അയാൾക്ക് മറുപടിയായി തലയാട്ടിക്കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ അവൾ മുന്നോട്ടു നടന്നു.

രചന: അപ്പു

::::::::::::::::::::::::::::

” എങ്ങോട്ടാ മോളെ..? “

രാവിലെ എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ വേണ്ടി കവലയിലേക്ക് ഇറങ്ങിയതായിരുന്നു ആരതി. അപ്പോഴാണ് വഴിവക്കിൽ കണ്ട കാരണവർ ആ ചോദ്യം ചോദിച്ചത്.

“ഞാൻ വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി..”

അവൾ മറുപടി കൊടുത്തു.

” ഇതുവരെ കല്യാണം ഒന്നും ശരിയായില്ല അല്ലേ.? മോള് വിഷമിക്കേണ്ട മോൾക്കുള്ള ചെറുക്കൻ വേറെ എവിടെയെങ്കിലും ഉണ്ടാകും..”

അയാൾ ആശ്വസിപ്പിക്കും പോലെ പറഞ്ഞപ്പോൾ അവൾക്ക് വല്ലാതെ വേദനിച്ചു. അയാൾ തന്നെ പരിഹസിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.

അയാൾക്ക് മറുപടിയായി തലയാട്ടിക്കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ അവൾ മുന്നോട്ടു നടന്നു.

” ആ പെൺകൊച്ചിന്റെ കാര്യം കഷ്ടം തന്നെയാ അല്ലേ.. വയസ്സ് പത്തിരുപത്തിയാറു ആയി.. ഇതുവരെയും അതിന്റെ കല്യാണം കഴിഞ്ഞിട്ടില്ല..”

ആ കാരണവർ സഹതാപത്തോടെ പറഞ്ഞപ്പോൾ ചുറ്റും നിന്നവരുടെ ശ്രദ്ധയും ആരതിയിലേക്ക് തന്നെയായിരുന്നു.

” അതിന്റെ ജാതക ദോഷം കൊണ്ടല്ലേ ചേട്ടാ..?ചൊവ്വാദോഷവും ഉണ്ട്. ജീവനിൽ കൊതിയുള്ള ആരെങ്കിലും ഇതിൽ വന്ന് തല വച്ച് കൊടുക്കും എന്ന് ചേട്ടന് തോന്നുന്നുണ്ടോ..? “

കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന അർത്ഥത്തിൽ അയാളും തലയാട്ടി.

മുന്നോട്ടു നടന്നു നീങ്ങിയെങ്കിലും ആരതിയുടെ ചിന്തകളും ഇതൊക്കെ തന്നെയായിരുന്നു.

26 വയസ്സായി. നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ പറഞ്ഞു ചിരിക്കാൻ ഒരാൾ മാത്രമായി ഇപ്പോൾ മുന്നോട്ടു ജീവിക്കുന്നു.

നാളും ജാതകവും ഒന്നും നോക്കാതെ ഒരുവനെ ഇഷ്ടമാണ് എന്ന് പണ്ടൊരിക്കൽ വീട്ടിൽ പറഞ്ഞതാണ്. അന്ന് അച്ഛനും അമ്മയും ഒക്കെ പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ചെവിയിൽ ഉണ്ട്.

” അങ്ങനെ കണ്ണിൽ കണ്ട അന്യ ജാതിക്കാർക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാൻ ഈ വീട്ടിൽ പെണ്ണുങ്ങൾ ഇല്ല. നിനക്ക് വേണ്ട ചെറുക്കനെ ഞങ്ങൾ കണ്ടെത്തും. നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന ഒരുവനെ. അതുവരെ എന്റെ മോള് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ച് ബുദ്ധിമുട്ടണ്ട.. “

അച്ഛൻ താക്കീത് ചെയ്തപ്പോൾ കണ്ണീരോടെ നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

