രചന: അപ്പു
:::::::::::::::::::::
” എന്നാലും ഇത് ഇത്തിരി കടുപ്പം തന്നെയാണ്.. ഗർഭിണിയായിരിക്കുമ്പോൾ പെമ്പിള്ളേരെ വണ്ണം വയ്ക്കും എന്നൊക്കെ ഞങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും ഇത് ഇത്തിരി കൂടുതലല്ലേ എന്നൊരു സംശയം.. “
ഗർഭിണിയായ സുഹൃത്തിനെ കാണാൻ മറ്റുള്ള കൂട്ടുകാർ എല്ലാവരും കൂടി ഒരുമിച്ച് വന്നതാണ്. വിവാഹ സമയത്ത് മെലിഞ്ഞുണങ്ങിയിരുന്ന പെൺകുട്ടി പ്രസവ സമയം ആയപ്പോഴേക്കും തടിച്ചുരുണ്ടിരിക്കുന്നത് കണ്ടു സുഹൃത്തുക്കൾക്ക് എന്തെന്നില്ലാത്ത ഒരു അസ്വസ്ഥതയായിരുന്നു. അത് അവർ പറഞ്ഞത് ഇങ്ങനെയുള്ള ഓരോ വാക്കുകൾ കൊണ്ടാണ് എന്ന് മാത്രം.
അവർ പറഞ്ഞത് കേട്ട് മീനാക്ഷിക്ക് സങ്കടം വന്നെങ്കിലും അവൾ പുറത്തു കാണിക്കാതെ പുഞ്ചിരി മൂടുപടമായി അണിഞ്ഞു.
“അത് ശരിയാ.. എന്റെ ചേച്ചി പ്രഗ്നന്റ് ആയ സമയത്ത് അവൾക്ക് ഒന്നും കഴിക്കാനും കൂടി പറ്റില്ല ആയിരുന്നു. എപ്പോഴും ഛർദി. എന്നിട്ട് എന്തായി ആഴ്ചയോടെ ആഴ്ച അവളെ ആശുപത്രിയിൽ കൊണ്ടുപോയി ട്രിപ്പ് ഇടേണ്ട അവസ്ഥയായിരുന്നു. ഡെലിവറി സമയത്ത് ബ്ലഡ് ഇല്ല എന്ന് പറഞ്ഞ് എത്ര പ്രാവശ്യം ആണ് അവൾക്ക് ബ്ലഡ് കൗണ്ട് കൂടാൻ വേണ്ടി ഇഞ്ചക്ഷൻ എടുത്തത് എന്നുപോലും അറിയാൻ വയ്യ. ഇവിടെ നിനക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. ഫുൾ ടൈം തിന്നുക വെറുതെയിരിക്കുക.. ഇങ്ങനെയൊക്കെ അനുഭവിക്കാനും യോഗം വേണം..”
മറ്റൊരു കൂട്ടുകാരി പ്രസ്താവിച്ചു.
” അത് ഇവൾ വന്നു കയറിയ വീടിന്റെ ഗുണമാണ്. ഇവിടെ ഇവളുടെ അമ്മായിയമ്മ ഇവളെ കൊണ്ട് ഒരു പണിയും എടുപ്പിക്കുന്നില്ല എന്നാണ് തോന്നുന്നത്. അതൊക്കെ എന്റെ അമ്മായിയമ്മ.. ഞാൻ പ്രഗ്നന്റ് ആണ് എന്ന് അറിഞ്ഞത് മുതൽ അവർക്ക് ഒരുമാതിരി ബാധ കയറിയത് പോലെ ആയിരുന്നു. എന്നെക്കൊണ്ട് എപ്പോഴും എന്തെങ്കിലും ജോലി ചെയ്യിച്ചില്ലെങ്കിൽ അവർക്ക് ഒരു സമാധാനവും ഉണ്ടാകില്ലായിരുന്നു. എന്നിട്ട് അവർ പറഞ്ഞു കൊണ്ടിരുന്നത് ഞാൻ ഒന്നും ചെയ്യാതിരുന്നാൽ എന്റെ കുഞ്ഞും മടിയനായി പോകും എന്ന്. എന്തൊക്കെ കഷ്ടപ്പാട് അനുഭവിച്ചതാണ്.. ഞാനൊക്കെ പ്രസവ സമയത്ത് പോലും ഈർക്കിൽ പോലെയായിരുന്നു. ആകെ ആ വയറു മാത്രമാണ് കാണാനുണ്ടായിരുന്നത്. ഇതിപ്പോൾ ഇവളാകെ തടിച്ച ഒരു ചക്കപോത്ത് പോലെയായി.. “
എല്ലാവരും കൂടി പറയുന്നത് കേൾക്കുമ്പോൾ മീനാക്ഷിക്ക് വല്ലാതെ സങ്കടവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
പക്ഷേ വീട്ടിൽ വന്നു കയറിയ അതിഥികളെ ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ തന്റെ സങ്കടം മുഴുവൻ അടക്കി പിടിച്ചു.
