രചന: അപ്പു
::::::::::::::::::::
” സത്യമായും എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ.. ഞാൻ എത്ര നാളായി പറയുന്നു.. എനിക്ക് കാണണം എന്ന്.. എന്നിട്ട്.. “
അത്രയും പറഞ്ഞപ്പോഴേക്കും തനു വിതുമ്പി പോയി.
” ഹാ.. കരയാതെ.. എന്റെ മോൾക്ക് ഇപ്പോ എന്താ വേണ്ടത്..? “
അവൻ ചോദിച്ചപ്പോൾ അവൾ മൗനം പാലിച്ചു.
” പറയെന്നെ.. “
അവൻ നിർബന്ധിച്ചു.
” എനിക്ക് എന്താ വേണ്ടതെന്നു ഇച്ചായന് അറിയില്ലേ..? ഞാൻ എത്ര നാളായി പറയുന്നു എനിക്ക് ഒന്ന് കാണണം എന്ന്.. എന്നിട്ട് ആ വാക്കിനു എന്തെങ്കിലും ഒരു വില ഇച്ചായൻ കൊടുക്കുന്നുണ്ടോ…? “
അവൾ അറിയാതെ തന്നെ ദേഷ്യം പുറത്തു വരുന്നുണ്ടായിരുന്നു.
” അല്ല.. കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിനക്ക് എന്നെ ഇട്ടിട്ട് പോകാൻ ആണോ..? “
അവൻ കുസൃതിയോടെ ചോദിച്ചപ്പോൾ അവളുടെ മുഖം വീർത്തു.
” അങ്ങനെ തേച്ചിട്ട് പോകാൻ ഞാൻ മാളു അല്ല.. “
കലിപ്പിൽ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.
‘ അല്ല പിന്നെ എത്ര നാളായി ഞാൻ ഇച്ചായനോട് പറയാൻ തുടങ്ങിയിട്ട് എനിക്ക് ഒന്ന് കാണണമെന്ന്. എന്റെ ആഗ്രഹങ്ങൾക്ക് എന്തെങ്കിലും വില നൽകിയിട്ടുള്ള ആളാണെങ്കിൽ എന്നെ കാണാൻ വരേണ്ടതല്ലേ..? എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ ഞാൻ ഇട്ടിട്ടു പോകുമെന്ന്.. എന്നോട് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നു..?’
അവൾ പരിഭവം കൊണ്ട് ചുണ്ട് കൂർപ്പിച്ചു.
തനുവും അവളുടെ ഇച്ചായൻ അലക്സും. രണ്ടാളും തമ്മിൽ പരിചയപ്പെട്ടത് എങ്ങനെയാണ് എന്ന് പറഞ്ഞാൽ, ഇന്നത്തെ കാലത്ത് മിക്കവാറും പെൺകുട്ടികൾ വലയിലാകുന്ന അതേ സോഷ്യൽ മീഡിയ തന്നെയായിരുന്നു അവരുടെ ബന്ധത്തിന്റെയും തുടക്കം.
തനു അത്യാവശ്യം നന്നായി എഴുതുന്ന കുട്ടിയാണ്. ചില സാഹിത്യ ഗ്രൂപ്പുകളിൽ ഒക്കെ അവൾ എഴുതിയിടാറുമുണ്ട്. മിക്കവാറും ആളുകൾ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറയാറുണ്ട്.
ചിലരൊക്കെ അഭിപ്രായം പറയാൻ വേണ്ടി ഇൻബോക്സിലേക്ക് കടന്നു കയറുന്നത് പതിവാണ്.
അങ്ങനെയിരിക്കെ തനു ഒരു ഷോർട് സ്റ്റോറി എഴുതി പോസ്റ്റ് ചെയ്തു. മിക്കവാറും ആളുകൾ അത് വായിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തു.
അന്ന് വൈകുന്നേരം അവൾ മെസ്സഞ്ചർ നോക്കുമ്പോൾ ഒരു മെസ്സേജ് റിക്വസ്റ്റ് അവൾ കണ്ടു. ആരെങ്കിലും കഥയെ കുറിച്ച് പറയാനായിരിക്കും മെസ്സേജ് അയക്കുന്നത് എന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ വേഗത്തിൽ അത് എടുത്തു നോക്കി.
” ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഇത്ര നന്നായി കോപ്പിയടിക്കാൻ തനിക്ക് എങ്ങനെ പറ്റുന്നു..? “
അതായിരുന്നു ചോദ്യം. പക്ഷേ അത് വായിച്ചു കഴിഞ്ഞപ്പോൾ തനുവിന് ആകെ ഒരു വല്ലായ്മ തോന്നി.
ഇതേ തീമിൽ ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് അറിയില്ലല്ലോ.. എങ്കിലും അയാൾ പറഞ്ഞത് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്നല്ലേ..? ഒരുപക്ഷേ അയാൾക്ക് പരിചയമുള്ള ആരുടെയെങ്കിലും ജീവിതത്തിൽ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും.
സ്വയം ആശ്വാസം കണ്ടെത്തി കൊണ്ട് അവന് മറുപടിയായി അവൾ ഒരു സ്മൈലി മാത്രം അയച്ചു.
അത് കിട്ടാൻ കാത്തിരുന്നതു പോലെ അവന്റെ അടുത്ത മെസ്സേജ് വന്നു.
” താൻ തെറ്റിദ്ധരിക്കണ്ട. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം താൻ അതേപടി പകർത്തി വച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അതുകൊണ്ട് മെസ്സേജ് ചെയ്തതാണ്. “
അവൻ പറഞ്ഞപ്പോൾ അവൾക്ക് കുറച്ചു കൂടി ധൈര്യം തോന്നി.
” എന്താണ് മാഷേ തേപ്പ് ആണോ..? “
കുസൃതിയോടെ അവൾ ചോദിച്ചപ്പോൾ കുറച്ചു നിമിഷം അപ്പുറത്തു നിന്ന് മറുപടിയൊന്നും വന്നില്ല. പക്ഷേ അത് കണ്ടതോടെ അവൾക്ക് ടെൻഷനായി.
താൻ ചോദിച്ചത് അബദ്ധമായി പോയോ എന്നാണ് അവൾ ഓർത്തത്.
‘ശോ വേണ്ടിയിരുന്നില്ല..’
അവൾ പരിതപിച്ചു.
മെസഞ്ചറിൽ നിന്ന് ഇറങ്ങി വാട്സ്ആപ്പ് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും ഒരു മെസഞ്ചർ നോട്ടിഫിക്കേഷൻ കാണുന്നത്. അവന്റെ മെസ്സേജ് ആണ് എന്ന് കണ്ടപ്പോൾ ചെറിയൊരു പേടിയോടെയാണ് തുറന്നു നോക്കിയത്.
” തേപ്പാണോ എന്ന് ചോദിച്ചാൽ നിസാരമായി തേപ്പ് എന്ന് പറഞ്ഞ് കളയാവുന്ന കാര്യമല്ല.. “
അവന്റെ മറുപടി കണ്ടപ്പോൾ അവൾക്ക് ആ കഥ എന്താണെന്ന് അറിയാൻ ഒരു കൗതുകം തോന്നി.
” എന്നോട് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ അതെന്താ സംഭവം എന്ന് എന്നോട് പറയാമോ..? “
അവൾ ചോദിച്ചപ്പോൾ അവൻ മറുപടിയായി ഒരു സ്മൈലി മാത്രം അയച്ചു കൊടുത്തു. അതോടെ അവൻ തന്നോട് ഒന്നും പറയാൻ പോകുന്നില്ല എന്ന് അവൾക്ക് ഉറപ്പായി.
അന്ന് രാത്രി അവന്റെ മെസ്സേജ് വീണ്ടും വന്നിരുന്നു. വലിയൊരു എസ്സെ പോലെ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടാണ് അവൾ അത് തുറന്നു നോക്കുന്നത്.