” ഞങ്ങൾക്ക് തമ്മിൽ ഒരുപാട് ഇഷ്ടമാണ് അച്ഛാ. അവൻ ഒരിക്കലും എന്നെ കൈവിടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഏത് ആപത്ത് ഘട്ടത്തിലും അവൻ എന്നോടൊപ്പം ഉണ്ടാകും. അച്ഛൻ ദയവു ചെയ്തു ഞങ്ങളുടെ വിവാഹം നടത്തി തരണം.. “

കണ്ണീരോടെ അച്ഛന് മുന്നിൽ പറഞ്ഞു. പക്ഷേ ആ കണ്ണീര് കണ്ടു ആരുടെയും മനസ്സലിഞ്ഞില്ല.

“നടക്കില്ലെന്ന് പറഞ്ഞാൽ നടക്കില്ല. വീണ്ടും വീണ്ടും ഞങ്ങളുടെ മുന്നിൽ നിന്ന് കരയുന്നതു കൊണ്ട് ഞങ്ങളുടെ തീരുമാനം മാറും എന്നൊന്നും നീ പ്രതീക്ഷിക്കേണ്ട.”

ഒരു ഉറച്ച തീരുമാനം പോലെയാണ് അമ്മ അത് പറഞ്ഞത്.

ജീവന് തുല്യം സ്നേഹിച്ചിരുന്ന അമലിനു മുന്നിൽ നിന്ന് പൊട്ടിക്കരയുമ്പോൾ തന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവനും അറിയുന്നുണ്ടായിരുന്നില്ല.

” നമ്മുടെ വീട്ടുകാർ അറിയുമ്പോൾ ഇത്തരത്തിൽ എന്തെങ്കിലും ഒരു തടസ്സം നമ്മൾ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണല്ലോ.. പക്ഷേ ഇവർ ഇങ്ങനെ തന്നെ വാശി പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും..? “

അമൽ നിസ്സഹായതയോടെ ചോദിക്കുന്നുണ്ടായിരുന്നു.

” നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ..? ആരും നമ്മളെ അന്വേഷിച്ചു വരാത്ത അത്രയും ദൂരത്തേക്ക് പോയി നമുക്ക് ഒന്നിച്ച് ജീവിച്ചാലോ..? “

അമൽ അങ്ങനെയൊരു ചോദ്യം ചോദിച്ചപ്പോൾ അവൾക്ക് ഞെട്ടൽ ആയിരുന്നു.

“ഇല്ല.. ഞാൻ നിന്നോട് പണ്ടുമുതൽ പറഞ്ഞിട്ടുള്ളതല്ലേ എന്റെ വീട്ടുകാർ അനുവദിക്കാതെ നമ്മൾ തമ്മിലുള്ള വിവാഹം നടക്കില്ല എന്ന്..? അവരെ ഉപേക്ഷിച്ചു നിന്നോടൊപ്പം വരാൻ എനിക്ക് ഒരിക്കലും കഴിയില്ല. അങ്ങനെ ഞാൻ ചെയ്താൽ അത് അവരോട് ചെയ്യുന്ന വലിയൊരു ചതിയായിരിക്കും..”

അവൾ കുറ്റബോധത്തോടെ പറയുമ്പോൾ അമലിന്റെയും കണ്ണ് നിറഞ്ഞു.

” അവരൊക്കെ പറയുന്നത് നീയും കേൾക്കുന്നതല്ലേ..? ഒരിക്കലും അവരാരും മനസ്സറിഞ്ഞ് നിന്നെ എനിക്ക് തരില്ല. നമുക്ക് ഒന്നിച്ചൊരു ജീവിതം വേണമെങ്കിൽ അത് നമ്മൾ തന്നെ തിരഞ്ഞെടുക്കണം..അല്ലാതെ ഒരിക്കലും നമുക്ക് ഒന്നിച്ചു ജീവിക്കാൻ ആവില്ലല്ലോ.. “

അവൻ സങ്കടത്തോടെ പറഞ്ഞു.