അവളെ ഏറ്റവും അധികം വേദനിപ്പിച്ചത് മുന്നിൽ ഇരിക്കുന്നതു മുഴുവൻ അവളുടെ അടുത്ത സുഹൃത്തുക്കളാണ് എന്നതായിരുന്നു.
” ഇങ്ങനെ എപ്പോഴും തിന്നു കൊണ്ടിരിക്കാതെ എന്തെങ്കിലും പണിയൊക്കെ ചെയ്യണം. എങ്കിൽ അല്ലേ ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ നോർമൽ ഡെലിവറി ആയി കിട്ടുള്ളൂ.. “
ഒരു സുഹൃത്ത് പറഞ്ഞപ്പോൾ മീനാക്ഷി തലയാട്ടി.
” ഇവൾ വണ്ണം വച്ചു എന്നുള്ളത് ശരി തന്നെ. പക്ഷേ കഴുത്തിന് ചുറ്റും കറുത്ത പാടൊക്കെ വന്നിട്ട് കാണാനുള്ള ഭംഗി കൂടിപ്പോയി. മുഖമൊക്കെ ആകെ അങ്ങ് തീർത്തപ്പോൾ മുഖത്ത് നോക്കാൻ വയ്യാത്ത അവസ്ഥയായി. എന്നാലും ഇതെന്തൊരു കോലം ആണെന്ന് നോക്കണേ.. എങ്ങനെയിരുന്ന പെങ്കൊച്ച് ആണ്.. “
ആ സുഹൃത്ത് അത് പറഞ്ഞു കഴിയുമ്പോഴേക്കും കൂടെയുള്ളവർ പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു. അതൊക്കെ കൂടെ കേട്ടപ്പോൾ മീനാക്ഷിക്ക് തന്നെ സങ്കടം സഹിക്കാൻ വയ്യാതെ അവൾ പെട്ടെന്ന് തന്നെ അവിടെ നിന്ന് എഴുന്നേറ്റു.
“ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം..”
അത്രയും പറഞ്ഞു ആരുടെയും മുഖത്ത് പോലും നോക്കാതെ അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് നടന്നു.
” അവൾ നടക്കുന്നതു നോക്ക് ഒരുമാതിരി താറാവിനെ പോലെ.. “
അവളുടെ പിന്നിൽ നിന്നും സുഹൃത്തുക്കൾ അത് പറഞ്ഞു പൊട്ടിച്ചിരിക്കുന്നത് അവൾ കേട്ടു. അടുക്കളയിൽ എത്തിയപ്പോഴേക്കും അതുവരെ തടഞ്ഞു നിർത്തിയ കണ്ണുനീർത്തുള്ളികൾ അവൾ പോലും അറിയാതെ പുറത്തേക്ക് വന്നു.
പെട്ടെന്നാണ് ആരോ അവളുടെ തോളിലേക്ക് കൈ ചേർത്തത്. ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ അത് അമ്മയായിരുന്നു.
സ്ഥാനം കൊണ്ട് അമ്മായിയമ്മയാണെങ്കിലും ഈ വീട്ടിൽ വന്നു കയറിയ നിമിഷം മുതൽ അവർ തന്റെ അമ്മ തന്നെയായിരുന്നു. തെറ്റ് കണ്ടാൽ ശാസിക്കുന്ന സ്നേഹം കൊണ്ട് തന്നെ ലാളിക്കുന്ന ഒരു അമ്മ.
