രചന: അപ്പു
::::::::::::::::::::::::::
” നീയെന്താടാ രാവിലെ മുതൽ ഇങ്ങനെ മൂടി കെട്ടിയിരിക്കുന്നത്..? “
റൂമിലേക്ക് കയറി വന്ന സുഹൃത്ത് പ്രശാന്ത് ചോദിച്ചത് കേട്ട് ഉണ്ണി അവനെ നോക്കി.
“രാവിലെ ഞാൻ ഇവിടെ നിന്ന് പോകുമ്പോഴും നീ ഇവിടെ അതേ അവസ്ഥയിൽ തന്നെ ആയിരുന്നല്ലോ.ഇപ്പോൾ പോയി വന്നിട്ടും നിനക്ക് യാതൊരു മാറ്റവുമില്ല.. ഇന്ന് ഡ്യൂട്ടിക്കും പോയിട്ടില്ല.. നിനക്കെന്തു പറ്റി..? നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..?”
ഉണ്ണിയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് പ്രശാന്ത് അന്വേഷിച്ചു.
“എന്താണെന്നറിയില്ല ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വേദന തോന്നുന്നു.എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..”
ദയനീയമായി ഉണ്ണി പറഞ്ഞപ്പോൾ പ്രശാന്ത് അവനെ തുറിച്ചു നോക്കി.
” ആവശ്യമില്ലാത്തത് ഓരോന്നും ചിന്തിച്ചു വച്ച് മനസ്സിന് അധികം സ്ട്രെയിൻ കൊടുക്കണ്ട. ഇവിടെയൊക്കെ വച്ച് ഒരു പനി വന്നാൽ പോലും ചികിത്സിക്കാൻ വയ്യാത്ത അവസ്ഥയാണ്. അവനവന്റെ ആരോഗ്യം നോക്കിയാൽ കൊള്ളാം.. “
പ്രശാന്ത് ഉപദേശിച്ചു.
” അല്ലെങ്കിൽ തന്നെ നീ എന്ത് ഓർത്തിട്ടാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..?അതിനു മാത്രം എന്താ സംഭവിച്ചത്..? “
പ്രശാന്ത് ചോദിച്ചപ്പോൾ ഉണ്ണി ഒരു നിമിഷം അവനെ നോക്കി. പിന്നെ തന്റെ സങ്കടക്കെട്ട് അഴിക്കാൻ തുടങ്ങി.
“നമ്മുടെ നാരായണേട്ടൻ.. പുള്ളിയുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല. എത്ര പ്രതീക്ഷയോടെ ആയിരിക്കും പുള്ളിക്കാരൻ വിമാനം കയറി ഇവിടേക്ക് വന്നത്..? അത് മിക്കവാറും എല്ലാം തന്നെ അദ്ദേഹം സാധിച്ചെടുത്തു കാണും. എന്നിട്ടും ഈ അവസാന നിമിഷം അദ്ദേഹത്തിന് വന്ന വിധി ആലോചിക്കുമ്പോൾ എനിക്ക് എന്തോ വല്ലാത്ത വേദന തോന്നുന്നു..”
ഉണ്ണി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പ്രശാന്തിനും ആകെ ഒരു വല്ലായ്മ തോന്നി. അവൻ പറയുന്നത് ശരിയാണ്. ഒരായിരം പ്രതീക്ഷകളുമായി വിമാനം കയറുന്നവരാണ് പ്രവാസികൾ. ചിലപ്പോൾ തങ്ങളുടെ സ്വപ്നങ്ങൾ എല്ലാം പൂർത്തിയാക്കി കഴിയുമ്പോൾ തിരിച്ചു നാട്ടിലേക്ക് പോകാൻ അവരാരും അവശേഷിച്ചു എന്ന് തന്നെ വരില്ല..!
“നാരായണേട്ടന്റെ കാര്യം തന്നെ നിനക്ക് അറിയാവുന്നതല്ലേ..? പുള്ളിയുടെ പതിനെട്ടാം വയസ്സിലാണ് പുള്ളി ആദ്യമായി വിമാനം കയറിയതെന്ന് ഇടയ്ക്ക് കണ്ടപ്പോൾ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് 65 വയസ്സാണ് പ്രായം. എത്രയോ വർഷങ്ങളായി അദ്ദേഹം ഇവിടെയാണ്.. ഇതിനിടയിൽ അദ്ദേഹം ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട്. കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. ഒരു മനുഷ്യന്റെ ആയുസ്സിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെയും അദ്ദേഹം ചെയ്തു തീർത്തിട്ടുണ്ട്.. എന്നിട്ടും ഈ അവസാന നിമിഷത്തിൽ..”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഉണ്ണി പൊട്ടിക്കരഞ്ഞു പോയിരുന്നു.