” ഇല്ലടാ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അവരെ ആരെയും വിട്ട് എനിക്ക് വരാൻ കഴിയില്ല. കാരണം എന്നെ ഞാനാക്കിയത് ആ കുടുംബമാണ്. അവരെ വിട്ട് ഞാൻ പുറകോട്ട് ഇറങ്ങുന്ന നിമിഷം, എന്റെ മരണവും അവിടെ തന്നെയായിരിക്കും..”

അവൾ ഉറപ്പോടെ അത് പറയുമ്പോൾ അവളുടെ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കാൻ മാത്രമേ അമലിന് കഴിയുമായിരുന്നുള്ളൂ.

” നിന്റെ തീരുമാനം പോലെ തന്നെ കാര്യങ്ങൾ നടക്കട്ടെ.. അല്ലാതെ ഞാൻ എന്തു പറയാനാണ്..? എന്നെങ്കിലുമൊരിക്കൽ ഇപ്പോൾ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയാൽ അന്നും ഞാൻ നിനക്ക് വേണ്ടി ഉണ്ടാകും.. ഒരിക്കലും അത് മറന്നു പോകരുത്..”

അതും പറഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങുമ്പോൾ മനോഹരമായ ഒരു പ്രണയ കാവ്യത്തിന്റെ അവസാനം കൂടി അവിടെ നടക്കുകയായിരുന്നു.

അവൾ അവളുടെ പ്രണയം അവസാനിപ്പിച്ചു എന്ന് കേട്ടപ്പോൾ വീട്ടിൽ എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. അവൾ തങ്ങൾ പറയുന്നത് അനുസരിച്ച് മുന്നോട്ട് ജീവിക്കും എന്ന് എല്ലാവരും കരുതി.

അതുകൊണ്ടു തന്നെയാണ് അവളുടെ ഇഷ്ടവും സമ്മതവും ഒന്നും നോക്കാതെ അവർ വിവാഹം ആലോചിച്ചു തുടങ്ങിയത്.ഒന്ന് രണ്ട് പെണ്ണുകാണൽ ചടങ്ങ് നടന്നുവെങ്കിലും,രണ്ടു കൂട്ടർക്കും പരസ്പരം ബോധിക്കാത്തതു കൊണ്ട് ആ ചടങ്ങുകൾ അവിടെ അവസാനിച്ചു.

എത്രയൊക്കെ ശ്രമിച്ചിട്ടും നല്ലൊരു ബന്ധം അവൾക്ക് കിട്ടാതെ വന്നതോടെയാണ് ജാതകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നൊരു ചിന്ത വീട്ടിൽ എല്ലാവരുടെയും മനസ്സിൽ കടന്നു കൂടിയത്.

സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു ജോത്സ്യനെ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവൾക്ക് ചെവാദോഷമാണ് എന്നറിയാൻ കഴിഞ്ഞത്. ചേരേണ്ട ജാതകങ്ങൾ തമ്മിൽ എന്താ ചേരുന്നത് എങ്കിൽ വിവാഹം കഴിഞ്ഞ് എട്ടാം നാൾ വരാൻ മരണപ്പെടും എന്നൊരു യോഗമായിരുന്നു അവളുടെ ജാതകത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്.

ഈ വിവരം അറിഞ്ഞതോടെ അവൾക്ക് വിവാഹാലോചനകൾ ഒന്നും തന്നെ വരാതെയായി. അഥവാ ആരെങ്കിലും വന്നാൽ തന്നെ നാൾ പരസ്പരം ചേരാതെയായി.

വീട്ടുകാർ ആകെ അങ്കലാപ്പിലായി എന്ന് തന്നെ പറയാം.

