രചന: അപ്പു
::::::::::::::::::::::::::
” മോനെ… അമ്മയ്ക്ക് തീരെ സുഖമില്ല.. നീ ഒന്ന് ഇവിടെ വരെ വരുമോ..? “
ഫോണിലൂടെ അമ്മയുടെ ശബ്‌ദം കേട്ടപ്പോൾ അവനു ഈർഷ്യ തോന്നി.
” എനിക്ക് പെട്ടെന്ന് ഒന്നും ലീവ് കിട്ടില്ല അമ്മേ.. “
അവൻ പറഞ്ഞു ഒഴിഞ്ഞു. അതോടെ അമ്മയുടെ ശബ്ദവും നിലച്ചു.
അത് ഒരു ഉപകാരമായി എന്ന് കരുതി കൊണ്ട് അവൻ ഫോൺ ഓഫ് ചെയ്തു വച്ചു.
” ആരാ ഏട്ടാ വിളിച്ചത്..? “
അടുക്കളയിൽ നിന്ന് വന്നുകൊണ്ട് ഭാര്യ ചോദിച്ചപ്പോൾ അയാൾ അവളുടെ നേരെ തിരിഞ്ഞു നോക്കി.
“നാട്ടിൽ നിന്ന് അമ്മയാണ്.”
അത് കേട്ടപ്പോൾ അവളുടെ മുഖം വീർത്തു.
” എന്തിനാ ഇപ്പോൾ..? എന്തെങ്കിലും ആവശ്യമുണ്ടോ..? അതോ പതിവു പോലെ മോനെ കാണണമെന്ന് പറഞ്ഞുള്ള വിളിയാണോ..? “
പരിഹാസത്തോടെ അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവന് ആകെ ഒരു വല്ലായ്മ തോന്നി. അമ്മയോട് അതിയായ ദേഷ്യവും.
” അമ്മയ്ക്ക് എന്തോ വയ്യ എന്ന്.. ഒന്ന് അവിടെ വരെ ചെല്ലുമോ എന്ന് ചോദിച്ചു.. “
അവൻ പറഞ്ഞപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.
” എങ്ങനെയെങ്കിലും നിങ്ങളെ നാട്ടിലെത്തിക്കാനുള്ള അടവാണ് അമ്മയുടേത്. അല്ലാതെ പ്രത്യേകിച്ച് ഒരു അസുഖവും ഉണ്ടാകില്ല. വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഓരോന്ന് കണ്ടുപിടിച്ചോളും.. എന്നിട്ട് എന്ത് തീരുമാനിച്ചു പോകുന്നുണ്ടോ നാട്ടിലേക്ക്..? “
ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ അതിലേറെ ദേഷ്യത്തോടെ അവളെ നോക്കി.
“എന്റെ തിരക്കും പ്രോജക്ടും ഒക്കെ നിനക്ക് അറിയുന്നതല്ലേ..? മനുഷ്യന് ഇവിടെ നിന്ന് തിരിയാൻ നേരമില്ല പിന്നെയാണ് ഇനി നാട്ടിലേക്ക്.. ഒന്ന് മര്യാദയ്ക്ക് ശ്വാസം വിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു..”
അവൻ ഈർഷ്യയോടെ പറഞ്ഞപ്പോൾ അവൾക്കും ഒരു സമാധാനം പോലെ തോന്നി. എന്തായാലും നാട്ടിലേക്ക് പോകുന്നില്ലല്ലോ..!
ആ ഒരു ആശ്വാസത്തോടെ അവൾ വീണ്ടും അടുക്കളയിലേക്ക് നടന്നു. ഇനിയും ഒരു നൂറ് കൂട്ടം പണി ഒതുക്കി തീർക്കാൻ ഉണ്ട്. അതൊക്കെ കഴിഞ്ഞിട്ട് വേണം ജോലിക്കു പോകാൻ.
നഗരത്തിലെ തിരക്കുകളെ കുറിച്ച് മാത്രം ആ ഭാര്യയും ഭർത്താവും ചിന്തിക്കുമ്പോൾ അവരെ മാത്രം ഓർത്തുകൊണ്ട് ഒരമ്മ അവിടെയുണ്ട് എന്ന് അവർ ഓർത്തിരുന്നില്ല.
മകന്റെ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞു.