” അങ്ങനെ ചോദിച്ചാൽ മാളു മാളവിക അതാണ് അവളുടെ പേര്.. എന്റെ ജൂനിയറായി പഠിച്ച പെൺകുട്ടിയാണ്. എനിക്ക് പണ്ടുമുതലേ പെൺകുട്ടികളോട് സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടമല്ല. എനിക്ക് എന്തോ പെൺപിള്ളേരോട് സംസാരിക്കുമ്പോൾ വല്ലാത്ത ഒരു വിറയലും നാണവും ഒക്കെ വരും. അതുകൊണ്ട് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു പണ്ടൊക്കെ. ഈ പെൺകുട്ടിയുടെ വീട് എന്റെ അടുത്താണെങ്കിൽ പോലും ഞാൻ അതിനോട് സംസാരിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ എന്നെ കാണുമ്പോൾ അവൾ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ സംസാരിക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് അത് കാണാത്തതു പോലെ വിട്ടു കളയുകയാണ് പതിവ്. എന്റെ ഈ സ്വഭാവം മാറ്റണമെന്ന് സ്കൂളിലെ ടീച്ചർമാർക്കും വീട്ടുകാർക്കും ഒക്കെ നിർബന്ധമായിരുന്നു. കാരണം സ്കൂളിൽ പഠിക്കുമ്പോൾ ഉള്ളതു പോലെ ആകില്ലല്ലോ പിന്നീടുള്ള ജീവിതം.. അതിനു വേണ്ടി കുറെ കൗൺസിലിംഗ് മറ്റും സ്കൂളുകാർ തന്നെ ഏർപ്പാടാക്കി. എന്തായാലും അതിനൊക്കെ ഫലം കണ്ടു. പതിയെ പതിയെ ഞാൻ പെൺകുട്ടികളോടും കൂട്ടു കൂടി തുടങ്ങി.എങ്കിലും അവളെ മാത്രം മാറ്റി നിർത്തി. പക്ഷേ ഒരു ദിവസം അവൾ എന്റെ മുന്നിലേക്ക് വന്നു.’ തനിക്ക് എന്താടോ എന്നെ മാത്രം കണ്ണിൽ പിടിക്കില്ലേ..? എന്നോട് മാത്രമാണല്ലോ താൻ സംസാരിക്കാത്തത്… ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ നാട്ടുകാർ അല്ലേ..?’ പരിഭവം കൊണ്ട് അവൾ അത് ചോദിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്യമായിരുന്നു തോന്നിയത്. അതിനുശേഷം പിന്നീട് അവളോടും സംസാരിക്കാറുണ്ട്. സ്കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോൾ അവിടെയും എന്റെ ജൂനിയറായി അവൾ ഉണ്ടായിരുന്നു. പഴയതു പോലെ ഇടയ്ക്ക് ഇപ്പോഴെങ്കിലും കണ്ടാൽ സംസാരിക്കും എന്നല്ലാതെ ഞങ്ങൾക്കിടയിൽ മറ്റു ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരിക്കൽ അവൾ എന്നോട് വന്ന് ഇഷ്ടം പറഞ്ഞു. താല്പര്യമില്ല എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കുകയും ചെയ്തു. പക്ഷേ അവൾ അങ്ങനെ പിന്മാറാൻ തയ്യാറായിരുന്നില്ല. ഞാൻ ഇഷ്ടമാണ് എന്ന് പറയുന്നത് വരെയും അവൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. പതിയെ പതിയെ എന്റെ മനസ്സും അവളെ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.കോളേജ് കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ നല്ലൊരു ജോലി സ്വന്തമാക്കുകയും ചെയ്തു. പക്ഷേ ആ ഇടയ്ക്കാണ് അവളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നു വരുന്നത്. കോളേജിലെ ഒരു അധ്യാപകനാണ് കക്ഷി. അവൾ നോക്കിയപ്പോൾ അവളുടെ ജാതിയും മതവും ഒക്കെ ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ. അവളോട് ഒരു താല്പര്യം ഉണ്ട് എന്ന് കണ്ടപ്പോൾ അവൾ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി തന്നിട്ടാണ് അവൾ അങ്ങനെയൊക്കെ കാണിച്ചതെങ്കിൽ പിന്നെയും എനിക്ക് അംഗീകരിക്കാമായിരുന്നു. ഇത് ഒരേസമയം ഞാനും അയാളും അവൾക്ക് വേണം എന്ന് പറയുമ്പോൾ… എന്തായാലും അധ്യാപകനമായുള്ള ബന്ധം ഞാൻ അറിഞ്ഞിട്ടുണ്ട് എന്ന് അവൾക്ക് അറിയില്ലായിരുന്നു. അയാൾ അവളുടെ വീട്ടിൽ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആ സമയത്ത് അവൾ എന്റെ മുന്നിൽ വന്നു വീണ്ടും നാടകം കളിച്ചു. അവളുടെ വീട്ടിൽ അവളുടെ താല്പര്യമില്ലാതെ വിവാഹം ഉറപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ട്. വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ ഇച്ചായൻ നല്ലൊരു പെണ്ണിനെ കിട്ടും എന്നൊക്കെ പറഞ്ഞു സ്ഥിരം ക്ലീഷേ ഡയലോഗുമായി എന്നെ ഒഴിവാക്കാനുള്ള ശ്രമം. ആ സമയത്ത് ഞാൻ അറിഞ്ഞ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞു. അന്ന് ചമ്മി നിന്ന അവളെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അവൾ എന്നെ ഒഴിവാക്കിയതിനു ശേഷം ആണ് മറ്റൊരു ബന്ധത്തിലേക്ക് പോയതെങ്കിൽ എനിക്ക് ഒരിക്കലും ഇത്തരത്തിൽ വേദനിക്കില്ലായിരുന്നു. പക്ഷേ ഇവിടെ ഒരേ സമയം രണ്ടുപേരോടും താൽപര്യം കാണിച്ചുകൊണ്ട് രണ്ടാളെയും അവൾ ഒരുപോലെ വഞ്ചിക്കുകയായിരുന്നില്ലേ..? അതോർക്കുമ്പോൾ.. “
അവന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് മാളുവിനോട് പുച്ഛം തോന്നി. ഇങ്ങനെയും പെൺകുട്ടികൾ ലോകത്ത് ഉണ്ടോ എന്നാണ് ചിന്തിച്ചത്.