പെൺമക്കൾ ഇല്ലാതിരുന്ന അമ്മയ്ക്ക് കിട്ടിയ പുണ്യമാണ് മീനാക്ഷി എന്ന് പലപ്പോഴും അമ്മ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് അവളോടുള്ള സ്നേഹം കൊണ്ട് തന്നെയാണ് ഈ എട്ടാം മാസത്തിലും അവൾ സ്വന്തം വീട്ടിലേക്ക് പോകാതെ അവിടെ തന്നെ നിൽക്കുന്നത്.
” എന്തുപറ്റി മോളെ..? “
അമ്മ ചോദിച്ചു തീരുന്നതിനു മുൻപ് തന്നെ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു.
“മോൾ എന്തിനാ വിഷമിക്കുന്നത്..?”
അവളുടെ തലയിൽ തലോടി വാത്സല്യത്തോടെ അമ്മ ചോദിച്ചു.
” ഞാൻ ഇങ്ങനെ വണ്ണം വച്ചതും കറുത്തതും തടിച്ചതും ഒക്കെ എന്റെ കുറ്റം കൊണ്ടാണോ..? ഇപ്പോൾ ഈ സമയത്തുള്ള ഹോർമോൺ ചെയ്ഞ്ചുകളുടെ കുഴപ്പം കൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത് എന്ന് മനസ്സിലാക്കാൻ എന്തുകൊണ്ടാണ് ആർക്കും പറ്റാതെ പോകുന്നത്..? അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ അല്ലേ..? എന്നിട്ടും എന്തുകൊണ്ടാണ് അവർക്ക് എന്റെ അവസ്ഥ മനസ്സിലാകാത്തത്..? ആൺകുട്ടികളാണ് ഇങ്ങനെയൊക്കെ പറയുന്നതെങ്കിൽ അവർക്ക് ഇതിനെക്കുറിച്ച് ഒരു അറിവും ഇല്ലാത്തതു കൊണ്ടാണ് എന്നെങ്കിലും കരുതാം. ടെക്നോളജി ഇത്രയും വികസിച്ച കാലത്ത് എല്ലാവർക്കും ഇതിനെക്കുറിച്ച് നല്ല ധാരണ ഉള്ളതാണ്. എന്നിട്ടും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതും ഇനി കടന്നുപോകാൻ ഉള്ളതുമായ പെൺകുട്ടികൾ പോലും എന്നെ ഇങ്ങനെ കളിയാക്കുമ്പോൾ എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല.. “
കണ്ണീരോടെ അവൾ പറഞ്ഞപ്പോൾ അമ്മ അവളെ ആശ്വസിപ്പിച്ചു.
” അവരൊരിക്കലും നിന്റെ നല്ല സുഹൃത്തുക്കൾ അല്ല മോളെ. നല്ല സുഹൃത്തുക്കൾ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. നിന്റെ അവസ്ഥയിൽ നിന്നെ കളിയാക്കാനോ നിന്നെ പുച്ഛിക്കാനോ അവർ ആരും ശ്രമിക്കില്ല. പകരം നിന്റെ വേദനകളെയും വിഷമങ്ങളെയും മനസ്സിലാക്കാൻ അവർ ശ്രമിച്ചേനെ. അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ വന്നപ്പോൾ മുതൽ മോളെ ഓരോന്ന് പറയുന്നത്. നീ അവരോട് ആ സമയത്ത് തിരിച്ചു ഒന്നും പറയാത്തത് നന്നായി. വീട്ടിൽ കയറി വരുന്ന അതിഥികൾ അത് ശത്രുക്കൾ ആണെങ്കിൽ പോലും അവരോട് നമ്മൾ മുഷിഞ്ഞു സംസാരിക്കാൻ പാടില്ല. നിന്നെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് വേണ്ടി ഒരിക്കലും നീ കരയരുത്. “
അമ്മ പറഞ്ഞപ്പോൾ അവൾ തലയാട്ടി.