“എത്രത്തോളം സ്നേഹിച്ച് ഞാൻ വളർത്തിയതാണ് അവനെ..? എന്നിട്ടും എനിക്ക് ഒരു ആവശ്യം വന്നപ്പോൾ അവനില്ല.”
അമ്മ സ്വയം പറഞ്ഞു.
ആ നിമിഷം അവരുടെ കൺമുന്നിൽ തെളിഞ്ഞത് ആ കുഞ്ഞിന്റെ ബാല്യകാലമായിരുന്നു.
നല്ല പ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും പിന്നീടുള്ള ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷ മകനായിരുന്നു. അവന്റെ കൊഞ്ചലോടെയുള്ള വിളികളും കുസൃതികളും ആണ് മുന്നോട്ടുള്ള ജീവിതത്തിൽ തനിക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നത്.
അദ്ദേഹം ജീവനോടെ ഇരുന്ന സമയത്ത് തന്നെ, തനിക്കും കൂടി നല്ലൊരു ജോലി വേണമെന്നും ഇനിയുള്ള കാലം ജീവിക്കാൻ അങ്ങനെ രണ്ടുപേർക്കും ജോലി ഉണ്ടെങ്കിൽ പറ്റൂ എന്ന് ഒക്കെ പറഞ്ഞു തന്നെ പഠിപ്പിച്ചു ജോലിക്കാരിയാക്കിയിരുന്നു. തനിക്ക് അടുത്തുള്ള തന്നെ ഒരു സ്കൂളിൽ ജോലി കിട്ടിയതിനു ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
അദ്ദേഹം എല്ലാം മുൻകൂട്ടി കണ്ടിരുന്നു എന്ന് പോലും തനിക്ക് തോന്നിയിരുന്നു. തനിക്ക് ജോലിയുണ്ടായിരുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് മകനെ പട്ടിണിക്കിടാതെ അവന്റെ ആഗ്രഹങ്ങൾ അനുസരിച്ച് വളർത്താൻ കഴിഞ്ഞത്.
പ്ലസ് ടു വരെയും അവൻ നാട്ടിലുള്ള സ്കൂളിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. അന്നൊക്കെ അമ്മയല്ലാതെ മറ്റൊരു ലോകമില്ല എന്ന് വരെ അവൻ ചിന്തിച്ചിരുന്നു.
അപ്പോഴൊക്കെയും അവനെ തിരുത്തി കൊടുക്കാൻ തന്നെയാണ് താൻ ശ്രമിച്ചത്.
” അമ്മയല്ല ലോകം. അതിനുമപ്പുറം വിശാലമായ ഒരു ലോകമുണ്ട്. അവിടെ കള്ളവും ചതിയും ഒക്കെയുണ്ട്. അതിനേക്കാളൊക്കെ ഉപരി നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്ന ഒരുപാട് അവസരങ്ങൾ അവിടെ ലഭിക്കും. നമ്മുടെ മുന്നിൽ വരുന്ന ഓരോ അവസരവും നമ്മൾ എങ്ങനെ വിനിയോഗിക്കുന്നു എന്ന് അനുസരിച്ചാണ് നമ്മുടെ ജീവിതത്തിലെ വിജയം. “
അന്ന് അവനെ അങ്ങനെ ഉപദേശിക്കുമ്പോൾ പിന്നീട് എന്ത് സംഭവിക്കും എന്നൊരു ചിന്ത പോലും മനസ്സിൽ ഉണ്ടായിരുന്നില്ല.
വലുതാകുമ്പോൾ അവനു ഒരു എഞ്ചിനീയർ ആവണം എന്നായിരുന്നു ആഗ്രഹം. അവന്റെ ആഗ്രഹത്തിന് അനുസരിച്ച് അവനെ പഠിപ്പിക്കാനുള്ള വരുമാനം തനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവന്റെ ഇഷ്ടം എന്താണോ അങ്ങനെ തന്നെ ആകട്ടെ എന്ന് കരുതി.
നഗരത്തിലെ കോളേജിൽ അഡ്മിഷൻ എടുത്തു. എല്ലാ ദിവസവും വീട്ടിലേക്ക് വന്നു പോകുന്നത് ബുദ്ധിമുട്ടായതുകൊണ്ട് തന്നെ അവനെ ഹോസ്റ്റലിലാണ് ചേർത്തത്. പക്ഷേ അത് അവന് വല്ലാത്ത മനോവിഷമം ഉണ്ടാക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ആ സമയത്ത് അമ്മയും മകനും തമ്മിൽ പിരിഞ്ഞു നിൽക്കുന്നത്.