” നാളെ ഒരുപക്ഷേ നമുക്കും ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ അല്ലേ..? “
കണ്ണീരിനിടയിൽ അവൻ പെറുക്കി വച്ച വാക്കുകളോടെ പറഞ്ഞത് കേട്ടപ്പോൾ പ്രശാന്തിന്റെ ഉള്ള് കൊളുത്തി വലിച്ചു.
വലിയൊരു സത്യത്തിലേക്ക് ആണ് അവൻ വിരൽ ചൂണ്ടുന്നത്..ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദന തന്നെയാണ് ഇത്..
അവൻ പറഞ്ഞതു പോലെ പതിനെട്ടാം വയസ്സിലാണ് നാരായണേട്ടൻ ആദ്യമായി വിമാനം കയറുന്നത്. അമ്മ കുടുംബത്തിന്റെ ഭാരത്തിൽ പെങ്ങളുടെ കല്യാണവും പുതിയൊരു വീടും ഒക്കെ ഉൾപ്പെട്ടിരുന്നു.
ഇവിടെ എത്തിപ്പെട്ട ആ 18 വയസ്സുകാരനെ എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ എന്ത് ഭാഷ സംസാരിക്കണമെന്നോ പോലും അറിയില്ലായിരുന്നു. പക്ഷേ എവിടെ കൊണ്ടിട്ടാലും അയാൾക്ക് ജീവിച്ചാൽ അല്ലേ പറ്റൂ.. അയാളെ പ്രതീക്ഷിക്കുന്ന ഒരു കുടുംബം മുഴുവൻ ഉണ്ട് എന്ന് ചിന്തിച്ചപ്പോൾ തന്റെ ബുദ്ധിമുട്ടുകളെ മറന്നു കൊണ്ട് അയാൾ ജോലി ചെയ്യാൻ തുടങ്ങി.
ലേബർ ക്യാമ്പിൽ കിടക്കാൻ ഒരിടം പോലും കിട്ടാതെ കഷ്ടപ്പെടുമ്പോൾ നാട്ടിൽ തന്റെ സഹോദരങ്ങൾക്കും അമ്മയ്ക്കും സുഖമായി കഴിയാൻ പറ്റുന്നുണ്ടല്ലോ എന്നൊരു ചിന്ത മാത്രമായിരുന്നു അയാളുടെത്.
കിട്ടുന്ന ശമ്പളം തന്റെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം കുറച്ചു പണം കയ്യിൽ കരുതിക്കൊണ്ട് ബാക്കിയുള്ള മാസം തോറും നാട്ടിലേക്ക് അയക്കാറുണ്ടായിരുന്നു. അയാളുടെ പണത്തിന്റെ ബലത്തിൽ നാട്ടിൽ പുതിയ വീട് ഉയർന്നു.
ആദ്യമായി വീടു കാണാൻ പോകണം എന്ന് അയാൾക്ക് ഒരാഗ്രഹം ഉണ്ടായി. പക്ഷേ ലീവ് കൊടുക്കാൻ കമ്പനി തയ്യാറായില്ല. എന്നുമാത്രമല്ല ആദ്യമായി അമ്മ അയാളോട് ഒരു ആഗ്രഹം പറഞ്ഞു.
” നീ ഇപ്പോൾ ഇങ്ങോട്ട് കയറി വന്നാൽ എങ്ങനെയാണ് നാരായണ..? നിന്റെ പെങ്ങൾ ഒരുത്തിയെ കെട്ടിക്കാൻ ഇല്ലേ..? കുറച്ചുകാലം കൂടി അവിടെ നിന്ന് അവളുടെ കല്യാണസമയം ആകുമ്പോൾ വന്നാൽ മതി. അതാകുമ്പോൾ നിനക്ക് കല്യാണത്തിനും പങ്കെടുക്കാം. ചെറുക്കനെ കണ്ടെത്തുന്ന കാര്യം ഞാൻ ബ്രോക്കറിനോട് പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. “
കത്തിലെ ആ വാചകം വായിച്ചപ്പോൾ നാരായണനു ചെറിയൊരു വേദന തോന്നിയെങ്കിലും, പെങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാമല്ലോ എന്നോർത്ത് അയാൾ സമാധാനിച്ചു.