എന്തായാലും ആ ഒരു സംഭവത്തോടെ തനുവും ഇച്ചായനും തമ്മിൽ നല്ല കൂട്ടായി. എല്ലാ ദിവസവും മെസ്സേജ് ചെയ്യും പതിയെ പതിയെ ഫോൺ കോളിലേക്കും ആ ബന്ധം വളർന്നു.
എല്ലാദിവസവും പരസ്പരം വിളിക്കുകയും സംസാരിക്കുകയും ചെയ്യുമെങ്കിലും ഇതുവരെയും രണ്ടാളും നേരിട്ട് കണ്ടിട്ടില്ല. ഫോട്ടോയിലൂടെ പോലും അവരുടെ മുഖം എന്താണ് എന്ന് അവർക്കറിയില്ല. സംസാരത്തിനും മെസ്സേജുകൾക്കും ഇടയിൽ രണ്ടുപേരും പരസ്പരം മനസ്സ് കൈമാറിയത് അറിയാതെ തന്നെയായിരുന്നു.
ഈയിടെയായി തനുവിന് അവനെ കാണണമെന്ന് വല്ലാത്തൊരു ആഗ്രഹം തോന്നി തുടങ്ങിയിട്ടുണ്ട്. അവനോട് ആ ഒരു ആവശ്യം പറയുമ്പോൾ അവൻ അത് നിരസിക്കുകയും ചെയ്യും. അതിന്റെ പരിഭവമാണ് അവൾക്ക്.
പിറ്റേന്ന് ക്ലാസ്സിലിരുന്ന അവൾക്ക് ഒരു മെസ്സേജ് വന്നു.
” എന്റെ പെണ്ണിന് എന്നെ കാണണമെങ്കിൽ വേഗം വാക ചുവട്ടിലേക്ക് വാ.. നിന്റെ ഇച്ചായൻ ഇവിടെ കാത്തിരിക്കുന്നുണ്ട്..”
ആ മെസ്സേജ് കണ്ടപ്പോൾ മുതൽ അവളുടെ മനസ്സ് തുടികൊട്ടാൻ തുടങ്ങി. അവളുടെ കാലുകൾ എത്ര വേഗതയിലാണ് വാകച്ചുവട്ടിലേക്ക് പാഞ്ഞത് എന്ന് അവൾക്ക് പോലും അറിയില്ല.
തന്നിലേക്ക് ഓടിയടുക്കുന്ന പെണ്ണിനെ അവനും കൊതിയോടെ നോക്കി.
അവനെ ഒരു നിമിഷം നോക്കിയതിനുശേഷം അവനിലേക്ക് ചാഞ്ഞുനിൽക്കുമ്പോൾ തന്റെ ജന്മസാഫല്യമാണ് ഇത് എന്ന ചിന്തയായിരുന്നു രണ്ടുപേർക്കും..
” അപ്പോഴേ ഞാൻ കല്യാണാലോചിച്ചു വീട്ടിലേക്ക് വരട്ടെ..? “
അവൻ കുസൃതിയോടെ ചോദിച്ചപ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കി.
” ഇനി ഇതും ഞാൻ പറഞ്ഞിട്ട് വേണോ..? “
അവൾ ചോദിച്ചപ്പോൾ അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു…
✍️ അപ്പു