ഇതൊക്കെയും ജീവിതത്തിൽ നമ്മൾ അനുഭവിക്കേണ്ടതാണ് എന്ന് പറഞ്ഞ് മകനെ ആശ്വസിപ്പിച്ചത് താനായിരുന്നു. ആദ്യമൊക്കെ നല്ല വിഷമം ഉണ്ടായിരുന്നെങ്കിലും പിന്നെ പഠനത്തിന്റെ തിരക്കുകളും മറ്റും കടന്നു വന്നപ്പോൾ ആ വിഷമങ്ങൾ അലിഞ്ഞില്ലാതായി. അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കാതെയായി.
വല്ലപ്പോഴും ഉള്ള ഫോൺ കോളുകളും വീട്ടിലേക്കുള്ള വരവും മാത്രമായിരുന്നു അമ്മയും മകനും തമ്മിലുള്ള ബന്ധം. പഠനം കഴിഞ്ഞ് അധികം വൈകാതെ തന്നെ അവന് നഗരത്തിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടി.
ജോലിയിൽ പ്രവേശിച്ച് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ അവന് വിവാഹം എന്നൊരു ആവശ്യം മുന്നിലെത്തി.
അവന് അതിനുള്ള പ്രായമായിട്ടില്ല എന്ന് പറഞ്ഞപ്പോൾ അതിനുള്ള മറുപടിയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
” എനിക്ക് പ്രായമായിട്ടില്ല എന്ന് പറഞ്ഞ് ഒരിക്കലും എനിക്ക് പിന്മാറാൻ കഴിയില്ല. കാരണം എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. അവളുടെ വീട്ടിൽ ഇപ്പോൾ വിവാഹാലോചനകൾ നടക്കുകയാണ്. അധികം ഒന്നും അവിടെ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയില്ല. അതുകൊണ്ട് എത്രയും വേഗം വിവാഹം നടക്കണം. അമ്മ അവരെ വിളിച്ച് സംസാരിക്കണം.. “
മകന്റെ ആവശ്യം തള്ളിക്കളയാൻ കഴിയുന്നതായിരുന്നില്ല. എത്രയൊക്കെ ആണെങ്കിലും പരസ്പരം സ്നേഹിക്കുന്നവർ വേണമല്ലോ ഒന്നിക്കാൻ.
മകന്റെ ആഗ്രഹം അനുസരിച്ച് ആ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു സംസാരിച്ചു. താൻ ഒരു ടീച്ചറാണ് എന്നുള്ളതുകൊണ്ടു തന്നെ സഭ്യത വിട്ട് അവർ പെരുമാറിയിട്ടുണ്ടായിരുന്നില്ല. രണ്ടുകൂട്ടർക്കും അങ്ങോട്ടുമിങ്ങോട്ടും ബോധിച്ചത് കൊണ്ട് തന്നെ അധികം വൈകാതെ വിവാഹം നടത്തി.
പ്രായം ഏറെ വരുന്നതുകൊണ്ട് തന്നെ ഇനിയുള്ള കാലം മകനും മരുമകൾക്കും ഒപ്പം താമസിക്കാം എന്നൊരു ചിന്തയായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. പക്ഷേ അതൊക്കെയും കാറ്റിൽ പറത്തിക്കൊണ്ട് വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും അവൻ അവളെയും കൊണ്ട് നഗരത്തിലേക്ക് താമസം മാറ്റി.
അവരുടെ ജോലിയുടെ സൗകര്യത്തിനാണ് എന്നൊരു കാരണവും പറഞ്ഞു. അപ്പോഴും അമ്മ ഞങ്ങൾക്കൊപ്പം വരുന്നോ എന്നൊരു ചോദ്യം രണ്ടാളും ചോദിച്ചില്ല.
പിന്നീട് അവന്റെ ഫോൺവിളികൾ കുറഞ്ഞു. വല്ലപ്പോഴും മാത്രം വിളിച്ചാൽ ആയി. താൻ അങ്ങോട്ട് വിളിച്ചാലും സംസാരിക്കാൻ വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.