അപ്പോഴും പെങ്ങളുടെ വിവാഹം നടത്തി കൊടുക്കാൻ വേണ്ട തുക കണ്ടെത്തണമല്ലോ എന്നൊരു ആദി കൂടി അയാളുടെ മനസ്സിൽ കടന്നു കൂടിയിരുന്നു.
ശരീരം മറന്ന് അയാൾ പണിയെടുത്തു. അയാളുടെ അധ്വാനഫലം സ്വർണ്ണങ്ങളായി വീട്ടിൽ പെങ്ങൾക്ക് വേണ്ടി കൂട്ടി വെച്ചു. വിവാഹം ആർഭാടമായി തന്നെ നടത്തണം എന്നുള്ളത് അമ്മയുടെയും സഹോദരിയുടെയും ഒക്കെ നിർബന്ധമായിരുന്നു.
ഏട്ടൻ ഗൾഫിലായതു കൊണ്ട് അതിന്റെതായ പ്രൗഢി വിവാഹത്തിനും വേണമത്രേ..!
ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിവാഹം എന്ന ചടങ്ങ് ഒട്ടും കുറയ്ക്കേണ്ട എന്ന് നാരായണനും കരുതി. കിട്ടാവുന്ന ഇടത്തു നിന്നൊക്കെ പണം കടം വാങ്ങി അയാൾ നാട്ടിലേക്ക് അയച്ചു.
വിവാഹത്തിന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തുകയും ചെയ്തു. വിവാഹം ഗംഭീരമായി തന്നെ നടന്നു. അയാൾ നാട്ടിൽ ഉണ്ടായിരുന്ന രണ്ടുമാസക്കാലം ബന്ധുക്കളുടെ ഘോഷയാത്ര തന്നെയായിരുന്നു വീട്ടിലേക്ക്. പല പല ആവശ്യങ്ങളും പറഞ്ഞുകൊണ്ട് പലരും വീട്ടിലേക്ക് വന്നു.
അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ പറയാനുണ്ടായിരുന്നു ആഗ്രഹങ്ങളും ആവശ്യങ്ങളും. പെങ്ങളുടെ പുതിയ വീട്ടിലേക്ക് ഓരോ ഉപകരണങ്ങളും, പുതിയ മോഡലിലുള്ള സ്വർണ്ണങ്ങളും വസ്ത്രങ്ങളും.. അങ്ങനെയങ്ങനെ അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് നീണ്ടു പോയി.
നാരായണൻ വീണ്ടും പ്രവാസത്തിലേക്ക്.. വീട്ടിലുള്ളവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് കൂടുന്നതിനനുസരിച്ച് നാരായണന്റെ പ്രവാസത്തിന്റെ കാലാവധിയും കൂടി കൊണ്ടേയിരുന്നു.
നാട്ടുകാരുടെ ചോദ്യം സഹിക്കാൻ വയ്യാതെ അവസാനം നാരായണൻ ഒരു വിവാഹം കഴിച്ചു. അന്ന് അയാൾക്ക് പ്രായം 30 വയസ്സ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും അയാൾ വീണ്ടും പ്രവാസിയായി.
അടുത്ത ലീവ് കിട്ടുന്നതിനു മുൻപ് തന്നെ ഭാര്യ പ്രസവിച്ചു എന്നറിഞ്ഞു. കുഞ്ഞിനെ പോലും കാണാൻ കഴിഞ്ഞില്ല.
പിന്നീട് നാട്ടിലെത്തി കുഞ്ഞിനെ കാണുമ്പോൾ അവൻ ഒന്നര വയസ്സ് പ്രായമുണ്ട്. കുഞ്ഞിനോടൊപ്പം പോലും ഒരു മാസം തികച്ചു നിൽക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു നാരായണനു.
