എത്രത്തോളം സ്നേഹിച്ചതായിരുന്നു..? അവളില്ലാതെ ഒരു ജീവിതമില്ല എന്ന് എത്ര പ്രാവശ്യം അവളോട് ഞാൻ പറഞ്ഞതാണ്..? അവൾക്കും അങ്ങനെ തന്നെയാണ് എന്ന് എന്നെ വിശ്വസിപ്പിച്ചിരുന്നില്ലേ..? അവൾക്ക് ഞാൻ എന്തു കുറവ് വരുത്തിയിട്ടാണ് എന്നോട് ഇങ്ങനെയൊരു ചതി അവൾ ചെയ്തത്..?”

ചങ്ക് തകർന്നു അവൻ നിലവിളിക്കുമ്പോൾ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു..

നാട്ടിലേക്ക് പോകാനുള്ള അവന്റെ തീരുമാനം അവൻ മാറ്റിയത് ആ നിമിഷത്തിൽ ആയിരുന്നു.

“എന്തായാലും ഉടനെ ഒന്നും ഞാൻ നാട്ടിലേക്ക് പോകില്ല.നാട്ടിലേക്ക് ചെന്നാലും അവിടെയുള്ള ഓരോരുത്തരുടെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങാൻ എനിക്ക് വയ്യ. അവളെ നോക്കാതെ ഞാൻ ഗൾഫിൽ വന്നു കിടന്നതു കൊണ്ടാണ് അവൾ ആരുടെയെങ്കിലും കൂടെ പോയത് എന്ന് വരെ ഒരുപക്ഷേ ആളുകൾ പറഞ്ഞെന്നു വരും. ഞാൻ എന്റെ സുഖങ്ങൾ നോക്കിയിട്ടല്ല ഇത്രയും ദൂരെ വന്നു കിടക്കുന്നത് എന്ന് അവരാരും മനസ്സിലാക്കില്ല. ഈ പ്രശ്നത്തിന്റെ ചൂടാറിയതിനു ശേഷം മാത്രമേ ഞാൻ നാട്ടിലേക്കുള്ളൂ.”

അന്ന് ധൈര്യത്തോടെ മുന്നിൽ നിന്ന് അത് പറഞ്ഞുവെങ്കിലും പിന്നീട് അവൻ അനുഭവിച്ച നരകയാതനകൾ ഓരോന്നും താൻ കൺമുന്നിൽ കണ്ടതാണ്.

എന്നും അവൾ വിളിക്കുന്ന സമയമാകുമ്പോൾ അവന്റെ നെഞ്ചിൽ ഒരു പിടപ്പാണ്. ആരും കാണാതെ ഏതെങ്കിലും ഒരു മൂലയിൽ പോയിരുന്നു കരയുന്നത് കാണാം.

അത് കാണുമ്പോൾ മനസ്സ് അറിയാതെ തന്നെ അവളെ ശപിച്ചു പോകും..!

ഒരു നിമിഷത്തെ സുഖസൗകര്യങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി ഇങ്ങനെയുള്ള സ്ത്രീകൾ എറിഞ്ഞുടച്ചു പോകുന്നത് അവർക്ക് വേണ്ടി ആയുസ്സ് മുഴുവൻ കഷ്ടപ്പെടുന്ന ആണുങ്ങളുടെ മനസ്സ് കൂടിയാണ്..!!

✍️ അപ്പു