അതേ സമയത്ത് തന്നെയായിരുന്നു താൻ ജോലിയിൽ നിന്ന് റിട്ടയർ ആയത്. ആ സമയത്ത് പി എഫ് മറ്റുമായി കുറച്ചു തുക കയ്യിൽ വന്നിരുന്നു .
അത് കയ്യിൽ കിട്ടിയപ്പോൾ ആദ്യമൊക്കെ താൻ കരുതിയിരുന്നത് അത് അങ്ങനെ തന്നെ മകനെ ഏൽപ്പിക്കാം എന്നായിരുന്നു. പക്ഷേ അടുത്തകാലത്തായി മകന്റെ സ്വഭാവത്തിലുള്ള മാറ്റം കൊണ്ടു തന്നെ ആ കാര്യത്തിൽ തനിക്കൊരു സംശയം തോന്നി.
ഇനി അഥവാ അവന് ഇത് കൊടുത്തു കഴിഞ്ഞാൽ പിന്നീട് തനിക്ക് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ കയ്യിൽ ഒന്നുമില്ലെങ്കിൽ എന്ത് ചെയ്യും..?
ആ ചിന്ത മനസ്സിൽ വന്നപ്പോൾ ഒരു ആശ്രയം എന്നോണം സമീപിച്ചത് അദ്ദേഹത്തിന്റെ ഫോട്ടോയായിരുന്നു. അല്ലെങ്കിലും ഒറ്റയ്ക്കായ കാലം മുതൽ അദ്ദേഹത്തിനോട് എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആ ഫോട്ടോയിൽ നോക്കി സംസാരിക്കാറുണ്ടായിരുന്നു. പല സാഹചര്യങ്ങളിലും തനിക്ക് വേണ്ടുന്ന കൃത്യമായ ഉത്തരം തരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ഇത്തവണയും ഒരു ആശ്രയം പോലെ അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ ആ സമയം മനസ്സിൽ തെളിഞ്ഞത് ആ തുക ഫിക്സഡ് ഡെപ്പോസിറ്റ് ആയി ബാങ്കിൽ ഇടാൻ ആയിരുന്നു. പിന്നീട് ഒരു നിമിഷം പോലും ചിന്തിക്കാതെ അത് തന്നെ പ്രവർത്തിച്ചു.
എങ്ങനെയായാലും തനിക്ക് മാസ മാസം പെൻഷൻ കിട്ടാറുണ്ട്. തന്റെ ചിലവുകൾക്ക് അതുതന്നെ ധാരാളം. പിന്നെ പറമ്പിൽ നിന്ന് അത്യാവശ്യം തേങ്ങയും ചക്കയും ഒക്കെ കിട്ടുന്നുണ്ട്. തന്റെ കാര്യങ്ങളൊക്കെ നടന്നു പോകാൻ ഇതൊക്കെ തന്നെ ധാരാളം ആണ്.
പക്ഷേ ആ സമയത്ത് പണത്തിന് എന്തോ ഒരു അത്യാവശ്യം ഉണ്ട് എന്ന് പറഞ്ഞു മകനും മരുമകളും തന്നെ സമീപിച്ചിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ചു എന്നറിഞ്ഞപ്പോൾ കുറച്ച് മുഷിച്ചിലോടെയാണ് രണ്ടാളും തിരിച്ചു പോയത്.
വർഷങ്ങൾ കടന്നുപോയി. അവർക്ക് ഒരു കുഞ്ഞുണ്ടായി. അവൻ വളരുന്നതിനനുസരിച്ച് അവരുടെ തിരക്കുകളും കൂടി വന്നു. വർഷത്തിലൊരിക്കൽ പോലും അവർ നാട്ടിലേക്ക് വരാതെയായി.
ഇടയ്ക്ക് ഒരിക്കൽ വീടും പറമ്പും വിൽക്കണം എന്നൊരു ആവശ്യവുമായി അവൻ വന്നിരുന്നു. അന്ന് താൻ കുറെ എതിർത്തു. അതിന്റെ പേരിലും അവന് തന്നോട് ദേഷ്യം ആയി.
അതോടെ വല്ലപ്പോഴും ഉള്ള വരവുകൾ പോലും നിന്നു. അവന്റെ കുഞ്ഞിനെ കണ്ണുനിറച്ച് കണ്ട ഒരു ഓർമ്മ പോലും തനിക്കില്ല.