നാട്ടിലെ ആഘോഷങ്ങളും വീട്ടിലെ ആഹ്ലാദങ്ങളും ഒന്നും നാരായണന് ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും വീട്ടിലേക്ക് ചെല്ലുന്ന ഒരു അതിഥിയായി മാത്രം നാരായണൻ മക്കൾക്ക് മുന്നിൽ വേഷം കെട്ടിയാടി.
മക്കൾ മുതിർന്നപ്പോൾ അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനും അവരുടെ കാര്യങ്ങൾ പറയാനും വേണ്ടി മാത്രമുള്ള ഒരാളായി അവരുടെ അച്ഛൻ മാറി.
ഓരോരുത്തരുടെയും ആവശ്യങ്ങൾ നടത്തിക്കൊടുത്തു കഴിഞ്ഞ് അയാൾക്ക് ഇപ്പോൾ പ്രായമായി. ഈ 65 വയസ്സിലും അയാൾ പ്രവാസിയായി വേഷം കെട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ അവസ്ഥ കൊണ്ടു തന്നെയാണ്..!
പക്ഷേ കഴിഞ്ഞ ദിവസം സൈറ്റിൽ ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു. ഇത്രയും കാലം കുടുംബത്തിന് വേണ്ടി അധ്വാനിച്ച അദ്ദേഹത്തിന്റെ ശരീരം നാട്ടിലെത്തിക്കാൻ മക്കൾക്ക് കഴിയില്ലെന്ന് പറഞ്ഞത്രേ..!!
വിമാനത്തിൽ കയറ്റി എയർപോർട്ട് വഴി ഡെഡ്ബോഡി അവിടെ എത്തിക്കുന്നത് ഒരുപാട് ചെലവുള്ള പരിപാടിയാണെന്ന്.. അതിന് തങ്ങളുടെ കൈയിൽ പണമില്ല എന്ന്..! അച്ഛന്റെ അക്കൗണ്ടിൽ എന്തെങ്കിലും നീക്കിയിരിപ്പ് ഉണ്ടെങ്കിൽ അതുവച്ച് ചെയ്തോളാൻ ആണ് മക്കളുടെ അഭിപ്രായം.
അധ്വാനിച്ചതിൽ നിന്ന് ഒരു രൂപ പോലും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടോ എന്ന് അന്വേഷിക്കാതെ മുഴുവനും ഊറ്റി വാങ്ങാൻ ആ മക്കൾക്ക് നല്ല മിടുക്കായിരുന്നു.. ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരം അവസാനമായി നാട്ടിലേക്ക് എത്തിക്കാൻ പോലും കഴിയാത്തവണ്ണം ആ മക്കൾ ദരിദ്രരായി പോയി.
ഓർത്തപ്പോൾ പ്രശാന്തിന് അമർഷം തോന്നി.
” ഇവിടുത്തെ ഏതോ ചാരിറ്റി സംഘടനകളുടെ ഭാഗമായി നാരായണേട്ടന്റെ ബോഡി നാട്ടിലേക്ക് എത്തിക്കും എന്ന് പറയുന്നത് കേട്ടു. എന്നാലും വീട്ടുകാർക്ക് അത് തോന്നുന്നില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്.. ഇനി ബോഡി നാട്ടിൽ കൊണ്ട് ചെന്ന് കഴിഞ്ഞാൽ നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം കുറേ കരച്ചിലും പിഴിച്ചിലും ഒക്കെ കാണും. ആത്മാർത്ഥത എന്താണെന്ന് പോലും അറിയാതെ വെറുതെ അഭിനയിക്കുന്ന ചില ജന്മങ്ങൾ.. “
പ്രശാന്ത് പറഞ്ഞപ്പോൾ കണ്ണീര് തുടച്ചുകൊണ്ട് ഉണ്ണിയും തലയാട്ടി.
” എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.. കായ് ഫലം ഉള്ളപ്പോൾ മാത്രമല്ലേ അവർക്ക് നമ്മുടെ ആവശ്യമേ ഉള്ളൂ.. നമ്മളെക്കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കിൽ അവരെന്തിന് നമ്മളെ ചുമക്കണം..? “
ഉണ്ണി പറഞ്ഞപ്പോൾ അത് ശരിവെച്ചതു പോലെ പ്രശാന്തും തലയാട്ടുന്നുണ്ടായിരുന്നു.
✍️ അപ്പു