അവസാനം അവളുടെ വിവാഹം നടത്തുന്നതിന് മുൻപ് തന്നെ അവളുടെ സഹോദരന്റെ വിവാഹം നടത്താൻ തീരുമാനമായി. വിവാഹം കഴിഞ്ഞ് അവന്റെ ഭാര്യ വീട്ടിലേക്ക് വന്നതോടെ ആ വീട്ടിൽ അവളുടെ സ്ഥാനം ഒതുങ്ങി കൂടുകയായിരുന്നു.

അധികം വൈകാതെ അനിയത്തിയുടെ കൂടി വിവാഹം കഴിഞ്ഞതോടെ അവൾ ആ വീട്ടിൽ അധികപ്പറ്റായി മാറി. അവരാരും അവൾ എന്നൊരാൾ ആ വീട്ടിൽ താമസിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാതെ ആയി.

ആ വീട്ടിലെ കാര്യങ്ങൾ നടത്താൻ ഒരു അടുക്കളക്കാരിയുടെ സ്ഥാനം മാത്രം കൽപ്പിച്ച് നൽകിക്കൊണ്ട് അവളെ അവർ അവിടെ തളച്ചിട്ടു.

ആരതി കവലയിൽ എത്തുമ്പോൾ, അമൽ അവിടെയുണ്ടായിരുന്നു. എല്ലാ ദിവസവും അത് ഒരു കാഴ്ചയാണെങ്കിലും അവൾ അമലിനെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.

സാധാരണ എല്ലായിപ്പോഴും അമൽ കുറച്ചു നേരം അവളെ നോക്കി നിന്നതിനു ശേഷം തിരികെ പോവുകയാണ് പതിവ്. എന്നാൽ ഇന്ന് പതിവിന് വിപരീതമായി അവൾ മടങ്ങി വരാൻ വേണ്ടി അവൻ കാത്തു നിന്നു.

അവൾ വന്നു കഴിഞ്ഞപ്പോൾ തന്നെ അവൻ അവളുടെ അടുത്തേക്ക് വേഗത്തിൽ ചെന്ന് സംസാരിക്കാൻ തുടങ്ങി.

” ഒരിക്കൽ ആ വീട്ടിലെ രാജകുമാരി ആയിരുന്ന നീ ഇന്ന് അവിടെ ഒരു അടുക്കളക്കാരിയുടെ സ്ഥാനത്താണ് എന്ന് എനിക്കറിയാം. അവർക്കൊക്കെ വേണ്ടിയാണ് നീ നല്ലൊരു ജീവിതം വേണ്ടെന്ന് വച്ചത്. ഇത്രയും സഹിച്ചു നിനക്ക് മതിയായെങ്കിൽ ഇനിയെങ്കിലും എന്റെ കൂടെ വന്നുകൂടെ..? നമ്മൾ ആഗ്രഹിച്ച പോലെ നമുക്ക് ജീവിക്കാമല്ലോ..? “

അവൻ ചോദിച്ചപ്പോൾ അവൾ നിർവികാരതയോടെ അവനെ നോക്കി.

” അവർ എന്നെ തള്ളിക്കളഞ്ഞാലും അവരാരും എന്റെ അച്ഛനും അമ്മയും ഒന്നുമല്ലാതെ ആകില്ലല്ലോ. ഇപ്പോഴും ഞാൻ പറയുന്നു അവർ എന്റെ കൈപിടിച്ച് നിന്നെ ഏൽപ്പിച്ചാൽ ഞാൻ നിന്നോടൊപ്പം ഉണ്ടാകും. അല്ലെങ്കിൽ എനിക്ക് വേണ്ടി കാത്തിരുന്നു നീ നിന്റെ ജീവിതം കളയരുത്.. “

അത്രയും പറഞ്ഞു കൊണ്ട് തിടുക്കത്തിൽ അവൾ നടന്നകലുമ്പോൾ, അവളല്ലാതെ മറ്റാരും തന്റെ മനസ്സിൽ ഇടം പിടിക്കാൻ പോകുന്നില്ല എന്നോർത്ത് അവൻ ഒന്ന് പുഞ്ചിരിച്ചു..

✍️ അപ്പു