അത്രയും ഓർത്തപ്പോഴേക്കും അവരുടെ കണ്ണുകൾ അനിയന്ത്രിതമായി ഒഴുകാൻ തുടങ്ങിയിരുന്നു.
മനസ്സിന്റെ വ്യഥ കൊണ്ടാകണം അധികം വൈകാതെ അവർക്ക് ആ ഭൂമി വിട്ട് യാത്രയാക്കേണ്ടി വന്നത്.
അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ ആയിരുന്നു മകൻ വിവരമറിഞ്ഞത്. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും തന്റെ സാമീപ്യം അവിടെ വേണമെന്ന് അവന് തോന്നിയതു കൊണ്ടാണ് അവൻ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചത്.
“അവിടെ വന്ന് ഒരുപാട് ദിവസം ഒന്നും എനിക്ക് നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ എനിക്ക് ലീവ് കിട്ടുന്നില്ല. ഒരു കാര്യം ചെയ്യാം . ഏട്ടൻ പോയിട്ട് വാ.. ഞാനും കുഞ്ഞും വരുന്നില്ല. അവിടെ ആരെങ്കിലും അന്വേഷിച്ചാൽ എന്തെങ്കിലും ഒരു കാരണം പറഞ്ഞാൽ മതി..”
അവൾ പറയുന്നത് കേട്ടപ്പോൾ അവൻ ഒരു നിമിഷം നിശബ്ദമായി എന്തോ ആലോചിച്ചു. പിന്നെ അവൾക്ക് നേരെ തിരിഞ്ഞു.
” നീ വന്നേ പറ്റൂ. അമ്മയുടെ പേരിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റും കുറച്ച് അധികം സ്വത്ത് വകകളും ഒക്കെയുണ്ട് എന്ന് നിനക്കറിയാവുന്നതാണല്ലോ. ഇതൊന്നും പോരാഞ്ഞിട്ട് മാസാമാസം അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പെൻഷൻ വരുന്നത്. എന്റെ അറിവിൽ ഇന്നുവരെയും അമ്മ ആ പണം എടുത്ത് ഉപയോഗിച്ചതായി അറിയില്ല. അപ്പോൾ സ്വാഭാവികമായും ആ അക്കൗണ്ടിലും എന്തെങ്കിലുമൊക്കെ ഉണ്ടാകേണ്ടതാണ് . ഈ കാര്യത്തിലൊക്കെ ഒരു തീരുമാനം ആക്കിയിട്ട് വേണം നാട്ടിൽ നിന്ന് തിരിച്ചു വരാൻ. അപ്പോൾ എന്തായാലും നീയും കൂടി ഉള്ളതാണ് നല്ലത്.. “
അവൻ പറഞ്ഞപ്പോഴാണ് അവളും അതിനെക്കുറിച്ച് ഓർത്തത്.
അമ്മയ്ക്ക് മറ്റ് അവകാശികൾ ഒന്നുമില്ലാത്ത സ്ഥിതിക്ക് അമ്മയുടെ സ്വത്തുവകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും ഒക്കെ നോമിനി അവൻ തന്നെ ആയിരിക്കുമല്ലോ..!
അമ്മ മരണപ്പെട്ടു എന്നുള്ള സങ്കടത്തേക്കാൾ ഉപരി അവനിൽ മുഴച്ചു നിന്നത് അമ്മ ഇത്രയും കാലം അനുഭവിച്ചിരുന്ന സ്വത്ത് വകകളും അമ്മയുടെ ബാങ്ക് ഡെപ്പോസിറ്റ് മുഴുവൻ തനിക്ക് കൈ വരാൻ പോകുന്നല്ലോ എന്നുള്ള സന്തോഷമായിരുന്നു..!!
അപ്പോഴും അവസാന നിമിഷമെങ്കിലും തന്റെ മകൻ തന്നെ കാണാൻ എത്തും എന്നൊരു പ്രതീക്ഷയോടെ ആ വൃദ്ധയുടെ ശരീരം തണുത്തു വിറങ്ങലിച്ച് ഉമ്മറപ്പടിയിൽ ഉണ്ടായിരുന്നു.
✍️ അപ്പു