” നീ എന്തായാലും അവർക്കുള്ള ഡ്രിങ്ക്സ് എടുക്കാൻ വന്നതല്ലേ..? മോള് കൊണ്ടു പോയി കൊടുക്ക്.അവർക്ക് കഴിക്കാനുള്ളതും കൊണ്ട് അമ്മ ഇപ്പോൾ വരാം..”
അമ്മ പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് തയ്യാറാക്കി വെച്ചിരുന്ന ജ്യൂസ് എടുത്ത് സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നു.
“നീ ഒളിച്ചിരുന്ന് കരയാൻ എങ്ങാനും പോയതാണോ..? വെള്ളമെടുക്കാം എന്നും പറഞ്ഞ് നീ പോയിട്ട് കുറെ നേരമായി. എന്നിട്ടും കാണാത്തതുകൊണ്ട് ചോദിച്ചതാണ്.”
സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് അവർക്ക് ജ്യൂസ് കൊടുത്തു.
” ഞങ്ങൾ ഇതൊക്കെ ഒരു തമാശയ്ക്ക് പറയുന്നതല്ലേ..? അതിന് ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.. “
നിസാരം എന്നോണം അവർ പറഞ്ഞു കഴിഞ്ഞപ്പോഴാണ് അമ്മ അവർക്ക് കഴിക്കാനുള്ള സ്നാക്സും കൊണ്ട് അവിടേക്ക് വന്നത്.
” അത് ശരിയാ മക്കളെ ഹൃദയത്തിൽ ഒരു കത്തിയെടുത്ത് കുത്തിയിട്ട് ഞാൻ തമാശയ്ക്ക് ചെയ്തതാണ് വേദനിച്ചില്ലല്ലോ എന്ന് ചോദിക്കുന്നത് വളരെ നല്ല കാര്യമാണ്..”
അമ്മ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ സുഹൃത്തുക്കൾ എല്ലാം വിളറി വെളുത്തു.
” അമ്മേ അത് പിന്നെ.. ഞങ്ങളൊക്കെ പണ്ടുമുതലേ ഇങ്ങനെയാണ്.. “
ഒരാൾ പറയാൻ ശ്രമിച്ചപ്പോൾ അമ്മ പുഞ്ചിരിച്ചു.
” നിങ്ങൾ ഇപ്പോൾ പറഞ്ഞതൊന്നും തമാശയല്ല മക്കളെ. ഇതൊക്കെ ബോഡി ഷേമിങ്ങാണ്. ഇതൊക്കെ കേൾക്കുമ്പോൾ കേൾക്കുന്ന ആള് എത്രത്തോളം വിഷമിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ.. നിങ്ങളുടെ കൂട്ടുകാരി മീനാക്ഷി നിറ വയറുമായി നിൽക്കുന്ന ഒരു പെൺകുട്ടിയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ നിങ്ങൾ കാണാൻ വന്നത്..? ഈ സമയത്ത് പെൺകുട്ടികൾക്ക് ശരീരത്തിലും മനസ്സിലും ഒക്കെ എത്രത്തോളം മാറ്റങ്ങൾ സംഭവിക്കുമെന്ന് സ്ത്രീകളായ നമ്മളെങ്കിലും മനസ്സിലാക്കേണ്ടതല്ലേ..? നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ ഇത് വേറെ ആരു മനസ്സിലാക്കാനാണ്..? ഇങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുന്ന പെൺകുട്ടിയോട് പറയാൻ പറ്റുന്ന കാര്യങ്ങളാണോ നേരത്തെ നിങ്ങൾ പറഞ്ഞത്..? “
അമ്മ പറഞ്ഞത് കേട്ടപ്പോൾ അവർക്കൊക്കെയും കുറ്റബോധം തോന്നി.
” സോറി മീനാക്ഷി… ഞങ്ങൾ ഒരു തമാശ രീതിയിൽ പറഞ്ഞതാണ്. ആ സമയത്ത് മറ്റൊന്നിനെയും കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. സോറി.. “
അവരോട് ക്ഷമാപണം നടത്തി ആ സുഹൃത്തുക്കൾ വീടുവിട്ടു പോകുമ്പോൾ, മീനാക്ഷി അമ്മയെ മുറുകെപ്പിടിച്ച് പുഞ്ചിരിക്കുകയായിരുന്നു.
✍️അപ്പു